Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി ഒ സൂരജിനെ മുസ്ലിംലീഗിന്റെ പ്രിയങ്കരനാക്കിയത് മാറാട് കലാപക്കേസിലെ ഇടപെടൽ; കൂട്ടക്കൊല തടയുന്നതിൽ വീഴ്‌ച്ച പറ്റിയെന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം അവഗണിച്ചും രാഷ്ട്രീയ തണൽ നൽകി

ടി ഒ സൂരജിനെ മുസ്ലിംലീഗിന്റെ പ്രിയങ്കരനാക്കിയത് മാറാട് കലാപക്കേസിലെ ഇടപെടൽ; കൂട്ടക്കൊല തടയുന്നതിൽ വീഴ്‌ച്ച പറ്റിയെന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം അവഗണിച്ചും രാഷ്ട്രീയ തണൽ നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന് എന്നും തണലായി നിന്നത് മുസ്ലിംലീഗ് നേതൃത്വമായിരുന്നു. ലീഗിന്റെ വിശ്വസ്തനായി നിന്ന് ഒടുവിൽ പൊതുമരാമത്ത് വകുപ്പിലെ അവസാന വാക്കെന്ന നിലയിലേക്കാണ് സൂരജ് എന്ന സിറാജ് മാറിയത്. ഇപ്പോൾ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് സൂരജിന്റെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയപ്പോൾ മുസ്ലിംലീഗിൽ നിന്നും എതിർശബ്ദം ഉയരുന്നതിന്റെ കാരണവും തങ്ങൾക്ക് വേണ്ടപ്പെട്ടവനാണ് എന്നുള്ളതുകൊണ്ടാണ്.

മാറാട് കലാപ കേസിലെ പ്രതികളിൽ ഭൂരിഭാഗവും ലീഗ് പ്രവർത്തകരായിരുന്നു. ലീഗിന്റെ പ്രാദേശിക നേതാവ് പി പി മൊയ്തീന് നേരിട്ട് ബന്ധമുണ്ടായിരുന്നു ഈ കേസിൽ. കൂടാതെ ലീഗിലെ പ്രധാന നേതാവായ എം സി മായിൻ ഹാജിയും ആരോപണ വിധേയനായിരുന്നു. മുസ്ലിംലീഗിലെ മുതിർന്ന നേതാക്കളുടെ പങ്കാളിത്തം ഉണ്ടെന്ന ആരോപണമുയർന്ന മാറാട് കൂട്ടക്കൊലയ്ക്ക കലക്ടറുടെ നിസ്സംഗതയും ഇടയാക്കിയെന്നായിരുന്നു അന്ന് കലാപ കേസ് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കലാപകാലത്ത് ലീഗിന്റെ ഇഷ്ടക്കാരനായി നിലകൊണ്ട സൂരജ് അതിവേഗമാണ് വളർന്ന് പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.

2003 മെയ് 2 ന് നടന്ന മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച മാറാട് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ അന്ന് ജില്ലാ കളക്ടറായിരുന്ന സൂരജിന്റെ നടപടികളിൽ സംശയം രേഖപ്പെടുത്തിയിരുന്നു. കൂട്ടക്കൊല തടയുന്നതിലോ യഥാസമയം ക്രമസമാധാന നടപടികൾ സ്വീകരിക്കുന്നതിലോ ജില്ലാ കളക്ടർ എന്ന നിലയിൽ സൂരജ് തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കളക്ടർക്ക് നേരെ ഉയർന്ന വർഗീയ പക്ഷപാത ആരോപണം അടിസ്ഥാനരഹിതമാണെന്ന് കരുതിക്കൂടെന്നും സംസ്ഥാന സർക്കാരോ തത്തുല്യ ഏജൻസികളോ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുയുണ്ടായി.

മാറാട് കൂട്ടക്കൊലക്ക് ശേഷം കളക്ടർ എടുത്ത നിലപാടുകളും വിമർശനങ്ങൾക്ക് വിധേയമായിരുന്നു. കൊലചെയ്യപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് മുമ്പ് മാറാട് പുനരധിവാസം പൊലീസിനെ ഉപയോഗിച്ച് നടപ്പാക്കാനായിരുന്നു കളക്ടർ ശ്രമിച്ചതെന്നായിരുന്നു ആരോപണം. കൂട്ടക്കൊലക്ക് മുമ്പ് സമാധാനം നില നിർത്താനാവശ്യമായ നടപടികൾ എടുക്കുന്നതിലും ജില്ലാ ഭരണകൂടം പരാജയപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് കീഴിലെ വിവിധ ഏജൻസികളെ സംയോജിപ്പിക്കുന്നതിൽ കളക്ടർ പരാജയപ്പെട്ടതായും ക്രമസമാധാന പരിപാലനത്തിനായി ചേർന്ന യോഗങ്ങൾ പ്രഹസനങ്ങളായിരുന്നുവെന്നും സൂരജിനെതിരെ പരാമർശങ്ങൾ ഉയർന്നു.

സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ചതും മാറാട് കൂട്ടക്കൊലക്ക് മുമ്പ് നിലവിൽ ഉണ്ടായിരുന്ന പൊലീസ് പിക്കറ്റ് പിൻവലിച്ചതും വിമർശന വിധേയമായിരുന്നു. കലാപം തടുന്നതിൽ വീഴ്‌ച്ച വരുത്തിയ നാല് ഉദ്യോഗസ്ഥരെന്ന നിലയിൽ സൂരജിനെതിരെയും സർക്കാർ നടപടിയെടുത്തിരുന്നു. സൂരജിനെ കൂടാതെ മാറാട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഐജി മഹേഷ് കുമാർ സിങ്ല, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജീവ് പടിജോഷി, കലാപം നടക്കുമ്പോൾ കോഴിക്കോട് സൗത്ത് അസിസ്‌റന്റ് കമ്മിഷണറായിരുന്ന എം. അബ്ദുൾ റഹിം എന്നിവർക്കെതിരെയാണ് സർക്കാർ നടപടിയെടുത്തത്. എന്നാൽ ഈ ശിപാർശ പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു.

മാറാട് കലാപ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചതും വേണ്ട മുൻകരുതൽ എടുക്കുന്നതിൽ ഉദാസീനത കാണിച്ചുവെന്നതുമാണ് സൂരജിനും, സഞ്ജീവ് പട്‌ജോഷിക്കും എതിരെ ഉയർന്ന ആരോപണം. മാറാട് കലാപ കേസിലെ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ അന്ന് മുസ്ലീലീഗിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായ മായിൻ ഹാജിക്കും കലാപത്തെക്കുറിച്ച് നേരത്തേതന്നെ അറിവുണ്ടായിരുന്നു എന്ന് റിപ്പോർട്ട് നൽകുകയുണ്ടായി.

ആദ്യ കലാപത്തിൽ മരിച്ചവരുടെ ബന്ധുക്കളെ ഉപയോഗപ്പെടുത്തി മതതീവ്രവാദം ആളിക്കത്തിക്കാനാണ് മുസ്ലിംലീഗ്, എൻ.ഡി.എഫ്. പ്രാദേശിക നേതാക്കൾ ശ്രമിച്ചതെന്നുമായിരുന്നും റിപ്പോർട്ടിൽ പറഞ്ഞത്. സമയോചിതമായി നടപടികളെടുക്കുന്നതിൽ കോഴിക്കോട് ജില്ലാ ഭരണകൂടം വൻ പരാജയം ആയിരുന്നു. ചില രാഷ്ട്രീയപാർട്ടികൾ സ്വകീരിച്ചിട്ടുള്ള പ്രീണനനയമാണ് മതമൗലികവാദവും തീവ്രവാദവും പുറമേയുള്ള ശക്തികളുടെ സഹായത്തോടെ ഇവിടെ നടത്തുന്നതിന് പലർക്കും പ്രോത്സാഹനമാകുന്നതെന്നത് വസ്തുതയാണെന്ന റിപ്പോർട്ടാണ് ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷൻ നൽകിയിരുന്നത്.

പിൽക്കാലത്ത് സൂരജിനെതിരെ നടപടികൾ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെട്ട് തടയുകയായിരുന്നു. പിന്നീട് മാറാട് കൂട്ടക്കൊല കേസിൽ തങ്ങൾക്കെതിരെ ജുഡീഷ്യൽ കമ്മീഷൻ പരാമർശം നീക്കണമെന്ന് എം.സി മായിൻഹാജിയും സൂരജും കോടതിയിൽ ഹർജി സമർപ്പിക്കുകയുണ്ടായി. കലാപത്തിന് പിന്നിലുള്ള ഗൂഢാലോചനയെപ്പറ്റി അറിവുണ്ടായിരുന്നു എന്നായിരുന്നു ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. എന്നാൽ തനിക്ക് കലാപത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് കമ്മീഷനോട് നേരിട്ട് പറയുകയും എഴുതി നൽകുകയും ചെയ്തിരുന്നുവെന്നും മായിൻ ഹാജി ഹരജിയിൽ വ്യക്തമാക്കിയിരുന്നു. കലക്ടറെന്ന നിലയിലും അല്ലാതെയും ഒന്നിലേറെ തവണ കമ്മീഷന് മുന്നിലെത്തി സത്യസന്ധമായി എല്ലാ വിവരങ്ങളും നൽകിയിട്ടും തെളിവോ അടിസ്ഥാനമോ ഇല്ലാതെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു സൂരജ് ഹരജിയിൽ ആവശ്യപ്പെട്ടത്. പിന്നീട് ഈ ഹർജികൾ ഇവർ ഒരുമിച്ച് തന്നെ പിൻവലിക്കുകയും ചെയ്തു.

മാറാട് സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ അവസാന കാലത്ത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നുവെങ്കിലും പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെ മാറ്റുകയായിരുന്നു. കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് ആരോപണം നിലനിൽക്കുന്നുമുണ്ട്.

പിൽക്കാലത്ത് ക്രൈംബ്രാഞ്ച് അന്വേഷി റിപ്പോർട്ടിൽ മാറാട് കലാപത്തിന് മുമ്പ് വൻ സാമ്പത്തിക ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തലുണ്ടായിരുന്നു. മാറാട് തീരദേശമേഖലയിൽ ടൂറിസം പദ്ധതിക്കായി 200ൽപരം ഹെക്ടർ ഭൂമി അക്വയർ ചെയ്യാനുള്ള ചിലരുടെ ശ്രമം വിജയിപ്പിക്കാൻ വിദേശത്തുള്ള ചിലരുടെ സഹായത്തോടെ മാറാട്ട് രണ്ടാം കലാപം അഴിച്ചുവിട്ടതെന്നായിരുന്നും റി്‌പ്പോർട്ട്. കലാപവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള പ്രമുഖരെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങിയ ഉടൻ, അന്വേഷണത്തിന് നേതൃത്വം നൽകിയ അന്നത്തെ ക്രൈംബ്രാഞ്ച് എസ്‌പി സി.എം. പ്രദീപ്കുമാറിനെ മനുഷ്യാവകാശ കമ്മിഷൻ എസ്‌പിയായി സ്ഥലംമാറ്റുകയും ചെയ്യുകയായിരുന്നു.

മുസ്ലിംലീഗിലെ കോഴിക്കോട്ടുകാരനായ സംസ്ഥാന നേതാവ് തന്നെയായിരുന്നു പ്രമുഖമായ ഭൂമി ഇടപാടിന് പിന്നിലെന്നായിരുന്നും ആരോപണം. ഇങ്ങനെ കോടികളുടെ ഫണ്ട ഇടപാടുകളുടെ വീതംവെയ്‌പ്പ് മാറാട് കലാപത്തിന് പിന്നിലുണ്ടെന്ന ആരോപണം ശക്തമായിരുന്നു. അക്കാലത്ത് സൂരജിനും ഫണ്ട് ലഭിക്കുകയുണ്ടായോ എന്ന സംശയം പല കോണുകളിൽ നിന്നും ഉയരുകയുണ്ടായി. ഇതിനിടെ അഴിമതി കേസുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകൾ സൂരജിനെതിരെ ഉയർന്നെങ്കിലും 2013 ൽ കേസ് സംസ്ഥാന സർക്കാർ പിൻവലിക്കുകയായിരുന്നു.

ലീഗ് തന്നെയായിരുന്നു അന്നും സൂരജിനെതിരെ രംഗത്തെത്തിയത്. ഇപ്പോൾ ലീഗിലെ ഈ വിശ്വസ്തനെ തന്നെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ സൂരജിന്റെ ഓഫീസിൽ വിജിലൻസ് സംഘം എത്തി തെളിവെടുത്ത സംഭവത്തിനും ചെന്നിത്തലയുടെ പിന്തുണ ഉണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങളുടെ വിശ്വസ്തനെ സംരക്ഷിക്കാൻ ലീഗ് രംഗത്തെത്തുമോ എന്ന് കാത്തിരുന്ന് കാണണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP