Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീട്ടുകാരുമായി വഴക്കുണ്ടാക്കി പാതിരാത്രിക്ക് വിദ്യാർത്ഥി പമ്പയ്ക്ക് കടന്നു; വഴിയിൽ കുട്ടിയെ കണ്ടെന്ന ഓർമയിൽ പത്തനംതിട്ട പൊലീസിന്റെ തെരച്ചിൽ; മണിക്കൂറുകൾക്കകം പമ്പയിൽ നിന്ന് കുട്ടിയെ തിരിച്ചു പിടിച്ച് പൊലീസിന്റെ കാര്യക്ഷമത: പത്തനംതിട്ട എസ്ഐ പ്രജീഷിനും കൂട്ടർക്കും കൈയടി

വീട്ടുകാരുമായി വഴക്കുണ്ടാക്കി പാതിരാത്രിക്ക് വിദ്യാർത്ഥി പമ്പയ്ക്ക് കടന്നു; വഴിയിൽ കുട്ടിയെ കണ്ടെന്ന ഓർമയിൽ പത്തനംതിട്ട പൊലീസിന്റെ തെരച്ചിൽ; മണിക്കൂറുകൾക്കകം പമ്പയിൽ നിന്ന് കുട്ടിയെ തിരിച്ചു പിടിച്ച് പൊലീസിന്റെ കാര്യക്ഷമത: പത്തനംതിട്ട എസ്ഐ പ്രജീഷിനും കൂട്ടർക്കും കൈയടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: രക്ഷിതാവ് ശാസിച്ചതിന് വീടുവിട്ടിറങ്ങിയ 10-ാം ക്ലാസുകാരൻ നേരെ വച്ചു പിടിച്ചത് പമ്പയ്ക്ക്. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വേഷത്തിലും രൂപത്തിലും സൂചന കിട്ടി. മറ്റൊരു കേസിന്റെ അന്വേഷണത്തിന് പോകും വഴി ഇങ്ങനെ ഒരു കുട്ടി പമ്പ ബസിൽ കയറിയത് ശ്രദ്ധയിൽപ്പെട്ട എസ്ഐ ഉടൻ ഓർമയിൽ നിന്ന് താൻ കണ്ടതും മിസിങ് ആയതും ഒരാളാണെന്ന് സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ പമ്പയിൽ നിന്ന് പൊലീസ് പൊക്കി വീട്ടിലെത്തിച്ചു കൊടുത്തു.

പത്തനംതിട്ട എസ്ഐ പ്രജീഷിന്റെ നേതൃത്വത്തിലാണ് പതിനഞ്ചുകാരനെ തിരികെ എത്തിച്ചത്. മേക്കൊഴൂരിൽ നിന്നും വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് പത്താം ക്ലാസുകാരനെ കാണാനില്ലെന്ന പരാതി പൊലീസിൽ എത്തിയത്. രക്ഷിതാവ് ശാസിച്ചതിന് ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് കുട്ടി വീടു വിട്ടത്. പരാതി സ്റ്റേഷനിൽ കിട്ടിയതിന് പിന്നാലെ പൊലീസ് ഉണർന്നു പ്രവർത്തിച്ചു. മറ്റൊരു കേസിന്റെ അന്വേഷണത്തിനായി ചിറ്റാറിൽ പോയിരുന്ന എസ്ഐ പ്രജീഷ്, എഎസ്ഐ ഹുമയൂൺ, സിപിഓമാരായ സറഫുദ്ദീൻ, സജികുമാർ, രഞ്ജിത്, രഘു എന്നിവരെ തിരിച്ചു വിളിച്ചു. അവർ നേരെ വന്നത് മേക്കോഴൂരേക്കായിരുന്നു.

കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് സംഘം നാട്ടുകാരെയും കൂട്ടി കാടിളക്കി തെരച്ചിൽ തുടങ്ങി. ഒപ്പം മറ്റ് സ്റ്റേഷനുകളിലേക്കും പട്രോളിങ് മൊബൈലുകളിലേക്കും വയർലെസ് മുഖേന വിവരംകൈമാറുകയും ചെയ്തു. റെയിൽവേ പൊലീസുമായി ബന്ധപ്പെട്ടും വിവരങ്ങൾ കൈമാറി. തിരുവല്ല, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും അവിടുത്തെ പൊലീസിന്റെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചു. അടൂർ, പന്തളം, പത്തനംതിട്ട ബസ് സ്റ്റാൻഡുകളിലും മറ്റൊരു സംഘം തെരച്ചിൽ ആരംഭിച്ചു. മേക്കൊഴൂർ സർവീസ് സഹകരണ ബാങ്കിലെ ക്യാമറ പരിശോധിച്ചതിൽ നിന്നും വിദ്യാർത്ഥി രാത്രി 9.35 ന് മണ്ണാറക്കുളഞ്ഞി ഭാഗത്തേക്ക് നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. കുട്ടി പോയ സമയത്തെയും ധരിച്ച വസ്ത്രത്തെപ്പറ്റിയും ഏകദേശ ധാരണ കിട്ടി.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെ എസ്ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചിറ്റാറിലേക്ക് അന്വേഷണത്തിനു പോയപ്പോൾ ഇതേ വസ്ത്രം ധരിച്ച ഒരു വിദ്യാർത്ഥി കുമ്പളാംപൊയ്കയിൽ നിന്നും പമ്പ ബസിൽ കയറുന്നത് കണ്ടിരുന്നു. കാണാതായ വിദ്യാർത്ഥി തന്നെയായിരുന്നു അതെന്ന് പൊലീസ് സംഘം തിരിച്ചറിഞ്ഞു. ഉടൻ തന്നെ നിലയ്ക്കൽ, പമ്പ, സന്നിധാനം കൺട്രോൾ റൂമുകളിലും പൊലീസ് സ്റ്റേഷനുകളിലും വിവരമറിയിച്ചു. ഫോട്ടോയും മറ്റുംവാട്സാപ്പിൽ അയച്ചു കൊടുത്തു. പമ്പ പൊലീസ് ഇൻസ്പെക്ടർ വിജയന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഉടൻ തന്നെ വിദ്യാർത്ഥിയെ പമ്പയിൽ നിന്നും കണ്ടു പിടിക്കാനും കഴിഞ്ഞു. കുട്ടിയെ ഇന്നലെ പുലർച്ചെ പൊലീസ് തന്നെ വീട്ടിലെത്തിച്ച് രക്ഷിതാക്കൾക്ക് കൈമാറി. പൊലീസിന്റെ കാര്യക്ഷമത സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP