Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊഹാപോഹങ്ങൾക്കു പോകാതെ വസ്തുതകളും നേരിട്ടുള്ള റിപ്പോർട്ടിങ്ങും ശീലമാക്കിയ ധൈര്യശാലി; മാതൃഭൂമി ന്യൂസിന്റെ റിപ്പോർട്ടർ പാർട്ടി ഓഫീസിന്റെ മതിലിൽ പോസ്റ്റർ ഒട്ടിച്ച കേസിലെ പ്രതി എന്നതും വ്യാജം; കള്ള വോട്ട് വാർത്ത റിപ്പോർട്ട് ചെയ്തയാൾക്കു നേരെ വ്യക്തിഹത്യയും ഭീഷണിയും; നിന്നെ പിന്നെ കണ്ടോളാമെന്ന പറയുന്നത് സൈബർ ഗുണ്ടകൾ; മാധ്യമ പ്രവർത്തകന് നേരെ സിപിഎം വധഭീഷണിയെന്ന് മുല്ലപ്പള്ളിയും; സപ്പോർട്ട് സികെ വിജയൻ കാമ്പയിനുമായി സോഷ്യൽ മീഡിയയും

ഊഹാപോഹങ്ങൾക്കു പോകാതെ വസ്തുതകളും നേരിട്ടുള്ള റിപ്പോർട്ടിങ്ങും ശീലമാക്കിയ ധൈര്യശാലി; മാതൃഭൂമി ന്യൂസിന്റെ റിപ്പോർട്ടർ പാർട്ടി ഓഫീസിന്റെ മതിലിൽ പോസ്റ്റർ ഒട്ടിച്ച കേസിലെ പ്രതി എന്നതും വ്യാജം; കള്ള വോട്ട് വാർത്ത റിപ്പോർട്ട് ചെയ്തയാൾക്കു നേരെ വ്യക്തിഹത്യയും ഭീഷണിയും; നിന്നെ പിന്നെ കണ്ടോളാമെന്ന പറയുന്നത് സൈബർ ഗുണ്ടകൾ; മാധ്യമ പ്രവർത്തകന് നേരെ സിപിഎം വധഭീഷണിയെന്ന് മുല്ലപ്പള്ളിയും; സപ്പോർട്ട് സികെ വിജയൻ കാമ്പയിനുമായി സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിൽ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന വാർത്ത പുറത്തുകൊണ്ട് വന്ന മാധ്യമ പ്രവർത്തകന് നേരെ സിപിഎം വധഭീഷണി മുഴക്കിയെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സുരക്ഷാ കാരണങ്ങളാൽ ആ മാധ്യമ പ്രവർത്തകന്റെ പേര് താൻ വെളിപ്പെടുത്തുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ വാട്‌സ്ആപ്പിൽ നിരന്തരം വധഭീഷണി എത്തുകയാണ്. മാധ്യമ പ്രവർത്തകൻ ഒറ്റക്കല്ല. കേരളം സമൂഹം ഒറ്റക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ കണ്ണൂരിലെ മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ സികെ വിജയനെതിരെ നടക്കുന്ന ഭീഷണികൾക്കെതിരെ സോഷ്യൽ മീഡിയയും പ്രതികരിക്കുകയാണ്.

മുല്ലപ്പള്ളിയും വിരൽ ചൂണ്ടുന്നത് സികെ വിജയനിലേക്കാണെന്നാണഅ സൂചന. അതേസമയം, കേരളത്തിലെ ഭരണസംവിധാനത്തെപ്പോലും ഉപയോഗപ്പെടുത്തിയാണ് സിപിഎം വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മുസ്ലിം ലീഗിനെതിരായ കള്ളവോട്ട് ആരോപണത്തിലും അന്വേഷണം വേണം. ഏത് അന്വേഷണത്തെയും ലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് കള്ളവോട്ട് ചെയ്യില്ലെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയചരിത്രത്തിൽനിന്ന് മനസിലാക്കിയതെന്നും എന്നാൽ ആരോപണമുയർന്ന സാഹചര്യത്തിൽ പരിശോധന വേണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സിപിഎം സംഘടിതമായി കള്ളവോട്ട് നടത്താൻ ആസൂത്രണം നടത്തി. കോടിയേരി 18 സീറ്റ് ഉറപ്പിച്ച് പറഞ്ഞത് ഇതിനുതെളിവാണ്. ഇത്രയും പ്രതികൂലസാഹചര്യത്തിൽ 18 സീറ്റ് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചത് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സികെ വിജയനുള്ള ഭീഷണി സൂചിപ്പിച്ച് ചന്ദ്രികയിലെ ജയൻ പിഎം എഴുതിയ കുറിപ്പ് സോഷ്യൽ മീഡയയിൽ വൈറാലുകകയാണ്.

ജയൻ പിഎം എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം

അതിജീവിക്കേണ്ടതുണ്ട്
ഈ തരം നിർഭയമാധ്യമപ്രവർത്തനം....
(ഒരു മെയ്ദിനക്കുറിപ്പ്)

ഹൈ റിസ്‌ക് ഏറ്റെടുത്തു ജോലി ചെയ്യാൻ സന്നദ്ധരായ എത്ര പേരുണ്ടാകും ഇന്ന് മധ്യമലോകത്ത് ?? വരുംവരായ്കകൾ ഓർക്കാതെ, ഒത്തുതീർപ്പിന് തയ്യാറാകാതെ വസ്തുതകളെ ആശ്രയിച്ചുമാത്രം റിപ്പോർട്ടുകൾ ചെയ്യുന്നവർ. കമ്മിറ്റഡ് ആയ അത്തരം ജേര്ണലിസ്റ്റുകൾ നേരിട്ട/നേരിടുന്ന ദുരനുഭവങ്ങൾ ഏറെയാണ്. ഒട്ടും സുരക്ഷിതമല്ല അവരുടെ അതിജീവനവും. ആയതിനാലാണ് സേഫ് സോണിൽ പണിയെടുക്കുന്ന, വ്യവസ്ഥയെ പോറലേല്പിക്കാത്ത മധ്യമപ്രവർത്തകരായി നമ്മിൽ പലരും മറിക്കൊണ്ടിരിക്കുന്നത്. സുരക്ഷിതത്വം അനുദിനം കുറഞ്ഞുവരുന്ന ഒരു തൊഴിൽമേഖല. സാധാരണ വ്യക്തിക്കുള്ളതിൽ കവിഞ്ഞ ഒരു പ്രിവിലേജെും അവകാശപ്പെടാൻ ഇല്ലാത്തവർ. സാമൂഹിക സുരക്ഷിതത്വവും വേണ്ടത്രയില്ലാതെ വരുമ്പോൾ ഇത്തരക്കാരെ ഭയം പിടിമുറുക്കുക സ്വാഭാവികം. കണ്ണൂരിൽ നിന്ന് എക്സ്പ്ലോസ്സിവ് ആയ വാർത്തകൾ അധികം റിപ്പോർട്ട് ചെയ്യപെടാത്തതിന്റെ ഒരു കാരണം ഈ ഭയം തന്നെയാണ്..

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കണ്ണൂരിൽ നടന്ന അതിനിഷ്ഠൂരമായ കൊലപാതകങ്ങളിൽ ഒന്നാണ് അരിയിൽ ഷുക്കൂറിന്റേത്. തളിപ്പറമ്പിലെ കീഴറ വയലിൽ വെച്ച് പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ വിചാരണയ്ക്ക് വിധേയമാക്കിയാണ് ഈ ചെറുപ്പക്കാരനെ വെട്ടിക്കൊന്നത്.(2012 ഫെബ്രുവരി 20) അതിന്റെ പൊലീസ് വേർഷൻ റിപ്പോർട്ട് അല്ലാതെ ഫീൽഡ് റിപ്പോർട്ടിങ്ങ് ആദ്യഘട്ടത്തിൽ വേണ്ടത്ര മാധ്യമങ്ങളിൽ വന്നിരുന്നില്ല . അങ്ങനെയിരിക്കെയാണ് ഞാൻ ജോലി ചെയ്യുന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ അന്നത്തെ പത്രാധിപർ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കണ്ണൂരിലെ ഒരു പ്രമുഖ മാധ്യമപ്രവർത്തകന് അസൈന്റ്മെന്റ് കൊടുത്തത്, ഷൂക്കൂർ സംഭവത്തിലെ സമഗ്രമായ ഫീൽഡ് റിപ്പോർട്ടിങ്ങിനായി. ആഴ്ചപ്പതിപ്പിന്റെ വർക്ക് പൂർത്തിയാക്കേണ്ടതിന്റെ മൂന്ന് ദിവസം മുൻപ് ആ റിപ്പോർട്ടറുടെ കോൾ വന്നു, 'അവിടെ പോയി വാർത്ത ചെയ്യാൻ പറ്റില്ലെന്ന് 'പറഞ്ഞ്. ഉപേക്ഷിക്കാമെന്ന് തീരുമാനിച്ച ആ അസൈന്റ്മെന്റ് അവസാനഘട്ടത്തിൽ ഞാൻ ഏറ്റെടുക്കേണ്ടിവന്നു. മരണത്തിൽനിന്നു അന്നു കഷ്ടിച്ച് ജീവൻ തിരിച്ചുകിട്ടിയ നാലു ചെറുപ്പക്കാരെയും(ഷുക്കൂറിന്റെ സുഹൃത്തുക്കൾ) കൂട്ടി കൊലപാതകം നടന്ന വയലിലേക്കു യാത്ര തിരിക്കുകയുമായിരുന്നു. ചെറുപ്പക്കാർ ഓടിക്കയറിയ, അവരെ മണിക്കൂറുകളോളം സംരക്ഷിച്ചുനിർത്തിയ ആലയിൽ മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലുമെത്തി. സംഭവത്തിൽ സാക്ഷിയായശേഷം പൂർണരോഗിയായി മാറിയ അദ്ദേഹത്തിന്റെ വിവരണം എന്നെ വല്ലാതെ നടുക്കികളഞ്ഞു. അവിടുന്നു ഇറങ്ങുമ്പോൾ വേദനയോടെ അദ്ദേഹം പറഞ്ഞത് 'ഇവിടെ ആദ്യമായാണ് ഒരു മാധ്യമപ്രവർത്തകൻ വരുന്നതു 'എന്നാണ്. ഏപ്രിൽ മാസമാണ് സ്റ്റോറി ചെയ്യാനായി പോയത്. മാസങ്ങൾ പിന്നിട്ടിട്ടും ഈ മനുഷ്യനെ കണ്ണൂരിലെ ഒരു മാധ്യമപ്രവർത്തകനും കാണാതെ പോയതെന്തേ എന്ന് അന്ന് അദ്ബുദപെട്ടിരുന്നു.!

ഭയം അല്ലാതെ മറ്റെന്തു കാരണം? ഈയൊരു അവസ്ഥയെ വളരെ ആ ഴത്തിൽ ബ്രേക്ക് ചെയ്തു എന്നതാണ് സി.കെ വിജയന്റെ 'കള്ളവോട്ടുവാർത്ത'യുടെ മഹത്വം. കള്ളവോട്ട് ചെയ്യുന്ന വിഷ്വൽസ് പുറത്തുവിട്ടതിനുശേഷം വാർത്തയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രചാരം വ്യാപകമായിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്തയാൾക്കുനേരെ നിരന്തരം വ്യക്തിഹത്യയും ഭീക്ഷണിയും അരങ്ങേറി. കള്ളവോട്ട് നടന്നു എന്നത് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥിരീകിച്ചതോടെ , തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന തരത്തിൽ തങ്ങൾക്കു മൃഗീയ ഭൂരിപക്ഷമുള്ള ബൂത്തുകളിൽ അതാതു രാഷ്ട്രീയകക്ഷികൾ കള്ളവോട്ടുകൾ ചെയ്യാറുണ്ട് എന്ന ഏറെ കാലത്തെ ആക്ഷേപങ്ങൾക്ക് തെളിവായി മാറി ഈ ദൃശ്യങ്ങൾ. ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾക്കു കൂട്ടുനിലക്കാറുള്ള ഉദ്യോഗസ്ഥർ പോലും വരുംകാലങ്ങളിൽ ഇതിൽനിന്നു വിട്ടുനിൽക്കാൻ ഈ വാർത്ത വലിയ പ്രേരരണയായേക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ റെക്ടറിഫൈ ചെയ്യാനും ഉതകും. കള്ളവോട്ടല്ല ഇത് ഒപ്പൺവോട്ടാണ് എന്ന കള്ളസത്യവാങ്മൂലം അവതരിപ്പിച്ച സി പി എമ്മും നാളിതുവരെ കള്ളവോട്ടേ ചെയ്തിട്ടില്ലെന്ന തരത്തിൽ പുണ്യാളവേഷമണിയുന്ന യു.ഡി.എഫും മെല്ലെമെല്ലെ ഇനി കളം കാലിയാക്കാനാണ് സാധ്യത. വിഷയത്തിൽത്തന്നെ ഊന്നിനിന്നാൽ കൂടുതൽക്കൂടുതൽ വിഷ്വൽസ് പുറത്തുവന്നേക്കാം, രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ... ഒടുക്കം വാർത്ത ചെയ്ത റിപ്പോർട്ടർ മാത്രം തുടർ ഭവിഷ്യത്തുകളെക്കുറിച്ചുള്ള ആധിയുമായി പുതിയ സ്റ്റോറിയിലേക്ക് കടക്കും.

ഈ വാർത്ത റിപ്പോർട്ട് ചെയ്ത സി.കെ വിജയനുനേരെ ഇപ്പോഴും സോഷ്യൽമീഡിയയിലും മറ്റും പ്രചചരിപ്പിക്കുന്നത് 'പാർട്ടി ഓഫിന്റെ മതിലിൽ പോസ്റ്റർ ഒട്ടിച്ച കേസിലെ പ്രതി' എന്നാണ്. പാർട്ടി അണികൾ നടത്തുന്ന ഇത്തരം ബ്രാന്റിങ് തന്നെയാണ് വാർത്ത റിപ്പോർട്ട് ചെയ്തയാൾ നേരിടാൻ സാധ്യതയുള്ള ഭവിഷ്യത്തുകളിലേക്ക് എന്നെ ആശങ്കപ്പെടുത്തുന്നത്. പാർട്ടിക്കെതിരെ ആരോ പതിച്ച പോസ്റ്റർ സംബന്ധിച്ച വാർത്ത ചാനലിൽ റിപ്പോർട്ട് ചെയ്തതിന്റെ പ്രതികാരമെന്നോണമാണ് വിജയനെതിരെ പാർട്ടി ആ കേസ് കെട്ടിച്ചമച്ചത്. ആ പഴയ കേസ് എന്തന്നെന്നറിയേണ്ടേ.

''സിപിഎമ്മിൽ വി എസ് പിണറായി ഗ്രൂപ്പ് പോര് കൊടുമ്പിരിക്കൊള്ളുന്ന കാലം. കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിൽ 'ഫാരീസ് അബുബക്കറിന്റെ പാർട്ടിയായി മാറി സിപിഎം' എന്ന തരത്തിലുള്ള പോസ്റ്റർ പ്രത്യക്ഷപ്പെടുന്നു. കർക്കിടക വാവിന്റെ ഷൂട്ടിനായി അതുവഴി സമീപത്തെ ക്ഷേത്രത്തിലേക്ക് പോകുന്ന വിജയൻ ഇത് ഷൂട്ട് ചെയ്യുന്നു. ഈ വാർത്ത എയറിൽ പോയതിനെത്തുടർന്നു പാർട്ടി ഓഫീസിൽനിന്നൊരാൾ വിജയനെ വിളിക്കുന്നു. പോസ്റ്റർ ഒട്ടിച്ച പാർട്ടിക്കാരന്റെ പേര് പറയാൻ ആവശ്യപ്പടുന്നു. തനിക്കറിയില്ലെന്നായിരുന്നു വിജയന്റെ മറുപടി. അത് പറഞ്ഞുതന്നില്ലെങ്കിൽ താങ്കൾക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിയുമുണ്ടാകുന്നു.I അങ്ങനെയാണ് വിജയനെതിരെ കേസ് രൂപംകൊണ്ടത്. നീണ്ട കാലത്തിനുശേഷം ആരോപണം വസ്തുതവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി വിജയന്റെ നിരപരാധിത്വം തെളിയിച്ചതാണ്.' എന്നിട്ടുമിപ്പോഴും ഗീബൽസിയൻ മാതൃകയിൽ ഒരു കള്ളം നൂറുതവണ പ്രചരിപ്പിച്ച് സത്യമാക്കി മാറ്റുന്നു.

പൊതുവെ ഊഹാപോഹങ്ങൾക്കു പിന്നാലെ പോകാതെ വസ്തുതകളും നേരിട്ടുള്ള റിപ്പോർട്ടിങ്ങും ശീലമാക്കിയ ധൈര്യശാലിയായ മാധ്യമപ്രവർത്തകനാണ് വിജയൻ. കേസുകളാൽ കെട്ടിവരിയപ്പെട്ട പാർട്ടിഗ്രാമങ്ങളിലെ ജനതയെക്കുറിച്ച് വർത്തമാനം പത്രത്തിൽ വന്ന പരമ്പര ഇപ്പോഴും മനസ്സിലുണ്ട്. അത്തരത്തിലൊരാൾ ഏറെ ക്രോസ് ചെക്ക് ചെയ്യാതെ ഇങ്ങനെയൊരു വിഷ്വൽസ് കൊടുക്കില്ലെന്ന് ഉറപ്പായിരുന്നു. വാർത്തമൂലം പോറലേറ്റ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ക്യാമ്പുകളിൽനിന്ന് തൊടുത്തുവിട്ട മാരകമായ ആക്ഷേപങ്ങളെ വാർത്ത അതിജീവിച്ചുകഴിഞ്ഞു. അത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനും തീർച്ചയായും അതിജീവിക്കേണ്ടതുണ്ട്. 'നിന്നെ ഞങ്ങൾ കണ്ടോളാം..'എന്ന തരം ഭീഷണിയിൽ കുരുങ്ങാതെ തുടർന്നും ഇതേ തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഈ റിപോർട്ടർക്ക് (തൊ ഴിലാളിക്ക്)ഉറപ്പ് വരുത്തേണ്ടതുണ്ട്....support ckv

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP