Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ആർത്തവ കലണ്ടർ' സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മുതൽ 'ഐടി'യുടെ അത്ഭുത ലോകം വരെ മനസിലാക്കി കൊടുത്തു; സാനിട്ടറി നാപ്കിനുകൾ മുതൽ അന്നമില്ലാത്തവർക്ക് ഭക്ഷണം വരെ നൽകി; കൃഷിയിലൂടെ വരുമാനവും ചെറുകിട പ്രോസസ്സിങ് യൂണിറ്റ് വരെ തുടങ്ങാനും ഒപ്പം നിന്നു; ഗർഭിണികൾ അടക്കമുള്ളവരിൽ നിന്ന് അനീമിയ അപ്പാടെ തുടച്ച് നീക്കി; വനപർത്തിയുടെ വഴികാട്ടിയായ 'ഐഎഎസ് റാണി'യ്ക്ക് നിറകൈയടി

'ആർത്തവ കലണ്ടർ' സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മുതൽ 'ഐടി'യുടെ അത്ഭുത ലോകം വരെ മനസിലാക്കി കൊടുത്തു; സാനിട്ടറി നാപ്കിനുകൾ മുതൽ അന്നമില്ലാത്തവർക്ക് ഭക്ഷണം വരെ നൽകി; കൃഷിയിലൂടെ വരുമാനവും ചെറുകിട പ്രോസസ്സിങ് യൂണിറ്റ് വരെ തുടങ്ങാനും ഒപ്പം നിന്നു; ഗർഭിണികൾ അടക്കമുള്ളവരിൽ നിന്ന് അനീമിയ അപ്പാടെ തുടച്ച് നീക്കി; വനപർത്തിയുടെ വഴികാട്ടിയായ 'ഐഎഎസ് റാണി'യ്ക്ക് നിറകൈയടി

മറുനാടൻ ഡെസ്‌ക്‌

വനപർത്തി: ഒരു ജില്ലാ കലക്ടറെന്നാൽ നാടിന്റെ രക്ഷയ്ക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കാൻ പ്രതിജ്ഞ ചെയ്തവരാണ്. അത്തരത്തിൽ പ്രവർത്തിച്ച് നാടിന്റെ ആദരം ഏറ്റുവാങ്ങിയ ഒട്ടേറെ പേരെ നാം കണ്ടിട്ടുമുണ്ട്. എന്നാൽ ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളേറ്റു വാങ്ങി വഴികാട്ടിയായി മുന്നിൽ നിന്ന് ദാരിദ്ര്യം എന്ന ശത്രുവിനെ തുടച്ച് നീക്കിയ 'ഐഎഎസ് റാണിക്ക്' നിറ കണ്ണുകളോടെ നന്ദി പറയുകയാണ് തെലങ്കാനയിലെ വനപർത്തി എന്ന ജില്ല.

തനിക്ക് ലഭിച്ച കർമ്മഭൂമിയിൽ താൻ നടപ്പാക്കേണ്ടതെന്തെന്ന് മനസിലാക്കിയ ശ്വേത മെഹന്തി ഐഎഎസിന്റെ പ്രവർത്തന ഫലമായി അപ്പാടെ മാറിപ്പോയ വനപർത്തിയുടെ കഥ നമുക്ക് അഭിമാനത്തോടെ തന്നെ പറയാം. ഒരു ചാൺ വയറ് നിറയ്ക്കാൻ പെടാപ്പാട് പെടുന്നത് മുതൽ ആർത്തവ കാല ശുചിത്വം മുതൽ തൊഴിലില്ലായ്മ വരെ അനുഭവിച്ച ഒരു നാടിനെ പുരോഗതിയുടെ വിഹായസിലേക്ക് നയിച്ച ഈ മിടുമിടുക്കിയുടെ കഥ കേട്ടാൽ ആരും നിറകണ്ണുകളോടെ പറയും 'മാഡം ബിഗ് സല്യൂട്ട്'...

കർമ്മ നിരതയായി മാറിയ ശ്വേത മെഹന്തി

തനിക്ക് തെലങ്കാനയിലെ വനപർത്തിയിൽ പോസ്റ്റിങ് ലഭിച്ച ആദ്യ ദിനം മുതൽ ശ്വേത ആ നാടിന്റെ തുടിപ്പ് മനസിലാക്കുകയായിരുന്നു. പട്ടിണിയും, ദാരിദ്രവും, ചൂഷണവും, തൊഴിലില്ലായ്മയും, രോഗവും, വിദ്യാഭ്യാസം ഉൾപ്പടെ അത്യാവശ്യമായ ഘടകങ്ങളുടെ കുറവുമടക്കം ഇഴഞ്ഞ് നീങ്ങിയിരുന്ന ഒരു ജനതയുടെ ചുമതലയാണ് തനിക്കെന്ന് മനസിലാക്കിയ ആ മിടുമിടുക്കി ഏറ്റവും താഴെ തട്ടിൽ നിന്നും തന്നെ തന്റെ കർമ്മം ആരംഭിച്ചു. ആദ്യം വിശപ്പിനെ തന്നെ തുടച്ച് നീക്കി ആരംഭിച്ച ജൈത്രയാത്ര ഇപ്പോൾ വന്നു നിൽക്കുന്നത് വനപർത്തി എന്ന നാടിന്റെ സ്വയം പര്യാപ്തതയിലാണ്.

വാക്കുകളിലല്ല പ്രവർത്തിയിലാണ് കാര്യമെന്ന് വിശ്വസിച്ചിരുന്ന ശ്വേത വാഗ്ദാനങ്ങൾ നൽകിയില്ല. പകരം പ്രവർത്തിച്ച് കാണിച്ചു. തോൽക്കുമോ എന്ന് ഭയന്നില്ല പകരം വെല്ലുവിളികളെ സധൈര്യം നേരിടാൻ തീരുമാനിച്ചു. വനപർത്തിയിൽ തന്റെ നേതൃത്വത്തിൽ വന്ന മാറ്റങ്ങളെ പറ്റി ശ്വേതയ്ക്ക് ഒട്ടേറെ ഒന്നും പറയാനില്ല. പകരം ഒരു പുഞ്ചിരി മാത്രം. കർമ്മഭൂമിയിൽ പോരാടി വിജയം കണ്ട മഹാറാണിയുടെ നിർവൃതിയാണ് ആ ചിരിയിൽ കാണുന്നത്.

സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ദാരിദ്ര്യവും പട്ടിണിയും രോഗവും ദുരിതവും മാറാത്ത നാടുകൾ ഇന്ത്യയിൽ പലയിടത്തുമുണ്ട്. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ഒരു ജില്ലയെ തന്നെ മാറ്റിയെടുക്കാൻ ഒരു യുവ ഐഎഎസ് ഓഫീസർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അത് രാജ്യത്തെ ഐഎഎസ് പദവിയലങ്കരിക്കുന്ന ഏവരും മാതൃകയാക്കേണ്ട ഒന്നുകൂടിയാണ്.

അനീമിയയടക്കമുള്ള രോഗങ്ങൾ...ആദ്യം പടിക്ക് പുറത്താക്കിയതിങ്ങനെ

ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന നാൽപത് ശതമാനം ഗർഭിണികളും അനീമിയയ്ക്ക് അടിമകൾ !. ഇത് ഇവർക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളേയും ബാധിക്കുമെന്ന് മനസിലാക്കിയതോടെ ആദ്യം മരുന്നിനും ഭക്ഷണത്തിനുമുള്ള മാർഗമൊരുക്കുകയാണ് ശ്വേത ചെയ്തത്. ഒപ്പം തന്നെ പെൺകുഞ്ഞുങ്ങൾക്ക് ബോധവത്കരണ ക്ലാസുകളും നൽകി തുടങ്ങി. ജില്ലയിലെ ഭൂരിഭാഗം സ്ത്രീകളിലും അനീമീയ സാരമായി ബാധിച്ചിട്ടുണ്ടെന്നറിഞ്ഞ കലക്ടർ ആരോഗ്യ വിദ്ഗധരെ വിളിച്ച് നടത്തിയ അടിയന്തര ഓപ്പറേഷനായിരുന്നു ആരോഗ്യ രംഗത്തെ ശുദ്ധികലശത്തിന്റെ തുടക്കം.

ജില്ലയിൽ പ്രവർത്തിക്കുന്ന 110 സർക്കാർ സ്‌കൂളുകളിലെ 8000ൽ അധികം പെൺകുട്ടികളുടെ രക്തപരിശോധന നടത്തിയപ്പോൾ കലക്ടർ ഞെട്ടി. ഭൂരിഭാഗം പേർക്കും അനീമിയയുണ്ട്. ഉടൻ തന്നെ ഇവർക്കായി ബോധവത്കരണവും ഇതിൽ നിന്നും ര്ക,നെടുന്നതിനുള്ള മാർഗങ്ങളും പറഞ്ഞു കൊടുത്ത് ആരോഗ്യത്തിന്റെ പാതയിലേക്ക് നയിച്ചു. സാനിട്ടറി നാപ്കിനുകളെ പറ്റി കാര്യമായി അറിവില്ലാതിരുന്ന പെൺകുട്ടികളടക്കമുണ്ടായിരുന്ന വനപർത്തിയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ആർത്തവ കലണ്ടർ സൂക്ഷിക്കുന്നത് മുതൽ വൈറ്റമിൻ ഗുളികകൾ വരെ വിതരണം ചെയ്ത് ആദ്യ ചുവട് വയ്‌പ്പ്.

കുട്ടികളിൽ മിക്കവർക്കും ഒരു നേരത്തെ അന്നം പോലും കണ്ടെത്താൻ കഴിയാത്തവരാണ് മനസിലാക്കിയതോടെ ഭക്ഷണം നൽകി. അനീമിയയ്‌ക്കെതിരെ ശ്വേത നടത്തിയ പോരാട്ടം ആറ് മാസത്തിനകം ഫലം കണ്ടു. ശ്വേതയുടെ പ്രയത്‌നത്തിനൊപ്പം നാട്ടിലെ അദ്ധ്യാപകരം തോളോട് തോൾ നിന്ന് പ്രവർത്തിച്ചു. സമത എന്ന പേരിൽ കലക്ടർ നടത്തിയ ബോധവത്കരണ പരിപാടി ഫലം കണ്ടത് അനീമിയ ബാധിതരുടെ എണ്ണം വെറും നാലു ശതമാനമായി കുറഞ്ഞു എന്നതാണ്.

സ്വയം പര്യാപ്തതയുടെ തങ്കത്തിളക്കം

വനപർത്തിയിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും കൃഷിയും കൃഷി അനുബന്ധ പ്രവർത്തനങ്ങളിലൂടെും ഉപജീവനം നടത്തിയിരുന്നവരായിരുന്നു. എന്നാൽ ഇതിൽ നിന്നും ഇവർക്ക് ആവശ്യത്തിനുള്ള വരുമാനം കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിലക്കടലായായിരുന്നു ഇവിടത്തെ പ്രധാന കൃഷി. എന്നാൽ മുടക്ക് മുതലിന്റെ പകുതി പോലും വിളവെടുപ്പ് കഴിഞ്ഞാൽ കിട്ടുന്നില്ലെന്ന് കർഷകർ കലക്ടറുടെ മുൻപിൽ നിറ കണ്ണുകളോടെ പറഞ്ഞപ്പോൾ ഇവരെ സ്വയം പര്യാപ്തതയിലെത്തിക്കാനായി ശ്വേതയുടെ ശ്രമം.

നിലക്കടല ഉപയോഗിച്ച് വ്യത്യസ്ഥമായ ഉൽപനങ്ങൾ നിർമ്മിക്കാൻ പരിശീലനം നൽകിയ ശേഷം ഇവരെ ചെറു ഗ്രൂപ്പുകളായി തിരിച്ചു. ദട്ടിയപ്പള്ളി എന്ന ഗ്രാമത്തിൽ ചെറിയ ഒരു പ്രോസസിങ് യൂണിറ്റ് കൂടി തുടങ്ങിയതോടെ സംഗതി ടോപ് ഗിയറിലാണ് മുന്നോട്ട് നീങ്ങിയത്. പീനട്ട് ബട്ടർ, മിഠായി, എണ്ണ എന്നിങ്ങനെ വിവിധ ഉൽപന്നങ്ങൾ കർഷകർ നിർമ്മിച്ചു തുടങ്ങിയപ്പോൾ പല നാടുകളിൽ നിന്നും ഓർഡറിന്റെ മഹാപ്രളയമായിരുന്നു സംഭവിച്ചത്. തോൽക്കരുത് എന്ന ചിന്തയോടെ ഒറ്റക്കെട്ടായി നിന്ന ഒരു ജനതയുടെ മഹാവിജയമായിരുന്നു അത്.

ഇരട്ടിക്കിരട്ടിയായി ഇവരുടെ പ്രയത്‌നത്തെ ലാഭം തേടിയെത്തി. വോട്ട് എന്നാൽ ജനങ്ങൾ തന്നെ ജനത്തിന് വേണ്ടി നില കൊള്ളുന്നതാണെനന് പാഠം കൂടി ശ്വത വനപർത്തിയെ പഠിപ്പിച്ചതോടെ പോളിങ് ബൂത്തിലെത്തി സമ്മതിദാനമറിയിക്കാനും ഇവർ സധൈര്യം മുന്നോട്ട് വന്നു. തങ്ങളുടെയും നാടിന്റെയും മുന്നേറ്റത്തിൽ ജനാധിപത്യം എന്ന പ്രക്രിയയ്ക്കും വലിയ സ്ഥാനമുണ്ടെന്ന് വനപർത്തിയെ ശ്വേതയെന്ന മിടുമിടുക്കി പഠിപ്പിച്ചു.

ആർത്തവ കലണ്ടറിൽ നിന്നാരംഭിച്ച് ഐടിയിൽ വരെ അറിവ് നൽകി

ഇന്നിന്റെ ലോകം നില നിൽക്കുന്നത് തന്നെ ഐടി എന്ന സാങ്കേതിക മായാജാലത്തിലാണെന്ന സത്യമറിയാവുന്ന കലക്ടർ അടുത്തതായി വനപർത്തിയെ കൈപിടിച്ച് നടത്തിയത് കംപ്യൂട്ടർ വിദ്യാഭ്യാസത്തിലേക്കാണ്. ഇന്റർനെറ്റിന്റെ ലോകത്തേക്ക് സ്‌കൂൾ വിദ്യാർത്ഥികളെ കൈപിടിച്ചു നടത്തിയ ശ്വേത കുഞ്ഞുങ്ങൾക്കായി സന്നധ സംഘടനയുടെ സഹായത്തോടെ ലാപ്‌ടോപ്പ് കംപ്യൂട്ടറുകൾ ലഭ്യമാക്കുകയും അതിന്റെ ബാലപാഠങ്ങൾ അടക്കം അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് ഐടി എന്ന മഹാവിപ്ലവം കൂടിയേ തീരൂവെന്നത് ഒരു നാട് മുഴുവൻ മനസിലാക്കിയത് ശ്വേതയിലൂടെയാണ്. കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം കൂടി മികച്ച രീതിയിലായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്ന ശ്വേത അതിനായുള്ള ശ്രമങ്ങൾ നടത്തി വിജയിച്ചതും അഭിമാനത്തോടെ തന്നെ പറയുന്നു. വോളണ്ടിയർമാരെ വച്ച് കുഞ്ഞുങ്ങളുമായി സംവദിച്ചാണ് ഇതിനുള്ള പരിഹാരം കലക്ടർ കണ്ടത്.

ഇച്ഛാശക്തിയും പ്രാർത്ഥനയും എന്തിനേയും നേരിടാനുള്ള ധൈര്യവും കൊണ്ട് ഒരു നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയെടുത്ത ശ്വേത മെഹന്തി ഐഎഎസ് നമുക്കേവർക്കും പ്രചോദനവും മാതൃകയുമാണ്. വനപർത്തിയുടെ വഴികാട്ടിയായി മാറിയ ഐഎഎസ് റാണിക്ക് കൊടുക്കാം ബിഗ് സല്യൂട്ട്.....

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP