Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരേയും കാണാതെ ആരോടും മിണ്ടാതെ ടി.എൻ ശേഷൻ ഇവിടെയുണ്ട്; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ശുദ്ധീകരിക്കാൻ ശ്രമിച്ച ആ കുലപതിയിപ്പോൾ വാർധക്യരോഗങ്ങളുടെ വ്യഥയിൽ; പരസഹായമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല; വീടിനകത്തും വീൽചെയറിലാണ് സഞ്ചാരം; ഭാര്യയുടെ മരണം മാനസികമായി തളർത്തി; ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി രാജ്യത്തെ പൗരന്മാരെ പോളിങ് ബൂത്തിലെത്തിക്കുകയും തിരഞ്ഞെടുപ്പിന്റെ പേരിലുള്ള തോന്നിയവാസങ്ങൾക്ക് വിലങ്ങിടുകയും ചെയ്ത ശേഷനെ രാജ്യം മറന്നുവോ?

ആരേയും കാണാതെ ആരോടും മിണ്ടാതെ ടി.എൻ ശേഷൻ ഇവിടെയുണ്ട്; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ശുദ്ധീകരിക്കാൻ ശ്രമിച്ച ആ കുലപതിയിപ്പോൾ വാർധക്യരോഗങ്ങളുടെ വ്യഥയിൽ; പരസഹായമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല; വീടിനകത്തും വീൽചെയറിലാണ് സഞ്ചാരം; ഭാര്യയുടെ മരണം മാനസികമായി തളർത്തി; ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി രാജ്യത്തെ പൗരന്മാരെ പോളിങ് ബൂത്തിലെത്തിക്കുകയും തിരഞ്ഞെടുപ്പിന്റെ പേരിലുള്ള തോന്നിയവാസങ്ങൾക്ക് വിലങ്ങിടുകയും ചെയ്ത ശേഷനെ രാജ്യം മറന്നുവോ?

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തിരഞ്ഞെടുപ്പ് ചൂടിന്റെ ആവേശത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ ഇന്നു കാണുന്ന തരത്തിലുള്ള വോട്ടിങ് രീതി ജനങ്ങൾക്ക് സമ്മാനിച്ച വ്യക്തി എവിടെയെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ ? ഒരുകാലത്ത് ദൈവം കഴിഞ്ഞാൽ രാഷ്ട്രീയക്കാർ ഏറ്റവുമധികം ഭയന്ന് വിറച്ചിരുന്നത് ടി.എൻ. ശേഷൻ എന്ന പേര് കേൾക്കുമ്പോഴായിരുന്നു. നിയമങ്ങൾ കാറ്റിൽപറത്തി തോന്നുംപടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് നടപ്പാക്കിയിരുന്ന രാഷ്ട്രീയക്കാർക്ക് അച്ചടക്കമെന്തെന്നും നിയമത്തിന്റെ ബലമെന്തെന്നും കാട്ടിക്കൊടുത്ത ശേഷൻ ഇന്ന് വാർധക്യത്തിന്റെ അവശതകൾക്കിടയിൽ ആരാലും ഓർമ്മിക്കപ്പെടാതെ കഴിയുകയാണ്.

1990-96 കാലയളവിൽ രാജ്യത്തിന്റെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തിരുനെല്ലായി നാരായണൻ ശേഷൻ എന്ന ടി.എൻ. ശേഷൻ അധികാരമേറ്റതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അടിമുടി ശുദ്ധികലശമാണ് നടത്തിയത്. നിയമം പാലിക്കാൻ രാഷ്ട്രീയക്കാർ നിർബന്ധമായതോടെ അദ്ദേഹം ഇവരുടെ കണ്ണിലെ 'കരടാവുകയും' ചെയ്തു. എന്നാൽ ഇന്ന് ചെന്നൈ നഗരത്തിലെ വീട്ടിൽ കഴിയുന്ന ശേഷനെ കണ്ടാൽ ആർക്കും ഉള്ളിൽ വിഷമം പൊടിയും. ചെന്നൈയിലെ മാധ്യമപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് നാടിന്റെ മാറ്റത്തിന് നിർണായക പങ്കുവഹിച്ച വ്യക്തിത്വം ഇന്ന് കഴിയുന്നത് വീൽചെയറിലാണെന്നാണ്. പ്രായാധിക്യം ദിനം പ്രതി തന്റെ ശരീരത്തെ തളർത്തുമ്പോൾ ആകെ തണലാകുന്നത് സമ്പൂർണ വിശ്രമം മാത്രം.അതും ഏകാന്തതയുടെ പുതപ്പിൽ.

ആൽവാർപേട്ടയിൽ അഭിരാമപുരം സെന്റ് മേരീസ് റോഡിലെ പെട്രോൾബങ്കിന് അഭിമുഖമായി കേരളീയ മാതൃകയിൽ പണിത 112/169ാം നമ്പർ 'നാരായണീയം' വസതിയിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പുത്തൻ മുഖം സമ്മാനിച്ച പ്രതിഭ ഇന്ന് കഴിയുന്നത്. 'ശേഷൻ ടിഎൻ ജയ' എന്നെഴുതിയിരിക്കുന്ന ചെറിയ ബോർഡ് മാത്രമാണ് ഉള്ളിൽ ആരെന്ന് ലോകത്തോട് വിളിച്ച് പറയുന്നത്. മാധ്യമപ്രവർത്തകർ കാണാൻ ചെന്നപ്പോൾ അകന്ന ബന്ധു പറഞ്ഞ വാക്കുകൾ കേട്ടാൽ തന്നെ രാജ്യത്തെ ഏതൊരു വോട്ടറുടേയും നെഞ്ചിടറും. അദ്ദേഹത്തിന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്..ആരേയും കാണാൻ അനുവദിക്കുന്നില്ല. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ഒരു വർഷം മുൻപ് ഭാര്യ മരിച്ചത് അദ്ദേഹത്തെ മാനസികമായി തളർത്തി. വീടിനകത്തും വീൽചെയറിലാണ് സഞ്ചാരം.

ഇടക്ക് അൽപസമയം ടി.വി കാണും'. ശേഷന്റെ അകന്ന ബന്ധുവായ വിശ്വനാഥനാണ് ഇക്കാര്യം അറിയിച്ചത്. വിശ്വനാഥന്റെ നേതൃത്വത്തിൽ ഹോം നഴ്‌സുൾപ്പെടെ ആറംഗസംഘമാണ് ശേഷനെ പരിചരിക്കുന്നത്. ഈ മാസം 31ന് ശേഷന്റെ ഭാര്യയുടെ ഒന്നാം ചരമവാർഷികമാണ്. ഇക്കഴിഞ്ഞ ഡിസംബർ 15ന് 86 തികഞ്ഞ ശേഷൻ ഭാര്യയുടെ വേർപാടിന്റെ ദുഃഖത്തിൽ നിന്നും ഇപ്പോഴും മുക്തനായിട്ടില്ല. ശേഷൻ-ജയ ദമ്പതികൾക്ക് കുട്ടികളില്ല. പാലക്കാട് തിരുനെല്ലായിയിൽ തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ടി.എൻ. ശേഷന്റെ ജനനം. 1954ൽ ഐ.എ.എസ് പാസായി. ഡിണ്ഡിഗലിൽ സബ് കലക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ചു.

കേന്ദ്ര- സംസ്ഥാന തലത്തിലും മറ്റും പല ഉയർന്ന പദവികൾ അലങ്കരിച്ചുവെങ്കിലും ആദർശത്തിൽനിന്ന് വ്യതിചലിക്കാത്ത ശേഷന് നേരെ ഭരണാധികാരികളുടേത് മുതൽ ഒപ്പം ജോലി ചെയ്യുന്നവരുടെ വരെ 'ശത്രുതയുടെ വാൾ' ഉയർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ സമയത്ത് പത്രികകളിൽ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ചതിന് 14,000 സ്ഥാനാർത്ഥികളെ അയോഗ്യരാക്കാൻ കാട്ടിയ ധൈര്യം രാജ്യത്തെ ജനങ്ങൾ ഏറെ പ്രശംസിച്ച ഒന്നാണ്. പഞ്ചാബ്, ബിഹാർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിയ ശേഷനെ ഇംപീച് ചെയ്യാനുള്ള നീക്കവുമുണ്ടായി. ഈ സമയത്ത് സുപ്രീം കോടതിയെ സമീപിച്ച് സ്വതന്ത്രാധികാരം നിലനിർത്താനാണ് അദ്ദേഹം ശ്രമിച്ചത്.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അഴിമതി വാണിരുന്ന യുഗത്തിന് അവസാനമായത് ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതിന് ശേഷമാണ്. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പരിധി നിശ്ചയിക്കുകയും വോട്ടറുടെ ചിത്രം പതിച്ച തിരിച്ചറിയാൽ കാർഡ് കൊണ്ടു വന്നതുമാണ് ശേഷൻ പ്രാബല്യത്തിൽ കൊണ്ടുവന്ന നാഴികക്കല്ലായ മാറ്റങ്ങൾ. ചുവരെഴുത്തുകളും ഉച്ചഭാഷിണികളും നിരോധിച്ചു. സ്ഥാനാർത്ഥികൾ വരുമാന വിവരങ്ങൾ സമർപ്പിക്കൽ നിർബന്ധമാക്കി. മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കി. കള്ളവോട്ട് തടയാൻ പോളിങ് നടപടികൾ വിഡിയോയിൽ പകർത്തൽ ആരംഭിച്ചു.

ശേഷന്റെ തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങൾക്ക് പിന്നാലെ ഒട്ടേറെ ശത്രുക്കളാണ് അദ്ദേഹത്തിനുണ്ടായതെങ്കിലും ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഒറ്റക്കെട്ടയാണ് വരവേറ്റത്. അദ്ദേഹത്തെ 'അൽസേഷൻ' എന്ന് ശത്രുക്കൾ വിളിച്ചിട്ടും സൗമ്യതയോടെ അവയെ എല്ലാം നേരിടാനും അദ്ദേഹത്തിന് സാധിച്ചു. സ്വതന്ത്ര സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയതിന് കാരണക്കാരൻ ആരെന്ന് ലോകം ചോദിച്ചാൽ ടി.എൻ ശേഷൻ എന്ന് വരും തലമുറയും ഉറച്ച ശബ്ദത്തിൽ പറയുമെന്നുറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP