Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതിയുത്തരവിന് പിന്നാലെ ഒറ്റമുറി വീട്ടിൽ നിന്ന് പൊലീസ് ഇറക്കിവിട്ട അമ്മയ്ക്കും മകൾക്കും സഹായവുമായി 'ടേക്ക് ഓഫ്' ടീം; വിതരണത്തിലൂടെ കിട്ടുന്ന ലാഭം ബബിതയ്ക്കും സൈബയ്ക്കും ജീവിതവെളിച്ചമാകും; ഉടൻ അഞ്ചുലക്ഷം നൽകുമെന്ന് വ്യക്തമാക്കി കുഞ്ചാക്കോയും ഫഹദും; തിക്രിത്തിലെ യുദ്ധഭൂമിയിൽ നിന്ന നഴ്‌സുമാരെ എത്തിച്ച ഓർമ്മപുതുക്കി ടേക്ക്ഓഫിന് ആശംസകളുമായി സാക്ഷാൽ ഉമ്മൻ ചാണ്ടിയും; ഇറങ്ങുംമുമ്പേ സിനിമയ്ക്കും ഉജ്വല ടേ്ക്ക് ഓഫ്

കോടതിയുത്തരവിന് പിന്നാലെ ഒറ്റമുറി വീട്ടിൽ നിന്ന് പൊലീസ് ഇറക്കിവിട്ട അമ്മയ്ക്കും മകൾക്കും സഹായവുമായി 'ടേക്ക് ഓഫ്' ടീം; വിതരണത്തിലൂടെ കിട്ടുന്ന ലാഭം ബബിതയ്ക്കും സൈബയ്ക്കും ജീവിതവെളിച്ചമാകും; ഉടൻ അഞ്ചുലക്ഷം നൽകുമെന്ന് വ്യക്തമാക്കി കുഞ്ചാക്കോയും ഫഹദും; തിക്രിത്തിലെ യുദ്ധഭൂമിയിൽ നിന്ന നഴ്‌സുമാരെ എത്തിച്ച ഓർമ്മപുതുക്കി ടേക്ക്ഓഫിന് ആശംസകളുമായി സാക്ഷാൽ ഉമ്മൻ ചാണ്ടിയും;  ഇറങ്ങുംമുമ്പേ സിനിമയ്ക്കും ഉജ്വല ടേ്ക്ക് ഓഫ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുടുംബസ്വത്ത് സംബന്ധിച്ച തർക്കം വില്ലനായതോടെ കോടതി വിധി പ്രകാരം പൊലീസ് കുടിയിറക്കിയ അമ്മയേയും മകളേയും സഹായിക്കാൻ 'ടേക്ക് ഓഫ്' സിനിമാ ടീം എത്തി. കാഞ്ഞിരപ്പള്ളിയിൽ കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടിവന്ന അമ്മയ്ക്കും മകൾക്കും സഹായമായി സിനിമയുടെ വിതരണത്തിലൂടെ ലഭിക്കുന്ന ലാഭം കൈമാറുമെന്ന 'ടേക്ക് ഓഫ്' സിനിമയുടെ ടീം വ്യക്തമാക്കി. സംവിധായകൻ മഹേഷ് നാരായണൻ, നിർമ്മാതാവ് ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവ്വതി എന്നിവരാണ് സഹായ വാഗ്ദാനം നൽകിയത്.

അതേസമയം ടേക്ക് ഓഫ് സിനിമയ്ക്ക് ആശംസകൾ അർപ്പിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണ ഭൂമിയായ ഇറാഖിലെ തിക്രിതിൽ നിന്ന് 34 മലയാളി നഴ്‌സുമാരെ രക്ഷിച്ച് ഇന്ത്യയിൽ എത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് ടേക്ക് ഓഫ്. അന്ന് നഴ്‌സുമാരെ രക്ഷിച്ച് എത്തിച്ചതിന്റെ ഓർമ്മപുതുക്കി, കേന്ദ്ര മന്ത്രി സുഷമാ സ്വരാജിനെ പ്രശംസിച്ചുകൊണ്ട് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ഉമ്മൻ ചാണ്ടി സിനിമയ്ക്ക് എല്ലാ ഭാവുകങ്ങളും അറിയിക്കുകയായിരുന്നു. ഇതോടെ റിലീസിംഗിന് മുമ്പുതന്നെ 'ടേക്ക് ഓഫ്' എന്ന ചിത്രം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ (14) എന്നിവർക്കാണ് കോടതിവിധിയെ തുടർന്ന് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവിലാണു നടപടി ഉണ്ടായത്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സ്ഥലത്തെത്തിക്കും മുൻപേ പൊലീസ് എത്തി വീട് ഒഴിപ്പിക്കുകയായിരുന്നു. ആരുമില്ലാത്ത കുടുംബം ഇതോടെ തെരുവിലായി. മൂന്നുവർഷം മുൻപാണു ബബിതയുടെ ഭർത്താവു മരിച്ചത്. രോഗം ബാധിച്ചു കിടപ്പിലായ ബബിതയെ കിടക്കയോടുകൂടി പൊലീസ് എടുത്തു വീടിനു പുറത്തിറക്കുകയായിരുന്നു.

ഭർത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒരു സെന്റ് സ്ഥലവുമാണ് ഇവർക്ക് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ഗർഭപാത്രത്തിൽ മുഴയുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു ബബിത. വീട്ടിൽനിന്നിറങ്ങിയപ്പോൾ, ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബബിതയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലകകളും തുണിയും ഉപയോഗിച്ച് മറച്ചതായിരുന്നു പഴയ വീട്. വൈദ്യുതിയും ഇവിടെയുണ്ടായിരുന്നില്ല. ഒൻപതാം ക്‌ളാസുകാരിക്ക് ഇരുന്ന് പഠിക്കാൻ കസേരയോ മേശയോ ഉണ്ടായിരുന്നില്ല. പഠനത്തിൽ മിടുക്കിയായ സൈബ തെരുവു വെളിച്ചത്തിലിരുന്നാണ് പഠിച്ചിരുന്നത്.

ഇവർക്ക് സഹായ ഹസ്തവുമായാണ് ടേക്ക് ഓഫ് എത്തിയിരിക്കുന്നത്. വിതരണത്തിലൂടെ ലഭിക്കുന്ന ലാഭം കുടുംബത്തിന് കൈമാറും. ഇതിന്റെ ആദ്യ പടിയായി അഞ്ചു ലക്ഷം രൂപ ഉടൻ തന്നെ നൽകും. ഇതു കൂടാതെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്ന് പൂർണ വിശ്രമത്തിലായിരുന്ന ബബിതയെ കട്ടിലിൽ കിടക്കയോടു കൂടിയെടുത്താണു കുടിയിറക്കിയത്. പിന്നീട് ഇവരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സൈബയുടെ പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം പുറത്തിറക്കി.

വിധി നടപ്പാക്കാൻ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ദയനീയ കാഴ്ചയാണ് കണ്ടത്. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ശനിയാഴ്ച കോടതിക്കു പൊലീസ് റിപ്പോർട്ട് നൽകി. പലകകളും തുണി ഉപയോഗിച്ചും മറച്ച വീടിന് വാതിലും സുരക്ഷിതത്വവുമില്ല. മുറിയുടെ ഒരുവശത്ത് ഒരാൾക്കു മാത്രം നിൽക്കാൻ കഴിയുന്ന അടുക്കള. ഒൻപതാം ക്ലാസുകാരിക്ക് ഇരുന്ന പഠിക്കാൻ കസേരയോ മേശയോ ഇല്ല എന്നെല്ലാം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പൊലീസിന്റെ റിപ്പോർട്ട് തള്ളി ഇന്നലെ കാഞ്ഞിരപ്പള്ളി എസ്ഐയെ കോടതിയിൽ വിളിച്ചു വരുത്തി ഉച്ചയ്ക്ക് ഒന്നിനുമുമ്പ് അമ്മയെയും മകളെയും ഒഴിപ്പിച്ച് റിപ്പോർട്ട് നൽകണമെന്നു കർശന നിർദ്ദേശം കോടതി പുറപ്പെടുവിക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ ആശംസകളും ടേക്ക് ഓഫിന് അനുഗ്രഹമായി

നഴ്‌സുമാരെ രക്ഷിച്ച് ഇന്ത്യയിൽ എത്തിക്കുന്നതിന്റെ ചിത്രീകരണമായ ടേക്ക് ഓഫിന് ആശംസകൾ അർപ്പിച്ചാണ് ഉമ്മൻ ചാണ്ടി എത്തിയത്. അന്ന് നഴ്‌സുമാരെ രക്ഷിക്കാൻ കൈക്കൊണ്ട നടപടികൾ ഓർമ്മിച്ചാണ് ഉമ്മൻ ചാണ്ടിയുടെ പോസ്റ്റ്. ഇതോടൊപ്പം സിനിമയുടെ ട്രെയ്‌ലറും ഉമ്മൻ ചാണ്ടി പോസ്റ്റിൽ പങ്കുവച്ചതോടെ അത് സിനിമാ പ്രവർത്തകർക്കും വലിയ ആവേശമായി.

ഉമ്മൻ ചാണ്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം

ഇറാഖിലെ ഭീകരാക്രമണങ്ങളുടെ മദ്ധ്യത്തിൽ നിന്നും മലയാളി നേഴ്സുമാരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുക എന്നത് കഴിഞ്ഞ യു.ഡി.എഫ്. ഗവൺമെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു. ഭീകരുടെ മുന്നിൽ പകച്ചു നിന്ന ഇറാഖ് ഗവൺമെന്റിൽനിന്നും കാര്യമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷ അന്നു ആർക്കും ഇല്ലായിരുന്നു. അവിടത്തെ ഗവൺമെന്റിനെ മുട്ടുകുത്തിക്കുവാൻ എന്തും ചെയ്യുവാൻ മടിക്കാത്ത ഭീകരിൽ നിന്നും മലയാളി നേഴ്സുമാരെ ഒരു പോറൽ പോലും ഏൽക്കാതെ നാട്ടിൽ എത്തിച്ചപ്പോൾ മാത്രമാണ് എല്ലാവർക്കും ആശ്വാസമായത്.

അതിനു തൊട്ടുമുൻപ് ഭീകരർ തട്ടി കൊണ്ടു പോയ പഞ്ചാബിലെ 32 തൊഴിലാളികളെക്കുറിച്ച് ഇന്നും യാതൊരു വിവരവും ഇല്ല. ഈ ദൗത്യം വിജയിച്ചത് ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രം. കേന്ദ്ര വിദേശകാര്യമന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും വിദേശ മന്ത്രാലയത്തിന്റെയും പൂർണ്ണ പിന്തുണ ലഭിച്ചതു നന്ദിപൂർവ്വം സ്മരിക്കുന്നു.

കേന്ദ്ര ഗവമെന്റ് പ്രത്യേകം ക്രമീകരിച്ച സ്പെഷ്യൽ ഫ്ളൈറ്റ് 34 മലയാളി നേഴ്സുമാരെയും കൊണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ ലാൻഡ് ചെയ്തപ്പോഴാണ് ഏതാനും ദിവസങ്ങൾ മുൾമുനയിൽ നിന്ന മലയാളികൾക്കു സമാധാനമായത്.

ഈ സംഭവം ചിത്രീകരിക്കുന്ന 'ടേക്ക് ഓഫ്' സിനിമ, ഭീകരതയ്ക്കെതിരേ മനുഷ്യസ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്നു പ്രതീഷിക്കുന്നു . 'ടേക്ക് ഓഫി'ന് എല്ലാ വിജയാശംസകളും നേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP