Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമോണിയ വാങ്ങാൻ ഞങ്ങൾ പോയിട്ടില്ല; കച്ചവടം തകർക്കാൻ ആരൊക്കെയോ ശ്രമിക്കുകയാണ്; പച്ച മീൻ മാത്രം കൊണ്ടുവന്നു വിൽക്കുന്ന ഞങ്ങളോട് എന്തിനീ ക്രൂരത; സെക്രട്ടറിയേറ്റിന് മുൻപിൽ പൊട്ടിക്കരഞ്ഞും നിലവിളിച്ചും ചെറുകിട മത്സ്യ വിൽപ്പനക്കാരായ സ്ത്രീകൾ

അമോണിയ വാങ്ങാൻ ഞങ്ങൾ പോയിട്ടില്ല; കച്ചവടം തകർക്കാൻ ആരൊക്കെയോ ശ്രമിക്കുകയാണ്; പച്ച മീൻ മാത്രം കൊണ്ടുവന്നു വിൽക്കുന്ന ഞങ്ങളോട് എന്തിനീ ക്രൂരത; സെക്രട്ടറിയേറ്റിന് മുൻപിൽ പൊട്ടിക്കരഞ്ഞും നിലവിളിച്ചും ചെറുകിട മത്സ്യ വിൽപ്പനക്കാരായ സ്ത്രീകൾ

ആർ പീയൂഷ്

തിരുവനന്തപുരം: അരി വാങ്ങിയിട്ട് ദിവസങ്ങളായി. ഓരോ ദിവസവും വീട്ടിൽ നിന്നും കച്ചവടത്തിന് പോയി തിരികെ വീട്ടിലെത്തുന്നത് വെറും കൈയോടെ. ഞങ്ങളുടെ സങ്കടവും ദുരിതവും കാണാൻ ആരുമില്ല. ആത്മഹത്യയല്ലാതെ മറ്റുവഴികളില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ചെറുകിട മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ. മത്സ്യത്തൊഴിലാളികളായ സ്ത്രീകളുടെ ഉപജീവന മാർഗ്ഗം സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് സേവായൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുൻപിലേക്ക് നടത്തിയ മാർച്ചിലാണ് തൊഴിലാളികൾ തങ്ങളുടെ നിസ്സഹായാവസ്ഥ പറഞ്ഞ് പൊട്ടിക്കരഞ്ഞത്.

അൻപതിലധികം നൂറോളം തൊഴിലാളികളാണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. തലയിൽ മത്സ്യം വിൽക്കാൻ കൊണ്ടുപോകുന്ന ചരുവവുമായി എത്തിയ ഇവർ മുദ്രാവാക്യം വിളിച്ചു സെക്രട്ടേറിയറ്റിന് മുന്നിലെത്തി ധർണ്ണ നടത്തി.

അമോണിയ വാങ്ങാൻ ഞങ്ങൾ പോകില്ല. നല്ല പച്ചമീനാണ് വിൽക്കുന്നത്. വിഴിഞ്ഞം,നീണ്ടകര,അഴീക്കൽ എന്നിവിടങ്ങളിൽ നിന്നുമെത്തിക്കുന്ന മത്സ്യങ്ങളാണ് മാർക്കറ്റിൽ വിൽപ്പന നടത്തുന്നത് എന്ന് മത്സ്യത്തൊഴിലാളികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. തൊഴിലാളികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. മത്സ്യങ്ങളിൽ ഫോർമാലിൻ കണ്ടെത്തിയെന്ന പ്രചാരണത്തെ തുടർന്ന് മത്സ്യം വിൽക്കാനാകാതെ ചെറുകിട മൽസ്യ തൊഴിലാളികൾ ദുരിതത്തിലായി. വിൽപ്പനയ്ക്ക് എടുക്കുന്ന മത്സ്യം വിൽക്കാൻ കഴിയാതെ നശിപ്പിക്കുകയാണ്. ഫോർമാലിൻ ഭീതിമൂലം സംസ്ഥാനമൊട്ടാകെ മത്സ്യം വിൽക്കാനാകാതെ നശിപ്പിക്കുന്നു. ഇതു കാരണം വൻ സാമ്പത്തിക നഷ്ടമാണ് ഇവർക്ക് ഉണ്ടാകുന്നത്. മത്സ്യ വ്യാപാരം പൊടിപൊടിച്ചിരുന്ന മാർക്കറ്റുകളിൽ ഇപ്പോൾ തുച്ഛമായ വിൽപ്പന മാത്രമാണ് നടക്കുന്നത്. മത്സ്യ വ്യാപാരം നടത്തി ഉപജീവനം നടത്തിയിരുന്ന ചെറുകിട വ്യാപാരികൾ ദുരിതത്തിലായി. വീടുകളിൽ പട്ടിണിയായി.

ചെക്ക്‌പോസ്റ്റുകളിൽ മീൻ പിടികൂടുന്നുവെന്നും മാരകരോഗങ്ങൾക്ക് കാരണമാകാവുന്ന ഫോർമലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്നുമുള്ള വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിൻ രാസവസ്തു പ്രയോഗിച്ച വിഷമീൻ കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നത് പിടികൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മത്സ്യകമ്പോളങ്ങളിൽ പരിശോധന കർശനമാക്കിയത് ഇതിനെ തുടർന്നാണ് പലയിടങ്ങളിൽ നിന്നും രാസവസ്തു ചേർത്ത മീനുകൾ പിടികൂടിയത്.

മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോർമൽ ഡിഹൈഡ് എന്ന ഫോർമാലിൻ ചേർത്ത ടൺ കണക്കിന് കിലോ മീൻ സംസ്ഥാനത്തിന്റെ വിവിധ ചെക്ക് പോസ്റ്റുകളിൽനിന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതേ ത്തുടർന്നാണ് വിഷാംശം കലർന്ന മത്സ്യം കേരളത്തിലേക്ക് സമീപ സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്നു വിൽക്കുന്നതായി കണ്ടെത്തിയത്. മാരക രാസ വസ്തുക്കളായ ഫോർമാലിൻ, അമോണിയ തുടങ്ങിയവ അടങ്ങിയ മത്സ്യം കൊണ്ടുവരുന്നുണ്ടോ എന്ന പരിശോധന പാലക്കാട്, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ അതിർത്തി ചെക്പോസ്റ്റുകളിൽ തുടരുകയാണ്. അതിനു പുറമെയാണ് ജില്ലാതലങ്ങളിലെ പരിശോധന.

നിയമപ്രകാരം മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ ഐസ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഒരു കിലോ മത്സ്യത്തിൽ ഒരു കിലോ ഐസ് എന്നതാണ് ഇതിന്റെ ക്രമം. ഐസ് ഇട്ട മത്സ്യം വിൽപ്പനയ്ക്കു കൊണ്ടുപോകും മുമ്പ് ഫ്രീസറിൽ സൂക്ഷിക്കുകയും വേണം. മുൻകാലങ്ങളിലെ പരിശോധനകളിൽ ക്വാളിഫാം വിഷാംശം കലർന്ന ഐസ് ഉപയോഗിക്കുന്നതായി കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു. എന്നാൽ മാരകമായ ഫോർമാലിൻ ഇപ്പോഴാണ് കണ്ടെത്തിയത്. വിഷാംശം കലർന്ന രാസവസ്തുക്കൾ ഭക്ഷ്യ വിഭവങ്ങളിൽ ഉപയോഗിച്ചത് തെളിഞ്ഞാൽ കഠിന തടവും പിഴയും ശിക്ഷ കിട്ടും.

മത്സ്യം കൊടുത്തയക്കുന്ന വ്യാപാരികൾ മുതൽ കൊണ്ടുവരുന്ന വാഹനക്കാരും ചെറുകിട വിൽപ്പനക്കാരുമെല്ലാം കുറ്റവാളികളിൽപ്പെടും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ചെറുകിട കച്ചവടക്കാർക്ക് വ്യാപാരം ഇല്ലാതായത്. മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ആരും മാർക്കറ്റുകളിൽ എത്താതായി. അതേസമയം സ്ത്രീകളായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് സേവായൂണിയൻ സംസ്ഥാന സെക്രട്ടറി സോണിയാ ജോർജ്ജ് പറഞ്ഞു. കൂടാതെ മാർക്കറ്റുകളിൽ സ്ത്രീകൾളെ വേർതിരിച്ചിരുന്ന രീതി മാറ്റണമെന്നും മാർക്കറ്റുകൾ നവീകരിച്ച് എല്ലാ അടിസ്ഥാന സൈകര്യങ്ങളും നൽകണമെന്നും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP