Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി നഴ്സുമാരെ തീവ്രവാദികളിൽ നിന്നും രക്ഷപെടുത്തി; യെമനിൽ നടത്തിയ രക്ഷപ്രവർത്തനം ലോകം മുഴുവൻ സ്തുതിച്ചു; ഏറ്റവും ഒടുവിൽ കുൽഭൂഷൽ ജാദവ് വിഷയത്തിലും പാക്കിസ്ഥാനിൽ കുടുങ്ങിയ ഉസ്മയെ രക്ഷിച്ചും ഇന്ത്യക്കാരുടെ പ്രിയങ്കരിയായി; പ്രവാസി മന്ത്രിക്കസേരയിൽ ഒന്നും ചെയ്യാതിരുന്ന വയലാർ രവിയെ നാണിപ്പിച്ച് സുഷമ സ്വരാജ് പ്രവാസികളുടെ പ്രിയപ്പെട്ടവളാകുന്നത് ഇങ്ങനെ

മലയാളി നഴ്സുമാരെ തീവ്രവാദികളിൽ നിന്നും രക്ഷപെടുത്തി; യെമനിൽ നടത്തിയ രക്ഷപ്രവർത്തനം ലോകം മുഴുവൻ സ്തുതിച്ചു; ഏറ്റവും ഒടുവിൽ കുൽഭൂഷൽ ജാദവ് വിഷയത്തിലും പാക്കിസ്ഥാനിൽ കുടുങ്ങിയ ഉസ്മയെ രക്ഷിച്ചും ഇന്ത്യക്കാരുടെ പ്രിയങ്കരിയായി; പ്രവാസി മന്ത്രിക്കസേരയിൽ ഒന്നും ചെയ്യാതിരുന്ന വയലാർ രവിയെ നാണിപ്പിച്ച് സുഷമ സ്വരാജ് പ്രവാസികളുടെ പ്രിയപ്പെട്ടവളാകുന്നത് ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാർക്കിടയിൽ രാഷ്ട്രീയത്തിന് അതീതമായി എല്ലാവിഭാഗം ജനങ്ങളും മുക്തകണ്ഠം പ്രശംസിക്കുന്ന മന്ത്രിയായി മാറിയിരിക്കുകയാണ് വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന സുഷമ സ്വരാജ്. വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തേക്കൾ ഉപരി പ്രവാസികളായ ഇന്ത്യക്കാരുടെ ഏത് ആവശ്യത്തിനും നേരിട്ട് ആശ്രയിക്കാവുന്ന മന്ത്രിയെന്നതാണ് സുഷമ സ്വരാജിനെ വ്യത്യസ്തയാക്കുന്നത്

യുപിഎ സർക്കാരിന്റെ ഭരണ കാലത്ത് പ്രവാസികളുടെ കാര്യങ്ങൾ നോക്കുന്നതിനു വേണ്ടി പ്രവസികാര്യം എന്ന പേരിൽ ഒരു വകുപ്പുണ്ടാക്കുകയും ഏറെ പ്രവാസികളുള്ള കേരളത്തിൽ നിന്നുതന്നെ വയലാർ രവി എന്ന കോൺഗ്രസ് നേതാവിനെ മന്ത്രിയാക്കുകയും ചെയ്തിരുന്നു. പ്രവാസികാര്യമെന്ന പ്രത്യേക വകുപ്പുണ്ടായിട്ടും മന്ത്രിയെന്ന നിലയിൽ വയലാർ രവി ഒരുവൻദുരന്തമായിരുന്നു എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നതാണ് മന്ത്രി സുഷമാ സ്വരാജിന്റെ ഒരോ വിഷയങ്ങളിലെ ഇടപെടലുകളും പ്രവർത്തന രീതിയും എന്നതിൽ സംശയമില്ല.

സുഷമ സ്വരാജിനെ പോലെ വയലാർ രവി വിദേശകാര്യ മന്ത്രി ആയിരുന്നില്ലെങ്കിലും പ്രവാസിക്ക് വേണ്ടി ഏതു വകുപ്പിലും ഇടപെടാൻ അധികാരമുള്ള പ്രവാസികാര്യ മന്ത്രിയായിരുന്നു. ആരെയും സഹായിച്ചില്ലെങ്കിലും നിസാരമായ ഒരു ആവശ്യവുമായി ചെല്ലുന്നവരോട് പോലും അഹങ്കാരം പറയുന്നതിൽ മിടുക്കനായിരുന്നെന്നു വയലാർ രവിയെന്ന് അക്കാലത്ത് നിരവധി പ്രവാസികൾ അക്കാലത്ത് പരാതിപ്പെട്ടിരുന്നു. പ്രവാസികളെ വെള്ളം കുടിപ്പിക്കുന്ന എംബസികൾക്കെതിരെ പരാതിപ്പെട്ടവരോട് നിങ്ങൾ പറയുന്നത് പോലെ നടത്താൻ അല്ല അവിടെ ഉദ്യോഗസ്ഥരെ വച്ചിരിക്കുന്നത് എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയായിരുന്നു അന്ന് മന്ത്രിയായിരുന്ന വയലാർ രവിയിൽ നിന്നുണ്ടായത്.

എന്നാൽ ഇപ്പോഴത്തെ മന്ത്രി സുഷമ സ്വരാജ് വയലാർ രവിയെ പോലെ അല്ല. അഹങ്കാരമോ ധാർഷ്ഠ്യമോ ഇല്ലെന്നു മാത്രമല്ല സഹായം അഭ്യർത്ഥിച്ച് എത്തുന്നവരോട് മനുഷ്യത്വപരമായി പെരുമാറുകയും ചെയ്യും. അതുതന്നെയാണ് അവരെ വയലാർ രവിയിൽ നിന്ന് വ്യത്യസ്തയാക്കുന്നതും. പ്രവാസിക്കോ സ്വദേശിക്കോ ആർക്ക് വേണമെങ്കിലും ഒരു കാര്യം നടക്കണമെങ്കിൽ ഒറ്റ ട്വീറ്റ് മതി. ഞൊടിയിടയിൽ കാര്യം നടക്കും.

ഏറ്റവുമൊടുവിൽ കൽഭൂഷൺ ജാദവ് പ്രശ്നത്തിലും ഇന്ത്യക്കാരിയായ ഉസ്മയെ പാക്കിസ്ഥാനിൽനിന്നു തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിലും സർക്കാർ എടുത്ത നിലപാടുകൾ വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നതാണ്.

സമൂഹമാധ്യമങ്ങൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിൽ ഇതുവരെയില്ലാത്ത വലിയ ക്യാൻവാസിലേക്ക് നടത്തിയ ചുവടുമാറ്റം വൻവിജയം കൈവരിച്ചതും പ്രവാസികൾക്കു നേട്ടമായി. ദിനംപ്രതി നൂറുകണക്കിന് പരാതികൾക്കാണ് പരിഹാരം കാണുന്നത്. പ്രവാസികൾക്കു നേരിട്ട് പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാമെന്ന അവസ്ഥ ഒരു കാലത്ത് വിദേശ ഇന്ത്യക്കാർക്കു സ്വപ്നം പോലും കാണാൻ കഴിയാത്ത കാര്യമായിരുന്നു. വിദേശത്ത് എന്തെങ്കിലും പ്രതിസന്ധികൾ നേരിട്ടാൽ അതത് എംബസികൾക്ക് ട്വിറ്ററിൽ പരാതി നൽകി തന്നെ ടാഗ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടു സുഷമാ സ്വരാജ് നേരിട്ടു രംഗത്തെത്തിയതു പ്രവാസികൾക്ക് ആശ്വാസകരമായി. പരാതിക്കാർക്ക് എംബസി നൽകുന്ന മറുപടി താൻ നിരീക്ഷിക്കുമെന്നും അടിയന്തരഘട്ടമാണെങ്കിൽ എസ്ഒഎസ് എന്നു രേഖപ്പെടുത്തണമെന്നും അവർ അറിയിച്ചു.

വിദേശത്തുള്ള ഇന്ത്യൻ എംബസികളിലെ പ്രവർത്തനങ്ങളും ഇതിനൊപ്പം ചടുലമായതും പ്രവാസികൾക്ക് ഏറെ ഗുണകരമായി. ഇരുന്നൂറിയേറെ ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണു വിദേശകാര്യമന്ത്രാലയം എംബസികൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൃത്യസമയത്തു സുതാര്യമായ പ്രവർത്തനം ഉറപ്പാക്കാനായി ട്വിറ്റർ സേവ എന്ന പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു. വിദേശത്തുള്ള ഇന്ത്യൻ എംബസികളുടെ 198 അക്കൗണ്ടുകളും 29 പ്രാദേശിക പാസ്പോർട്ട് ഓഫീസുകളും ഉൾപ്പെടുത്തിയാണ് ഇതു രൂപീകരിച്ചത്.

പല സന്ദിഗ്ധഘട്ടങ്ങളിലും അതിന്റെ നേട്ടങ്ങൾ പ്രവാസികൾക്കു ലഭിക്കുകയും ചെയ്തു. ലിബിയയിൽനിന്നു മലയാളികളെ ഒഴിപ്പിക്കുന്ന വിഷയത്തിലും നേപ്പാളിലെ ഭൂകമ്പത്തിൽ കുടുങ്ങിയവരെ സഹായിക്കാനും ഇറാഖിൽ ബന്ദികളാക്കപ്പെട്ട 168 ഇന്ത്യക്കാരെ രക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾ ഇത്തരത്തിൽ ഏകോപിപ്പിക്കാൻ മന്ത്രാലയത്തിനു വിജയകരമായി കഴിഞ്ഞു. ആരും തുണയില്ലാത്ത ഘട്ടത്തിലും തങ്ങളുടെ പ്രതിസന്ധികൾ ഭരണത്തലപ്പത്ത് എത്തിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രവാസികൾക്കു പകർന്നു നൽകാൻ സുഷമയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞിട്ടുണ്ട്.

പാക്കിസ്ഥാൻ ഒഴികെയുള്ള അയൽരാജയങ്ങളുമായി അടുത്ത ബന്ധം നിലനിർത്തി മുന്നോട്ടുപോകാനാണു സർക്കാരിന്റെ ശ്രമം. ബംഗ്ലാദേശിൽ 20 പദ്ധതികളിൽ നേരിട്ടു ശ്രദ്ധ കേന്ദ്രീകരിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ശ്രീലങ്കയിലും സമാനനയം തന്നെയാവും നടപ്പാക്കുക. രണ്ടാം വട്ടവും പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിച്ചത് ഇതിന്റെ സൂചനയാണ്. സാർക്ക് രാജ്യങ്ങളുമായും ബ്രിക്സ് രാജ്യങ്ങളുമായും പരമ്പരാഗതശൈലി വിട്ടുള്ള ബന്ധങ്ങളാണ് രൂപപ്പെടുത്തുന്നത്. സാർക്ക് രാജ്യങ്ങൾക്കായുള്ള സൗത്ത് ഏഷ്യ സാറ്റലൈറ്റ് ഇതിന്റെ ഭാഗമാണ്. ആക്ട് ഈസ്റ്റിനൊപ്പം ലിങ്ക് വെസ്റ്റ് പദ്ധതിയിലും സർക്കാർ ശ്രദ്ധയൂന്നിയിട്ടുണ്ട്.

അടുത്തിടെ ഭർത്താവ് മരിച്ച ഒരു സ്ത്രീയുടെ ട്വീറ്റും അതിനോടുള്ള മന്ത്രിയുടെ പ്രതികരണവും സുഷമ സ്വരാജിനെ ഏറെ സ്വീകാര്യയാക്കി മാറ്റിയിരുന്നു. ഒരാൾക്ക് ആവശ്യമുള്ളപ്പോൾ എങ്ങനെയാണ് സഹായിക്കേണ്ടത് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവരുടെ പ്രവർത്തനം. അതുകൊണ്ട് തന്നെയാണ് സുഷമ പ്രവാസികൾക്ക് പ്രിയങ്കരിയാകുന്നതും.

പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കെത്താൻ വിസ ലഭിക്കാതിരുന്ന യുവാവിനായിരുന്നു സുഷമ ഏറ്റവും ഒടുവിൽ സഹായം എത്തിച്ചത്. വിജയദശമി-മുഹറം അവധികളുടെ ഭാഗമായി നേരിട്ട വിസാ താമസം കാരണം പിതാവിന്റെ മരണാനന്തര ചടങ്ങിൽ എത്താൻ അമേരിക്കയിലുള്ള യുവാവിന് സാധിക്കുമായിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് സുഷമയുടെ ഭാഗത്തു നിന്നും അതിവേഗ ഇടപെടൽ ഉണ്ടായത്.

പാക്കിസ്ഥാൻ കുടുംബത്തിന് സഹായം നൽകിയും സുഷമ ശ്രദ്ധേയയായിരുന്നു. ജോഥപൂർ സ്വദേശി നരേഷ് തെവാനിയും കറാച്ചി സ്വദേശിനി പ്രിയ മച്ചാനിയും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നു. അന്നത്തെ സാഹചര്യത്തിൽ പാക്കിസ്ഥാൻ കുടുംബത്തിന് വീസ ലഭിക്കനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് സുഷമ ഇടപെട്ടത്.

നേരത്തെ സിറിയയിൽ കുടുങ്ങിയ മലയാളി നഴ്‌സുമാരെ നാട്ടിലെത്തുക്കുന്നത അടക്കമുള്ള വിഷയങ്ങളിൽ സുഷമ സ്വരാജിന്റെ ഭാഗത്തു നിന്നും നിർണ്ണായക ഇടപെടലാണ് ഉണ്ടായത്. അന്ന് മുതൽ മലയാളികളുടെയും പ്രിയങ്കരിയാണ സുഷമ. കൽഭൂഷൺ ജാദവിന് പിന്നാലെ പകിസ്താനിൽ അകപ്പെട്ട ഉസ്മ എന്ന പെൺകുട്ടിയെ നാട്ടിലെത്തിച്ചും സുഷമ വീണ്ടും താരമായി. സുഷമ സ്വരാജ് എന്നൊക്കെ വാർത്തകളിൽ നിറയുന്നുവോ അന്നൊക്കെ മലയാളികൾ വയലാർ രവിയെ അറിയാതെ ഒർത്തു പോകും. അത്രയ്ക്കായിരുന്നു ആ ധാർഷ്ട്യവും ആഡംബര ജീവിതവുമൊക്കെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP