Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർ ആലഞ്ചേരിയെ ഓടിച്ച് ഭരണം പിടിക്കാൻ ശ്രമിച്ച മാർ എടയന്ത്രത്തിന് ഇനി സസ്‌പെൻഷൻ പീരീഡ്; സിനിഡിന് കരുണ തോന്നിയാൽ മാത്രം എവിടെയെങ്കിലും ഭരണ ചുമതല ലഭിക്കും; മെത്രാൻ പദവി തിരിച്ചെടുക്കാൻ ആവില്ലാത്തതിനാൽ മെത്രാനായി തുടരാം; എടയന്ത്രത്തിനും കൂട്ടൂകാർക്കും വിനയായത് വ്യാജ രേഖ നിർമ്മിച്ചു ആലഞ്ചേരിയെ തട്ടിപ്പുകാരനാക്കാൻ നടത്തിയ നീക്കം; പുതിയ വികാരി ജനറൽ ഓഗസ്റ്റിൽ ആർച്ച് ബിഷപ്പായി മാറും; പോപ്പിന്റെ ശക്തമായ ഇടപെടലിൽ അടപടലം തീരുന്നത് വിമത വൈദികരും പിണിയാളുകളും

മാർ ആലഞ്ചേരിയെ ഓടിച്ച് ഭരണം പിടിക്കാൻ ശ്രമിച്ച മാർ എടയന്ത്രത്തിന് ഇനി സസ്‌പെൻഷൻ പീരീഡ്; സിനിഡിന് കരുണ തോന്നിയാൽ മാത്രം എവിടെയെങ്കിലും ഭരണ ചുമതല ലഭിക്കും; മെത്രാൻ പദവി തിരിച്ചെടുക്കാൻ ആവില്ലാത്തതിനാൽ മെത്രാനായി തുടരാം; എടയന്ത്രത്തിനും കൂട്ടൂകാർക്കും വിനയായത് വ്യാജ രേഖ നിർമ്മിച്ചു ആലഞ്ചേരിയെ തട്ടിപ്പുകാരനാക്കാൻ നടത്തിയ നീക്കം; പുതിയ വികാരി ജനറൽ ഓഗസ്റ്റിൽ ആർച്ച് ബിഷപ്പായി മാറും; പോപ്പിന്റെ ശക്തമായ ഇടപെടലിൽ അടപടലം തീരുന്നത് വിമത വൈദികരും പിണിയാളുകളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയിലേക്ക് വീണ്ടുമെത്തുമ്പോൾ തിരിച്ചടി അതിരൂപതയിലെ സഹായമെത്രാന്മാരായിരുന്ന മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർക്കാണ്. എടയന്ത്രത്തിന് ഇത് സസ്‌പെൻഷൻ പീരീഡാണ്. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ ചുമതലകളിൽ നിന്നു വത്തിക്കാൻ നീക്കിയതാണ് ഇതിന് കാരണം. കാലാവധി പൂർത്തിയാക്കിയ അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപതയിലേക്കു തിരിച്ചുപോയി.

മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വലിയ നേട്ടമാകുന്നതാണ് സംഭവ വികാസങ്ങൾ. രണ്ട് സഹായ മെത്രാന്മാരെ അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റിനിർത്തുന്നത് അപൂർവ സംഭവമാണ്. പൗരസ്ത്യ സഭയായ സിറോ മലബാർ സഭയുടെ സ്വയംഭരണാധികാരത്തിൽ വത്തിക്കാൻ ഇടപെട്ടില്ലെന്നു വേണം ഇതിൽ നിന്ന് മനസ്സിലാക്കാൻ. ഒഴിവാക്കപ്പെട്ട സഹായ മെത്രാന്മാർക്ക് പുതിയ ചുമതല നൽകേണ്ട ചുമതല ഓഗസ്റ്റിൽ ചേരുന്ന സിനഡിനാണ്. അതായത് ഒന്നര മാസത്തോളം ഇവർ പുറത്തുനിൽക്കേണ്ടി വരും. അതിരൂപതയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ മാർ ആലഞ്ചേരി സ്ഥിരം സിനഡിന് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഭരണ നിർവഹണ കാര്യങ്ങളും കൂരിയ പുനഃസംഘടനയും സ്ഥിരം സിനഡിനോട് ആലോചിച്ച് ചെയ്യാനാണ് നിർദ്ദേശം. അപ്പൊസ്‌തൊലിക് അഡ്‌മിനിസ്ട്രേറ്റർ നിയമിച്ച കമ്മിഷന്റെ റിപ്പോർട്ടും സിനഡ് പരിഗണിക്കണം.

രണ്ട് സഹായമെത്രാന്മാരെയും ചുമതലകളിൽനിന്നു മാറ്റിയതിനാൽ അതിരൂപതയുടെ ഭരണകാര്യങ്ങളിൽ മാർ ആലഞ്ചേരിയെ സഹായിക്കാൻ വികാരി ജനറലായി (പ്രോട്ടോ സിഞ്ചെല്ലൂസ്) ഫാ. ഡോ. ജോസ് പുതിയേടത്തിനെ നിയമിച്ചു. ഇദ്ദേഹത്തെ ആർച്ച് ബിഷപ്പായി ഉയർത്തുമെന്നാണ് സൂചന. ഫലത്തിൽ ഇദ്ദേഹമായിരിക്കും അഡ്‌മിനിസ്‌ട്രേറ്റർ. അദ്ദേഹം സ്ഥാനമേറ്റു. മാർ ആലഞ്ചേരിയെ ഓടിച്ച് ഭരണം പിടിക്കാൻ ചുക്കാൻ പിടിച്ച മാർ എടയന്ത്രത്തിന് ഇത് വലിയ തിരിച്ചടിയാണ്. ഓഗസ്റ്റിൽ ചേരുന്ന സിനിഡിന് കരുണ തോന്നിയാൽ മാത്രം എവിടെയെങ്കിലും ഭരണ ചുമതല ലഭിക്കും. മെത്രാൻ പദവി തിരിച്ചെടുക്കാൻ ആവില്ലാത്തതിനാൽ മെത്രാനായി തുടരാനാകും എന്നത് മാത്രമാണ് ഏക ആശ്വാസം. എടയന്ത്രത്തിനും കൂട്ടൂകാർക്കും വിനയായത് വ്യാജ രേഖ നിർമ്മിച്ചു ആലഞ്ചേരിയെ വൻ തട്ടിപ്പുകാരനാക്കാൻ നടത്തിയ നീക്കമാണ്. ഇത് പൊലീസ് ഇടപെടലോടെ പൊളിഞ്ഞു. ഇതോടെ പുതിതായി നിയമിതനായ വികാരി ജനറൽ ആഗസ്റ്റിൽ ആർച്ച് ബിഷപ്പായി മാറുമെന്നാണ് സൂചന. പോപ്പിന്റെ ശക്തമായ ഇടപെടലിൽ അടപടലം തീരുന്നത് വിമത വൈദികരും പിണിയാളുകളുമാണ്.

ഭൂമി ഇടപാടു വിവാദത്തെക്കുറിച്ച് അന്വേഷിക്കാനും അതിരൂപതയുടെ ഭരണകാര്യങ്ങൾക്കുമായി ഒരു വർഷം മുൻപു നിയോഗിക്കപ്പെട്ട മാർ മനത്തോടത്ത് സമർപ്പിച്ച റിപ്പോർട്ടും നിർദ്ദേശങ്ങളും പഠിച്ചശേഷമാണ് മാറ്റങ്ങൾ സംബന്ധിച്ചു വത്തിക്കാൻ തീരുമാനം എടുത്തതെന്ന് പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ലിയനാർദോ സാന്ദ്രി വ്യക്തമാക്കി. മാറ്റിനിർത്തപ്പെട്ട ബിഷപ്പുമാരുടെ അജപാലന ശുശ്രൂഷ സംബന്ധിച്ച തീരുമാനം സിറോ മലബാർ സിനഡ് കൈക്കൊള്ളണം എന്നിവ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും വത്തിക്കാൻ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതും എടയന്ത്രത്തിന് തിരിച്ചടിയാണ്. സിറോ മലബാർ സഭാ സിനഡിന്റെ അധികാരങ്ങൾ അടിവരയിടുന്നതാണ് എറണാകുളം-അങ്കമാലി അതിരൂപതയിൽ വത്തിക്കാൻ എടുത്തിരിക്കുന്ന നടപടികൾ.

അതിരൂപതയ്ക്ക് ഒരു അഡ്‌മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പ് വരും

സഭയിലെ 63 ബിഷപ്പുമാരും സിനഡിൽ അംഗങ്ങളാണ്. സ്ഥിരം സിനഡിൽ കർദിനാളുൾപ്പെടെ അഞ്ചു പേരാണുള്ളത്. മാർ ജേക്കബ് മനത്തോടത്ത്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞെരളക്കാട്ട്, മാർ മാത്യു മൂലക്കാട്ട് എന്നിവരാണ് ബാക്കിയുള്ളവർ. ഓഗസ്റ്റിൽ ചേരുന്ന സിനഡ്, അതിരൂപതയ്ക്ക് ഒരു അഡ്‌മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയോഗിക്കാനും സാധ്യതയുണ്ട്.

ഭൂമി ഇടപാടു സംബന്ധിച്ച് അപ്പൊസ്‌തൊലിക് അഡ്‌മിനിസ്ട്രേറ്റർ നിയോഗിച്ച കമ്മിഷനുകളുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടികൾ ഉണ്ടായിരിക്കുന്നതെന്ന് സിറോ മലബാർ മീഡിയ കമ്മിഷന്റെ പത്രക്കുറിപ്പിൽ പറയുന്നുണ്ട്. ഇതുപ്രകാരം ഭൂമി ഇടപാടിൽ ആരെയെങ്കിലും കുറ്റക്കാരാക്കുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്‌തോയെന്ന് വ്യക്തമല്ല. ഈ റിപ്പോർട്ട് ഓഗസ്റ്റിലെ സിനഡ് പരിശോധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിന്മേൽ വത്തിക്കാന്റെ നടപടികൾ അവസാനിച്ചോയെന്നും വ്യക്തമായിട്ടില്ല. രണ്ടു വർഷത്തോളം നീണ്ട വിവാദങ്ങൾക്കൊടുവിലാണ് എറണാകുളം-അങ്കമാലി അതിരൂപതയിൽ വത്തിക്കാന്റെ നടപടിയുണ്ടായിരിക്കുന്നത്.

ഭൂമി വിൽപ്പനയിൽ തുടങ്ങിയ വിവാദം

സ്ഥലമിടപാട് ഒരു വിവാദമായി വളർന്നത് 2017 അവസാന മാസങ്ങളിലാണ്. അതിരൂപതയുടെ ഭൂമി വില്പന വൻ വിവാദമായതിനെത്തുടർന്നാണ് പാലക്കാട് രൂപതാ ബിഷപ്പായ മാർ ജേക്കബ് മനത്തോടത്തിനെ എറണാകുളത്ത് അപ്പൊസ്‌തൊലിക് അഡ്‌മിനിസ്ട്രേറ്ററായി കഴിഞ്ഞ വർഷം ജൂൺ 22-ന് വത്തിക്കാൻ നിയോഗിച്ചത്. ആർച്ച് ബിഷപ്പ് സ്ഥാനത്ത് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങൾ അഡ്‌മിനിസ്ട്രേറ്റർക്കായിരുന്നു. രണ്ട് സഹായ മെത്രാന്മാരുടെയും ചുമതലകൾ റദ്ദാക്കിയെങ്കിലും പിന്നീട് ഇത് തിരിച്ചുനൽകി. അതിരൂപതയുടെ ഏതാനും വർഷത്തെ സാമ്പത്തിക ഇടപാടുകൾ സ്വതന്ത്രമായി ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് വത്തിക്കാന് നേരിട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം.

സ്ഥലമിടപാട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. അന്വേഷണത്തിന് ജോസഫ് ഇഞ്ചോടി അധ്യക്ഷനായ ഒരു സമിതിയെയും കണക്കുകൾ പരിശോധിക്കുന്നതിന് അന്താരാഷ്ട്ര ഏജൻസിയായ കെ.പി.എം.ജി.യെയുമാണ് അഡ്‌മിനിസ്ട്രേറ്റർ നിയോഗിച്ചത്. ഇവരുടെ റിപ്പോർട്ട് അദ്ദേഹം വത്തിക്കാനിൽ നേരിട്ട് സമർപ്പിക്കുകയും ചെയ്തു. കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് ദൗത്യം പൂർത്തിയാക്കി മാർ ജേക്കബ് മനത്തോടത്ത് മടങ്ങുന്നത്. എറണാകുളത്ത് പ്രവർത്തിക്കവെ, അദ്ദേഹം കർദിനാളിനെതിരേ വ്യാജരേഖ ചമച്ചെന്ന കേസിൽ രണ്ടാം പ്രതിയായി. അദ്ദേഹംകൂടി അംഗമായ സിനഡ് നൽകിയ പരാതിയിലാണ് കേസുണ്ടായത്. ഇതിൽ ഏറെ ദുഃഖിതനായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഭൂമിവിവാദത്തിൽ മേൽക്കൈ നേടിയിരുന്ന അതിരൂപതയിലെ വൈദികർക്ക് വ്യാജരേഖ കേസ് തിരിച്ചടിയായിരുന്നു. കേസിൽ മനത്തോടത്തും വൈദികരായ പോൾ തേലക്കാട്ടും ടോണി (ആന്റണി) കല്ലൂക്കാരനും പ്രതിയായത് അവരെ വേദനിപ്പിച്ചു.

അധികാരം വീണ്ടും ആലഞ്ചേരിക്ക്

നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണാധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. മേജർ ആർച്ച് ബിഷപ്പാണെങ്കിലും ഭരണാധികാരം അദ്ദേഹത്തിൽനിന്ന് വത്തിക്കാൻ നീക്കിയിരുന്നു. അപ്പൊസ്‌തൊലിക് അഡ്‌മിനിസ്ട്രേറ്റർക്കായിരുന്നു പകരം ചുമതല. തുടർന്ന് എറണാകുളം അരമനയിൽനിന്ന് മാറി, സിറോ മലബാർ സഭയുടെ കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിലെ ആസ്ഥാനത്താണ് മാർ ആലഞ്ചേരി കഴിഞ്ഞിരുന്നത്.

ബുധനാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം അതിരൂപത ആസ്ഥാനത്ത് എത്തി. അദ്ദേഹത്തിന്റെ പക്ഷത്തുള്ളവർ പോലും വിവരമറിഞ്ഞിരുന്നില്ല. രാത്രിയിൽ അവിടെ തങ്ങിയ അദ്ദേഹം രാവിലെതന്നെ സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും മാർ ജോസ് പുത്തൻവീട്ടിലിനെയും വത്തിക്കാന്റെ നടപടികളെക്കുറിച്ച് അറിയിച്ചെന്നാണ് സൂചന. കർദിനാളിനെതിരേ രംഗത്തെത്തിയ വൈദികർക്ക് സഹായ മെത്രാന്മാരുടെ പിന്തുണയുണ്ടായിരുന്നുവെന്നാണ് ആരോപണം. നടപടി വിവരം അറിഞ്ഞ രണ്ടുപേരും അരമന വിട്ടുപോയി. രണ്ട് സഭാ സ്ഥാപനങ്ങളിലാണ് ഇപ്പോൾ ഇവരുള്ളത്.

വ്യാഴാഴ്ച രാവിലെതന്നെ കർദിനാളിന്റെ നേതൃത്വത്തിൽ കൂരിയ യോഗം ചേർന്നു. വികാരി ജനറാൾ ആയിരുന്ന വർഗീസ് പൊട്ടയ്ക്കലിനെ മാറ്റി പകരം ജോസ് പുതിയേടത്തിനെ നിയമിച്ചു. പഴയ ചാൻസലറും മതബോധന ഡയറക്ടറുമാണ് പുതിയേടം. ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുന്നത് വികാരി ജനറാൾമാരാണ്. രണ്ട് സഹായ മെത്രാന്മാർ ഇല്ലാതായതോടെ ഇദ്ദേഹത്തിന്റെ ഉത്തരവാദിത്വം കൂടും.

സ്നേഹവിരുദ്ധ പ്രതികരണങ്ങൾ നടത്തരുത് - മാർ ആലഞ്ചേരി

ആർക്കെതിരേയും സ്‌നേഹവിരുദ്ധ പ്രതികരണങ്ങൾ നടത്തരുതെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. സ്‌നേഹവും സമാധാനവും സന്തോഷവുമായിരിക്കണം നമ്മുടെ ലക്ഷ്യം. പരിശുദ്ധ പിതാവിൽനിന്ന് വന്നിരിക്കുന്ന കല്പനകളാണിത്, ഇവ നമ്മൾ അനുസരിക്കണം. അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല വീണ്ടും ഏറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ അതിരൂപതയുടെ കൂട്ടായ്മ ശക്തിപ്പെടുത്താനായി എല്ലാവരും സഹകരിക്കണം. ആർക്കെതിരേയും സ്‌നേഹവിരുദ്ധമായി എന്തെങ്കിലും ചെയ്യുകയോ പറയുകയോ എഴുതുകയോ മാധ്യമങ്ങളിൽ അവതരിപ്പിക്കുകയോ ചെയ്യരുത്. ഇതിനു മുൻപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പോലും ഇനിയങ്ങനെ ചെയ്യരുത്. സാമൂഹിക മാധ്യമങ്ങളിലെ മെസേജുകളോടും സ്‌നേഹം മാത്രമായിരിക്കണം നമ്മുടെ പ്രതികരണം. പ്രകോപനപരമായി ഒന്നും ചെയ്യരുത്. അത് സഭയുടെ സന്ദേശത്തിന് വിരുദ്ധമാണെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. അദ്ദേഹത്തിന് അനുമോദനവുമായി നിരവധി വിശ്വാസികൾ എത്തിയിരുന്നു.

ചുമതലയിൽനിന്ന് ഒഴിവാക്കിയ മാർപാപ്പയുടെ നടപടി വിനയപൂർവം സ്വീകരിക്കുന്നതായി സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പ്രതികരിച്ചു. തീരുമാനം വ്യാഴാഴ്ച മൂന്നരയ്ക്ക് നടപ്പാകുമെന്നതിനാൽ രാവിലെ തന്നെ അരമനയിൽനിന്ന് ഇറങ്ങി. കാഞ്ഞൂരിലെ ഐശ്വര്യ ഗ്രാമത്തിൽനിന്ന് എടയന്ത്രത്ത് പറഞ്ഞു. സഭയുടെ കീഴിലുള്ള സ്ഥാപനമാണിത്.

മീഡിയ കമ്മിഷൻ പ്രസ്താവന തെറ്റിദ്ധാരണാജനകം-എ.എം ടി.

സിറോ മലബാർ സഭ മീഡിയ കമ്മിഷൻ ഇറക്കിയ പത്രക്കുറിപ്പ് തെറ്റിദ്ധാരണാജനകവും വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതുമാണെന്ന് അതിരൂപത സുതാര്യത സമിതി (എ.എം ടി.) കുറ്റപ്പെടുത്തി. ഈ നടപടി മാർപാപ്പയുടെ ഭാഗത്തു നിന്ന് ഉണ്ടായതാണ് എന്ന് കരുതുന്നില്ല. ഓറിയന്റൽ കോൺഗ്രിഗേഷൻ എടുത്ത തീരുമാനത്തെ മാർപാപ്പയുടെ നടപടിയായി മീഡിയ കമ്മിഷൻ അവതരിപ്പിക്കുകയായിരുന്നു എന്നു സംശയിക്കുന്നു.

മാർ ജോർജ് ആലഞ്ചേരിയുടെ താത്കാലികമായ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത് പൗരസ്ത്യ തിരുസംഘമാണ്. കൂരിയയുടെ പുനഃസംഘടന അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ചിരിക്കുന്ന പൗരസ്ത്യ തിരുസംഘം, അതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ ഓഗസ്റ്റിലെ സിനഡിനു ശേഷമേ സ്വീകരിക്കാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സിനഡിനു മുമ്പായി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ റോം സ്വീകരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. അഡ്‌മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള നിയമനങ്ങൾ ആ സിനഡിൽ പ്രഖ്യാപിക്കപ്പെട്ടേക്കും. പരിശുദ്ധ പിതാവിനെ വരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുണ്ടായ ഈ തീരുമാനത്തിൽ രൂപതയിലെ വിശ്വാസികളും വൈദികരും ഇതുവരെ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല. അഡ്‌മിനിസ്ട്രേറ്ററുടെ കമ്മിഷൻ റിപ്പോർട്ട് സിനഡിന്റെ പരിശോധനയിലേക്ക് മാറ്റുന്നതിനെ ശക്തിയുക്തം എതിർക്കുമെന്നും എ.എം ടി. വക്താവ് ഷൈജു ആന്റണി പറഞ്ഞു.

അന്തർ രൂപതാ സ്ഥലംമാറ്റം വേണം'

കൊച്ചി: വൈദികർക്ക് അന്തർ രൂപതാ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് സേവ് സിറോ മലബാർ ഫോറം സംസ്ഥാന കൺവീനർ കെന്നഡി കരിമ്പിൻകാലായിൽ ആവശ്യപ്പെട്ടു. ഒരിടത്ത് കേന്ദ്രീകരിച്ച് സംഘടിക്കുന്നത് ഇതൊഴിവാക്കും. ഓഗസ്റ്റിലെ സിനഡിൽ ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP