Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛന്റെ അപ്രതീക്ഷിത മരണം കുടുംബത്തിന്റെ നാഥനാക്കി മാറ്റി; ആശ്രിത നിയമനത്തിനായി ഒൻപതുകൊല്ലത്തോളം അലഞ്ഞു; ഒടുവിൽ രേഖകളെല്ലാം സമർപ്പിച്ചിട്ടും സാങ്കേതിക കാരണം പറഞ്ഞു നിയമനം നിഷേധിച്ചു; അന്ന് ദൃഢപ്രതിജ്ഞയെടുത്തു ആരുടെയും ജീവിതം ഇനി ചുവപ്പ് നാടയിൽ കുടുങ്ങരുതെന്ന്; പലവട്ടം തോറ്റിട്ടും പിന്മാറാതെ പഠിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി ഇളമ്പഴവത്തിന്റെ പോരാട്ടം

അച്ഛന്റെ അപ്രതീക്ഷിത മരണം കുടുംബത്തിന്റെ നാഥനാക്കി മാറ്റി; ആശ്രിത നിയമനത്തിനായി ഒൻപതുകൊല്ലത്തോളം അലഞ്ഞു; ഒടുവിൽ രേഖകളെല്ലാം സമർപ്പിച്ചിട്ടും സാങ്കേതിക കാരണം പറഞ്ഞു നിയമനം നിഷേധിച്ചു; അന്ന് ദൃഢപ്രതിജ്ഞയെടുത്തു ആരുടെയും ജീവിതം ഇനി ചുവപ്പ് നാടയിൽ കുടുങ്ങരുതെന്ന്; പലവട്ടം തോറ്റിട്ടും പിന്മാറാതെ പഠിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി ഇളമ്പഴവത്തിന്റെ പോരാട്ടം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ; സർക്കാർ കാര്യത്തിനായി ഓഫീസുകൾ കയറിയിറങ്ങിയവർക്ക് അതിന്റെ ബുദ്ധിമുട്ടിന്റെ തീവ്രത എത്രയാണെന്ന് അറിയാൻ സാധിക്കും. പല ടേബിളുകൾക്ക് സമീപം മണിക്കൂറുകളും ദിവസങ്ങളും എന്തിന് ചിലപ്പോ മാസങ്ങളും കാര്യ സാധ്യത്തിന് കാത്തിരിക്കേണ്ടിവരും. അത്തരത്തിലായിരും കുടുംബ ഭാരം ചെറുപ്രായത്തിലേ ചുമലിലേറ്റേണ്ടിവന്ന കെ. ഇളമ്പഴവത്ത് എന്ന തമിഴ് യുവാവിന്റെ കാര്യവും

ഒന്നും രണ്ടും തവണയല്ല, നീണ്ട ഒൻപതു വർഷമാണ് ഈ യുവാവിനു ജില്ലാ കലക്ടറുടെ ഓഫീസിൽ കയറിയിറങ്ങി നടക്കേണ്ടി വന്നത്. സർവീസിലിരിക്കേ മരിച്ച പിതാവിന്റെ ജോലി ലഭിക്കാനായിട്ടായിരുന്നു ഈ നടപ്പ്. എന്നാൽ ഒൻപതു വർഷം പല വാതിലുകൾ മുട്ടിയിട്ടും, പല തവണ കയറിയിറങ്ങിയിട്ടും ഇളമ്പഴവത്തിന്റെ ആവശ്യം നടന്നില്ല. അലഞ്ഞു മടുത്തപ്പോൾ എടുത്ത പ്രതിജ്ഞ കെ.ഇളമ്പഴവത്ത് ഉശിരോടെ പാലിച്ചു.താൻ കയറിയിറങ്ങി നടന്ന ഈ ഗവൺമെന്റ് ഓഫീസിൽ ഒരു നാൾ ജില്ലാ കലക്ടറായിട്ടു തിരിച്ചെത്തുമെന്നുമായിരുന്നു അത്.

കഷ്ടപ്പാടിൽ പതറാതെ, പലവട്ടം തോറ്റിട്ടും പിന്മാറാതെ പഠിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി! ആരുടെയും ജീവിതം ഇനി ചുവപ്പുനാടയിൽ കുരുങ്ങരുതെന്ന ശപഥം നിറവേറ്റാൻ ഇളമ്പഴവത്ത് ഇപ്പോൾ വെല്ലൂർ ജില്ലയിലെ റാണിപ്പേട്ട് സബ് കലക്ടർ. പണമില്ലാത്തതിനാൽ പ്ലസ്ടുവിൽ വച്ചു പഠനം നിർത്തിയ ഇളമ്പഴവത്തിനെ സംബന്ധിച്ചിടത്തോളം അതൊരു പടുകൂറ്റൻ ലക്ഷ്യം തന്നെയായിരുന്നു. എന്നാൽ ദൃഢനിശ്ചയത്തിനും കഠിനാധ്വാനത്തിനും പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്ന പാഠം ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് ഒടുവിൽ ഇളമ്പഴവത്ത് ഐഎഎസ് ഉദ്യോഗസ്ഥനാവുക തന്നെ ചെയ്തു. സിനിമയെ പോലും വെല്ലുന്ന ഈ ജീവിത കഥ നടന്നത് തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലാണ്.

തഞ്ചാവൂരിലെ ചോലഗംഗുഡിക്കാടിലാണ് ഇളമ്പഴവത്ത് ജനിച്ചത്. അച്ഛൻ വില്ലേജ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറും അമ്മ കർഷകയും സാമൂഹിക പ്രവർത്തകയുമായിരുന്നു. മാതാപിതാക്കളോടും മുതിർന്ന മൂന്നു സഹോദരിമാരോടും ഒപ്പം സന്തോഷകരമായിരുന്നു ഇളമ്പഴവത്തിന്റെ കുട്ടിക്കാലം. 1997ൽ പിതാവ് മരിക്കുന്നതോടെയാണ് ഇവരുടെ ജീവിതം തകിടം മറിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഇളമ്പഴവത്തിന് പ്ലസ്ടുവിൽ വച്ച് പഠിത്തം നിർത്തേണ്ടി വന്നു. തന്റെ സുഹൃത്തുക്കളൊക്കെ എൻജിനീയറിങ്ങിനും മെഡിസിനും പഠിക്കാൻ പോയപ്പോൾ ഇളമ്പഴവത്ത് കുടുംബം നോക്കാൻ ഒരു ജോലിക്ക് ശ്രമം തുടങ്ങി.

പിതാവ് സർവീസിലിരിക്കേ മരിച്ചതിനാൽ ഗവൺമെന്റ് ജോലിക്ക് അർഹതയുണ്ടായിരുന്നു. അങ്ങനെയാണ് ജൂനിയർ അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ ഓഫീസിൽ വിദ്യാഭ്യാസ രേഖകളും ഇരുപതോളം മറ്റു രേഖകളും സമർപ്പിക്കേണ്ടിയിരുന്നു. പല ഓഫീസുകളിൽ കയറിയിറങ്ങി രേഖകൾ ഒരു വിധം സമർപ്പിച്ചെങ്കിലും അഡ്‌മിനിസ്ട്രേറ്റീവ് കാരണങ്ങൾ ചൂണ്ടിക്കാട്ടി കലക്ടറുടെ ഓഫീസ് ഇളമ്പഴവത്തിന് ജോലി നിഷേധിച്ചു. പതിനഞ്ചോളം പേർ ഇത്തരത്തിൽ അന്ന് ജോലി കാത്തിരിക്കുന്നുണ്ടായിരുന്നെങ്കിലും ചിലർക്ക് വെയിറ്റിങ് ലിസ്റ്റ് മറികടന്നു ജോലി നൽകിയതായി ഇളമ്പഴവത്ത് ആരോപിക്കുന്നു.

ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇളമ്പഴവത്ത് (38) തന്റെ ജീവിതം പങ്കുവച്ചത്. 3 വർഷത്തെ അനുഭവം നൽകിയ പാഠം എന്താണ് എന്ന ചോദ്യത്തിന്റെ മറുപടി ഇതായിരുന്നു, '' ജനങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഇടയിൽ വേലിയുണ്ടാകരുത്. ഏറ്റവും മെച്ചപ്പെട്ട സേവനം ജനങ്ങൾക്കു നൽകാനാകണം.'.

ജില്ലാ കലക്ടർക്കും റവന്യൂ സെക്രട്ടറിക്കും കമ്മീഷണർക്കും മുഖ്യമന്ത്രിക്കും വരെ പരാതി നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഉച്ച വരെ പാടത്ത് ജോലി. ഉച്ചയ്ക്ക് ശേഷം ഗവൺമെന്റ് ഓഫീസ് കയറിയിറങ്ങൽ. അതായിരുന്നു അക്കാലത്തെ ഇളമ്പഴവത്തിന്റെ ദിനചര്യ. ഇത്തരത്തിൽ പല ഓഫീസുകൾ കയറിയിറങ്ങി ഒൻപതു വർഷം കടന്നു പോയി. ഇതു കൊണ്ടൊന്നും അനുകൂലമായ തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് ഇളമ്പഴവത്ത് ആരുടെയും ദാക്ഷിണ്യമില്ലാതെ, തന്റെ കഴിവു കൊണ്ട് ഗവൺമെന്റ് ജോലി നേടാൻ തീരുമാനിച്ചത്.

പന്ത്രണ്ടാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ചതു കൊണ്ട് ആദ്യം ഇളമ്പഴവത്ത് വിദൂര വിദ്യാഭ്യാസം വഴി ചരിത്രത്തിൽ ബിരുദമെടുത്തു. ഇതോടൊപ്പം സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിക്കാനും തുടങ്ങി. ആ ഗ്രാമത്തിലോ അടുത്ത ഗ്രാമങ്ങളിലോ ഒന്നും പരിശീലന കേന്ദ്രങ്ങളുണ്ടായിരുന്നില്ല. പഠനത്തിന് ആശ്രയിച്ചിരുന്ന പബ്ലിക് ലൈബ്രറിയിൽ സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് പ്രത്യേക സെക്ഷൻ ഉണ്ടായിരുന്നു. ഇളമ്പഴവത്ത് അടക്കം 10 പേരുടെ ഒരു സംഘമാണ് അക്കാലത്ത് ഇവിടെ ദിവസവും സിവിൽ സർവീസ് പഠനത്തിന് എത്തിയിരുന്നത്. ഗ്രാമത്തിലെ റിട്ട. ഹെഡ്‌മാസ്റ്ററായിരുന്ന എ.ടി. പനീർ സെൽവവും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു. സ്വയംപഠനവും പരിശീലനവുമെല്ലാമായി മൂന്നു തവണ അടുപ്പിച്ച് സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖ സ്റ്റേജ് വരെ ഇളമ്പഴവത്ത് എത്തിയെങ്കിലും ഇവിടെ വച്ച് പരാജയപ്പെട്ടു. ഇതിനിടെ തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ പാസ്സായി.

ഗവൺമെന്റ് ജോലിയെന്ന സ്വപ്നം നടന്നെങ്കിലും ഇളമ്പഴവത്ത് സംതൃപ്തനായിരുന്നില്ല. ഐഎഎസ് നേടണമെന്നതായിരുന്നു ലക്ഷ്യം. തമിഴ്‌നാട് ഗവൺമെന്റിൽ ഗ്രൂപ്പ് 1 സർവീസ് ഉദ്യോഗസ്ഥനായി ജോലിക്ക് കയറിയെങ്കിലും യുപിഎസ്‌സി പരിശീലനം തുടർന്നു. അഞ്ചു തവണ മെയിൻ പരീക്ഷയും മൂന്നു തവണ അഭിമുഖവും കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റിൽ എത്താത്തതിന്റെ സങ്കടമൊക്കെ അടക്കി വച്ച് കഠിനാധ്വാനം തുടർന്നു. പുതുതായി അവതരിപ്പിച്ച സിവിൽ സർവീസ് ആപ്റ്റിറ്റിയൂഡ് പരീക്ഷ പ്രതികൂലമായി ബാധിച്ചവർക്കു രണ്ടു അവസരങ്ങൾ കൂടി നൽകാൻ 2014ൽ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചു. ഈ അവസരം ഇളമ്പഴവത്ത് പ്രയോജനപ്പെടുത്തി. അങ്ങനെ ആദ്യം ഇന്ത്യൻ റവന്യൂ സർവീസിലേക്കും 2015ൽ തന്റെ അവസാന ശ്രമത്തിൽ ഐഎഎസിലേക്കും ഇളമ്പഴവത്ത് തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യ തലത്തിൽ 117-ാം റാങ്ക് നേടിയാണ് ഐഎഎസിലേക്കുള്ള ഇളമ്പഴവത്തിന്റെ പ്രവേശനം.

സബ് കലക്ടറായി വെല്ലൂർ ജില്ലയിലെ റാണിപേട്ടിൽ ചാർജെടുക്കുമ്പോൾ ഒരേയൊരു കാര്യത്തിലേ ഇളമ്പഴവത്ത് നിർബന്ധം പിടിച്ചുള്ളൂ. വിവിധ ആവശ്യങ്ങളുമായി ഗവൺമെന്റ് ഓഫീസിലെത്തുന്നവരെ സേവിക്കുന്ന വിധം. ഗവൺമെന്റ് ഓഫീസുകളുടെ ഇടനാഴികളിൽ കാത്തു നിൽക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളെ അവരുടെ കാഴ്ചപ്പാടിൽ നിന്നു കാണാൻ ഇളമ്പഴവത്ത് എന്നും ശ്രമിച്ചു പോരുന്നു. പലരും പ്രചോദനം കൊണ്ട് സിവിൽ സർവീസിലേക്ക് എത്തുമ്പോൾ താൻ സംവിധാനത്തോടുള്ള അമർഷം കൊണ്ടാണ് ഇവിടെയെത്തിയതെന്ന് ഇളമ്പഴവത്ത് പറയുന്നു. താൻ അടക്കമുള്ളവർക്ക് അമർഷമുണ്ടാക്കിയ കാരണങ്ങൾ ഗവൺമെന്റ് ഓഫീസുകളിൽ നിന്നു മാറ്റാനാണ് ഈ യുവ ഐഎഎസുകാരന്റെ ശ്രമവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP