Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഗതകുമാരി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശ്വസിച്ചാൽ പ്രതിപട്ടികയിൽ ആകുന്നത് ലീലാമേനോൻ; വിവാദ പ്രസ്താവന വന്നത് ജന്മഭൂമി വാർഷിക പതിപ്പിൽ തലമുതിർന്ന മാദ്ധ്യമ പ്രവർത്തകയുമായുള്ള സംഭാഷണത്തിൽ; ആരേയും തള്ളാനും കൊള്ളാനും വയ്യാതെ സംഘപരിവാർ പ്രവർത്തകർ

സുഗതകുമാരി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശ്വസിച്ചാൽ പ്രതിപട്ടികയിൽ ആകുന്നത് ലീലാമേനോൻ; വിവാദ പ്രസ്താവന വന്നത് ജന്മഭൂമി വാർഷിക പതിപ്പിൽ തലമുതിർന്ന മാദ്ധ്യമ പ്രവർത്തകയുമായുള്ള സംഭാഷണത്തിൽ; ആരേയും തള്ളാനും കൊള്ളാനും വയ്യാതെ സംഘപരിവാർ പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളുടെ പെരുംപ്രവാഹം അപകടകരമാണെന്ന് പറഞ്ഞു. ശരിയാണ്. അതുകൊണ്ട് നമ്മുടെ സംസ്‌കാരത്തിന് ഉടവുതട്ടുമെന്നും അവരിലധികവും വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനലുകളുമാണെന്നും പറയാനുള്ള വിവരക്കേട് എനിക്കില്ല. മലയാളിയുടെ സംസ്‌കാരത്തെപ്പറ്റി വലിയ ബഹുമാനവും എനിക്കില്ല. ഉത്തരേന്ത്യയിലെ ചെറുപ്പക്കാർ വന്ന് നമ്മുടെ പെൺകുട്ടികളെ വിവാഹം കഴിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. ഞാൻ പറഞ്ഞത് ഇതാണ്-സുഗതകുമാരി നിലപാട് വിശദീകരിക്കുന്നു

മാതൃഭൂമി ദിനപത്രത്തിന്റെ കേട്ടതും കേൾക്കേണ്ടതും എന്ന പംക്തിയിൽ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായിരിക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റമെന്ന് സുഗതകുമാരി അഭിപ്രായപ്പെട്ടതായി വാർത്ത വന്നിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രതികരണവുമായെത്തി. ഇതോടെ സുഗതകുമാരി പുലിവാല് പിടിച്ചു. തുടർന്നായിരുന്നു മാതൃഭൂമിയിൽ തന്നെ നിലപാട് തിരുത്തി സുഗതകുമാരി രംഗത്ത് വന്നത്. എന്നാൽ കണ്ടതും കേട്ടതും കോളം ചെയ്യുന്ന മാതൃഭൂമിക്ക് ഒരു പിഴവും ഇക്കാര്യത്തിൽ വന്നിട്ടില്ല. മറ്റ് പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും വരുന്ന ശ്രദ്ധേയമായ നിരീക്ഷണങ്ങളും പ്രസ്താവനകളും വായനക്കാരെ അറിയിക്കാനാണ് കണ്ടതും കേട്ടതും എന്ന കോളത്തിലൂടെ മാതൃഭൂമി ശ്രമിക്കുന്നത്. ഇതിന് വിരുദ്ധമായതൊന്നും മാതൃഭൂമി ചെയ്തിട്ടില്ല. ജന്മഭൂമിയുടെ ഓണപ്പതിപ്പിൽ സുഗതകുമാരിയുടേതായി വന്ന വാചകങ്ങൾ കണ്ടതും കേട്ടതും കോളത്തിൽ അതേപടി കൊടുക്കുക മാത്രമായിരുന്നു മാതൃഭൂമി ചെയ്ത്.

ഇപ്പോൾ നിഷേധിച്ച കാര്യങ്ങൾ വിവാദം ഉയർത്തിയതു പോലെ സുഗതകുമാരിയുടെ അഭിപ്രായമായി ജന്മഭൂമിയിലുണ്ട്. ജന്മഭൂമിയുടെ എഡിറ്ററായ മുതിർന്ന മാദ്ധ്യമ പ്രവർത്തക ലീലാ മോനോനും സുഗതകുമാരിയും തമ്മിലെ സംഭാഷണം ഓണപ്പതിപ്പിലെ പ്രധാന ആകർഷണാണ്. ശ്രീകലയാണ് ഇത് ഓണപ്പതിപ്പിന് വേണ്ടി എഴുതിയിരിക്കുന്നത്. ഇതിലെ വാക്കുകൾ അതേ പോലെ എടുത്തു നൽകുകയാണ് മാതൃഭൂമിയുടെ കണ്ടതും കേട്ടതും എന്ന കോളത്തിൽ ചെയ്യുന്നത്. അത് താൻ പറഞ്ഞതല്ലെന്ന് സുഗതകുമാരി മാതൃഭൂമിയിലൂടെ വിശദീകരിക്കുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് ജന്മഭൂമിയും ലീലാ മേനോനും ശ്രീകലയുമാണ്. അതായത് താൻ പറയാത്ത കാര്യങ്ങൾ ജന്മഭൂമി എഴുതിയെന്ന് ആരോപിക്കുകയാണ് സുഗതകുമാരി. അതായത് ആർഎസ്എസിന്റെ മുഖപത്രം തന്നെ വെറുതെ വിവാദത്തിലാക്കിയെന്ന് പേരു പറയാതെ കുറ്റപ്പെടുത്തുകയാണ് സുഗതകുമാരി.

സാംസ്‌കാരികമായി വൻ ദുരന്തത്തിലേക്കാണ് ഇത് കേരളത്തെ കൊണ്ടുചെന്നെത്തിക്കുക. നമുക്ക് സാംസ്‌കാരികമായി ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്. വിദ്യാഭ്യാസ നിലവാരം കുറഞ്ഞവർ മാത്രമല്ല, ക്രിമിനൽ പശ്ചാത്തലം ഉള്ളവരുമാണ് ഇവരിൽ അധികവും. അവർ ഇവിടെ വീടുംവച്ച് ഇവിടെനിന്നും കല്യാണവും കഴിച്ച് ഇവിടുത്തുകാരായി മാറുമെന്ന് ലീലാ മേനോനോട് സുഗതകുമാരി പറഞ്ഞതായാണ് ജന്മഭൂമി ഓണപ്പതിപ്പിലുള്ളത്. പിന്നാലെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. സുഗതകുമാരിയുടെത് ശുദ്ധവംശീയതയാണെന്ന് വി.ടി ബൽറാം എംഎൽഎയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ജന്മഭൂമിയെ വിമർശിക്കുന്ന തരത്തിൽ മാതൃഭൂമിയിൽ വിശദീകരണം സുഗതകുമാരിയുടെ പേരിലെത്തിയത്.

അതിൽ സുഗതകുമാരി കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെ: 'കേരളമെന്നാൽ ഒരു തീരേ ചെറിയ സംസ്ഥാനമാണ്. ലക്ഷോപലക്ഷം തൊഴിലാളികൾ, വൈകാതെ അവരുടെ എണ്ണം 50 ലക്ഷമാകുമെന്ന് ഞാൻ വായിച്ചു. ഇപ്പോൾത്തന്നെ തിരക്കുപിടിച്ച ഈ കൊച്ചുനാടിന് അത്രയ്ക്ക് വാഹകശേഷിയുണ്ടോ? ഇവർക്കെല്ലാം വേണ്ട വെള്ളവും വിറകും ഊർജവും സ്ഥലവും നമുക്കുണ്ടോ? അവരുടെ മാലിന്യപ്രശ്‌നങ്ങളോ? ആരോഗ്യപ്രശ്‌നങ്ങളോ? കുടിവെള്ളത്തിന് നാം കൂടുതൽ പാടുപെടാൻ പോകുന്ന കാലമാണെന്നും ഓർക്കുക. ഗൾഫിൽനിന്നുള്ള തിരിച്ചൊഴുക്ക് തുടങ്ങിക്കഴിഞ്ഞു എന്നുമോർക്കുക. ഈ വരുന്നവർക്ക് തിരിച്ചറിയൽ രേഖകളുണ്ടോ? ഏതുക്രിമിനലിനും ഒളിച്ചുപാർക്കേണ്ടവനും ഇങ്ങോട്ട് പോന്നാൽപ്പോരെ? മയക്കുമരുന്ന് ഉപഭോഗം ഇത്രയേറെ വ്യാപകമായതിന് ഈ ക്രമാതീതമായ കൂട്ടവരവും ഒരു കാരണമല്ലേ?

ക്രൈംറേറ്റ് വർധിക്കുന്നു എന്നുകാണുന്നു. കുറ്റവാളിയെ നാം എങ്ങനെ തിരിച്ചറിയും? ജിഷകേസിൽ നാമിതൊക്കെ അനുഭവിച്ചുകഴിഞ്ഞു. ഇനി അനുഭവിക്കുകയും ചെയ്യും. അതുകൊണ്ട് നാട്ടിലെ വൻ പണക്കാരും കോൺട്രാക്ടർമാരും ദാരിദ്ര്യം ചൂഷണംചെയ്ത് ലക്ഷക്കണക്കിനാളുകളെ ഇറക്കുമതിചെയ്യുന്നതിന് ഒരു നിയന്ത്രണംവേണം. പരിശോധനയുംവേണം. നുഴഞ്ഞുകയറ്റക്കാർക്കും തീവ്രവാദികൾക്കുമൊക്കെ സൗകര്യമല്ലേ ഇത്. നിർമ്മാണമേഖലയല്ലാതെ പിന്നെ എന്തുതൊഴിലാണ് പ്രധാനമായും ഇവർക്ക്. ഇപ്പോൾത്തന്നെ 15 ലക്ഷത്തിലധികം വസതികൾ പൂട്ടിക്കിടക്കുന്നു. ഈ നാട്ടിൽ ഇനിയുമിങ്ങനെ കെട്ടിടസമുച്ചയങ്ങളും ഷോപ്പിങ് മാളുകളും അനന്തമായി ഉയരേണ്ടതുണ്ടോ? ഇതിനൊക്കെവേണ്ട പാറയെവിടെ, കല്ലെവിടെ, മണലെവിടെ, മരമെവിടെ, സർവോപരി മണ്ണെവിടെ?' ഏതോ ഒരു ചർച്ചയിൽ ഞാൻ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്. പറയുന്ന വാക്കുകളെ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ച് ശകാരിപ്പിക്കുന്നത് അധാർമികമാണ് എന്നുമാത്രം പറയുന്നു.''

ഈ വിവാദം തുടങ്ങിയപ്പോൾ സുഗതകുമാരിയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് നേതൃത്വം കൊടുത്തത് സംഘപരിവാരുകാരായിരുന്നു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുഗത കുമാരി മാതൃഭൂമിയിൽ വ്യക്തമാക്കിയതോടെ ചർച്ചകൾക്ക് പുതുമാനം വന്നു. സുഗതകുമാരിയെ പിന്തുണച്ചവർക്ക് ഇപ്പോൾ സ്വയം പ്രതിരോധം തീർക്കേണ്ട അവസ്ഥയാണുള്ളത്. ജന്മഭൂമി തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന വാദം സുഗതകുമാരി ഉയർത്തുമെന്ന് അറിയാതെ സോഷ്യൽ മീഡിയയിൽ വാദം നിരത്തിയവർ എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഉള്ളത്. ഇക്കാര്യത്തിൽ ജന്മഭൂമിക്ക് ഔദ്യോഗികമായി പ്രതികരിക്കേണ്ട അവസ്ഥയുമുണ്ട. അല്ലാത്ത പക്ഷം സുഗതകുമാരിയെ ചതിച്ചുവെന്ന ധാരണ പരക്കുകയും ചെയ്യും.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധമാണ് സുഗതകുമാരിക്കുള്ളത്. ആറന്മുള സമരത്തിലും മറ്റും കുമ്മനത്തിന് കരുത്തയാത് സുഗതകുമാരിയുടെ പിന്തുണയാണ്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ആർഎസ്എസ് മുഖപത്രത്തിന് സുഗതകുമാരിക്കെതിരെ പ്രതികരിക്കാനും കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP