Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യങ്കാളി തെരുവിലൂടെ നടന്നുവന്നപ്പോൾ ആളുകൾ തടഞ്ഞത് അദ്ദേഹം ദരിദ്രനായതുകൊണ്ടല്ല ദളിതനായതുകൊണ്ടാണ്; പണമുണ്ടെങ്കിലും മറികടക്കാൻ കഴിയാത്ത വിവേചനമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്; സാമ്പത്തികമല്ല ജാതി തന്നെയാണ് സംവരണത്തിന്റെ മാനദണ്ഡം; ദളിത് ചിന്തകൻ സണ്ണി എം കപിക്കാടിന്റെ വൈറലായ വാക്കുകൾ ഇങ്ങനെ

അയ്യങ്കാളി തെരുവിലൂടെ നടന്നുവന്നപ്പോൾ ആളുകൾ തടഞ്ഞത് അദ്ദേഹം ദരിദ്രനായതുകൊണ്ടല്ല ദളിതനായതുകൊണ്ടാണ്; പണമുണ്ടെങ്കിലും മറികടക്കാൻ കഴിയാത്ത വിവേചനമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്; സാമ്പത്തികമല്ല ജാതി തന്നെയാണ് സംവരണത്തിന്റെ മാനദണ്ഡം; ദളിത് ചിന്തകൻ സണ്ണി എം കപിക്കാടിന്റെ വൈറലായ വാക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ എർപ്പെടുത്തിയ സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾ പൊതുസമൂഹത്തിൽ രൂപപ്പെട്ടുവരവെ, ജാതിതന്നെയാണ് സംവരണത്തിന്റെ മാനദണ്ഡമെന്ന് വ്യക്താമക്കുന്ന ദലിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിന്റെ പ്രസംഗം വൈറലാവുന്നു. കോഴിക്കോട് കഴിഞ്ഞ ദിവസം സമാപിച്ച കേരള ലിറ്റററി ഫെസ്റ്റിവലിലാണ് സണ്ണി കപിക്കാട് തന്റെ നിലപാട് വ്യക്താമാക്കിയത്.

സണ്ണി കപിക്കാടിന്റെ വാക്കുകളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ


'ഇന്ത്യക്കകത്ത് സംവരണംപോലൊരു ഭരണഘടനാ സംവിധാനം രൂപപ്പെടുന്നത്, ഇന്ത്യൻ ദേശരാഷ്ട്രം രൂപം കൊള്ളുന്ന ദേശീയ പ്രസ്ഥാനം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അതേ കാലയളവിലിൽ തന്നെയാണ്. ആഭ്യന്തര ജനാധിപത്യത്തിനുവേണ്ടി വ്യത്യസ്ത ജനവിഭാഗങ്ങൾ നടത്തിയ സമരങ്ങളുടെ മർമ്മ പ്രധാനമായ ആവശ്യം, വരാനിരിക്കുന്ന ജനാധിപത്യ സംവിധാനത്തിൽ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയിരിക്കണം എന്നതായിരുന്നു. അതിൽ അയ്യങ്കാളി മുതൽ അംബേദ്ക്കർവരെയുള്ള വലിയൊരു ധാര ചരിത്രത്തിലുണ്ട്. ഉവരുടെയൊക്കെ മർമ്മ പ്രധാനമായ ആവശ്യം എല്ലാ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം ഈ ദേശരാഷ്ട്രത്തിൽ ഉണ്ടായിരിക്കണം എന്നാണ്. ഇന്ത്യൻ ജനാധിപത്യം നൂറ്റാണ്ടുകളായി നീതിയെ സ്വാഭാവികമായി വിതരണം ചെയ്യുന്ന സ്ഥലം ആയിരുന്നില്ല. അതുകൊണ്ട് നീതി സ്വാഭാവികമായും വിതരണം ചെയ്യപ്പെടാത്ത ഒരു സാമൂഹിക സംവിധാനത്തിനകത്ത് എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കണമെങ്കിൽ നിയമപരമായ സംരക്ഷണം വേണ്ടിവരും. ഇതാണ് സംവരണത്തിന്റെ കാതൽ എന്നു പറയുന്നത്.

ഈ കാര്യം നമ്മൾ മനസ്സിലാക്കാതെ സംവരണം എന്നത് ആരെക്കെയൊ സഹായിക്കാനുള്ളതാണെന്ന ധാരണയിൽ നാം സമീപിക്കരുത്. ആധുനിക ഇന്ത്യക്കകത്ത് എല്ലാ ജനവിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുവാനുള്ള ഒരു കോൺസ്റ്റിറ്റിയൂഷണൽ മെക്കാനിസം എന്ന നിലക്കാണ് സംവരണത്തെ നാം മനസ്സിലാക്കേണ്ടത്. അങ്ങനെ മനസ്സിലാക്കുമ്പോഴാണ് സംവരണത്തിന്റെ മാനദണ്ഡം സാമുദായികമായിരക്കണം എന്ന് പറയുന്നത്. അത് ഭരണഘടനയിൽ എഴുതിയിരിക്കുന്നതുകൊണ്ട് മാത്രമല്ല. ഇന്ത്യൻ സമൂഹത്തിനകത്ത് വിവേചനങ്ങളുടെ കേന്ദ്രം ജാതിയാണ്. ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ വിവേചനത്തിന് വിധേയമാക്കുന്ന, ആക്രമിക്കുന്ന, അകറ്റിനിർത്തുന്ന, സ്വന്തം വീട്ടിൽ കയറ്റാതിരക്കുന്ന, സ്വന്തം മകളെ കല്യാണം കഴിച്ചുകൊടുക്കാതിരിക്കുന്ന, വിവേചനത്തിന്റെ കേന്ദ്രം സമ്പത്തല്ല, ജാതിയാണ്. അങ്ങനെയാണ് സംവരണത്തിന്റെ മാനദണ്ഡം ജാതിയായി വരുന്നത്. ഇത് കോൺസ്റ്റിറ്റിയൂവെന്റ് അസംബ്ലിക്ക് മനസ്സിലായതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയിൽ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നത്. വിദ്യഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവർക്ക് എന്നാണ് ഭരണഘടനയിലുള്ളത്. സ്റ്റേറ്റിന് ഇക്കാര്യം ബോധ്യപ്പെട്ടാൽ സംവരണം ഏർപ്പെടുത്താം. സാമ്പത്തികം എന്ന വാക്ക് അതിനകത്തില്ല. രണ്ടാമത്തത് ഒരു മേഖലയിൽ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് സർക്കാറിന് ബോധ്യപ്പെട്ടാൽ അവർക്ക് സംവരണം കൊടുക്കാം. ഇത് രണ്ടുമാണ് സംരവരണത്തിന്റെ ഭരണഘടനാപരമായ മാനദണ്ഡം.

സംവരണത്തിന് ദാരിദ്രവുമായി യാതൊരു ബന്ധമില്ല. സംവരണം എന്നത് ദാരിദ്രം തീർക്കാനുള്ള പദ്ധതിയുമല്ല. മറിച്ച് നീതികിട്ടാൻ വേണ്ടിയാണ്. എല്ലാവരും മെറിറ്റാണ് പറയുന്നത്. മെറിറ്റ് എന്നത് ഒരു സാമൂഹിക നിർമ്മതിയാണ്. അല്ലാതെ ജന്മനാ ഉണ്ടായതൊന്നുമല്ല. നാട്ടിൽ ഒരു ചൊല്ലുണ്ട്. പട്ടരിൽ പൊട്ടനില്ല എന്ന്. വെറുതെ പറയുന്നതാണ്. ഒത്തിരി പൊട്ടന്മ്മാരുള്ള കമ്യൂണിറ്റിയാണത്. മുകളിലുള്ളവൻ എന്തോ വലിയ ശേഷിയുള്ളവനും താഴെയുള്ളവൻ പൊട്ടനുമാണെന്നുള്ള ഒരു പൊതുബോധത്തിലാണ് പട്ടികജാതിക്കാരുടെ തലയിൽ മുഴവൻ കളിമണ്ണാണെന്ന് സവർണ്ണന് തോനുന്നത്. മെറിട്ടിയസ് ആയിട്ടും എനിക്ക് അഡ്‌മിഷൻ കിട്ടില്ല എന്നിടത്താണ് സംവരണം ആവശ്യമായി വരുന്നത്. പത്താംക്ലാസ് തോറ്റവർക്കല്ല പീഡിഗ്രിക്ക് സംവരണം കൊടുക്കുന്നത്. ജയിച്ചവർക്കാണ്.

പണ്ട് ഇന്ത്യയിൽ ആദ്യമായി ഐപിഎസ് പരീക്ഷ നടത്തുമ്പോൾ, മൂന്ന് പരീക്ഷ നടത്തിയിട്ടും ഒരു ഇന്ത്യക്കാരൻപോലും ജയിച്ചില്ല. നമ്മുടെ തമിഴനാട്ടിലെ പട്ടന്മ്മാരും അയ്യങ്കാറുമാരൊക്കെയാണ് എഴുതിയത്. ഒരാൾ പോലും ജയിച്ചില്ല. അവസാനം ജയിക്കാൻവേണ്ടി നാൽപ്പതുവേണ്ട മുപ്പത്തിഅഞ്ചുമതി എന്ന് ഗവൺമെന്റ് തീരുമാനിച്ചതിനുശേഷമാണ് ഒരു ഇന്ത്യൻ ബ്രാഹ്മണൻ ഐപിഎസുകാരനാവുന്നത് എന്ന ചരിത്രം നാം അറിയണം. ഇവർ ആരോടാണ് ഇപ്പോൾ മെറിറ്റ് ചോദിക്കുന്നത്. പണ്ട് തിരുവിതാംകൂറിലെ നായന്മ്മാർ ജോലി മുഴുവൻ തമിഴ്‌നാട്ടിലെ പട്ടന്മ്മാർ തട്ടിക്കൊണ്ടുപോവുകയാണ് അതുകൊണ്ട് ഞങ്ങൾക്ക് ജാതി സംവരണം വേണമെന്ന് പറഞ്ഞത് ഓർമ്മയില്ലേ. അപ്പോൾ ഒരു തമിഴ് ബ്രാഹ്മണൻ വെല്ലുവിളിച്ചത്, നിങ്ങൾ ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കേണ്ട, ഏതെങ്കിലും ഒരു നായർ മദ്രാസിൽപോയി ബിരുദമെടുത്താൽ ഞാൻ എന്റെ മീശവടിക്കാമെന്നായിരുന്നു. ആ നായന്മ്മാരാണ് ഇപ്പോൾ പട്ടികജാതിക്കാരോട് മെറിറ്റ് ചോദിക്കുന്നത്. മെറിറ്റ് ഒരു സാമൂഹിക നിർമ്മിതയാണ്. അത് ഒട്ടനവധി കാരണങ്ങളാൽ രൂപപ്പെട്ട് വരുന്നതാണ്.

സാമ്പത്തിക സംവരണം ഏർപ്പെടുത്തണം എന്ന് പറയുന്നവർ ഒന്നോർക്കണം. ഒരാൾ ദരിദ്രനായതുകൊണ്ട് ആക്രമിക്കപ്പെടാറുണ്ടോ.സാമൂഹികമായി ബഹിഷ്‌ക്കരിക്കപ്പെടാറുണ്ടോ. അയ്യൻകാളിയുടെ വീട്ടുകാർക്ക് എട്ടേക്കർ സ്ഥലം ഉണ്ടായിരുന്നു. എന്നാൽ അയ്യങ്കാളി തെരുവിലൂടെ നടന്നുവന്നപ്പോൾ ആളുകൾ തടഞ്ഞത് അയ്യൻകാളി ദരിദ്രനായതുകൊണ്ടല്ല. ദലിതനായതുകൊണ്ടാണ്. പണമുണ്ടെങ്കിലും മറികടക്കാൻ കഴിയാത്ത വിവേചനമാണ് ഇന്ത്യയിൽ നില നിൽക്കുന്നത്. - സണ്ണി കപിക്കാട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP