Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു കേണലും അഞ്ച് മേജർമാരും നേതൃത്വം നൽകി; 17 ജവാന്മാരുടെ ജീവനെടുത്ത ഉറി ആക്രമണത്തിനുശേഷം തീരുമാനം; പത്തുദിവസത്തെ പ്ലാനിങ്ങിന് ശേഷം പാക്കിസ്ഥാനിൽക്കയറിയടിച്ചു; സർജിക്കൽ സ്‌ട്രൈക്കിന്റെ ഇതുവരെ വെളിപ്പെടുത്താത്ത വിവരങ്ങൾ പുറത്തായത് സൈനിക പുരസ്‌കാരങ്ങളുടെ അപേക്ഷഫോം പുറത്തായപ്പോൾ

ഒരു കേണലും അഞ്ച് മേജർമാരും നേതൃത്വം നൽകി; 17 ജവാന്മാരുടെ ജീവനെടുത്ത ഉറി ആക്രമണത്തിനുശേഷം തീരുമാനം; പത്തുദിവസത്തെ പ്ലാനിങ്ങിന് ശേഷം പാക്കിസ്ഥാനിൽക്കയറിയടിച്ചു; സർജിക്കൽ സ്‌ട്രൈക്കിന്റെ ഇതുവരെ വെളിപ്പെടുത്താത്ത വിവരങ്ങൾ പുറത്തായത് സൈനിക പുരസ്‌കാരങ്ങളുടെ അപേക്ഷഫോം പുറത്തായപ്പോൾ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: സെപ്റ്റംബർ 29-ന് പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. 17 ജവാന്മാർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തിനുശേഷമാണ് ഇത്തരമൊരു പ്രത്യാക്രമണത്തിന് സൈന്യം തയ്യാറായതെന്നും റിപ്പോർട്ട്. ഇന്ത്യൻ സേനയുടെ ആക്രമണവിഭാഗമായ പാരച്യൂട്ട് റെജിമെന്റ് നടത്തിയ ആക്രമണത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകിയ സൈനിക അവാർഡുകളുടെ പ്രശസ്തിപത്രത്തിലാണ് സർജിക്കൽ സ്‌ട്രൈക്കിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങളുള്ളത്. പാരച്യൂട്ട് റെജിമെന്റിലെ 19 പേർ മാത്രമാണ് സർജിക്കൽ സ്‌ട്രൈക്കിന്റെ ഭാഗമായിരുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. എന്നാൽ, ഇതിന്റെ ആസൂത്രണത്തിൽ നൂറിലേറെപ്പേർ പങ്കെടുത്തിട്ടുണ്ട്.

ഒരു കേണൽ, അഞ്ച് മേജർമാർ, ഒരു ക്യാപ്റ്റൻ, ഒരു സുബേദാർ, രണ്ട് നായിബ് സുബേദാർമാർ, മൂന്ന് ഹവീൽദാർ, ഒരു ലാൻസ് നായിക്, നാല് പാരട്രൂപ്പേഴ്‌സ് എന്നിവരാണ് സർജിക്കൽ സ്‌ട്രൈക്കിൽ ആദ്യാവസാനം ഉണ്ടായിരുന്നത്. പാര റജിമെന്റിന്റെ നാലും ഒമ്പതും ബറ്റാലിയനിൽ ഉൾപ്പെടുന്നവരാണ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഈ 19 പേർ. ഇവരെല്ലാം റിപ്പബ്ലിക് ദിനത്തിൽ ആദരിക്കപ്പെട്ടു.

നാലാം ബറ്റാലിയനിൽനിന്നുള്ള മേജർ രോഹിത് പുരിക്ക് കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു. കേണൽ ഹർപ്രീത് സന്ധുവിന് യുദ്ധ് സേവ മെഡലും. സംഘത്തിലെ മറ്റുള്ളവർ മൂന്ന് ശൗര്യചക്രയും 13 സേവ മെഡലും കരസ്ഥമാക്കി. രണ്ട് ഭീകരകേന്ദ്രങ്ങളിൽ ഒരേസമയം നടന്ന ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് കേണൽ ഹർപ്രീത് സന്ധുവായിരുന്നു. അണുവിട തെറ്റാതെ ആക്രമണത്തിന് അദ്ദേഹം നേതൃത്വം നൽകുകകയും ചെയ്തു.

ഉറി ആക്രമണത്തിനുപിന്നാലെ തിരിച്ചടിക്കാൻ ഇന്ത്യൻ സേന തയ്യാറായെങ്കിലും, അമാവാസി ദിനത്തിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ സെപ്റ്റംബർ 29ന് രാത്രി അതിനായി തിരഞ്ഞെടുത്തു. എട്ടംഗ ആക്രമണ സംഘവുമായി ഭീകരകേന്ദ്രത്തിലെത്തിയ മേജർ രോഹിത്പുരി ഭീകരരെ കൊന്നൊടുക്കി. മേജർ രോഹിത് പുരിയും അദ്ദേഹത്തിന്റെ സഹായിയും രണ്ട് ഭീകരരെ വെടിവച്ചിട്ടത് 50 മീറ്ററോളം അടുത്തുചെന്നാണ്. തന്റെ സ്വയരക്ഷ പോലും വകവെക്കാതെ ഭീകരർക്ക് മുന്നിലേക്കെത്തുകയും അവരെ കീഴ്‌പ്പെടുത്തുകയുമാണ് മേജർ പുരി ചെയ്തത്.

ഭീകര കേന്ദ്രങ്ങളെ അടുത്തുനിന്ന് നിരീക്ഷിക്കുകയെന്ന ദൗത്യമായിരുന്നു മറ്റൊരു മേജർക്കുണ്ടായിരുന്നത്. ആക്രമണത്തിന് 48 മണിക്കൂർമുന്നെ മേജറും അദ്ദേഹത്തിന്റെ സംഘവും നിയന്ത്രണ രേഖ കടന്ന് ഭീകരകേന്ദ്രങ്ങൾക്ക് അരികിലെത്തി. എവിടെ ആക്രമണം നടത്തണമെന്നതിന്റെ രൂപരേഖ തയ്യാറാക്കിയത് ഇവരാണ്. ശൗര്യ ചക്ര പുരസ്‌കാരം നേടിയ ഈ മേജർ ഭീകരരുടെ ആയുധകേന്ദ്രം തകർക്കുകയും രണ്ടുപേരെ കൊല്ലുകയും ചെയ്തു. തന്റെ ക്യാമ്പിനടുത്തേയ്‌ക്കെത്തിയ മറ്റൊരു ഭീകരനെയും ഇദ്ദേഹം വധിച്ചു.

മറ്റൊരു മേജറും സഹായിയും ഭീകരരുടെ കൂടാരങ്ങളിലൊന്നിൽ എത്തുകയും ഉറങ്ങിക്കിടന്ന ഭീകരരെയെല്ലാം വധിക്കുകയും ചെയ്തു. പിന്നീട് ഇവരുടെ നേതൃത്വത്തിൽ മറ്റുള്ളവർക്ക് മുന്നേറാനായി. ഇദ്ദേഹത്തിനും ശൗര്യ ചക്ര പുരസ്‌കാരം കിട്ടി. ഗ്രനേഡ് ആക്രമണത്തിലൂടെ ഭീകരരുടെ ആയുധകേന്ദ്രം തകർത്ത മറ്റൊരു മേജർക്ക് സേവ മെഡലും സമ്മാനിക്കപ്പെട്ടു. രണ്ട് ഭീകരരെ ക്ലോസ് റേഞ്ചിൽനിന്ന് വെടിവച്ചുകൊല്ലുകയും ചെയ്തു.

കനത്ത പ്രത്യാക്രമണം ഭീകരരിൽനിന്ന് നേരിടേണ്ടിവന്നതായും സൂചനയുണ്ട്. നാലാമത്തെ മേജറെയും സംഘത്തെയും ലക്ഷ്യമിട്ട് മൂന്ന് ഭീകരർ റോക്കറ്റ് ലോഞ്ചറുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട അഞ്ചാം മേജർ, സ്വയരക്ഷ വകവെക്കാതെ ഇവരുമായി നേർക്കുനേർ യുദ്ധം ചെയ്യുകയും അവരെ വധിക്കുകയും ചെയ്തതായും അവാർഡ്  രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. മേജർമാർക്ക് പുറമെ, സാധാരണ സൈനികരും അത്യപൂർവമായ ധൈര്യമാണ് പ്രദർശിപ്പിച്ചത്. ശൗര്യ ചക്ര കിട്ടിയ നായിബ് സുബേദാർ ഗ്രനേഡുകളുമായി ഭീകരകേന്ദ്രം ഒറ്റയ്ക്ക് തകർത്തു.

ഇന്ത്യൻ സംഘത്തിലെ ഒരാൾപോലും കൊല്ലപ്പെടാതെ ആക്രമണം പൂർത്തിയാക്കാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം. ഒരു പാര ട്രൂപ്പർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. കുഴിബോംബിൽ ചവിട്ടിയാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. പരിക്കേറ്റിട്ടും ഭീകരരിലൊരാളെ വെടിവച്ചുകൊല്ലാൻ ഇദ്ദേഹം ധൈര്യം കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP