Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈയേറ്റക്കാർക്ക് വേണ്ടി എല്ലാം ശരിയാക്കാൻ സ്വന്തം റവന്യൂ മന്ത്രിയെയും തള്ളി മുഖ്യമന്ത്രി! ഇ ചന്ദ്രശേഖരൻ വേണ്ടെന്ന് പറഞ്ഞിട്ടും മൂന്നാർ ഉന്നതതല യോഗം വിളിക്കാൻ പിണറായിയുടെ ഓഫീസിന്റെ നിർദ്ദേശം; യോഗം ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് സിപിഐ; ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കട്ടരാമനെ തെറിപ്പിക്കാനുള്ള അജണ്ട വിജയിക്കുമോ?

കൈയേറ്റക്കാർക്ക് വേണ്ടി എല്ലാം ശരിയാക്കാൻ സ്വന്തം റവന്യൂ മന്ത്രിയെയും തള്ളി മുഖ്യമന്ത്രി! ഇ ചന്ദ്രശേഖരൻ വേണ്ടെന്ന് പറഞ്ഞിട്ടും മൂന്നാർ ഉന്നതതല യോഗം വിളിക്കാൻ പിണറായിയുടെ ഓഫീസിന്റെ നിർദ്ദേശം; യോഗം ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് സിപിഐ; ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കട്ടരാമനെ തെറിപ്പിക്കാനുള്ള അജണ്ട വിജയിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കൽ വലിയ വിവാദമായതിന് പിന്നാലെ തൽക്കാലം 'വെറുതെ വിട്ട' ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ തെറിപ്പിക്കാൻ ഗൂഢ നീക്കം. ഇതിനായി റവന്യൂമന്ത്രി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കി മൂന്നാർ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് സർക്കാർ. റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശ പ്രകാരമാണ് യോഗം വിളിച്ചിരുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഇടുക്കി ജില്ലാ കളക്ടറെയും യോഗത്തിന് വിളിച്ചിട്ടുണ്ട്. ഇപ്പോൾ വിളിച്ചിരിക്കുന്ന യോഗം നടത്തരുതെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ അത് വകവയ്ക്കാതെയാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതോടെ മന്ത്രിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കാൻ സിപിഐ തീരുമാനിച്ചു. ഇന്ന് നടന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം എടുത്തതെന്നാണ് അറിയുന്നത്.

ഇതോടെ വീണ്ടുമൊരു സി.പി.എം-സിപിഐ പോരിനും മൂന്നാറിന്റെ പേരിൽ ഇടതുമുന്നണിയിൽ കളമൊരുങ്ങുകയാണ്. മൂന്നാർ വിഷയത്തിൽ റവന്യൂ സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിൽ മാറ്റമില്ലെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാർ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്തുനിന്നു മാറ്റണമെന്ന് മന്ത്രി എം.എം. മണിയടക്കമുള്ള ഇടുക്കിയിലെ നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ജൂലൈ ഒന്നിന് യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെയാണ് ഈയൊരു അജണ്ട മുന്നിൽ വച്ച് യോഗം നടത്തരുതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സിപിഐയും രംഗത്തു വന്നത്. എന്നാൽ ഈ പ്രതിഷേധം അവഗണിച്ച് സർക്കാർ നിശ്ചയിച്ച തീയതിയിൽ തന്നെ യോഗം നടത്തുമെന്ന് സർക്കാർ അറിയിച്ചതോടെ ശ്രീറാമിനെ മാറ്റുകയും അതുവഴി മൂന്നാറിലെ കയ്യേറ്റക്കാരെയും സംരക്ഷിക്കുന്ന നിലപാടിലേക്ക് സിപിഎമ്മും മുഖ്യമന്ത്രിയുടെ ഓഫീസും എത്തുകയാണെന്നാണ് പ്രകടമായ സൂചനകൾ.

മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തെ ഇരുപത്തിരണ്ട് സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് യോഗം വിളിച്ചിട്ടുള്ളതെന്നാണ് അറിയിക്കുന്നതെങ്കിലും ഇതല്ല യഥാർത്ഥ ലക്ഷ്യമെന്നാണ് ലഭിക്കുന്ന വിവരം. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് കയ്യേറ്റ ഭൂമി ഒഴിപ്പിക്കാൻ റവന്യൂവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് മൂന്നാറിൽ നിന്നുള്ള വൈദ്യത മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത തല യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു കയ്യേറ്റക്കാരന് വേണ്ടി യോഗം വിളിക്കുന്നത് ശരിയല്ലെന്നും യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു റവന്യൂ മന്ത്രി.

മുമ്പ് വിവാദമുണ്ടായപ്പോൾ ശ്രീറാമിനെതിരെ കടുത്ത ആക്ഷേപം ഉയർന്നെങ്കിലും കുരിശുകൃഷി വിഷയത്തിൽ സബ്കളക്ടറെ മാറ്റിയാൽ അത് സർക്കാരിന് ക്ഷീണമാകുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയം വാർത്തകളിൽ നിന്ന് അകന്നതോടെയാണ് പൊലീസ് സ്റ്റേഷനു സമീപത്തെ ഭൂമി വിഷയമെന്ന രീതിയിൽ യോഗം വിളിക്കാനും അതിലൂടെ സബ്കളക്ടർക്കെതിരെ ശക്തമായി നിലപാടെടുക്കാനും രഹസ്യ നീക്കം നടന്നത്. ഇത് മനസ്സിലാക്കി തന്നെയാണ് മന്ത്രി ചന്ദ്രശേഖരനും സിപിഐയും യോഗത്തെ എതിർത്തതെന്നാണ് വിവരം. ഇതോടെ സർക്കാർ കയ്യേറ്റക്കാർക്കൊപ്പമാണെന്ന നിലപാട് വീണ്ടും ചർച്ചയാകുകയാണ്.

മൂന്നാർ വിഷയം തണുത്തതിന് പിന്നാലെ, അടുത്തിടെ ഫോർട്ട് കൊച്ചിയിൽ കൈയേറ്റക്കാർ കൈവശപ്പെടുത്തിയ 60 കോടി രൂപയിലേറെ വിലമതിക്കുന്ന സർക്കാർ ഭൂമി തിരിച്ചു പിടിച്ചിട്ടും സർക്കാർ കറിവേപ്പില പോലെ സബ്കലക്ടർ അദീല അബ്ദുള്ളയെ സ്ഥലം മാറ്റിയിരുന്നു. ഇത് വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. മന്ത്രിസഭാ യോഗത്തിന് പുറമേ പ്രത്യേക അജണ്ടായായി കൊണ്ടുവന്നാണ് അദീലയെ സ്ഥലം മാറ്റായത്. ഇതിന് പിന്നിൽ ഭൂമാഫിയയുടെയും സിപിഎമ്മിന്റെയും ഇടപെടൽ ഉണ്ടെന്ന ആക്ഷേപം ശക്തമായി ഉയർന്നിരുന്നു. സമാനമായ സാഹചര്യമാണ് ഇനി മൂന്നാർ വിഷയത്തിലും ഉണ്ടാകുന്നതെന്നാണ് വിവരം. കോടതി ഉത്തരവിന്റെ കൂടി പിൻബലത്തിൽ മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനാണ് ശ്രീറാം. ഇതിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാതെ നിലകൊണ്ടതോടെ ശ്രീറാം പ്രദേശത്തെ ഭരണകക്ഷി നേതാക്കൾക്കെല്ലാം അനഭിമതനാവുകയായിരുന്നു.

ശ്രീറാമിനെ മാറ്റുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി അദ്ദേഹം ഒഴിപ്പിക്കൽ നോട്ടിസ് നൽകിയ മൂന്നാറിലെ 22 സെന്റ് ഭൂമി ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയ ശേഷമാണ് ഇപ്പോഴത്തെ യോഗം വിളിച്ചിരിക്കുന്നത്. ശ്രീരാമിന് എതിരായ നടപടിയുടെ തുടക്കമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ നിർദ്ദേശം നൽകിയത് എന്ന ധാരണ അന്നേ ഉയർന്നിരുന്നു. കൊട്ടിഘോഷിച്ച മൂന്നാർ ഓപ്പറേഷൻ ചലനമറ്റ് കിടക്കുന്നതിന് ഇടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ശ്രീരാമിന്റെ പ്രവർത്തനങ്ങളെ തടയിടുന്ന വിധത്തിൽ ശക്തമായ സമ്മർദ്ദം നടന്നത്. അതേസമയം ശ്രീരാമിന്റെ തൊഴിലിനെ തടസപ്പെടുത്തുന്ന വിധത്തിലുള്ള ഈ നിർദ്ദേശത്തിന് എതിരെ കടുത്ത അതൃപ്തിയാണ് റവന്യൂ വകുപ്പ് നേരത്തെ മുതലേ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സർവ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങൾ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചാണ് മൂന്നാറിൽ നിന്നുമുള്ള സർവ്വകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു കത്ത് നൽകിയത്. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലും കെട്ടിട്ടവും ഒഴിപ്പിക്കുന്നതിന് ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടത്.

എസ് രാജേന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാവ് എകെ മണി, സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സിഎ കുര്യൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശ്രീറാമിനെ ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം. ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു.

മൂന്നാർ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനായി പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലം കണ്ടുകെട്ടാനാണ് സബ്കളക്ടർ ഉത്തരവിട്ടത്. 12 വർഷമായി സ്വകാര്യ വ്യക്തി കൈവശം വെച്ചിരിക്കുന്ന ഭൂമിയാണിത്. 1948 മുതൽ ഡിസ്റ്റിലറിക്കായി സംസ്ഥാന സർക്കാർ വിട്ടുനൽകിയ ഭൂമിയാണിതെന്നും 1996ൽ എകെ ആന്റണി സർക്കാർ ചാരായം നിരോധിക്കുന്നത് വരെ ഈ സ്ഥലം ചില അബ്കാരികളുടെ കൈവശമായിരുന്നെന്നും കത്തിൽ സംഘം ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് മൂന്നാറിലെ റവന്യു ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. മുഖ്യമന്ത്രി വിളിച്ചുക്കൂട്ടിയ യോഗത്തിലെ ധാരണകൾ ലംഘിച്ചിട്ടില്ല. കുടിയേറ്റ കർഷകർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പത്ത് സെന്റിന് താഴെയുള്ള ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. എന്തായാലും റവന്യൂ മന്ത്രിയെതന്നെ ഒഴിവാക്കി സർക്കാർ റവന്യൂ വിഷയത്തിൽ യോഗം വിളിച്ചതോടെ കാര്യങ്ങൾ ഭരണകക്ഷിയിലെ കടുത്ത ഭിന്നിപ്പിലേക്കാണ് നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP