Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബോൾട്ടിളകി കല്ലട; യാത്രക്കാരെ മർദ്ദിച്ച ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; മർദ്ദനത്തിന് ഇരയായ യുവക്കാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തും; സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കും; ഡിജിപി ഇടപെട്ടതോടെ ശക്തമായ നടപടിയുണ്ടാകുമെന്ന് അറിയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; ഗതാഗത കമ്മീഷണറോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി; ബസിന്റെ പെർമിറ്റ് റദ്ദാക്കും; ജീവനക്കാരെന്ന പേരിൽ ഗുണ്ടകളെ തീറ്റിപോറ്റുന്ന കല്ലടയെ പൂട്ടാൻ നടപടികൾ ശക്തമാക്കി സർക്കാർ

ബോൾട്ടിളകി കല്ലട; യാത്രക്കാരെ മർദ്ദിച്ച ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; മർദ്ദനത്തിന് ഇരയായ യുവക്കാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തും; സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കും; ഡിജിപി ഇടപെട്ടതോടെ ശക്തമായ നടപടിയുണ്ടാകുമെന്ന് അറിയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ; ഗതാഗത കമ്മീഷണറോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി; ബസിന്റെ പെർമിറ്റ് റദ്ദാക്കും; ജീവനക്കാരെന്ന പേരിൽ ഗുണ്ടകളെ തീറ്റിപോറ്റുന്ന കല്ലടയെ പൂട്ടാൻ നടപടികൾ ശക്തമാക്കി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 'സുരേഷ് കല്ലട' ബസിൽ യാത്രക്കാർക്ക് മർദനമേറ്റ സംഭവത്തിൽ കൂടുതൽ നടപടി. ബസ് ഹാജരാക്കാൻ ഉടമകൾക്ക് പൊലീസ് നിർദ്ദേശം നൽകിയതിന് പിന്നാലെ. മർദനമേറ്റവരുടെ മൊഴി എടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.കല്ലട ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലേക്കാണ് പൊലീസ് കാര്യങ്ങൾ നീക്കുന്നത്.സംഭവത്തിൽ ഗതാഗത കമ്മീഷണറോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ഇതിന്റെ അടിസ്ഥാനത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം.

സംഭവത്തിൽ സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ് , ജിതിൻ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരായ ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മറ്റൊരു ജീവനക്കാരനായ ഹരിലാലിനോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കല്ലട സുരേഷ് ബസിന്റെ മാനേജരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.

മരട് സ്റ്റേഷനിൽ ബസ് എത്തിക്കാനാണ് പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. ബസ് ബെംഗളൂരുവിലാണെന്നാണ് ഉടമകൾ പൊലീസിന് നൽകിയ വിശദീകരണം. എങ്കിലും എത്രയും പെട്ടെന്ന് ബസ് പൊലീസ് സ്റ്റേഷനിൽ എത്തിക്കാനാണ് നിർദ്ദേശം. മർദനമേറ്റ വിദ്യാർത്ഥികളുടെ കൂടെ മൊഴിയെടുത്ത ശേഷം കൂടുതൽ ശക്തമായ വകുപ്പുകൾ ചേർക്കാനാണ് പൊലീസ് നീക്കം.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാർ മർദിച്ച് ബസിൽനിന്ന് ഇറക്കിവിട്ടത്. ബസിൽ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കൾക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റവരുടെ മൊഴിയെടുത്തശേഷം പ്രതികൾക്കെതിരെ കൂടുതൽ കുറ്റം ചുമത്തും. കേടായ ബസിനുപകരം ബദൽ സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടതിനാണ് യുവാക്കളെ ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചത്.

ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് തിരിച്ചടിക്കുകയായിരുന്നു. മർദനത്തിൽ പരുക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. അതേസമയം സ്റ്റേഷൻജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് മരട് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു. കസ്റ്റഡിയിൽ രേഖപ്പെടുത്തിയവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ എടുക്കുമെന്ന് അദ്ദേഹം അറിഞ്ഞു. മർദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണിൽ വിളിച്ച് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പ്രതികളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്. കാലതാമസം ഉണ്ടാവാതിരിക്കാനാണ് ഫോണിൽ വിളിച്ച് മൊഴിയെടുത്തത്. ഇനി നേരിട്ട് മൊഴി രേഖപ്പെടുത്തും. ആദ്യം കണ്ടാലറിയാവുന്നവരുടെ പേരിലാണ് കേസെടുത്തത്. ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം കേസിൽ പ്രതി ചേർക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

യാത്രക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയ അജയ് ഘോഷിനോട് മൊഴിയെടുക്കാൻ വേണ്ടി സ്റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിൽ ശനിയാഴ്ച അർധരാത്രിയിലാണ് അക്രമം നടന്നത്. ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്. ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നത്.

യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് സംബന്ധിച്ച് തർക്കിച്ചതായിരുന്നു തുടക്കം. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ദീർഘമായൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.

വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവർ ഇറക്കിവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പൊലീസ് എസ്‌ഐ വിനോദ് ഇവരോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടു. 'മൂന്ന് പേരെയും ഒരു ഓട്ടോറിക്ഷയിൽ കയറ്റി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് വിട്ടതാണ്. എന്നാൽ അവർ അങ്ങോട്ടേക്ക് പോയില്ല. മർദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാർത്ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം തിരികെ പോവുകയായിരുന്നു. ഇവർക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അജയ് ഘോഷ് എന്നൊരാളും ഉണ്ടായിരുന്നു. ഇദ്ദേഹം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സുരേഷ് കല്ലട ബസ് ജീവനക്കാർക്ക് എതിരെ കേസെടുത്തിട്ടുണ്ട്,' എസ്‌ഐ വിനോ
ദ് പറഞ്ഞു.

അതേസമയം യുവാക്കളാണ് ആദ്യം പ്രശ്‌നം ഉണ്ടാക്കിയതെന്നാണ് സുരേഷ് കല്ലട ബസ് ജീവനക്കാരുടെ പ്രതികരണം. യുവാക്കൾ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് സുരേഷ് കല്ലട ബസിന്റെ തിരുവനന്തപുരത്തെ മാനേജർ പ്രതികരിച്ചു. 'ഞങ്ങളുടെ ക്ലീനറെ ഹരിപ്പാട് വച്ച് അവർ അടിച്ച് മൂക്കിൽ നിന്നും വായിൽ നിന്നും ചോര വരുത്തി. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് മർദ്ദിച്ചതെന്ന് ചോദിക്കാനാണ് വൈറ്റിലയിൽ നിന്ന് കൂടുതൽ ജീവനക്കാർ ബസിൽ കയറിയത്,' അദ്ദേഹം പറഞ്ഞു. അതേസമയം ഏത് ആശുപത്രിയിലാണ് ക്ലീനറെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുവാക്കളെ ആക്രമിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല കൂടുതൽ ജീവനക്കാർ കൊച്ചിയിൽ വച്ച് ബസിലേക്ക് കയറിയതെന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP