Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടത്തിയത് ഭീകരർക്ക് എതിരായ സൈനിക നീക്കം മാത്രമെന്ന് വിശദീകരിച്ച് ഇന്ത്യ; ചൈനയേയും റഷ്യയേയും കയ്യിലെടുക്കാൻ രണ്ടു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാരുമായി നേരിട്ട് ചർച്ച തുടങ്ങി സുഷമാ സ്വരാജ്; പാക് ഭീകരതയ്ക്ക് എതിരെ സംയുക്ത പ്രസ്താവന ഇറക്കുമോ എന്ന് ഭയന്ന് പാക്കിസ്ഥാൻ; ഇന്ത്യക്കൊപ്പമെന്ന് ഉറപ്പിച്ചുപറഞ്ഞ് ഇറാനും അഫ്ഗാനും ഫ്രാൻസും ഇസ്രയേലും; ലോകരാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പം അണിനിരക്കുമ്പോൾ തീർത്തും ഒറ്റപ്പെട്ട് ശത്രുരാജ്യം; ഇന്ത്യയെ തൊടരുതെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ താക്കീതും

നടത്തിയത് ഭീകരർക്ക് എതിരായ സൈനിക നീക്കം മാത്രമെന്ന് വിശദീകരിച്ച് ഇന്ത്യ; ചൈനയേയും റഷ്യയേയും കയ്യിലെടുക്കാൻ രണ്ടു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാരുമായി നേരിട്ട് ചർച്ച തുടങ്ങി സുഷമാ സ്വരാജ്; പാക് ഭീകരതയ്ക്ക് എതിരെ സംയുക്ത പ്രസ്താവന ഇറക്കുമോ എന്ന് ഭയന്ന് പാക്കിസ്ഥാൻ; ഇന്ത്യക്കൊപ്പമെന്ന് ഉറപ്പിച്ചുപറഞ്ഞ് ഇറാനും അഫ്ഗാനും ഫ്രാൻസും ഇസ്രയേലും; ലോകരാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പം അണിനിരക്കുമ്പോൾ തീർത്തും ഒറ്റപ്പെട്ട് ശത്രുരാജ്യം; ഇന്ത്യയെ തൊടരുതെന്ന് പാക്കിസ്ഥാന് അമേരിക്കയുടെ താക്കീതും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക് ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ച ഇന്ത്യയ്ക്ക് പിന്തുണയുമായി ലോകരാഷ്ട്രങ്ങൾ ഒന്നൊന്നായി എത്തുന്നു. ഫ്രാൻസും ഇസ്രയേലും ആസ്‌ട്രേലിയപോലും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇറാൻ-അഫ്ഗാൻ എന്നീ സുഹൃദ് രാഷ്ട്രങ്ങളുടെ പിന്തുണ ഏതു നീക്കത്തിനും നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു ഇന്ത്യ. ഇപ്പോഴിതാ ചൈനയേയും റഷ്യയേയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് തന്നെ നേരിട്ടെത്തി ആ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച തുടങ്ങി. ഇതോടെ ഇന്ത്യക്കെതിരെ ചെറുവിരൽ അനക്കിയാൽ പാക്കിസ്ഥാൻ ഒറ്റപ്പെടുമെന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്.

പുൽവാമ ആക്രമണത്തിന് പകരംവീട്ടിക്കൊണ്ട് ഇന്ത്യ ഇന്നലെ പുലർച്ചെ പാക് അതിർത്തി കടന്നുതന്നെ നടത്തിയ വ്യോമാക്രമണം ആവശ്യമുള്ള നടപടിതന്നെ എന്ന നിലയിലാണ് ലോക രാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത് എന്തെല്ലാമാണെന്ന് ഇന്ത്യ ഓരോ രാജ്യങ്ങളിലേയും അംബാസിഡർമാരെ നേരിട്ട് ബോധ്യപ്പെടുത്തി. ഇതിനൊപ്പം അമേരിക്കയെ സുഷമാസ്വരാജ് തന്നെ നേരിട്ട് വിളിച്ച് വിവരങ്ങൾ നൽകുകയും ചെയ്തു.

ഇതോടെയാണ് അവരെല്ലാം ഇന്ത്യൻ നടപടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. പാക്കിസ്ഥാന് എതിരെയല്ല, മറിച്ച് ഭീകരർക്ക് എതിരെയാണ് ഇന്ത്യയുടെ സൈനിക നടപടിയെന്ന നിലയിലാണ് ഇന്ത്യ ഇന്നലത്തെ എയർസ്‌ട്രൈക്കിനെ വിശദീകരിക്കുന്നത്. അതിനാൽ തന്നെ രാജ്യാന്തര നിയമങ്ങൾ ഇന്ത്യ ലംഘിച്ചിട്ടില്ലെന്നും ഭീകരർക്ക് എതിരെ മാത്രമാണ് ആക്രമണമെന്നും സ്ഥാപിക്കുകയാണ് ഇന്ത്യ.

പാക്കിസ്ഥാനിലെ അബോട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരൻ ബിൻലാദനെ അമേരിക്കൻ മറീനുകൾ പാക് അതിർത്തി കടന്നെത്തി വകവരുത്തിയിരുന്നു. സമാനമായ രീതിയിൽ തന്നെയാണ് ഭീകരക്യാമ്പുകൾ ആക്രമിച്ചതെന്ന ന്യായമാണ് ഇന്ത്യ ഉയർത്തുക. അതിനാൽ ലോകരാജ്യങ്ങൾക്കിടയിൽ ഇത് ആ അർത്ഥത്തിൽ വിലയിരുത്തപ്പെടും എന്ന് ഉറപ്പിക്കുകയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സുഷമാസ്വരാജും.

എയർസ്‌ട്രൈക്ക് നടന്നതിന് പിന്നാലെ ഇന്നു രാവിലെ തന്നെ ഈ വിഷയം ഇന്ത്യ ചൈനയുമായി ചർച്ചചെയ്തു. പാക്കിസ്ഥാനുമായി ഏറെ സൗഹൃദത്തിലാണ് ചൈനയെങ്കിലും മേഖലയിൽ സമാധാനം കാത്തുസൂക്ഷിക്കണമെന്ന നിർദ്ദേശമാണ് കഴിഞ്ഞദിവസം ചൈന മുന്നോട്ടുവച്ചത്. ഇന്ത്യൻ ആക്രമണത്തെ അപലപിക്കാനോ പാക്കിസ്ഥാന് പിന്തുണ അറിയിക്കാനോ ചൈന ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനിടെയാണ് ഇന്ന് സുഷമ ചൈനീസ് വിദേശകാര്യമന്ത്രിയുമായും റഷ്യൻ വിദേശകാര്യ മന്ത്രിയുമായും ചർച്ച നടത്തുന്നത്.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി വൂഷനിലാണ് സുഷമ ചർച്ച നടത്തുന്നത്. ചർച്ചയുടെ തുടക്കത്തിൽ തന്നെ പുൽവാമയിൽ ഭീകരരെ ആക്രമിച്ച സംഭവവും ഭീകരരെ പാക്കിസ്ഥാൻ സഹായിക്കുന്ന വിധവുമെല്ലാം സുഷമ ഉന്നയിച്ചു. 'ഇന്ത്യയുടെ രോഷവും സങ്കടവും ചൈനയെ അറിയിച്ചു. ഏറ്റവും നീചമായ ആക്രമണമാണ് ജമ്മുവിലെ പുൽവാമയിൽ ഇന്ത്യൻ സിആർപിഎഫ് ഭടന്മാർക്ക് നേരെ ഉണ്ടായത്.' വാങ് യിയുമായി നടന്ന ചർച്ചയിൽ സുഷമ വ്യക്തമാക്കി.

പാക് ഭീകരൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യൻ ആവശ്യം ഫ്രാൻസ് യുഎന്നിൽ ഉന്നയിച്ചിരുന്നു. മുമ്പ് ഇക്കാര്യം പറഞ്ഞപ്പോഴെല്ലാം അമേരിക്കയും ബ്രിട്ടനും റഷ്യയും ഇക്കാര്യം അംഗീകരിച്ചപ്പോഴും ചൈന വീറ്റോ അധികാരം ഉപയോഗിച്ച് എതിർക്കുകയായിരുന്നു. ഇപ്പോൾ ഇക്കാര്യം കൂടി ഉന്നയിച്ച് ചൈനയുടേ പിന്തുണയും മസൂദിനെതിരെ നേടാനാണ് സുഷമയുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ-ഇന്ത്യ-ചൈന (ആർഐസി) വിദേശകാര്യമന്ത്രിമാരുടെ 16-ാം സംയുക്ത യോഗത്തിനായാണ് സുഷമ വൂഷെനിൽ എത്തിയിട്ടുള്ളത്.

പുൽവാമ ഭീകരാക്രമണത്തെ യുഎൻ ഉൾപ്പെടെ അപലപിച്ചു എന്ന വിഷയം കൂടെ ചൂണ്ടിക്കാട്ടിയാകും സുഷമ ചൈനയോടും മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിക്കുക. ഇതിന് പിന്തുണയുമായി റഷ്യൻ വിദേശകാര്യമന്ത്രിയും ഉണ്ടെന്നത് ഇന്ത്യക്ക് സഹായകമാണ്. പാക്കിസ്ഥാനോട് ഇത്തരം ഭീകരക്യാമ്പുകളെ പറ്റി നിരന്തരം അറിയിപ്പുകൾ നൽകിയിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും ആ സാഹചര്യത്തിലാണ് ഇന്ത്യ രണ്ടാം സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതെന്നും ആണ് സുഷമ വ്യക്തമാക്കന്നത്. ഇന്ത്യയും-ചൈനയുമായി നല്ല ബന്ധത്തിലാണെന്നും സുഷമ വ്യക്തമാക്കി.

ചൈനീസ് വിദേശകാര്യമന്ത്രിയോടുള്ള ചർച്ചകൾക്ക് പിന്നാലെയാണ് ഇന്നുതന്നെ റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവുമായും സുഷമ ചർച്ച നടത്തുന്നത്. റഷ്യയും ഇന്ത്യൻ സൈനിക നടപടിയിൽ പിന്തുണ അറിയിക്കുമെന്നാണ് പ്രതീക്ഷ. പാക്കിസ്ഥാൻ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് തിരുത്തണമെന്ന സംയുക്ത പ്രഖ്യാപനം ഇന്ന് ഉണ്ടാകുമോ എന്നാണ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

അതേസമയം, ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തിയതും ചർച്ചയായി. ഭീകരർക്കെതിരേ പാക്കിസ്ഥാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്ക, ഇന്ത്യക്കെതിരെ ഇന്നലത്തെ എയർസ്‌ട്രൈക്കിന്റെ പേരിൽ പ്രത്യാക്രമണത്തിന് മുതിരരുതെന്ന് കർശന താക്കീതും നൽകിയിരിക്കുകയാണ്. മേഖലയിൽ സംയമനം പാലിക്കണമെന്നും അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പാക് ഭീകരകേന്ദ്രങ്ങൾക്ക് നേരേ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാരുമായി ബന്ധപ്പെട്ടിരുന്നു.

ഭീകരവാദം തുടച്ചുനീക്കാൻ പാക് ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മൈക്ക് പോംപിയോ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സൈനിക നടപടികൾ ഒഴിവാക്കാൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടതായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP