Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃതദേഹങ്ങൾ അപ്പോൾത്തന്നെ ട്രക്കുകളിൽ കയറ്റിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്ത് സംസ്‌കരിച്ചു; വൻ സ്‌ഫോടനങ്ങൾ ഉണ്ടായി; അതിർത്തി കടന്ന് ഇന്ത്യ ആക്രമിച്ചില്ല എന്ന് പറയുന്നവർക്ക് മറുപടിയുമായി ദൃക്‌സാക്ഷികളുടെ റിപ്പോർട്ടുമായി ഇന്ത്യൻ എക്സ്‌പ്രസ്

മൃതദേഹങ്ങൾ അപ്പോൾത്തന്നെ ട്രക്കുകളിൽ കയറ്റിക്കൊണ്ടുപോയി അജ്ഞാത സ്ഥലത്ത് സംസ്‌കരിച്ചു; വൻ സ്‌ഫോടനങ്ങൾ ഉണ്ടായി; അതിർത്തി കടന്ന് ഇന്ത്യ ആക്രമിച്ചില്ല എന്ന് പറയുന്നവർക്ക് മറുപടിയുമായി ദൃക്‌സാക്ഷികളുടെ റിപ്പോർട്ടുമായി ഇന്ത്യൻ എക്സ്‌പ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക് അധീന കാശ്മീരിൽ ഇന്ത്യ സർജിക്കൽ ആക്രമണം നടത്തിയോ എന്ന് സംശയിക്കുന്നവർ ഏറെയാണ്. ആക്രമണം നടന്നിട്ടില്ല എന്ന് പാക്കിസ്ഥാനും അവകാശപ്പെടുന്നു. എന്നാൽ, പാക് അധീന കാശ്മീരിലെ ഏഴ് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ നേർസാക്ഷ്യങ്ങളാണ് ഈ ദൃക്‌സാക്ഷി വിവരണങ്ങൾ. ഇന്ത്യൻ എക്സ്‌പ്രസ്സാണ് ഇന്ത്യ എത്ര മാരകമായ പ്രഹരമാണ് പാക് ഭീകരർക്ക് ഏൽപിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്.

പാക് അധീന കാശ്മീരിൽ താമസിക്കുന്ന അഞ്ചുപേരിൽനിന്നാണ് ഇന്ത്യൻ എക്സ്‌പ്രസ് വിവരങ്ങൾ ശേഖരിച്ചത്. കാശ്മീരിലുള്ള ഇവരുടെ ബന്ധുക്കൾമുഖേന ചാറ്റ് ചെയ്ത് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് അപ്പുറം സന്ദർശിക്കാൻ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരെ പാക്കിസ്ഥാൻ അനുവദിച്ചിട്ടില്ല.

എന്നാൽ, പാക്കിസ്ഥാൻ മാദ്ധ്യമങ്ങളെ ആക്രമണം നടന്ന സ്ഥലങ്ങളിൽ കൊണ്ടുപോയ പാക്കിസ്ഥാൻ സേന, അത്തരത്തിലുള്ള ആക്രമണം നടന്നിട്ടില്ലെന്ന് സ്ഥാപിക്കാൻ ശ്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാറ്റിങ്ങിലൂടെ വിവര ശേഖരണം നടത്തിയത്. സർജിക്കൽ ആക്രമണം നടത്തിയതിന്റെ തെളിവുകൾ പാക്കിസ്ഥാന് ഇന്ത്യ കൈമാറിയതിന് പിന്നാലെയാണ് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ടും എത്തുന്നു.

സപ്തംബർ 29ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അപ്പോൾത്തന്നെ ട്രക്കുകളിൽ കയറ്റി ദൂരെ സ്ഥലത്തുകൊണ്ടുപോയി മറവ് ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നുഴഞ്ഞുകയറാൻ കാത്തുനിന്ന ഭീകരർക്കുനേരെ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയെന്നും കനത്ത വെടിവെപ്പും വലിയ സ്‌ഫോടനങ്ങളുമുണ്ടായെന്നും അവർ വ്യക്തമാക്കുന്നു. ചെറുകിട ആയുധങ്ങളും പീരങ്കികളും കൊണ്ട് അതിർത്തിയിലെ പാക് സൈന്യത്തിനുനേരെ ഇന്ത്യൻ സേന വെടിവെപ്പ് നടത്തിയെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. എന്നാൽ, നിയന്ത്രണ രേഖ മറികടന്ന ഇന്ത്യൻ സൈന്യം പാക് ഭീകരർ തമ്പടിച്ചിരുന്ന കേന്ദ്രങ്ങൾ ഉന്മൂലനം ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.


38നും 50നും ഇടയ്ക്ക് ഭീകരർ കൊല്ലപ്പെട്ടതായാണ് ഇന്ത്യൻ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, അത്രയധികം പേർ മരിച്ചിട്ടുണ്ടാവില്ലെന്നാണ് ദൃക്‌സാക്ഷികളുടെ വിവരണം. ആക്രമണം നടന്നത് എവിടെയൊക്കെ എന്നതു സംബന്ധിച്ചും ഏകദേശ രൂപം ഇവരുടെ വാക്കുകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിൽനിന്ന് നാല് കിലോമീറ്റർ മാറിയുള്ള ദുദ്‌നിയാലിൽ കനത്ത വെടിവെപ്പുണ്ടായി. പാക് സൈന്യത്തിന്റെയും ലഷ്‌കർ ഇ തൊയ്ബയുടെയും കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന അൽ ഹാവി ബ്രിഡ്ജിൽ കനത്ത സ്‌ഫോടനവും. ചൽഹാനയിൽനിന്ന് അഞ്ചോ ആറോ പേരുടെ മൃതദേഹങ്ങൾ നീക്കം ചെയ്തതായി ദൃക്‌സാക്ഷികൾ പറയുന്നു.


ക്വാസി-നാഗ് അരുവിയോട് ചേർന്നുള്ള ലീപ്പയിലും കനത്ത വെടിവെപ്പ് നടന്നു. ലഷ്‌കർ ഭീകരർ തമ്പടിച്ചിരുന്ന ഖൈരാത് ബാഗിലെ കെട്ടിടം സൈന്യം നശിപ്പിച്ചു. നീലം നദിയുടെ കിഴക്കൻ തീരത്തുള്ള അത്മുഖാമിലും വെടിവെപ്പും സ്‌ഫോടനങ്ങളുമുണ്ടായതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP