Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാര്യം പബ്ലിസിറ്റി സ്റ്റണ്ടാണെങ്കിലും പാവങ്ങളെ ഇങ്ങനെയൊക്കെ പറ്റിക്കാവോ മഞ്ജു വാര്യരേ..! വയനാട്ടിലെ ആദിവാസി കുടുംബങ്ങൾക്ക് വീട് വെച്ചു നൽകാമെന്ന് പറഞ്ഞ് ചതിച്ച നടി മഞ്ജു വാര്യർക്ക് സമൻസ്; വയനാട് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി മുമ്പാകെ ഹാജരാകണം; നടപടി 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടു തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിൽ; മഞ്ജുവിന്റെ സഹായ വാഗ്ദാനത്തോടെ മറ്റു ഫണ്ടുകൾ വഴിമുട്ടിയെന്നും ആക്ഷേപം

കാര്യം പബ്ലിസിറ്റി സ്റ്റണ്ടാണെങ്കിലും പാവങ്ങളെ ഇങ്ങനെയൊക്കെ പറ്റിക്കാവോ മഞ്ജു വാര്യരേ..! വയനാട്ടിലെ ആദിവാസി കുടുംബങ്ങൾക്ക് വീട് വെച്ചു നൽകാമെന്ന് പറഞ്ഞ് ചതിച്ച നടി മഞ്ജു വാര്യർക്ക് സമൻസ്; വയനാട് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി മുമ്പാകെ ഹാജരാകണം; നടപടി 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീട് നിർമ്മിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടു തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിൽ; മഞ്ജുവിന്റെ സഹായ വാഗ്ദാനത്തോടെ മറ്റു ഫണ്ടുകൾ വഴിമുട്ടിയെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: പബ്ലിസിറ്റിക്ക് വേണ്ടി താരങ്ങൾ നടത്തുന്ന ചാരിറ്റി വർക്കുകൾ പാവങ്ങൾക്ക് പലപ്പോഴും പാരയാകാറുണ്ട്. മാധ്യമങ്ങളെ വിളിച്ചു കൂട്ടി വലിയ പ്രഖ്യാപനം നടത്തുന്ന പലരും പിന്നീട് ഇതൊന്നും തങ്ങൾ അറിഞ്ഞില്ലെന്ന് പറഞ്ഞ് പയ്യെ തടിയെടുക്കുകയാണ് ചെയ്യാറ്. മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടി മഞ്ജു വാര്യതും ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകളുടെ ഭാഗമായിരുന്നു. വയനാട്ടിലെ ആദിവാസി കുടുംബങ്ങൾക്ക് വീടു വെച്ചു നൽകാമെന്ന് വാഗ്ദാനം നൽകി പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കാതെ വന്നതോടെ ദുരിതത്തിലായത് ഇവിടുത്തെ പാവങ്ങളാണ്. മഞ്ജു വീടുമെച്ചു നൽകുമെന്ന പ്രതീക്ഷയിൽ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. ഇതോടെ സംഭവം പരാതിയായി ഉന്നയിച്ചു 57 ആദിവാസി കുടുംബങ്ങൾ.

വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നൽകുമെന്ന് അറിയിച്ചശേഷം വഞ്ചിച്ചെന്ന പരാതിയാണ് മഞ്ജുവിനെതിരെ ഉയർന്നത്. ഈ സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജുവിന് ഹാജരാകാൻ സമൻസ് ലഭിച്ചു. മഞ്ജു വാര്യർ 15ന് വയനാട് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി (ഡി.എൽ.എസ്.എ.) മുമ്പാകെ ഹാജരാകണം എന്നതാണ് നിർദ്ദേശം. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ കുടുംബങ്ങൾ നൽകിയ പരാതിയിലാണ് 15ന് ഹിയറിങ്. മുൻ ഹിയറിങ്ങുകളിലൊന്നും മഞ്ജു ഹാജരായിരുന്നില്ല. 15ന് മഞ്ജുവാര്യർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഡി.എൽ.എസ്.എ. നോട്ടീസ്.

മഞ്ജുവാര്യർ ഫൗണ്ടേഷൻ വഞ്ചന കാട്ടിയതിനാൽ സർക്കാർ സഹായം നിഷേധിക്കപ്പെട്ട് തങ്ങൾ ദുരിതത്തിലായിരിക്കുകയാണെന്നാണ് കുടുംബങ്ങളുടെ പരാതി. പണിയ കുടുംബങ്ങൾക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യർ ഫൗണ്ടേഷൻ വയനാട് ജില്ലാ കലക്ടർക്കും പട്ടികജാതി, വർഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നൽകിയത്.

പ്രളയത്തിൽ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പിൽ പ്രദേശങ്ങൾ. പ്രളയത്തെ തുടർന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയിൽ ഒന്നേമുക്കാൽ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യർ ഫൗണ്ടേഷൻ 57 ആദിവാസി കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്തതിനാൽ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതർ തീരുമാനമെടുത്തിരുന്നതായി ആദിവാസി കുടുംബങ്ങൾ പറയുന്നു. സംഭവം വിവാദമായതോടെ ഫൗണ്ടേഷൻ ഇടപെട്ട് 40 വീടുകളുടെ മേൽക്കൂരയുടെ ചോർച്ച മാറ്റാനുള്ള ഷീറ്റുകൾ നൽകിയെന്ന് പഞ്ചായത്ത് അംഗം എം.എ. ചാക്കോ പറഞ്ഞു.

മുൻ സിറ്റിങ്ങുകളിൽ ഫൗണ്ടേഷന്റെ പ്രതിനിധികൾ ഹാജരായി മൊത്തം 10 ലക്ഷം രൂപയോ അല്ലെങ്കിൽ വീടുകളുടെ അറ്റകുപ്പണി തീർത്തുതരുകയോ ചെയ്യാമെന്ന് അറിയിച്ചിരുന്നതായും ചാക്കോ പറഞ്ഞു. ആദിവാസി കുടുംബങ്ങൾ ഈ വ്യവസ്ഥക്ക് സമ്മതിച്ചിട്ടില്ല. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജുവാര്യർ ഫൗണ്ടേഷൻ സ്ഥലസർവെ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടർന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേർന്ന് പദ്ധതി അംഗീകരിച്ചു. അതിനു ശേഷമാണ് അവർ പിൻവാങ്ങിയത്.

തുടർ നടപടി ഉണ്ടാകാതെ വന്നതിനെ തുടർന്ന് പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങൾ രംഗത്തിറങ്ങിയപ്പോൾ ഒരാൾക്ക് ഒറ്റക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലിതെന്ന് വ്യക്തമായിയെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മഞ്ജുവാര്യരുടെ പ്രതികരണം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മഞ്ജുവാര്യരുടെ വീടിനു മുമ്പിൽ കുടിൽകെട്ടി സമരം നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ ആദിവാസി ക്ഷേമമന്ത്രി എ.കെ. ബാലൻ ഇടപെട്ട് സമരം മാറ്റിവയ്‌പ്പിക്കുകയായിരുന്നു.

അതേസമയം ആദിവാസികൾക്ക് വീട് നിർമ്മിച്ചുനല്കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന ആരോപണം തീർത്തും തെറ്റാണൊണ് നേരത്തെ ഈ വിവാദം ഉയർന്നപ്പോൾ മഞ്ജു പ്രതികരിച്ചത്. പദ്ധതിക്കുവേണ്ടി ഒരു സർവേ നടത്തിയിരുന്നു. ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്തുതീർക്കാവുന്ന ദൗത്യമല്ല അതെന്നാണ് സർവേയിൽ ബോധ്യപ്പെട്ടത്. ഈ വിവരം അന്നേ സർക്കാരിനെ അറിയിച്ചിരുന്നു-മഞ്ജു പറഞ്ഞു. സർക്കാരിന് അത് ബോധ്യപ്പെട്ടതുമാണ്. ഏതെങ്കിലും വ്യക്തികൾക്ക് അങ്ങനെ പദ്ധതി നടപ്പാക്കാൻ സർക്കാർ നിയമങ്ങൾ അനുവദിക്കുന്നുമില്ല. ഈ വാർത്ത പുറത്തുവന്ന തിങ്കളാഴ്ച തന്നെ മന്ത്രി എ.കെ.ബാലനെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് കാര്യങ്ങൾ മനസിലായി. തന്റെ പേരിലുള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയിലുള്ളതിനാൽ മറ്റ് വികസന പദ്ധതികളിൽ നിന്ന് വയനാട്ടിലെ ആദിവാസികൾ ഒഴിവാക്കപ്പെട്ടു എന്ന പ്രചാരണം തെറ്റാണെന്നും മഞ്ജു വാര്യർ അറിയിക്കുകയുണ്ടായി.

അങ്ങനെ സർക്കാർ പദ്ധതികളിൽ നിന്ന് അവർ ഒഴിവാക്കപ്പെടില്ലെന്ന് മന്ത്രി ഉറപ്പു തന്നിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ ചിലർ ആദിവാസി സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരേ അണിനിരത്തുകയാണെന്നും മഞ്ജു പറഞ്ഞു. താനെന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ഏതു പരിപാടിയുടെയും മുൻനിരയിലുണ്ടാകും. ഈ വിവരവും സർക്കാരിനെ അറിയിച്ചിട്ടുണ്ടന്നാണ് മഞ്ജുവിന്റെ വാദം.

പനമരം ഗ്രാമപ്പഞ്ചായത്തിലെ പരക്കുനിയിൽ പണിയ വിഭാഗത്തിൽപ്പെട്ട 57 കുടുംബങ്ങൾക്ക് 1.88 കോടി ചെലവിൽ വീട് നിർമ്മിച്ച് നൽകാമെന്നും അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നുമാണ് മഞ്ജുവാര്യർ ഫൗണ്ടേഷൻ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് 2017 ജനുവരി 20-ന് കളക്ടർ, വകുപ്പ് മന്ത്രി, പനമരം ഗ്രാമപ്പഞ്ചായത്ത് എന്നിവയ്ക്ക് കത്തും നൽകിയിരുന്നു. തുടർന്ന് പട്ടികജാതി-വർഗ വകുപ്പ് പ്രവൃത്തിക്ക് അനുമതിയും നൽകി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുടർനടപടിയും ഉണ്ടായില്ലെന്നും അവർ വ്യക്തമാക്കുന്നത്.

വീടുകൾ, ടോയ്‌ലറ്റ്, കമ്മ്യൂണിറ്റി ലൈബ്രറി, സ്ത്രീകൾക്കായുള്ള തൊഴിൽ പരിശീലനം, കുട്ടികൾക്ക് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പരിശീലനം, ആദിവാസി വിദ്യാർത്ഥികൾക്ക് ജോലി നേടാൻ ആവശ്യമായ കൗൺസിലിങ് തുടങ്ങിയവയാണ് ഫൗണ്ടേഷൻ അനുമതിക്കായി സമർപ്പിച്ച പദ്ധതിയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP