Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴു വർഷമായി കയറി ഇറങ്ങിയിട്ടും നടക്കാത്ത കാര്യം ആത്മഹത്യാ ശ്രമം കൊണ്ട് നേടിയെടുത്തു; കോഴഞ്ചേരി താലൂക്ക് ഓഫീസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച തോമസ് വർഗീസിന്റെ സ്ഥലം വീണ്ടും സർവേ നടത്തുമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പ്; ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിനെതിരേ നടപടിയുണ്ടാകില്ല

ഏഴു വർഷമായി കയറി ഇറങ്ങിയിട്ടും നടക്കാത്ത കാര്യം ആത്മഹത്യാ ശ്രമം കൊണ്ട് നേടിയെടുത്തു; കോഴഞ്ചേരി താലൂക്ക് ഓഫീസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച തോമസ് വർഗീസിന്റെ സ്ഥലം വീണ്ടും സർവേ നടത്തുമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പ്; ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിനെതിരേ നടപടിയുണ്ടാകില്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡന പർവത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ സൈനികന് ഏഴുവർഷത്തിന് ശേഷം നീതി ലഭിക്കുന്നു. പക്ഷേ, അതിനായി അദ്ദേഹം ബ്ലേഡ് കൊണ്ട് ഞരമ്പു മുറിക്കേണ്ടി വന്നുവെന്ന യാഥാർഥ്യം പൊള്ളിക്കുന്നതാണ്. ഇതുവരെ താലൂക്ക് ഓഫീസിലെ പ്യൂൺ പോലും അവജ്ഞയോടെ കണ്ടിരുന്ന തോമസിനെ കാണാൻ ഇന്നലെ ജില്ലാ കലക്ടർ ഓടിയെത്തി. ഇത്രയും നാൾ തോമസിനെ ആട്ടിയോടിച്ചിരുന്ന ഉദ്യോഗസ്ഥർ കലക്ടർക്ക് പിന്നിൽ എല്ലാത്തിനും മൂകസാക്ഷിയായി നിന്നു. തോമസിന്റെ കാര്യം ശരിയാക്കാമെന്ന് കലക്ടറുടെ ഉറപ്പ്. എന്നാൽ, തോമസിനെ ഒരു വഴിക്കാക്കിയവർക്ക് നേരെ ശരിയാക്കുന്ന കാര്യത്തിൽ കലക്ടർക്ക് യാതൊരു ഉറപ്പുമില്ല. തോമസ് വർഗീസിന്റെ സ്ഥലത്തിന്റെ റീ സർവേ സംബന്ധിച്ച പരാതിയിൽ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ വീണ്ടും സർവേ നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ പി.ബി നൂഹ് പറഞ്ഞു.

ഇന്നലെ രാവിലെ 11.30 നാണ് മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോഴഞ്ചേരി താലൂക്ക് ഓഫീസിൽ തോമസ് വർഗീസ് ജീവനൊടുക്കാൻ ശ്രമിച്ചത്. മെഴുവേലി വില്ലേജിൽ പള്ളിക്കിഴക്കേതിൽ സെഹിയോൺ വില്ലയിലെ താമസക്കാരനാണ് വിമുക്ത ഭടൻ കൂടിയായ തോമസ് വർഗീസ്. ഭാര്യയായ ദീനാമ വർഗീസിന്റെ പേരിൽ 72 സെന്റ് സ്ഥലം ഉണ്ടായിരുന്നു. എന്നാൽ സ്ഥലം റീ സർവേ നടത്തിയപ്പോൾ 64 സെന്റ് സ്ഥലം ദീനാമ യുടേതും ആറു സെന്റ് സ്ഥലം പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റേയും പഞ്ചായത്ത് പൊതുവഴിയുടെ ഭാഗമാണെന്നും റവന്യു ഡിപ്പാർട്ട്മെന്റ് അവകാശപ്പെട്ടു. എന്നാൽ ബാക്കി ആറു സെന്റ് സ്ഥലവും ദീനാമയുടേതാണെന്ന് തോമസും അവകാശപ്പെട്ടു. ഇതേതുടർന്ന് തോമസ് പലതവണ അപേക്ഷ നൽകുകയും റീ സർവേ നടത്തുകയും ചെയ്തു.

എന്നാൽ റീ സർവേ നടത്തിയത് ശരിയല്ലെന്ന പരാതിയുമായി തോമസ് ഏഴു വർഷമായി സർക്കാർ സ്ഥാപനങ്ങളിൽ കയറിയിറങ്ങുകയായിരുന്നു. ഇന്നലെ അപേക്ഷയുമായി മിനി സിവിൽ സ്റ്റേഷനിലെത്തിയ തോമസ് അഡീഷണൽ തഹസിൽദാരുടെ മുൻപിലെത്തി റീ സർവേ ശരിയല്ല എന്നു പറഞ്ഞ് കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തി. വിവരമറിഞ്ഞ് ജനറൽ ആശുപത്രിയിലെത്തിയ ജില്ലാ കലക്ടർ ഉദ്യോഗസ്ഥരോടും തോമസിനോടും വിവരം ചോദിച്ചറിഞ്ഞാണ് സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുവാൻ തീരുമാനിച്ചത്.

മുന്നാധാര പ്രകാരം 70 സെന്റ് സ്ഥലമുണ്ടെന്നും റീ സർവേയിൽ 64 സെന്റ് സ്ഥലം മാത്രമാണുള്ളതെന്നും വഴി കൈയേറിയതിന് തോമസിനെതിരെ അയൽവാസിയായ ചേന്നുംകണ്ടത്തിൽ മണിയമ്മ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നും എൽ.ആർ തഹസിൽദാർ കലക്ടറോട് പറഞ്ഞു. റി സർവേ നടക്കുന്നതിന് മുമ്പുതന്നെ തിരുവാഭരണ പാതയ്ക്കായി ദീനാമ്മ വർഗീസിന്റെ മുന്നാധാരത്തിൽ നിന്നും മുന്നാധാര കക്ഷിയിൽ നിന്നും മാറ്റിയിട്ടുള്ള ഭാഗമാണെന്നും അപേക്ഷകന് 64 സെന്റ് സ്ഥലത്തിന് മാത്രമേ അവകാശമുള്ളുവെന്ന റിപ്പോർട്ട് തോമസിന് നൽകിയിട്ടുണ്ടെന്ന് കോഴഞ്ചേരി തഹസിൽദാർ ബി ജ്യോതി പറഞ്ഞു. എൽആർ തഹസിൽദാർ കെ സതിയമ്മ, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ കെ ജയദീപ്, ഡെപ്യൂട്ടി തഹസിൽദാർമാരായ ഗോപാലകൃഷ്ണപിള്ള, സാം പി തോമസ് തുടങ്ങിയവരും എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP