Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി മലയാളികൾക്ക് നഷ്ടമായത് സ്വന്തം സഹോദരിയെ; വയലാർ രവിക്കും ഇ അഹമ്മദിനും ശശി തരൂരിനും സാധിക്കാതെ പോയ സഹായങ്ങൾ മലയാളികൾക്ക് നൽകിയ നേതാവ്; നേഴ്സുമാർ ഇറാഖിൽ കുടുങ്ങിയപ്പോൾ പുലർച്ചെ ഒന്നരക്ക് ഉമ്മൻ ചാണ്ടിയുടെ ഫോൺ സന്ദേശത്തെ തുടർന്ന് വിമാനം തിരിച്ചു പറത്തിയ ധീരത: മലയാളിക്ക് മറക്കാനാകാത്ത പേരായി സുഷമാജി മാറുമ്പോൾ

പ്രവാസി മലയാളികൾക്ക് നഷ്ടമായത് സ്വന്തം സഹോദരിയെ; വയലാർ രവിക്കും ഇ അഹമ്മദിനും ശശി തരൂരിനും സാധിക്കാതെ പോയ സഹായങ്ങൾ മലയാളികൾക്ക് നൽകിയ നേതാവ്; നേഴ്സുമാർ ഇറാഖിൽ കുടുങ്ങിയപ്പോൾ പുലർച്ചെ ഒന്നരക്ക് ഉമ്മൻ ചാണ്ടിയുടെ ഫോൺ സന്ദേശത്തെ തുടർന്ന് വിമാനം തിരിച്ചു പറത്തിയ ധീരത: മലയാളിക്ക് മറക്കാനാകാത്ത പേരായി സുഷമാജി മാറുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: സുഷമ സ്വരാജ് - ആ പേരിൽ അവരെ സാധാരണ അധികം ആളുകൾ വിളിക്കാറില്ല . പകരം സുഷമജിയെന്നോ ദീദിയെന്നോ സ്‌നേഹം തുളുമ്പുന്ന വാക്കുകളിലെ അവരെ അഭിസംബോധന ചെയ്യൂ . ഒരു നേതാവിന് ജനങ്ങളിൽ നിന്നും ലഭിക്കുന്ന അപൂർവ സ്‌നേഹവിശ്വാസമാണ് ഇത്തരം അടയാളപ്പെടത്തലുകൾ . അങ്ങനെ കൊടുത്തതിനെക്കാൾ അധികം തിരികെ സ്‌നേഹം അനുഭവിക്കാൻ നിയോഗം ഉണ്ടായ അസാധാരണ രാഷ്ട്രീയ നേതാവിനെയാണ് ഇന്നലെ ഇന്ത്യക്കും അതിലുപരി മലയാളിക്കും നഷ്ടമായത് .

ഹരിയാനക്കാരി ആയിരുന്നിട്ടും മലയാളിക്ക് ഏറ്റവും ആശ്രയം ആകേണ്ട വിദേശകാര്യ വകുപ്പ് കയ്യിൽ ലഭിച്ചപ്പോൾ കേരളം ആഗ്രഹിച്ചതിന്റെ നൂറിരട്ടി സ്‌നേഹമാണ് തന്റെ വകുപ്പിന്റെ പ്രവർത്തനം വഴി അവർ തിരികെ നൽകിയത് . ആ ധീരവും കനിവും ഒന്നിച്ചു ചേർന്ന പ്രവർത്തന ശൈലിക്ക് പ്രത്യേകിച്ച് വിദേശ മലയാളികൾ ജാതിയും മതവും രാഷ്ട്രീയവും മറന്നാണ് അവരെ സ്‌നേഹിച്ചത് . പ്രത്യേകിച്ചും സമകാലിക രാഷ്ട്രീയത്തിൽ എന്തും ജാതിയുടെയും മതത്തിന്റെയും കണ്ണിലൂടെ കാണപ്പെടുമ്പോൾ ബിജെപി പക്ഷത്തു നിന്നും ഇത്രയധികം സ്‌നേഹം ലഭിക്കുക എന്നത് അചിന്തനീയം കൂടിയാണ് .

നല്ലതു ചെയ്താൽ ദീപ്ത സ്മരണകൾ പോലും കലാതിവർത്തിയായി നിലനിൽക്കും എന്നോർമ്മപ്പെടുത്തുകയാണ് ഇന്നലെ ഉണ്ടായ സുഷമ സ്വരാജിന്റെ മരണത്തോട് പ്രവാസി മലയാളി സമൂഹം കാട്ടിയ പ്രതികരണങ്ങൾ വക്തമാക്കുന്നതും .

മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന പേര്

വിദേശത്തു മലയാളികൾ മരിച്ചാൽ കൂടെയുള്ളവർക്കും നാട്ടിൽ ഉള്ളവർക്കും ഒരേപോലെ നെഞ്ചിൽ തീയാണ് . നൂലാമാലകൾ കടന്നു എങ്ങനെയും മൃതദേഹം പ്രിയപ്പെട്ടവരുടെ മുന്നിൽ എത്തിക്കാൻ ഉള്ള പ്രയാസം . ഈ ദുരിതം ഏറെക്കുറെ ഇല്ലാതാക്കാൻ കഴിയും വിധം വിദേശ രാജ്യങ്ങളിലെ എംബസികൾക്കു ജനപക്ഷ സ്വഭാവം നല്കാൻ കഴിഞ്ഞ മന്ത്രി എന്ന നിലയിലാകും മലയാളികൾ സുഷമയെ കൂടുതൽ ദീപ്തമായി സ്‌നേഹിക്കുക .

ഏറാൻ മൂളികളെ പോലെ തീണ്ടാപ്പാടകലെ മാത്രം നില്ക്കാൻ വിധിക്കപ്പെട്ടിരുന്ന ലണ്ടൻ അടക്കമുള്ള എംബസികളിൽ തല ഉയർത്തി ഓരോ പ്രവാസിക്കും കടന്നു ചെല്ലാൻ കഴിയും വിധം ഗോസായി രീതികൾ മാറ്റിയെടുക്കാൻ സുഷമ നടത്തിയ ശ്രമങ്ങൾ ആ മന്ത്രാലയത്തിന്റെ തന്നെ യശസ്സായി മാറുകയാണ് . മാറാൻ മടിച്ച ഉദ്യോഗസ്ഥരെ ശകാരിക്കാൻ മറക്കാതിരുന്ന സുഷമക്കു ലണ്ടൻ എംബസിയിലെയും മറ്റും ഗുജറാത്തി, പഞ്ചാബി ആധിപത്യം തകർക്കാൻ രഞ്ജൻ മത്തായിയെ പോലെയുള്ള ഹൈ കമ്മീഷണര്മാരെ വരെ നിയമിക്കേണ്ട സാഹചര്യം ഉണ്ടായതു മലയാളി ഒരിക്കലും മറക്കില്ല .

ഗൾഫ് നാടുകളിൽ പാസ്‌പോര്ട് സ്‌പോണർമാർ പിടിച്ചു വച്ചതിനെ തുടർന്ന് നാട് കാണാതെ കഴിഞ്ഞവർക്കും ജയിലിൽ കിടന്നവർക്കും ഒക്കെ സ്‌നേഹനിധിയായ അമ്മയെ പോലെയാണ് സുഷമയുടെ സഹായം എത്തിയത് .

ഉമ്മൻ ചാണ്ടിയുടെ ഫോൺ കോൾ പുലർച്ചെ ഒന്നരക്ക് അറ്റൻഡ് ചെയ്ത മലയാളി നേഴ്സുമാരെ രക്ഷിച്ച ധീരത

ഇറാക്ക് സംഘർഷത്തെ തുടർന്ന് വിദേശത്തു കുടുങ്ങിയ മലയാളി നേഴ്സുമാരെ രക്ഷിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മൂന്നു ദിവസമാണ് ഡൽഹിയിൽ തങ്ങിയത് . മൂന്നു ദിവസവും പകൽ മുഴുവൻ സുഷമയും ഉയർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയോടൊപ്പം നേഴ്സുമാരെ തിരികെ എത്തിക്കാൻ സമയം ചെലവിട്ടു . ഒടുവിൽ കാര്യങ്ങൾ എല്ലാം നേരെയാക്കി മുഖ്യമന്ത്രി തിരികെ നാട്ടിലേക്ക് . പക്ഷെ അപ്രതീക്ഷിതമായി വിമാനത്തിലെ സാറ്റലൈറ്റ് ഫോണിലേക്കു ഉമ്മൻ ചാണ്ടിക്ക് സന്ദേശമെത്തി .

നേഴ്സുമാരെ കൊണ്ടുവരുവാൻ പോയ വിമാനം അവിടെ ഇറങ്ങാൻ കഴിയാതെ തിരിച്ചു പറക്കുന്നു . രാത്രി ഒന്നരക്ക് ഉമ്മൻചാണ്ടീ സുഷമയുടെ മൊബൈലിൽ ട്രൈ ചെയ്തപ്പോൾ ഉടൻ അവർ തന്നെ ഫോൺ അറ്റൻഡ് ചെയ്യുക ആയിരുന്നു .വിവരം അറിഞ്ഞ അവർ താൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു 15 മിനിറ്റിൽ ഉമ്മൻചാടിയെ വിളിക്കുന്നു . പതിനച്ചു മിനിറ്റോളം തിരികെ പറന്ന വിമാനത്തിന് ലാൻഡ് ചെയ്യാൻ വിദേശത്തു അനുമതി ലഭിച്ച വിവരമാണ് സുഷമ അദ്ദേഹത്തിന് കൈമാറിയത് .

സ്‌നേഹം മാത്രമല്ല കരുത്തും തന്നോടൊപ്പം ഉണ്ടെന്നു കൂടിയാണ് ഈ സംഭവത്തിലൂടെ അവർ തെളിയിച്ചത് . സുഷമയുടെ മരണമറിഞ്ഞു ഉമ്മൻ ചാണ്ടി തന്നെയാണ് ഈ വിവരം മാധ്യമ പ്രവർത്തകരുമായി പങ്കുവച്ചതും .

വയലാർ രവിക്കും ശശി തരൂരിനും അഹമ്മദിനും ഒക്കെ തല താഴ്‌ത്താൻ സുഷമ കാരണമായി

മന്മോഹൻ മന്ത്രിസഭയിൽ കാബിനറ്റ് റാങ്കിലാണ് വയലാർ രവി പ്രവാസി മന്ത്രി ആകുന്നത് . ഇ അഹമ്മദും ശശി തരൂരും വിദേശകാര്യ വകുപ്പും കൈകാര്യം ചെയ്തവരാണ് . എന്നാൽ കേരളത്തിൽ നിന്നുള്ള ഈ മൂന്നു പേർക്കും സാധിക്കാതെ പോയ കാര്യങ്ങളാണ് സുഷമയിലൂടെ കേരളം കണ്ടറിഞ്ഞത് . മന്ത്രിയായാൽ കോട്ടും സ്യൂട്ടും മാത്രം ഇടുന്നതാണ് മാറ്റം എന്ന് മലയാളികൾ മനസ്സിലാക്കിയതും മലയാളികളായ മന്ത്രിമാരിലൂടെയാണ് .

ഏറെ പ്രതീക്ഷകൾ നൽകി മലയാളികൾ ഡൽഹിയിൽ മന്ത്രിമാരാകുമ്പോൾ ഒടുവിൽ നിരാശയാണ് ഫലമായി ലഭിക്കുന്നത് . ഇക്കൂട്ടത്തിൽ ഏറ്റവും നിരാശപെടുത്തിയത് വയലാർ രവിയും . കേരളത്തിൽ പുലിയായി അറിയപ്പെട്ട അദ്ദേഹം മന്ത്രിയായപ്പോൾ പണക്കാരായ പ്രവാസികൾക്ക് വേണ്ടി പ്രവാസി ഭാരതീയ ഉത്സവ് പോലെയുള്ള ധൂർത്തു തട്ടികൂട്ടിയപ്പോൾ ഒരു വിളിപ്പാടകലെ സഹായവും ആയി താൻ കൂടെയുണ്ടെന്ന് തെളിയിച്ചതാണ് സുഷമയെ ജനങ്ങൾ ഹൃദയത്തിൽ താലോലിക്കാൻ കാരണമായതും . ജനങൾക്ക് വേണ്ടി അവരുടെ മുന്നിൽ കേരളത്തിലെ രാഷ്ട്രീയ നേതാകകൾ കക്ഷി രാഷ്ട്രീയം നോക്കാതെ ഓടിയെത്തിയ സ്മരണകളാണ് സിപിഐ നേതാവ് ആനി രാജ , കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ , മുൻ രാജ്യസഭാ അംഗം സി പി എം നേതാവ് കെ എൻ ബാലഗോപാൽ എന്നിവരൊക്കെ ഇന്നലെ പങ്കുവച്ചത് .

കോൺഗ്രസ് അധികാരത്തിൽ നിന്നിറങ്ങിയപ്പോൾ മലയാളികൾക്ക് ഡൽഹിയിലെ സ്‌നേഹതുരുത്തായിരുന്നു സുഷമ എന്നതും വിസ്മരിക്കാനാകില്ല . യുകെയിലും മലയാളികൾക്ക് എംബസി സേവനം പ്രയോജനപ്പെടുത്താൻ സുഷമയുടെ സഹായം തേടേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP