Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെഎസ്‌ഐഇ ചെയർമാനും എംഡിയും രാഷ്ട്രീയക്കാർക്ക് വീതിക്കുന്ന ഏക വെള്ളാന; ഒരു ലക്ഷത്തിലധികം മാസശമ്പളം കൊടുത്തു നിയമിച്ച ശ്രീമതിയുടെ മകന്റെ യോഗ്യത സാദാകോളേജിൽ പഠിച്ച എംഎയും തട്ടിപ്പുകാരനെന്ന ആരോപണവും; ഓൺലൈനിൽ അപേക്ഷിച്ചവരിൽ കാര്യക്ഷമതയുള്ളവരെ കണ്ടെത്തുമെന്ന പിണറായിയുടെ പ്രഖ്യാപനം വീൺവാക്കായത് ഇങ്ങനെ

കെഎസ്‌ഐഇ ചെയർമാനും എംഡിയും രാഷ്ട്രീയക്കാർക്ക് വീതിക്കുന്ന ഏക വെള്ളാന; ഒരു ലക്ഷത്തിലധികം മാസശമ്പളം കൊടുത്തു നിയമിച്ച ശ്രീമതിയുടെ മകന്റെ യോഗ്യത സാദാകോളേജിൽ പഠിച്ച എംഎയും തട്ടിപ്പുകാരനെന്ന ആരോപണവും; ഓൺലൈനിൽ അപേക്ഷിച്ചവരിൽ കാര്യക്ഷമതയുള്ളവരെ കണ്ടെത്തുമെന്ന പിണറായിയുടെ പ്രഖ്യാപനം വീൺവാക്കായത് ഇങ്ങനെ

എം എസ് സനൽകുമാർ

 തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്നും രാഷ്ട്രീയക്കാരുടെ സിൽബന്ദികളുടെ സുരക്ഷിത താവളമാണ്. ചെയർമാനും എം ഡിയും രാഷ്ട്രീയ നിയമനം. ഇത്തവണ എം ഡി യായി കുറി വീണത് ശ്രീമതി ടീച്ചറുടെ മകൻ സുധീർ നമ്പ്യാർക്ക്. ചെയർമാനായി സ്‌കറിയ തോമസിനെയും നിയമിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ നിശ്ചയിക്കുന്നതിൽ അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കുന്നതിനു വേണ്ടി അഭിമുഖ പരീക്ഷ നടത്താൻ അധികാരമേറ്റയുടനെ ഇടതു സർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഓൺലൈൻ വഴി അപേക്ഷയും സ്വീകരിച്ചു. സംസ്ഥാനത്ത് ആകെ 83 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. എംഡി സ്ഥാനത്തേയ്ക്കു പരിഗണിക്കാൻ 2000 പേർ അപേക്ഷിക്കുകയും ചെയ്തു. അതിൽ നിന്ന് 65 പേരെയാണ് സ്‌ക്രീനിങ് കമ്മിറ്റി പ്രാഥമികമായി തിരഞ്ഞെടുത്തത്.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചും ആക്ഷേപം ഉയർന്നിരുന്നു. കേന്ദ്ര - സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ എം.ഡിമാരായോ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികകളിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാമെന്ന് നിബന്ധനയുണ്ടായിരുന്നെങ്കിലും അന്തിമ പട്ടിക തയ്യാറാക്കിയപ്പോൾ ഇതു പാലിക്കപ്പെട്ടില്ല. മുൻ എം.ഡിമാരെയും എല്ലാ യോഗ്യതയുമുള്ള ജനറൽ മാനേജർമാരെയും ഒഴിവാക്കിയെന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു.

നിയമനങ്ങളിൽ സ്വജനപക്ഷപാതം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് പുതിയ രീതികൊണ്ടുവരാൻ ശ്രമിച്ച സർക്കാരാണ് പിണറായി വിജയന്റേത്. എന്നാൽ, ഇതൊക്കെ വെറും കണ്ണിൽപൊടിയിടലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. വ്യവസായ മന്ത്രിയുടെ അടുത്ത ബന്ധുവിനെ എംഡിയാക്കിയ സിപിഐ(എം) അണികളിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അനുഭാവികൾ സോഷ്യൽ മീഡിയയിൽ സിപിഎമ്മിനെതിരെ കടുത്ത പരിഹാസം ചൊരിയുന്നത്.

വ്യവസായ മന്ത്രി ഇ പിയുടെ ഭാര്യാസഹോദരിയായ കണ്ണൂർ എംപി പി കെ ശ്രീമതിയുടെ മകനാണ് സുധീർ നമ്പ്യാർ. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയും മതിയായ പരിചയവും ഒന്നും ഇല്ലാത്തവരെയാണ് കെഎസ്‌ഐഇയിൽ കാലാകാലങ്ങളായി നിയമിക്കുന്നത്. രാഷ്ട്രീയ പിടിപാടാണ് മാനദണ്ഡം. ഇത്തവണത്തെ എം ഡി നിയമനം തന്നെ ഉദാഹരണം. ഒരു പൊതുമേഖലാസ്ഥാപനത്തിലും ഇതുവരെ പ്രവർത്തിക്കാത്ത ആളാണ് സുധീർ നമ്പ്യാർ. പയ്യന്നൂർ കോളേജിൽ നിന്നും പ്രീ ഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കി. പിന്നെ ബിരുദാനന്തര ബിരുദം നേടി. നേരത്തെ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന ആരോപണം സുധീറിനെതിരായി ഉയർന്നിട്ടുണ്ട്.

സംവിധായകൻ മേജർ രവിയുടെ പേരുപയോഗിച്ചാണു സുധീർ തട്ടിപ്പു നടത്തിയത് എന്നാണ് നേരത്തെ ആരോപണം ഉയർന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസി എടുത്ത പത്തനംതിട്ട വലഞ്ചുഴിയിൽ കെ എം റിയാദും പണം നഷ്ടപ്പെട്ടെന്നു കാട്ടി മറ്റു നാലു പേരും പരാതി നൽകിയിരുന്നു. സുധീറിനെ എംഡിയായി നിയമിച്ചേക്കുമെന്നു നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയർ കാർഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതും കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട് എന്നിവിടിങ്ങളിൽ കെഎസ്‌ഐഇ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

2012-13 സാമ്പത്തിക വർഷത്തിൽ ഏഴ് കോടി രൂപ ലാഭത്തിലായിരുന്നു ഈ സ്ഥാപനം. എന്നാൽ, 201415ൽ നാലരക്കോടിയുടെ നഷ്ടമാണ് ഇതിനുണ്ടായത്. 201516 വർഷത്തിൽ പതിനേഴര ലക്ഷം രൂപ ലാഭത്തിലാണ് സ്ഥാപനം. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ലീഗ് നേതാവ് മായിൻഹാജിയായിരുന്നു കെഎസ്‌ഐഇ ചെയർമാൻ. ഫെബി വർഗീസ് എം ഡിയും. സർക്കാരിന്റെ അവസാനകാലത്ത് വിജിലൻസ് കേസുകളിൽ ആരോപണ വിധേയനായ സജി ബഷീറിനെ എം ഡി യാക്കി. 8 വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന ആളാണ് സജി ബഷീർ. ഒരു ലക്ഷത്തോളം രൂപയാണ് എം ഡി യുടെ പ്രതിമാസ ശമ്പളം.

ഇപ്പോൾ ചെയർമാൻ സ്ഥാനത്തുള്ളത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റ സ്‌കറിയാ തോമസിനെയാണ്. സ്‌കറിയ തോമസിന് കീഴിലായാണ് എംഡി സ്ഥാനത്തേക്കുള്ള ശ്രീമതി ടീച്ചറുടെ നിയമനവും. രാഷ്ട്രീയ നിയമനമെന്ന നിലയിൽ ഈ നിയമനത്തെ അംഗീകരിക്കാനും സാധിക്കില്ലെന്നതാണ് പ്രത്യേകത. ശ്രീമതി ടീച്ചറുടെ മകനാണെങ്കിലും സുധീർ നമ്പ്യാറിന് രാഷ്ട്രീയവുമായി കാര്യമായ ബന്ധമൊന്നുമില്ല. സിപിഎമ്മിന് വേണ്ടി വിയർപ്പൊഴുക്കിയവരെ തള്ളിക്കൊണ്ടാണ് സുധീറിനെ എംഡിയാക്കിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP