Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഷമയുടെ ഇടപെടലിൽ അതിവേഗ നടപടി; സിമികോട്ടിൽ ഉള്ള 104 തീർത്ഥാടകരെ രക്ഷപെടുത്തി നേപ്പാൾഗഞ്ചിൽ എത്തിച്ചു; ഏഴ് വിമാനങ്ങളിലായി തീർത്ഥാടകരെ മാറ്റിയത് ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് നേപ്പാൾ സർക്കാർ ഇടപെട്ട്; ഭക്ഷണവും വെള്ളവും അടക്കം സഹായഹസ്തവുമായി എംബസിക്കാരും രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കാൻ ഓടിയെത്തി; കൈലാസ്-മാനസ സരോവർ യാത്രയ്ക്ക് പോയി കുടുങ്ങിയ മുഴുവനും പേരെയും അധികം വൈകാതെ രക്ഷപെടുത്തും

സുഷമയുടെ ഇടപെടലിൽ അതിവേഗ നടപടി; സിമികോട്ടിൽ ഉള്ള 104 തീർത്ഥാടകരെ രക്ഷപെടുത്തി നേപ്പാൾഗഞ്ചിൽ എത്തിച്ചു; ഏഴ് വിമാനങ്ങളിലായി തീർത്ഥാടകരെ മാറ്റിയത് ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് നേപ്പാൾ സർക്കാർ ഇടപെട്ട്; ഭക്ഷണവും വെള്ളവും അടക്കം സഹായഹസ്തവുമായി എംബസിക്കാരും രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കാൻ ഓടിയെത്തി; കൈലാസ്-മാനസ സരോവർ യാത്രയ്ക്ക് പോയി കുടുങ്ങിയ മുഴുവനും പേരെയും അധികം വൈകാതെ രക്ഷപെടുത്തും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൈലാസ്-മാനസ സരോവർ യാത്രയ്ക്ക് പോയി കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ അതിവേഗ ഇടപെടൽ ഫലം കണ്ടു. 104 പേരെ സിമി കോട്ടിൽ നിന്നും രക്ഷപെട്ടു നേപ്പാൾ ഗഞ്ചിലെത്തിച്ചു. നേപ്പാൾ സർക്കാറാണ് ഹെലികോപ്ടറുകളുമായി സാഹയത്തിനെത്തിയത്. അതേസമയം എത്ര മലയാളികൾ സുരക്ഷിത സ്ഥലത്തെത്തി എന്നകാര്യത്തിൽ വ്യക്തതയില്ല. ചെറുവിമാനങ്ങളിലായി രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കയാണ്.

പ്രതികൂലമായ കാലാവസ്ഥ ഇവരുടെ രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നുണ്ട്. എന്നാൽ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പ്രതികരിച്ചു. ഇതിന് ശേഷം തീർത്ഥാടകരുടെ വിവരങ്ങൾ അറിയാൻ എംബസി അധികൃതർ എത്തി. സിമിക്കോട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വിമാനങ്ങളും സജ്ജമായിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാൽ ഇന്ന് തന്നെ പരമാവധി പേരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനാണ് ശ്രമം തുടങ്ങിയിരുന്നു.

1575 പേർ നേപ്പാളിലെ മൂന്നിടങ്ങളിലായാണ് തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നു. സിമിക്കോട്ട്, ഹിൽസ, ടിബറ്റ് എന്നിവിടങ്ങളിലായാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ നൂറോളം മലയാളികളും ഉൾപ്പെടും. സിമിക്കോട്ടിൽ കുടുങ്ങിയവർക്കാണ് കൂടതൽ ദുരിതം. കനത്ത മഴയും, പ്രതികൂലമായ കാലാവസ്ഥയും മൂലം പലയിടത്തും മണ്ണിടിച്ചലുണ്ടായതാണ് യാത്ര ദുഷ്‌കരമാക്കിയിരിക്കുന്നത്. നേപ്പാൾ സർക്കാരിനോട് തീർത്ഥാടകർക്കാവശ്യമായ സഹായം എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിമിക്കോട്ടിൽ തീർത്ഥാടകരുടെ ആരോഗ്യ പരിശോധന നടത്തുന്നുണ്ടെന്നും, ഹിൽസയിൽ പൊലീസ് അധികൃതരോട് ആവശ്യമായ സഹായം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമസ്വരാജ് അറിയിച്ചു.

ഹിൽസയിൽ മാത്രമാണ് എത്തിപ്പെടാൻ അൽപ്പം ബുദ്ധിമുട്ടെങ്കിലും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നുണ്ട്. സിമികോട്ടിൽ 525 തീർത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. 550 പേർ ഹിൽസയിലും ടിബറ്റ് ഭാഗത്ത് 500 പേരും കുടുങ്ങിക്കിടക്കുന്നു. തന്റെ ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നേപ്പാൾഗഞ്ച്, സിമികോട്ട് എന്നിവിടങ്ങളിൽ സഹായത്തിനായി നേപ്പാളിലെ ഇന്ത്യൻ എംബസി പ്രതിനിധികളെ അയച്ചിട്ടുണ്ട്. തീർത്ഥാടകർക്കാവശ്യമായ ഭക്ഷണവും വെള്ളവും അവർ എത്തിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. തീർത്ഥാടകരുടെ വിവരങ്ങൾ അറിയാൻ ഹോട്ട്‌ലെൻ നമ്പറുകളും കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്.

മലയാളം + 977- 9808500644(രഞ്ജിത്ത്), തമിഴ് +977- 98085006(ആർ മുരുഗൻ), തെലുങ്ക് + 977- 9808082292(നരേഷ്), കന്നഡ + 977-9818832398. ബന്ധപ്പെടേണ്ട മറ്റ് നമ്പർ തരുൺ രാജ +977-9851107021, താഷി കാമ്പ +977-98511550077, പ്രണവ് ഗണേശ് ഫെസ്റ്റ് സെക്രട്ടറി + 977 9851107006. കോഴിക്കോട് സ്വദേശികളായ വനജാക്ഷി, ചന്ദ്രൻ, എറണാകുളം സ്വദേശി ലക്ഷ്മി, മലപ്പുറം സ്വദേശി രമാദേവി എന്നിവരാണ് സിമികോട്ടിൽ കുടുങ്ങിയ മലയാളികൾ. മോശം കാലാവസ്ഥ കാരണം നേപ്പാളിലെ സിമികോട്ടിലാണ് കഴിഞ്ഞ ഏഴ് ദിവസമായി ഇവർ കുടുങ്ങിക്കിടക്കുന്നത്. േ

സേംഘത്തിലുള്ള പലർക്കും പലതരം രോഗങ്ങളുണ്ട്. ലുക്കീമിയ രോഗത്തെ അതിജീവിച്ചവർ പോലും സംഘത്തിലുണ്ട്. ഭക്ഷണത്തിനൊപ്പം രണ്ട് ദിവസത്തേക്കുള്ള മരുന്ന് കൂടിയേ ഇവരുടെ കൈയിലുള്ളൂ. അതുകൊണ്ട് തന്നെ ആഹാരത്തിനൊപ്പം മരുന്ന് കുറയുന്നതും പ്രശ്‌നങ്ങളുണ്ടാക്കും. കഴിഞ്ഞ ജൂൺ 21-നാണ് കൈലാസയാത്രയ്ക്കായി കേരളത്തിൽനിന്നുള്ള 37 അംഗ സംഘം യാത്രതിരിച്ചത്.

ലഖ്നൗ, നേപ്പാൾ ഗഞ്ച്, സിമിക്കോട്ട് വഴി കൈലാസ്-മാനസ സരോവരിലെത്തി പരിക്രമണം കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയാണ് പ്രശ്‌നമുണ്ടായത്. 27-നാണ് ഇവർ സിമികോട്ടിൽ എത്തിയത്. അവിടെനിന്ന് ചെറുവിമാനങ്ങൾവഴി മാത്രമേ യാത്ര സാധ്യമാകൂ. സിമിക്കോട്ടിന് 86 കിലോമീറ്റർ അകലെ വരെയേ റോഡുമാർഗം പോകാനാവൂ. പല സംഘങ്ങളായി കേരളത്തിൽനിന്നുള്ള 33 പേർ തിരിച്ച് ഇന്ത്യയിലെത്തി. അപ്പോഴേക്കും വിമാനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത വിധത്തിൽ കാലാവസ്ഥ മോശമാവുകയായിരുന്നു.

ഫോൺവഴി ആശയവിനിമയം സാധ്യമാകുന്നുണ്ട്. ഭക്ഷണം തീർന്നുതുടങ്ങിയതായും മറ്റു മാർഗങ്ങളൊന്നുമില്ലെന്നുമാണ് അറിയുന്നത്. കേന്ദ്രമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ കൂടുതലൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. അഞ്ചു ദിവസമായി നേപ്പാൾഗഞ്ചിൽനിന്നുള്ള ചെറുവിമാനങ്ങൾക്കു സിമിക്കോട്ടിലേക്കെത്താൻ കഴിയാത്തതാണ് ഇത്രയും പേർ അവിടെ കുടുങ്ങാൻ കാരണം. മഞ്ഞുമൂടിയതിനാൽ റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP