Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സഹബാങ്കുകളുടെ സ്ട്രോംഗ് റൂമുകൾ റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ചല്ല; ഭരണസമിതികൾക്കെതിരെ കേസെടുക്കാം; സ്‌ട്രോംഗ് റൂമിനുള്ള പണമുപയോഗിച്ച് പ്രസിഡന്റിന്റെ വീട് എസിയാക്കും; പിന്നെങ്ങനെ കള്ളന്മാർ സ്വർണം കൊണ്ടുപോകാതിരിക്കും

സഹബാങ്കുകളുടെ സ്ട്രോംഗ് റൂമുകൾ റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ചല്ല; ഭരണസമിതികൾക്കെതിരെ കേസെടുക്കാം; സ്‌ട്രോംഗ് റൂമിനുള്ള പണമുപയോഗിച്ച് പ്രസിഡന്റിന്റെ വീട് എസിയാക്കും; പിന്നെങ്ങനെ കള്ളന്മാർ സ്വർണം കൊണ്ടുപോകാതിരിക്കും

രഞ്ജിത് ബാബു

കണ്ണൂർ: സംസ്ഥാനത്തെ സഹകരണബാങ്കുകളുടെ നവീകരണത്തിന്റെ പേരിൽ വൻ അഴിമതി നടക്കുന്നതായി വിവരം. ബാങ്കിലെ സ്വർണ്ണശേഖരത്തിനും പണത്തിനും സുരക്ഷ ഉറപ്പാക്കാതെയുള്ള നവീകരണത്തിന്റെ പേരിൽ ലക്ഷക്കണക്കിനു രൂപയാണ് ഓരോ ഭരണസമിതിയും പോക്കറ്റിലാക്കുന്നത്.

ബാങ്ക് കവർച്ചക്കാരെപ്പോലും നാണിപ്പിക്കുന്ന വിധം നവീകരണത്തിന്റെ മറവിൽ ലക്ഷങ്ങൾ കൊയ്യുമ്പോഴും ബാങ്കുകളിൽ സുരക്ഷാസംവിധാനത്തിന് ചില്ലിക്കാശു പോലും ചിലവഴിക്കുന്നില്ല. കണ്ണൂർ ജില്ലയിലെ പൊന്ന്യം സർവ്വീസ് സഹകരണ ബാങ്കു മുതൽ കാസർഗോഡ് കുഡ്‌ലു ബാങ്ക് വരെ കവർച്ച നടന്നിട്ടും ബാങ്കുകളിലെ സമ്പത്തിനുള്ള സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതരമായ അനാസ്ഥയാണ് സഹകരണ ബാങ്ക് ഭരണ സമിതികൾ കാട്ടുന്നത്.

കോഴിക്കോട് ജില്ലയിലെ ഒരു സഹകരണ ബാങ്കിന്റെ നവീകരണം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്നു തവണയാണ് നടന്നത്. 20 ലക്ഷം രൂപ ചെലവിൽ നടത്തിയ നവീകരണ പ്രവൃത്തിയുടെ പേരിൽ ഭരണസമിതി പ്രസിഡണ്ടിന്റെ വീട് ശീതീകരിക്കപ്പെട്ടു. എന്നാൽ ബാങ്കിന്റെ ലോക്കറും മറ്റും വീടുകളിൽ വസ്ത്രം സൂക്ഷിക്കുന്ന അലമാരയുടേതിനുതുല്യം. ഉപയോക്താക്കളുടെ സ്വർണ്ണവും പണവും കൊള്ളയടിച്ചാലും പ്രസിഡണ്ടിനും ഭരണസമിതിക്കും ഇൻഷൂറൻസ് ഉയർത്തിക്കാട്ടി രക്ഷപ്പെടാം. മുത്തൂറ്റ്, കൊശമറ്റം, മണപ്പുറം, തുടങ്ങിയ സ്വകാര്യ ധനമിടപാടു സ്ഥാപനങ്ങളുടെ ഓഫീസുകൾ അനുകരിച്ച് ആധുനികവൽക്കരിക്കുമ്പോൾ സുരക്ഷ വേണ്ടുന്ന സ്‌ട്രോങ് റൂമുകളെ അവഗണിക്കുന്ന സമീപനമാണ് സഹകരണ ബാങ്കുകൾ സ്വീകരിക്കുന്നത്.

നവീകരണത്തിനായി അഞ്ചുലക്ഷം രൂപ മുതൽ ഇരുപത്തഞ്ചുലക്ഷം രൂപ വരെയാണ് ഭരണസമിതി സാധാരണ നിലയിൽ അംഗീകാരം നൽകുന്നത്. എന്നാൽ ഇതിന്റെ പേരിൽ ധൂർത്തടിക്കുന്ന പണത്തിന് കണക്കില്ല. ബാങ്ക് നവീകരണത്തോടൊപ്പം പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും അവരുടെ വീടുകളിലും നവീകരണം നടത്തും. പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാരുമായി ഒത്തുകളിച്ചാണ് ഇത്തരം അഴിമതികൾ നടത്തുന്നത്. മകളുടെ വിവാഹത്തിനായി വീടിന്റെ നാലു ഭാഗത്തെ മുറ്റം ടൈലു പാകിയശേഷം അതിന്റെ ചെലവ് ബാങ്കിന്റെ പേരിൽപെടുത്തിയ സഹകരണ ഭരണത്തിന്റെ സാരഥികളുണ്ട്.

ഉപഭോക്താക്കളുടെ സ്വർണ്ണത്തിന്റേയും പണത്തിന്റേയും സുരക്ഷ ഉറപ്പാക്കാതെ ശാഖകൾ തുറക്കുന്നതും സഹകരണ മേഖലയിൽ പതിവാണ്. ടെൻഡർ നടപടികൾ സുതാര്യമല്ലാതെയാണ് ബാങ്കുകളുടെ നിർമ്മാണം. 20 സെന്റീ മീറ്റർ കനത്തിൽ ആറുവശവും കോൺക്രീറ്റ് ചെയ്ത് വേണം സ്‌ട്രോങ് റൂം നിർമ്മിക്കേണ്ടത്. ഇതിൽ പുറത്ത് ഇഷ്ടികയ്ക്കു കെട്ടണം. പിന്നീട് അതിനു പുറത്തും കോൺക്രീറ്റ് ചെയ്യണം. കെട്ടിടം ഉടമകളും ഭരണസമിതിയും തമ്മിലുള്ള ധാരണയിൽ ഒന്നാം നിലയിലോ രണ്ടാം നിലയിലോ ബാങ്കുകൾ പ്രവർത്തനമാരംഭിക്കും ഇതാണ് കവർച്ചക്കാരെ സഹകരണബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നത്. കേരളത്തിൽ അടുത്തകാലത്തൊന്നും റിസർവ്വ് ബാങ്ക് നിർദ്ദേശിച്ച മാനദണ്ഡത്തിൽ സഹകരണ ബാങ്കുകൾ സ്‌ട്രോങ് റൂം പണിതിട്ടില്ല. പത്തും എട്ടും സെന്റീ മിറ്റർ കനത്തിലുള്ള ഭിത്തിയിലാണ് സ്‌ട്രോങ് റും പണി കഴിപ്പിച്ചിട്ടുള്ളത്.

കെട്ടിടം കണ്ടെത്തുന്നതു മുതൽ അഴിമതി ആരംഭിക്കുന്നു. വീട് പണിയുന്നവർക്ക് ഒരു പ്ലാൻ പാസാകണമെങ്കിൽ എത്രയോ തവണ തദ്ദേശസ്ഥാപനങ്ങളിൽ കയറിയിറങ്ങണം. എന്നാൽ രാഷ്ട്രീയമായ സ്വാധീനം കൊണ്ട് സഹകരണ ബാങ്കുകളുടെ കെട്ടിടങ്ങൾക്ക് അനുമതി മിന്നൽവേഗത്തിൽ നടക്കും. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് ബാങ്കുകൾ ശാഖ തുറക്കുന്നത്. ലോക്കൽ പൊലീസിന്റെ പരിശോധനക്കു ശേഷം മാത്രമേ ശാഖ തുറക്കാൻ അനുവദിക്കാവൂ. കവർച്ച നടന്നാൽ പൊലീസിനെ കുററം പറയുന്നവർ സമ്പത്ത് സൂക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. തീ പടരാൻ സാധ്യതയുള്ള സ്ഥലത്തും ഒറ്റപ്പെട്ട ഇടങ്ങളിലും ഒന്നും രണ്ടും നിലകളിലും ബാങ്കുകൾ പ്രവർത്തിക്കരുത്. മാത്രമല്ല സ്‌ട്രോങ് റൂം മാനദണ്ഡ മനുസരിച്ച് പണിതവയായിരിക്കണം. ഇപ്പോഴുള്ള സ്‌ട്രോങ് റൂം പരിശോധനക്ക് വിധേയമാക്കി പുനർനിർമ്മിച്ചിരിക്കണമെന്നും സ്‌ട്രോങ് റൂം ഡിസൈനറായ കോഴിക്കോട്ടെ ആർക്കിടെക്ട് പി.പി.സുനിൽ പറഞ്ഞു.

സ്വർണ്ണത്തിന് വിലപിടിച്ചതോടെ സ്വർണം പണയം വച്ച് പണം വാങ്ങാമെന്ന പ്രവണതയും ഏറിവരികയാണ്. സ്വർണം പണയം വച്ചാൽ മൂന്നു മിനുട്ട് കൊണ്ട് പണം എന്ന വാഗ്ദാനം ഉയർത്തിയാണ് ബാങ്കുകൾ ഇടപാടുകാരെ ആകർഷിക്കുന്നത്. അതുകൊണ്ടു തന്നെ മുപ്പത് കിലോ സ്വർണ്ണമെങ്കിലും ഇല്ലാത്ത പ്രാഥമിക സഹകരണബാങ്കുകൾ ഇല്ല. അതനുസരിച്ചുള്ള സുരക്ഷിതത്വം സമ്പത്തിനുറപ്പിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും ഉദാസീനതയാണ് ഈ ബാങ്കുകളുടെ നിലപാട്. റിസർവ്വ് ബാങ്ക് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാത്ത ബാങ്ക് ഭരണസമിതിക്കെതിരെ കേരളാ പൊലീസ് ആക്ട് അനുസരിച്ച് നടപടി എടുക്കാൻ ഇനിയും വൈകിക്കൂടെന്ന അഭിപ്രായമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP