Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനപ്പുറത്ത് പോകുന്ന ഭഗവദ് വിഗ്രഹത്തിനു നേരെ കുരച്ചു ചാടുന്ന തെരുവ് ശ്വാനന്റെ വിലപോലും കോടിയേരിക്ക് ധർമ്മനിഷ്ഠനായ ആ യതിവര്യൻ നൽകുന്നില്ലെന്ന് പരിഹസിച്ച് ജനം ടിവി ചീഫ് എഡിറ്റർ; കൊളത്തൂർ അദ്വൈതാശ്രമം ക്രിമിനലുകളുടെ താവളമെന്ന് ആരോപിച്ച് ദേശാഭിമാനി; ബിഷപ്പിനേയോ മൗലവിയേയോ ഇങ്ങനെ വിമർശിക്കാനുള്ള ആർജവം കോടിയേരിക്കുണ്ടോ എന്ന് ചോദിച്ച് ചിദാനന്ദപുരിയും; കോടിയേരിയുടെ സന്യാസിവേഷം കെട്ടിയ ആർ എസ് എസുകാരനാണ് ചിദാനന്ദപുരിയെന്ന വിമർശനം ചർച്ചയാകുമ്പോൾ

ആനപ്പുറത്ത് പോകുന്ന ഭഗവദ് വിഗ്രഹത്തിനു നേരെ കുരച്ചു ചാടുന്ന തെരുവ് ശ്വാനന്റെ വിലപോലും കോടിയേരിക്ക് ധർമ്മനിഷ്ഠനായ ആ യതിവര്യൻ നൽകുന്നില്ലെന്ന് പരിഹസിച്ച് ജനം ടിവി ചീഫ് എഡിറ്റർ; കൊളത്തൂർ അദ്വൈതാശ്രമം ക്രിമിനലുകളുടെ താവളമെന്ന് ആരോപിച്ച് ദേശാഭിമാനി; ബിഷപ്പിനേയോ മൗലവിയേയോ ഇങ്ങനെ വിമർശിക്കാനുള്ള ആർജവം കോടിയേരിക്കുണ്ടോ എന്ന് ചോദിച്ച് ചിദാനന്ദപുരിയും; കോടിയേരിയുടെ സന്യാസിവേഷം കെട്ടിയ ആർ എസ് എസുകാരനാണ് ചിദാനന്ദപുരിയെന്ന വിമർശനം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പീഡന കേസിൽ കുടുങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലും വിമർശിക്കാൻ തയ്യാറാകാത്തവരാണ് സിപിഎം. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്വാമി ചിദാനന്ദപുരിയ്‌ക്കെതിരെ ആരോപണവുമായെത്തിയതെന്ന ആക്ഷേപം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ഹൈന്ദവ സംഘടനകൾ. ശബരിമലയിൽ സ്വാമി വിശ്വാസികൾക്കൊപ്പം നിന്നതാണ് കോടിയേരിയെ ചൊടുപ്പിച്ചതെന്ന പ്രചരണം നടത്താനാണ് നീക്കം.

അതിനിടെ കോടിയേരിയുടെ വിമർശത്തിന് മറുപടിയുമായി സ്വാമി ചിദാനന്ദപുരി തന്നെ രംഗത്ത് എത്തി. താൻ സന്യാസിയല്ലെന്ന് കോടിയേരി പറഞ്ഞത് ഏത് മാനദണ്ഡത്തിലാണെന്നും ഒരു ബിഷപ്പിനോടോ മൗലവിയോടോ കോടിയേരി ബാലകൃഷ്ണൻ ഇങ്ങനെ ചോദിക്കുമോയെന്നും സ്വാമി ചിദാനന്ദപുരി ആരാഞ്ഞു. കോടിയേരി ബാലകൃഷ്ണന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സഭ്യമായ ഭാഷയിൽ വിലയിരുത്താനും വിമർശിക്കാനും അവകാശമുണ്ട്. ഒരു വ്യക്തി സന്യാസനിഷ്ഠ പുലർത്തുന്നുണ്ടോ എന്നത് ആ വ്യക്തിക്ക് മാത്രമേ അറിയൂ. സന്യാസി അല്ല എന്നുപറയാൻ ആർക്കും അധികാരമില്ല. ഏതെങ്കിലും ബിഷപ്പിനോടോ മൗലവിയോടോ ഇങ്ങനെ പറയാനുള്ള ആർജവം കോടിയേരിക്കുണ്ടോ- സ്വാമി ചിദാനന്ദപുരി ചോദിച്ചു.

ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നടന്ന ശബരിമല കർമസമിതിയുടെ പ്രതിഷേധത്തിൽ ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ ഒരുസീറ്റ് പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സ്വാമി ചിദാനന്ദപുരിയെ വിമർശിച്ച് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്. സ്വാമി ചിദാനന്ദപുരി സന്യാസിയല്ല, സന്യാസിവേഷം കെട്ടിയ ആർ.എസ്.എസുകാരനാണെന്നും ശബരിമല കർമസമിതി ആർ.എസ്.എസിന്റെ കർമസമിതിയാണെന്നുമായിരുന്നു കോടിയേരിയുടെ വിമർശനം. ഇത് ഹൈന്ദവ സന്യാസിയോടുള്ള അപമാനമാണെന്ന് ശബരിമല കർമ്മ സമിതി വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തു കൊണ്ടു വരാനാണ് തീരുമാനം.

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ യുവതികളെ പിന്തുണച്ച പിണറായി സർക്കാർ ഓർത്തഡോക്‌സ്-യാക്കോബായ കേസിൽ മൗനം പാലിച്ചു. കോടതി വിധി നടപ്പാക്കിയില്ല. മുത്തലാഖിലും ഇരട്ടത്താപ്പാണ്. ചർച്ച് ആക്ട് നടപ്പാക്കാനും മടിക്കുന്നു. ഇതിന് സമാനമാണ് പീഡനക്കേസിൽ കുടുങ്ങിയ ബിഷപ്പുമാരെ പോലും വിമർശിക്കാത്തെ നടപടിയും. ഇതു ന്യൂനപക്ഷ പ്രീണനവും വോട്ട് ബാങ്കും ലക്ഷ്യമിട്ടാണ്. എന്നാൽ ഹൈന്ദവ ആചാരങ്ങളേയും വിശ്വാസങ്ങളേയും ക്ഷേത്രങ്ങളേയും സന്യാസിമാരേയും തകർക്കാൻ സിപിഎം മുന്നിട്ട് വരികയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് ചർച്ചയാക്കാനാണ് ശബരിമല കർമ്മ സമിതി ശ്രമിക്കുക. കേരളത്തിലെ ഏറ്റവും ആദരണീയനായ സന്യാസിയാണ് ചിദാനന്ദപുരി. അദ്ദേഹത്തെ കപട സന്യാസിയെന്ന് വിളിച്ചത് അവഹേളനമാണ്. ഇതിന് കോടിയേരിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട്. ചിദാനന്ദപുരിയുടെ പ്രത്യേകതകൾ വിവരിച്ച് ജനം ടിവി ചീഫ് എഡിറ്റർ ജികെ സുരേഷ് ബാബു കോളം എഴുതി. അതിനിടെ ചിദാനന്ദപുരിയ്‌ക്കെതിരെ ആരോപണങ്ങളുമായി ദേശാഭിമാനിയും രംഗത്ത് വന്നു. ഇതോടെ വിവാദം ചൂടു പിടിക്കുകയാണ്.

ജനംടിവി ചീഫ് എഡിറ്റർ ജികെ സുരേഷ് ബാബുവിന്റെ ലേഖനം

കോടിയേരിയും പിണറായിയും ഒരു സന്യാസിയുടെ പിതാവിനെ സ്മരിക്കുമ്പോൾ
സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി കാഷായമിട്ട ആർഎസ്എസ്സുകാരൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രണ്ടിടത്തായി പറഞ്ഞു. കോടിയേരി സ്വാമി ചിദാനന്ദപുരിയുടെ പൂർവ്വാശ്രമത്തിലെ പേരും അദ്ദേഹത്തിന്റെ പിതാവിന്റെ പേരും കൂട്ടിച്ചേർത്താണ് പത്രസമ്മേളനം നടത്തിയത്. കോടിയേരി ബാലകൃഷ്ണന്റെ മര്യാദയില്ലാത്ത ഈ നടപടി ഋഷിതുല്യനായ ആ സന്യാസിവര്യനെ വേദനിപ്പിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. കോടിയേരി ബാലകൃഷ്ണന്റെ പിതാവിനെക്കുറിച്ച് പരാമർശിച്ച് അദ്ദേഹം മറുപടി പറയുമെന്നായിരുന്നു പ്രതീക്ഷയെങ്കിൽ അതും അസ്ഥാനത്താണ്.

കണ്ണൂർ ജില്ലയിൽ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ് നമ്മുടെ സഖാവ് ബാലകൃഷ്ണൻ ജനിച്ചത്. കല്ലറ തലായി എൽ പി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു കുഞ്ഞുണ്ണി കുറുപ്പ്. കോടിയേരിയെപ്പോലെ വിവരദോഷിയായ ഒരു നീചജന്മത്തിന്റെ പേരിൽ കുഞ്ഞുണ്ണി കുറുപ്പിനെ അപഹസിക്കാനോ പരിഹസിക്കാനോ സ്വാമി ചിദാനന്ദപുരിയോ അദ്ദേഹത്തെ അറിയുന്നവരോ തയ്യാറായില്ല. കാരണം, സന്യസ്തന്റെ ധർമ്മം, പാത അതല്ല. ആനപ്പുറത്ത് പോകുന്ന ഭഗവദ് വിഗ്രഹത്തിനു നേരെ കുരച്ചു ചാടുന്ന തെരുവ് ശ്വാനന്റെ വിലപോലും കോടിയേരിക്ക് ധർമ്മനിഷ്ഠനായ ആ യതിവര്യൻ നൽകുന്നില്ല എന്നതു തന്നെയാണ് ഇതിന്റെ കാരണം.

സ്വാമി ചിദാനന്ദപുരിയുടെ മാത്രമല്ല, ഏത് സന്യാസിയുടെയും പൂർവ്വജന്മത്തെ കുറിച്ചും പൂർവ്വാശ്രമത്തിലെ ബന്ധുക്കളെ കുറിച്ചും ഈ രീതിയിൽ നികൃഷ്ടവും നീചവുമായ പരാമർശം നടത്തുന്നത് ഭാരതീയ സംസ്‌കാരത്തെയും പൈതൃകത്തെയും കൂറിച്ച് ധാരണയും വിവരവും ഇല്ലാത്തതുകൊണ്ടാണ്. സന്യാസജീവിതത്തിലേക്ക് ഒരാൾ കടക്കുന്നതിനു മുൻപുതന്നെ അതിന് യോഗ്യനാണോ എന്ന് ഗുരു പരിശോധിക്കും. സഹസ്രാബ്ദങ്ങളായി ജന്മജന്മാന്തരങ്ങളിലൂടെ തുടർന്നുവരുന്ന ഗുരുപാരമ്പര്യത്തിന്റെ ചങ്ങലക്കണ്ണിയിലേക്ക് ആവാഹിക്കപ്പെടാൻ ജീവിത നിയോഗം വേണം. അതിന് ജാതകത്തിൽ സന്യസ്തയോഗം വേണം. വരാൻപോകുന്ന ശിഷ്യനെക്കുറിച്ച് ഗുരുവിന് നേരത്തെ തന്നെ അറിവുണ്ടായിരിക്കും. പലപ്പോഴും ഗുരുക്കന്മാർ ഈ നിയോഗമറിഞ്ഞ് ശിഷ്യരെ തേടിയെത്തുകയാണ് പതിവ്. സ്വാമി വിവേകാനന്ദൻ ശ്രീരാമകൃഷ്ണപരമഹംസരെ തേടി എത്തിയ കഥ ജീവചരിത്രത്തിൽ വിവരിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ കോളേജിൽ ഇംഗ്ലീഷ് ക്ലാസ്സിൽ വില്യം ഹേസ്റ്റി എന്ന അദ്ധ്യാപകൻ വേഡ്സ് വർത്തന്റെ 'ദ നേച്ചർ' എന്ന കവിത പഠിപ്പിക്കുമ്പോൾ പ്രകൃതിയുടെ ലാസ്യലാവണ്യത്തിൽ മയങ്ങി താൻ സമാധിയിൽ ആണ്ടുപോയി എന്ന് കവി വിവരിക്കുന്ന ഭാഗം വ്യക്തമാക്കുമ്പോൾ സമാധി എന്ന വാക്കിനെക്കുറിച്ച് അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. സമാധി എന്ന അവസ്ഥ അനുഭവിക്കുന്ന, പൂർണ്ണമായും മനസ്സ് ഈശ്വരോന്മുഖമാക്കി അലകളില്ലാത്ത കടൽ പോലെ മനസ്സിനെ സ്വച്ഛന്ദമാക്കി സച്ചിദാനന്ദലഹരിയിൽ മനസ്സിനെ ലീനമാക്കി ഈശ്വരസാക്ഷാത്കാരത്തിൽ വിരാജിക്കുന്ന അവസ്ഥ അനുഭവിക്കുന്നവർ ഇന്നും ജീവിക്കുന്നു എന്ന് വില്യം ഹേസ്റ്റി വിവരിച്ചു.

ദക്ഷിണേശ്വരത്തെ ശ്രീരാമകൃഷ്ണപരമഹംസൻ എന്ന വലിയ വിദ്യാഭ്യാസമില്ലാത്ത സന്യാസിയെക്കുറിച്ച് കേട്ടപാടെ നരേന്ദ്രൻ എന്ന വിദ്യാർത്ഥി അവിടേക്ക് കുതിക്കുകയായിരുന്നു. 'നീ എത്തി അല്ലേ?' നരേന്ദ്രനോട് ശ്രീരാമകൃഷ്ണൻ ചോദിച്ച ആദ്യ ചോദ്യം അതായിരുന്നു. പക്ഷേ, ഈശ്വരചന്ദ്ര വിദ്യാസാഗർ അടക്കം പലരോടും ചോദിച്ച ചോദ്യമാണ് വിവേകാനന്ദൻ (നരേന്ദ്രൻ) തിരിച്ചു ചോദിച്ചത്, 'അങ്ങ് ഈശ്വരനെ കണ്ടിട്ടുണ്ടോ?' എന്ന്. 'ഉണ്ട്, നിന്നെ കാണുമ്പോലെ കണ്ടിട്ടുണ്ട്' എന്ന മറുപടിയിലൂടെ നരേന്ദ്രൻ വിവേകാനന്ദനായതും ഹിന്ദുസംസ്‌കാരത്തിന്റെയും സനാതന ധർമ്മത്തിന്റെയും ഉന്നതമൂല്യങ്ങളിലൂടെ ഈ ലോകത്തിന്റെ ദിശ തിരിച്ചതും ചരിത്രം. സ്വാമി വിവേകാനന്ദന്റെ ചരിത്രം മാത്രമല്ല, 'ഒരു യോഗിയുടെ ആത്മകഥ' എന്ന ഗ്രന്ഥത്തിൽ സ്വാമി യോഗാനന്ദപരമഹംസനും സന്യാസപാരമ്പര്യത്തിന്റെ ഉജ്ജ്വലമായ തുടർ പരമ്പരകളെ കുറിച്ചും ജന്മജന്മാന്തര ബന്ധങ്ങളെ കുറിച്ചും വരച്ചുകാട്ടിയിട്ടുണ്ട്.

പാടത്തെ പണിക്ക് വരമ്പത്ത് കൂലിയും തല്ലും അടിയും കൊലപാതകവും നിത്യവൃത്തിയാക്കിയ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനത്തിനുമിടയിൽ കോടിയേരിക്ക് എന്ത് വിവേകാനന്ദൻ! എന്ത് യോഗാനന്ദപരമഹംസൻ! പൊലീസെന്ന് ഇംഗ്ലീഷിൽ എഴുതാൻ അറിയില്ലെങ്കിലും പൊലീസ്മന്ത്രിയായി മാറിയ കോടിയേരിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഒരാൾ സന്യാസിയാകുമ്പോൾ ആ ജീവിതത്തിലുണ്ടാകുന്ന പരിവർത്തനത്തെ കുറിച്ച് സാമാന്യമായി മനസ്സിലാക്കാനുള്ള ബോധമെങ്കിലും കോടിയേരിക്ക് ഉണ്ടാകണം. കാരണം, പിണറായിയുടെ കസേരക്ക് ഇറച്ചിക്കടയ്ക്കു മുന്നിലെ തെരുവുപട്ടിയെ പോലെ കാത്തുനിൽക്കുന്ന കോടിയേരി ഭരിക്കാൻ പോകുന്ന സമൂഹത്തെ കുറിച്ച് മനസ്സിലാക്കണം. ആ ബോധം അല്പമെങ്കിലും ഉണ്ടായിരുന്നെങ്കിൽ പതിനായിരക്കണക്കിന് ഭക്തരുടെ ഗുരുസ്ഥാനത്തുള്ള സ്വാമി ചിദാനന്ദപുരിയെക്കുറിച്ച് ഇത്തരത്തിൽ നികൃഷ്ടമായ പരാമർശം നടത്തില്ലായിരുന്നു. ബ്രഹ്മചര്യത്തിനുശേഷം സന്യാസദീക്ഷ നൽകുമ്പോൾ ഒഴുകുന്ന പുഴയിൽ അതുവരെ ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം ഉപേക്ഷിക്കുന്ന സന്യാസി തന്റെ അതുവരെയുള്ള ഐഹികമായ ജീവിതത്തോട് വിടപറയുകയും കൂടിയാണ്.

തന്റെ മാതാപിതാക്കൾക്ക് ഈ ജന്മത്തിൽ ചെയ്യേണ്ട ഷോഡശക്രിയകളായ ബലിതർപ്പണവും പിണ്ഡവുമടക്കം വെച്ചതിനു ശേഷമാണ് ഒരാൾ സന്യാസം സ്വീകരിക്കുക. സത്യസ്തനായാൽ സ്ത്രീയായാലും പുരുഷനായാലും ലിംഗവ്യത്യാസത്തിനപ്പുറം അനന്തവും അവിരാമവുമായ ഈശ്വരചൈതന്യത്തിൽ ആമഗ്‌നനായി ഈശ്വരസാക്ഷാത്കാരത്തിന്റെ ചിദാനന്ദലഹരിയിലേക്ക് നീങ്ങുകയാണ്. സർവ്വചരാചരങ്ങളിലും ഈശ്വരാംശം ദർശിക്കുന്ന സമസ്ത ചരാചരങ്ങളിലും സച്ചിദാനന്ദബ്രഹ്മത്തെ ദർശിക്കുന്ന സന്യസ്തനു മുന്നിൽ ഈശ്വരോന്മുഖമായ, പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു തന്നെ കാരണമായ ധർമ്മം മാത്രമേയുള്ളൂ. സ്വീകരിക്കുന്ന ഭിക്ഷപോലും ധർമ്മമായി കണക്കാക്കുന്ന, സനാതനധർമ്മത്തിന്റെ ബാലപാഠം പോലുമറിയാത്ത ബാലകൃഷ്ണൻ കോടിയേരിക്ക് ഇത് മനസ്സിലാകാതെ പോയത് കുഞ്ഞുണ്ണിക്കുറുപ്പ് ബാല്യകാലത്ത് വേണ്ട ശിക്ഷണം നൽകാത്തതുകൊണ്ടാണ് എന്ന കാര്യത്തിൽ അശേഷം സംശയമില്ല.

ഏതാണ്ട് ഇതേ രീതിയിൽ തന്നെയാണ് കോരന്റെ മകൻ പിണറായി വിജയനും പ്രതികരിച്ചത്. എന്താണ് പിണറായിക്കും കോടിയേരിക്കും ഇടതുമന്ത്രിസഭയിലെ അംഗങ്ങൾക്കും പറ്റിയത്? ചോദിക്കാതിരിക്കാനാകില്ല. മന്ത്രി ജി സുധാകരൻ അധികാരമേറ്റ നാളുമുതൽ സന്യാസിമാരുടെ ജട്ടി തപ്പി നടക്കുകയാണ്. പല സന്യാസിമാരും പഴയ രീതിയിൽ ലങ്കോട്ടി അഥവാ കോണകമാണ് ധരിക്കുന്നതെന്ന് ആരൊക്കെയോ കത്തയച്ചിട്ടും അത് മനസ്സിലാക്കാതെ പിന്നെയും പിന്നെയും സന്യാസിമാരുടെ ജട്ടിക്കുവേണ്ടി മുറവിളി കൂട്ടുന്ന ജി സുധാകരന്റെയും പിതാവ് ഗോപാലപിള്ള ആ പ്രദേശത്തെ അറിയപ്പെടുന്ന ഭാഗവതപാരായണക്കാരനും ആദ്ധ്യാത്മിക-ധാർമ്മിക ആചാര്യനുമായിരുന്നു. അദ്ദേഹത്തിന് കിട്ടാത്ത അംഗീകാരം മറ്റു സന്യാസിവര്യന്മാർക്ക് കിട്ടുന്നതുകൊണ്ടാകാം ജി സുധാകരന് സന്യാസിമാരോടുള്ള അവഹേളനത്തിന്റെ കാരണമെന്ന് ആശ്വസിക്കാം. പക്ഷേ, സന്യാസിമാരോട് കോടിയേരിയും പിണറായിയും ജി സുധാകരനും കാട്ടുന്ന ഈ അവഹേളനവും അപമാനവും മറ്റു മതസ്ഥരോട് കാട്ടുന്നില്ല എന്നു കാണുമ്പോഴാണ് ഞങ്ങളിലില്ല ഹൈന്ദവരക്തം ഞങ്ങളിലില്ല മുസ്ലിം രക്തം ഞങ്ങളിലില്ല ക്രൈസ്തവ രക്തം എന്ന പഴയ മുദ്രാവാക്യം ഭോഷ്‌ക്കാണെന്ന് ബോദ്ധ്യപ്പെടുക.

മൂന്നാറിലെ മലയിൽ അനധികൃതമായി കൈയേറ്റക്കാർ സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കിയ ശ്രീറാം വെങ്കിട്ടരാമനോട് മുഖ്യമന്ത്രി ചോദിച്ച ചോദ്യം കേരളത്തിലെ ഹിന്ദുക്കളോടുള്ള ചോദ്യമാണ്. കുരിശ് എന്തുപിഴച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. കുരിശല്ല പിഴച്ചത് സർക്കാർ ഭൂമിയിൽ അവകാശമില്ലാത്തിടത്ത് കുരിശ് കൊണ്ടിട്ട അച്ചന്മാരാണ് പിഴച്ചത്. അതിന്റെ പിന്നിൽ കുരിശിന്റെ മറവിൽ ഭൂമി കൈയേറ്റം നടത്തിയ കൈയേറ്റക്കാരാണ് പിഴച്ചത്. ക്രിസ്തുവിന്റെ മണവാട്ടികളായ തങ്ങളെ പിഴപ്പിക്കാൻ ശ്രമിച്ചുവെന്ന് കന്യാസ്ത്രീകൾ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ ഉരുണ്ടു കളിച്ച പിണറായിയുടെ പ്രീണനം മാത്രം മതി ഹിന്ദു സന്യാസിമാരോടും ഇതര മതങ്ങളിലെ പുരോഹിതരോടുമുള്ള നിലപാട് മനസ്സിലാകാൻ. ഈ പിഴച്ചവർക്കെതിരെയൊന്നും നടപടിയെടുക്കാൻ തയ്യാറാകാത്ത പിണറായി വിജയന്റെ നെറികെട്ട വിധേയത്വം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പ്രീണനം മാത്രമാണെന്ന് സ്വബുദ്ധിയുള്ള ആർക്കും മനസ്സിലാകും.

പട്ടിണിക്കും ദാരിദ്ര്യത്തിനും മതമുണ്ടോ? ആകാശം മേൽക്കൂരയാക്കിയ അരപ്പട്ടിണിക്കാരനെയും മുഴുപ്പട്ടിണിക്കാരനെയും മതത്തിന്റെ പേരിൽ വേർതിരിക്കുന്നത് ഏത് മാർക്സിയൻ തത്വശാസ്ത്രമനുസരിച്ചാണെന്ന് പറയാൻ കഴിയുമോ? ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട - മുസ്ലിം വിഭാഗത്തിൽപ്പെട്ട വിധവകൾക്ക് പാർപ്പിടം അനുവദിക്കാൻ പ്രത്യേക ഫണ്ട് അനുവദിച്ചതിന്റെ യുക്തി എന്താണെന്ന് വ്യക്തമാക്കാനുള്ള ബാധ്യതയും സംസ്ഥാനസർക്കാരിനുണ്ട്. യാക്കോബായ ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സുപ്രീംകോടതിവിധി നടപ്പിലാക്കാതെ അനുരഞ്ജനചർച്ചയ്ക്ക് പോവുകയും ബിഷപ്പുമാരുടെ കൈ മുത്തുകയും ചെയ്ത പിണറായിയും മന്ത്രിമാരും ഓരോരോ നിയോജകമണ്ഡലത്തിലെയും സംഘടിത വോട്ടുബാങ്കിന്റെ സ്വാധീനത്തിന് അനുസരിച്ച് മൂന്നാംകിട രാഷ്ട്രീയമാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ആദിവാസികളുടെ ഭൂമി വീണ്ടെടുക്കാനുള്ള സുപ്രീംകോടതി വിധി വന്നിട്ട് വർഷങ്ങൾ എത്രയായെന്ന് ആലോചിക്കണം. അവരുടെ ഭൂമി വീണ്ടെടുത്ത് തിരിച്ചു നൽകാനുള്ള നട്ടെല്ല് കാട്ടുന്നതിനു പകരം സുപ്രീം കോടതിവിധി നടപ്പിലാക്കാതെ ഭൂമി തിരിച്ചു കൊടുക്കാതിരിക്കാൻ നിയമനിർമ്മാണത്തിനു പോയ ഇടതുമുന്നണിയും വലതു മുന്നണിയും പ്രതിനിധീകരിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ രണ്ടു വശങ്ങൾ തന്നെയാണ്. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ.

ഇക്കാര്യങ്ങൾ പലതും തുറന്നു പറഞ്ഞു എന്നതാണ് സ്വാമി ചിദാനന്ദപുരി ചെയ്ത തെറ്റ്. സ്വാമി ചിദാനന്ദപുരി ആർഎസ്എസ്സുകാരനാണ് എന്ന് പറഞ്ഞ് നടത്തിയ പരാമർശത്തെ ആർഎസ്എസ് എങ്ങനെ കാണുന്നു എന്ന് കഴിഞ്ഞ ദിവസം വത്സൻ തില്ലങ്കേരി പ്രതികരിച്ചിട്ടുണ്ട്. സ്വാമി ചിദാനന്ദപുരി ആർഎസ്എസ്സാണ് എന്നു പറയുന്നത് ആർഎസ്എസ്സിന് ഒരു അംഗീകാരമാണെന്നാണ് തില്ലങ്കേരി പറഞ്ഞത്. ധർമ്മശാസ്ത്രങ്ങളുടെയും ഭാരതീയ ചിന്തയുടെയും പുരാണങ്ങളുടെയും ഉപനിഷത്തുക്കളുടെയും ഒക്കെ ലോകത്ത് വിരാജിക്കുന്ന പാണ്ഡിത്യഗർവ്വില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരനായ ആ സന്യാസിശ്രേഷ്ഠന്റെ ഏതെങ്കിലും ഒരു പുസ്തകം പകർത്തിയെഴുതാനുള്ള യോഗ്യതയെങ്കിലും പിണറായിക്കും കോടിയേരിക്കും ഉണ്ടായാൽ ഈ ജന്മം സാർത്ഥകമാകും. ഭഗവദ്ഗീതയുടെ ശങ്കരഭാഷ്യം ഏതാനും അദ്ധ്യായങ്ങൾ ചിദാനന്ദപുരി സ്വാമി മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ധർമ്മാനുസൃത ജീവിതത്തിന്റെയും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ധർമ്മം കൊണ്ടുവരുന്നതിന്റെയും യുക്തിഭദ്രത അദ്ദേഹം വരച്ചുകാട്ടിയിട്ടുണ്ട്. അത് ആ ഗ്രന്ഥങ്ങൾ ചുമടായെങ്കിലം ഏറ്റാനുള്ള യോഗ്യത ഈ പുംഗവന്മാർക്ക് വരും ജന്മമെങ്കിലും ഉണ്ടായാൽ മതി.

സ്വാമി ചിദാനന്ദപുരിയുടെ പൂർവ്വാശ്രമത്തെ കുറിച്ച്, പൂർവ്വാശ്രമത്തിലെ മാതാപിതാക്കളെ കുറിച്ച് കോടിയേരിയും പിണറായിയും പറയുമ്പോൾ സ്വാമി അതിന് തിരിച്ച് മറുപടി പറയാത്തത് സന്യാസജീവിതത്തിന്റെ സംസ്‌കാരം കൊണ്ടാണ്. ആ സംസ്‌കാരത്തിന്റെ മഹത്വം തിരിച്ചറിയാനുള്ള യോഗ്യതയും അവർക്കില്ല. പക്ഷേ, സന്യസ്തരല്ലാത്ത യുവാക്കൾ വേറെയുണ്ട്. അവർ കോരനെയും കുഞ്ഞുണ്ണി കുറുപ്പിനെയും മാത്രമല്ല, കക്ഷത്തിൽ ബാഗിലിരുന്ന ബോംബ് പൊട്ടി പരിക്കേറ്റ എം വി രാജഗോപാലൻ മാസ്റ്ററെയൊക്കെ അനുസ്മരിച്ചാൽ, അനുസ്മരിപ്പിച്ചാൽ അത് വല്ലാത്ത അസ്‌കിതയാകുമെന്ന് ഓർമ്മിപ്പിക്കാതിരിക്കാൻ വയ്യ.

ചിദാനന്ദപുരിയ്‌ക്കെതിരെ ദേശാഭിമാനി വാർത്ത ഇങ്ങനെ

കൊളത്തൂർ അദ്വൈതാശ്രമം ക്രിമിനലുകളുടെ താവളം

ക്രിമിനലുകൾക്ക് ഒളിത്താവളം ഒരുക്കി കുപ്രസിദ്ധമായ കൊളത്തൂർ അദ്വൈതാശ്രമം വീണ്ടും വാർത്തകളിൽ നിറയുന്നു. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ക്രിമിനലുകളെ ഒളിവിൽ താമസിപ്പിക്കാനും സംരക്ഷിക്കാനും ആശ്രമത്തിന്റെ ചുമതലക്കാരടക്കം മുൻകൈ എടുക്കുന്നതായാണ് വിവരം. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയ ആൾ ആശ്രമത്തിൽ ഒളിവിൽ കഴിയവെ പിടിയിലായത് കഴിഞ്ഞ നവംബറിലാണ്. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ശക്തനായ പ്രചാരകനായ സ്വാമി ചിദാനന്ദപുരിയെന്ന കൊയിലാണ്ടി പിഷാരികാവ് സ്വദേശി സത്യനാഥനാണ് മുഖ്യ ചുമതലക്കാരൻ.

ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ വോട്ട് ചെയ്യാൻ കഴിഞ്ഞദിവസം ചിദാനന്ദപുരി ആഹ്വാനം ചെയ്തതോടെയാണ് കൊളത്തൂർ ആശ്രമത്തിന്റെയും 'സ്വാമി'യുടെയും ബിജെപി --സംഘപരിവാർ ബന്ധം മറനീക്കി പുറത്തുവരുന്നത്. ശബരിമല പ്രശ്‌നം രൂക്ഷമാക്കാൻ വർഗീയ വിഷം ചീറ്റുന്ന പ്രസംഗം നിരവധി സ്ഥലങ്ങളിലാണ് ശബരിമല കർമസമിതി മുഖ്യരക്ഷാധികാരിയായിരുന്ന ഇയാൾ നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെയും ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആർഎസ്എസുകാരനെ കൊളത്തൂർ ആശ്രമത്തിലാണ് ഒളിപ്പിച്ചത്. ചെറുതാഴം മണ്ടൂർ കൊവ്വൽകളരിയിലെ പരത്തി ഹൗസിൽ വിജേഷിനെ പൊലീസ് പിടികൂടാതിരിക്കാൻ എല്ലാ സഹായവും നൽകിയത് ചിദാനന്ദപുരിയായിരുന്നു. നാളുകളോളം ഇയാൾ കൊളത്തൂർ ആശ്രമത്തിൽ ഒളിവിലായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് കണ്ണൂർ ടൗൺ എസ്‌ഐ ശ്രീജിതുകൊടേരി കഴിഞ്ഞ നവംബർ രണ്ടിന് ഇയാളെ അറസ്റ്റ്‌ചെയ്തത്. ചിദാനന്ദപുരിയുടെ അറിവോടെയാണ് ആശ്രമത്തിൽ പാർപ്പിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ക്രിമിനൽ പ്രവർത്തനം നടത്തുന്ന ആർഎസ്എസ് പ്രവർത്തകരെ ഒളിവിൽ പാർപ്പിക്കുന്നതും ആശ്രമത്തിലാണെന്ന് വിവരമുണ്ട്.

ദുരൂഹതകൾ നിറഞ്ഞതാണ് ചിദാനന്ദപുരിയുടെ ജീവിതം. 25 വർഷങ്ങൾക്ക് മുമ്പാണ് സ്വന്തം നാടായ കൊയിലാണ്ടി ഉപേക്ഷിച്ച് നന്മണ്ട പഞ്ചായത്തിലെ കൊളത്തൂരിൽ എത്തുന്നത്. സ്വയം സ്വാമിയായി അവകാശപ്പെട്ട് ചിദാനന്ദപുരി എന്ന പേരും സ്വീകരിച്ചു. കൊളത്തൂരിൽ ആശ്രമവും തുടങ്ങി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP