Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഞാൻ പോയത് കാനന ക്ഷേത്രത്തിൽ മാത്രമാണ്; അവിടെ ഒരു ബോർഡ് ഉണ്ട്; രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെ പ്രവേശനമുണ്ട് എന്നാണ് അതിൽ എഴുതിയിട്ടുള്ളത്; പിന്നെങ്ങിനെ കേസ് വരും? പുലിമുരുകൻ ഷൂട്ട് അവിടെ നടന്നിട്ടുണ്ട്; മൂന്നാർ-വയനാട് തുടങ്ങിയ ഇടങ്ങളിലെ റിസോർട്ടുകളിൽ വനസഫാരി നടക്കുന്നുണ്ട്; വീഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടുമാണ് വിവരം പുറത്ത് അറിഞ്ഞത്: ബ്ലോഗർ പെട്ടത് റിസോർട്ടുകൾ തമ്മിലെ തർക്കത്തിൽ; ഫോറസ്റ്റ് കേസിലെ ചതി മറുനാടനോട് പറഞ്ഞ് സുജിത് ഭക്തൻ

ഞാൻ പോയത് കാനന ക്ഷേത്രത്തിൽ മാത്രമാണ്; അവിടെ ഒരു ബോർഡ് ഉണ്ട്; രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെ പ്രവേശനമുണ്ട് എന്നാണ് അതിൽ എഴുതിയിട്ടുള്ളത്; പിന്നെങ്ങിനെ കേസ് വരും? പുലിമുരുകൻ ഷൂട്ട് അവിടെ നടന്നിട്ടുണ്ട്; മൂന്നാർ-വയനാട് തുടങ്ങിയ ഇടങ്ങളിലെ റിസോർട്ടുകളിൽ വനസഫാരി നടക്കുന്നുണ്ട്; വീഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടുമാണ് വിവരം പുറത്ത് അറിഞ്ഞത്: ബ്ലോഗർ പെട്ടത് റിസോർട്ടുകൾ തമ്മിലെ തർക്കത്തിൽ; ഫോറസ്റ്റ് കേസിലെ ചതി മറുനാടനോട് പറഞ്ഞ് സുജിത് ഭക്തൻ

എം മനോജ് കുമാർ

തിരുവനന്തപുരം: റിസോർട്ടുകൾ തമ്മിലുള്ള തർക്കത്തിൽ പ്രമുഖ ബ്ലോഗർ സുജിത്ത് ഭക്തൻ ബലിയാടായി മാറുകയായിരുന്നോ? അനധികൃതമായി വനത്തിൽ താൻ കടന്നു കയറിയിട്ടില്ലെന്ന വാദത്തിൽ സുജിത്ത് ഉറച്ചു നിൽക്കുമ്പോൾ തന്നെയാണ് തർക്കങ്ങളിൽ ബ്ലോഗർ ബലിയാടാവുകയായിരുന്നോ എന്ന സംശയവും ഉയരുന്നത്. അനധികൃതമായി നേര്യമംഗലം-പൂയംകുട്ടി മേഖലകളിലെ സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കയറി എന്നാണ് സുജിത്തിന്നെതിരെ വന്ന കേസ്. പക്ഷെ സുജിത്തിന്റെ ഭാഷ്യം വിത്യസ്തമാണ്. റോഡിൽ നിന്നും ഒരു കിലോമീറ്റർ പോലുമില്ലാത്ത ക്ഷേത്രത്തിലേക്കാണ് ഈ യാത്ര എന്നാണു സുജിത്ത് പറയുന്നത്. എല്ലാവരും പോകുന്ന കാനന ക്ഷേത്രമാണിത്. ഇതാണ് കാടിലേക്കുള്ള അതിക്രമിച്ച് കയറൽ ആയി മാറിയത്. നിബിഡ വനത്തിലേക്ക് ഇവർ യാത്ര നടത്തിയിട്ടുമില്ല. പക്ഷെ യാത്ര കാട്ടിലേക്കുള്ള കടന്നു കയറലായി ചിത്രീകരിക്കപ്പെട്ടു. ഇത് വിവാദവുമായി മാറി.

പ്രശസ്തമായ ബ്ലോഗറാണ് സുജിത്ത്. ഒട്ടനവധി ഫോളോവേഴ്‌സ് ഉള്ള ബ്ലോഗർ. കാടും വനജീവിതവുമൊക്കെ ഹരമാണ് സുജിത്തിന്. നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കുടുംബ സഹിതം യാത്ര ചെയ്യുകയും യാത്രയെക്കുറിച്ചും റിസോർട്ടുകളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും കാടിനെക്കുറിച്ചുമൊക്കെ സ്ഥിരമായി എഴുതുകയും വീഡിയോ പോസ്റ്റ് ചെയ്യുന്നതാണ് ശീലവും. ഇത്തരം ബ്ലോഗുകൾ ആണ് സുജിത്തിനെ ബ്ലോഗർ എന്ന നിലയിൽ പ്രശസ്തനാക്കി മാറ്റിയത്. നേര്യമംഗലം-പൂയംകുട്ടി മേഖലയിൽപ്പെടുന്ന കുട്ടമ്പുഴയിലുള്ള വി.കെ.ജെ ഇന്റർനാഷണൽ ഹോട്ടലിൽ താമസം തിരഞ്ഞെടുത്തപ്പോൾ ഹോട്ടലിനെ പുകഴ്‌ത്തിയും സമീപത്തുള്ള കാടിന്റെയും പ്രകൃതിഭംഗി വിവരിച്ചും വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സുജിത്ത് ഭക്തൻ വിവാദങ്ങളിലേക്ക് നടന്നു കയറിയത്. മോഹൻലാൽ പുലിമുരുകൻ ഷൂട്ട് ഉള്ളപ്പോൾ താമസിച്ച ഹോട്ടൽ ആണിത്. മോഹൻലാൽ തങ്ങിയ റൂമിന്റെ കാര്യവും ഞാൻ എടുത്ത് പറഞ്ഞിട്ടുണ്ട്. മോഹൻലാൽ താമസിച്ചതോടെ പ്രശസ്തമായ ഹോട്ടലിന്റെയും വനഭംഗിയുടെയും കാര്യമാണ് ഞാൻ ഉയർത്തിക്കാട്ടിയത്.

ബാർ ഉൾപ്പെടുന്ന ഹോട്ടൽ പ്രമോഷനായി സുജിത്ത് കുടുംബ സഹിതം നേര്യമംഗലം-പൂയംകുട്ടി മേഖലകളിലെ സംരക്ഷിത വനമേഖലയിൽ കയറി എന്ന് കണ്ടെത്തിയാണ് വീഡിയോ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും വനംവകുപ്പ് കേസെടുത്തത്. അനുമതിയില്ലാതെയാണ് വനമേഖലയിൽ സുജിത്ത് കടന്നു കയറിയത് എന്ന് വനംവകുപ്പ് പറയുമ്പോൾ സുജിത്ത് അത് നിഷേധിക്കുകയാണ്. താൻ താമസിച്ച ഹോട്ടലിനു സമീപമുള്ള വന ക്ഷേത്രത്തിലേക്ക് ആണ് താനും കുടുംബവും പോയത്. ഒരു കിലോമീറ്റർ മാത്രം ദൂരം വരുന്ന ക്ഷേത്രം. രാവിലെ മുതൽ വൈകീട്ട് വരെ ഈ ക്ഷേത്രത്തിൽ പോകാം എന്ന് അവിടെ തന്നെ ബോർഡ് ഉണ്ട്. അതേ സമയം ഇത് സംരക്ഷിത വനമേഖലയാണ് എന്നും ഇവിടേക്ക് പ്രവേശനമില്ല എന്നുള്ള വനംവകുപ്പിന്റെ അറിയിപ്പുമില്ല. ആരുടെതാണ് കുഴപ്പം? എന്റെതോ അതോ വനംവകുപ്പിന്റെതോ? സുജിത്ത് ഭക്തൻ മറുനാടനോട് ചോദിക്കുന്നു.

റിസോർട്ടുകൾ പലതും വനത്തിനോട് ചേർന്നാണ്. റിസോർട്ടുകളിൽ വരുമ്പോൾ ടൂറിസ്റ്റുകൾ കാടിലെക്ക് കുറച്ചു ദൂരം നടക്കാൻ കഴിയുമെങ്കിൽ അങ്ങിനെ ചെയ്യാറുണ്ട്. അത് ട്രെക്കിങ് അല്ല. കുറച്ചു ദൂരം വെറുതെയുള്ള നടത്തം. താൻ പോയത് കാനന ക്ഷേത്രം അവിടെയുണ്ട് എന്നതിനാലാണ്. ഒരു നിയന്ത്രണത്തിന്റെയും ഒരു ബോർഡും അവിടെ തൂങ്ങുന്നുമില്ല. ഇവിടെ ഏതോ ഒരു റിസോർട്ട് ഉടമ തന്റെ യാത്രയെക്കുറിച്ച് പരാതി നൽകി എന്നാണ് അറിഞ്ഞത്. അതിന്റെ പേരിലാണ് എനിക്ക് എതിരെ കേസ് വന്നത്. അല്ലാതെ ഞാൻ വനമേഖലയിൽ അതിക്രമിച്ച് കയറിയിട്ടില്ല. ക്ഷേത്രത്തിൽ പോയി എന്നത് സത്യമാണ്. വീഡിയോ ചിത്രീകരിച്ചു എന്നതും സത്യമാണ്. എല്ലാ സഞ്ചാരികളും ചെയ്യുന്ന കാര്യം മാത്രമാണ് ഞാൻ ചെയ്തത്. പക്ഷെ എന്റെ വീഡിയോ സമീപമുള്ള ഒരു റിസോർട്ട് ഉടമയെ പ്രകോപിപ്പിച്ചു. ഇതാണ് എനിക്കെതിരെയുള്ള പരാതിയിലേക്ക് വഴി തുറന്നത്.

വനസവാരിയെക്കുറിച്ച് സുജിത്ത് ഭക്തന്റെ വിശദീകരണം:

വി.കെ.ജെ ഇന്റർനാഷണൽ ഹോട്ടലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഞാൻ പോകുന്നത്. മൂന്നാഴ്ച മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ആണിത്. എന്നിട്ടും വീഡിയോ പുറത്ത് വന്നപ്പോഴാണ് വനംവകുപ്പ് അറിഞ്ഞത്. ഇത് ബസ് റൂട്ട് കൂടിയാണ് എന്നതും മറക്കരുത്. ഹോട്ടലിൽ പോയപ്പോൾ അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങൾ പരിചയപ്പെട്ടു. അവിടെ കാനനക്ഷേത്രമുണ്ട്. നാട്ടുകാരും പരിസരത്തുള്ളവരും പോകുന്ന ക്ഷേത്രമാണ്. ജീപ്പ് പോകുന്ന വഴിയാണിത്. ടാർ ചെയ്തിട്ടില്ല. ജീപ്പിനു പോകാം. അപ്പോൾ ക്ണാശ്ശേരി എന്ന ക്ഷേത്രത്തിലേക്ക് ആളുകൾ പോകുന്നുണ്ട്. അത് വ്യക്തമായല്ലോ? കുട്ടമ്പുഴയിലാണ് ഈ ക്ഷേത്രം. ജീപ്പ് കാട്ടിലൂടെ പോകുന്ന ദൃശ്യം കാണാം.

മാമലക്കണ്ടം കാട്ടിലൂടെയാണ് ജീപ്പ് പോകുന്നത്. അവിടെ കോൺക്രീറ്റ് പണി നടക്കുകയാണ്. അപ്പോൾ അവിടെ പോകാൻ കഴിയില്ല. വണ്ടി തിരിക്കുന്ന സ്ഥലത്താണ് ഞങ്ങൾ പെട്ടുപോയത്. അവിടെ ജീപ്പിന്റെ ടയറിൽ കല്ല് കയറി. വളരെ കഷ്ടപ്പെട്ട് കര കയറ്റുന്നതും വീഡിയോയിലുണ്ട്. അവിടെ പോകരുത്, നിയന്ത്രണങ്ങൾ ഉണ്ട് എന്ന ബോർഡ് ഇല്ല. ഒരു നിയന്ത്രണവും ഇല്ല. ആരും തടഞ്ഞിട്ടില്ല. വീഡിയോകൾ ധാരാളമായി യു ട്യുബിൽ പ്രചരിക്കുന്നുമുണ്ട്. വേറെ ഒരു റിസോർട്ട് ഉണ്ട് അവിടെ. ഞാൻ വീഡിയോ പോസ്റ്റ് ചെയ്തത് ഈ റിസോർട്ട് ഉടമയെ പ്രകോപിപ്പിച്ചു എന്ന് തോന്നുന്നു. അദ്ദേഹം പരാതി നൽകി എന്നാണ് ഞാൻ അറിഞ്ഞത്. അതോടെയാണ് എനിക്ക് എതിരേ കേസ് വന്നത്. കേസ് ഉണ്ട് എന്നത് തന്നെ പറഞ്ഞുള്ള അറിവ് മാത്രമാണ് ഉള്ളത്. ഇത് തട്ടേക്കാട് പക്ഷി സങ്കേതത്തോട് ചേർന്നുള്ള സ്ഥലമാണ്. അതുകൊണ്ട് തന്നെ ധാരാളം സ്ഥലങ്ങൾ പരിചയപ്പെടുത്താനുണ്ട്. ഇത് ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ്. വീഡിയോയിൽ ഞാൻ പറയുന്നുണ്ട്. അത് ആദിവാസി ഊരാണ്. അവിടെ പോകാൻ കഴിയില്ല എന്നൊക്കെ. കടത്ത് വരെയോ നമുക്ക് പോകാൻ കഴിയൂ. അത് കഴിഞ്ഞാൽ ആദിവാസി ഊരാണ്. അവിടെ അനുമതിയില്ലാതെ പോകാൻ കഴിയില്ല എന്നാണ് ഞാൻ പറഞ്ഞത്.

റിസോർട്ട്കാർ തമ്മിലുള്ള പ്രശ്‌നമാണിത്. ഞാൻ ബലിയാടായി മാറിയതാണ്. കാനനക്ഷേത്രത്തിനു സമീപം ഒരു ബോർഡ് ഉണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെ പ്രവേശനമുണ്ട് എന്നാണ് ബോർഡിൽ എഴുതിയത്. പിന്നെങ്ങിനെ കേസ് വരും? ആരാധനയുള്ള ക്ഷേത്രമാണിത്. എനിക്ക് സമൻസ് ഒന്നും വന്നില്ല. ഹോട്ടലിൽ ഫോറസ്റ്റ്കാർ വന്നിട്ടുണ്ട്. അങ്ങിനെയാണ് പ്രശ്‌നം ഞാൻ അറിയുന്നത്. മോഹൻലാൽ തങ്ങിയ ഹോട്ടൽ ആണിത്. മോഹൻലാൽ താമസിച്ചതുകൊണ്ട് തന്നെ ഹോട്ടൽ പ്രശസ്തവുമായിട്ടുണ്ട്. പുലിമുരുകൻ ഷൂട്ട് അവിടെ നടന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ലാൽ അവിടെ താമസിച്ചത്. കുറെ സിനിമാ ഷൂട്ടുകൾ അവിടെ നടന്നിട്ടുണ്ട്. ചെറിയ ഒരു വിഷയം ഊതിപ്പെരുപ്പിച്ചതാണ്. മൂന്നാർ-വയനാട് തുടങ്ങിയ ഇടങ്ങളിലെ റിസോർട്ടുകളിൽ ഇങ്ങിനെ വനസഫാരി നടക്കുന്നുണ്ട്. ഇതെല്ലാം പലർക്കും അറിയാം. ഞാൻ പോയത് കാനന ക്ഷേത്രത്തിൽ മാത്രമാണ്. ഞാൻ ഒരു ബ്ലോഗർ ആയതുകൊണ്ടും വീഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടുമാണ് വിവരം പുറത്ത് അറിഞ്ഞത്-സുജിത്ത് പറയുന്നു.

ബാർ ഹോട്ടലിന്റെ പരസ്യത്തിനായി നേര്യമംഗലം-പൂയംകുട്ടി മേഖലകളിലെ സംരക്ഷിത വനമേഖലയിൽ കയറി വീഡിയോ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനുമാണ് കേസ് വന്നത്. നേര്യമംഗലം ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചർ വിക്രംദാസ്സാണ് സംഭവത്തിൽ കേസ്സെടുത്തത്. അനധികൃതമായി വനത്തിൽ പ്രവേശിക്കുക ,വീഡിയോ ചിത്രീകരിക്കുക, ഓഫ്‌റോഡ് ജീപ്പ് സഫാരി നടത്തുക എന്നിവയാണ് സുജിത് ഭക്തൻ, വി.കെ.ജെ ഇന്റർനാഷണൽ ഹോട്ടലുടമ, രണ്ട് ജീപ്പ് ഡ്രൈവർമാർ എന്നിവർക്കെതിരെ വനം വകുപ്പ് ചുമത്തിയിട്ടുള്ളത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പുകളിലൊന്ന് വനംവകുപ്പ് കസ്റ്റഡിയിയിലെടുത്തു. ജാമ്യം ലഭി്ക്കുന്ന വകുപ്പുകൾ മാത്രമാണ് കേസ്സിലുള്ളതെന്നും വാറണ്ടില്ലാതെ തന്നെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് ഇവരെ ഏതുസമയത്തും അറസ്റ്റുചെയ്യാമെന്നുമാണ് അധികൃതർ പറയുന്നത്.

അനുമതിയില്ലാതെ സംരക്ഷിതവനത്തിനുള്ളിൽ പ്രവേശിക്കുന്നത് കേരള വനനിയമത്തിലെ ഇരുപത്തിയേഴാം വകുപ്പുപ്രകാരം അഞ്ചുവർഷം തടവും, പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നേര്യമംഗലം റേഞ്ചിൽപ്പെട്ട ഇഞ്ചിത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലും, മലയാറ്റൂർ ഡിവിഷനിലെ പൂയംകുട്ടിയിലും നടത്തുന്ന സാഹസിക ഓഫ് ജീപ്പ് സഫാരിയാണ് വിഡിയോയുടെ ഹൈലൈറ്റ്. ഇത് പക്ഷെ കേസിലെക്കാണ് വഴി തുറന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP