Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദരിദ്രന്റെയും സമ്പന്നന്റെയും ഇഷ്ടവിഭവം കപ്പയ്ക്കു റെക്കോർഡു വില; ഉണക്കുകപ്പ പൂഴ്‌ത്തി മൊത്തവ്യാപാരികൾ; വിഐപി മേശകളിലേക്കു കപ്പ ഒതുങ്ങുന്നു; ഓരോ വർഷവും കൃഷിമാറുന്ന മലയാളിക്ക് ചിന്തിക്കാൻ ഒരു പാഠം

ദരിദ്രന്റെയും സമ്പന്നന്റെയും ഇഷ്ടവിഭവം കപ്പയ്ക്കു റെക്കോർഡു വില; ഉണക്കുകപ്പ പൂഴ്‌ത്തി മൊത്തവ്യാപാരികൾ; വിഐപി മേശകളിലേക്കു കപ്പ ഒതുങ്ങുന്നു; ഓരോ വർഷവും കൃഷിമാറുന്ന മലയാളിക്ക് ചിന്തിക്കാൻ ഒരു പാഠം

തൊടുപുഴ: കുടിൽതൊട്ടു കൊട്ടാരം വരെ വി. ഐ. പി പരിഗണന ലഭിക്കുന്ന ഭക്ഷ്യവിഭവമെന്ന ഖ്യാതിയാണ് മരച്ചീനി അഥവാ കപ്പയ്ക്കുള്ളത്. എന്നാൽ കപ്പപ്രിയരെ കുപ്പിയിലാക്കി വില കുതിച്ചുയരുമ്പോൾ സാധാരണക്കാരന്റെ മെനുവിൽനിന്ന് ഇത് അപ്രത്യക്ഷമാകുകയാണ്. റെക്കോർഡ് വിലയാണ് ഇപ്പോൾ പച്ചക്കപ്പയുടേത്. കിലോയ്ക്ക് 32-35 വരെയാണ് വില ഉയർന്നു നിൽക്കുന്നത്. വില 75-ലേയ്ക്ക് ഉയർന്നതോടെ ഉണക്കുകപ്പ (വാട്ടുകപ്പ) പൂഴ്‌ത്തിവച്ച് മൊത്തവ്യാപാരികൾ സാധാരണക്കാരന്റെ നെഞ്ചത്തടിക്കുന്നതും വരുമാനമേറിയവരുടെ മാത്രം ഭക്ഷണമായി കപ്പ മാറുന്നതിന് കാരണമാകുകയാണ്.

ഏതാനും വർഷങ്ങളായി വിലയിലും ഉൽപാദനത്തിലുമുണ്ടായ കയറ്റിറക്കങ്ങളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. കപ്പയുടെ സ്റ്റാറ്റസ് ഉയർന്ന് രാജ്യാന്തര പ്രസിദ്ധമായിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. കുടിയേറ്റ കാലത്ത് കർഷകരുടെ മുഖ്യഭക്ഷണം കപ്പയായിരുന്നു. കപ്പ പുഴുങ്ങി(ചെണ്ടക്കപ്പ)യും കാന്താരി മുളക് ഞെരടിയതുമായിരുന്നു രാവിലെയും വൈകിട്ടും കർഷകരുടെ ഊർജം. അര നൂറ്റാണ്ടിനപ്പുറമുള്ള ഈ കോമ്പിനേഷൻ ഇന്നും സ്വീകാര്യതയിൽ മുൻപന്തിയിൽതന്നെ.

അടുത്ത കാലത്ത് കേരളത്തിന്റെ നൊസ്റ്റാൾജിയയിൽ ഉടലെടുത്ത മഴയാത്രകളിൽ ഇതായിരുന്നു പ്രധാന ഭക്ഷണം. വിവാഹ ചടങ്ങകളിൽപോലും ഈ കൂട്ടിന് പകരം വയ്ക്കാൻ മറ്റൊന്നുണ്ടായില്ല. ചിക്കനും ബീഫിനും ഫ്രൈഡ് റൈസിനും മട്ടൻ സ്റ്റ്യൂവിനുമൊന്നുമില്ലാത്ത പ്രിയമാണ് പലയിടത്തും കപ്പ പുഴുങ്ങിയതിനും കാന്താരി ഞെരടിയതിനുമുള്ളത്. കാന്താരിയുടെ എരിവിന്റെ കാഠിന്യം അൽപം കുറയ്ക്കാൻ ഏതാനും തുള്ളി വെളിച്ചെണ്ണ കൂടിയായാൽ ബഹുകേമമാകും. ചിലർ കാന്താരി തൈരിൽ അരച്ചെടുത്താണ് ഉപയോഗിക്കുന്നത്.

കാലം കടന്നു പോയതോടെ കപ്പയുടെ വിവിധ ഇനങ്ങളും വ്യാപകമായി. വേവിച്ച കപ്പ പണ്ടേ അറിയപ്പെടുന്ന വിഭവമാണ്. നന്നായി തേങ്ങയും മുളകും മഞ്ഞളും അരച്ചുചേർത്തുള്ള കപ്പ വേവിച്ചതിന് കൂട്ടായി ഇറച്ചിയും മീനുമാണ് പ്രചരിക്കുന്നത്. കപ്പയും മീനും ഇപ്പോഴും ഒട്ടേറെ കുടുംബങ്ങളിൽ നിർബന്ധമുള്ള പ്രാതലാണ്. പന്നി, ബീഫ് തുടങ്ങിയവയും ഇഷ്ടമുള്ള കൂട്ടാണെങ്കിലും മീൻതന്നെയാണ് സാധാരണക്കാർക്ക് കൂടുതൽ പ്രാപ്യമായിട്ടുള്ളത്. ഉണക്കുകപ്പയും ഉണക്കമീനും സ്ഥിരമായി ഉപയോഗിക്കുന്നവരും ധാരാളമാണ്. കർഷകരാണ് ഏറിയ പങ്കും ഇതിനെ പിന്തുടരുന്നത്. ഒളിമ്പിക്‌സ് നഗരത്തിൽ ഏതാനും ദിവസം മുമ്പ് ഇന്ത്യൻ താരങ്ങൾക്കായി കപ്പ വിളമ്പിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. കൃഷിയിടത്തിൽ വിളയിക്കുന്ന കപ്പ പറിച്ച് അരിഞ്ഞു വാട്ടി വെയിലത്ത് ഉണക്കിയെടുക്കുന്നത് പഴയ കാലത്തെ വലിയൊരു ഉത്സവം തന്നെയായിരുന്നു. ഇങ്ങനെ ഉണങ്ങിയ കപ്പ സൂക്ഷിച്ചുവച്ചു അടുത്ത സീസൺ വരെ ഉപയോഗിക്കുന്ന ശീലം കർഷകരിലുണ്ട്. പട്ടിണി മാസമെന്നറിയപ്പെടുന്ന കർക്കിടകത്തിലെ പ്രധാന ഭക്ഷണമാണ് വാട്ടുകപ്പ.

ബ്രോയ്‌ലർ ചിക്കൻ വന്നതോടെ കപ്പയും ചിക്കനും ഹോട്ടലുകളിലും വീടുകളിലും ഒരുപോലെ പ്രിയങ്കരമായി. എന്നാൽ പോത്തിറച്ചിയിലെ എല്ലും കപ്പയും ചേർത്തുണ്ടാക്കുന്ന കപ്പ ബിരയാണിയാണ് ഇപ്പോൾ ഏറ്റവും മുന്തിയ വിഭവം. വീടുകളിലും ചില നാടൻ തട്ടുകടകളിലുമാണ് ഇറച്ചിയോടുകൂടിയ എല്ലും കപ്പയും ചേർത്ത് കുഴച്ചുള്ള കപ്പ ബിരിയാണി വിളമ്പുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽവരെ കപ്പ ബിരിയാണി ഇപ്പോൾ സുലഭമാണ്. എന്നാൽ രുചി കുറയും. എല്ലിനു പകരം ബിഫ് പ്രത്യേകം വേവിച്ച് കപ്പയുമായി ഇളക്കിയാണ് ഹോട്ടലുകളിലെ വിതരണം. ചിലർ മുട്ടയും മറ്റും ചേർത്ത് രുചി വർധിപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും എല്ല് ചേർത്തു വേവിക്കുന്നതിന്റെ സ്വാദുണ്ടാകാറില്ല.

കപ്പ, പൂള, ചീനി, കൊള്ളി തുടങ്ങി വിവിധ പേരുകളിലാണ് മരച്ചീനി സംസ്ഥാനത്ത് അറിയപ്പെടുന്നത്. കപ്പയാണ് കൂടുതൽ പ്രചാരത്തിലുള്ള പേര്. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് നെല്ലിനൊപ്പം കപ്പ കൃഷിയും വ്യാപകമാക്കാൻ മുൻ എൽ. ഡി. എഫ് സർക്കാർ നിർദ്ദേശിച്ചിരുന്നു. കർഷകർ വ്യാപകമായി നാണ്യവിളകളിലേക്ക് തിരിഞ്ഞതിനെതുടർന്നായിരുന്നു ഇത്. കുടുംബശ്രീകൾ വഴിയും പാതയോരകൃഷി മുഖാന്തിരവും കപ്പ കൃഷി വിപുലമാക്കാൻ പദ്ധതിയുമിട്ടിരുന്നു. അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചുള്ള അരി ലഭ്യതയ്ക്ക് ബദൽ എന്ന നിലയിൽ മരച്ചീനി കൃഷി ത്വരിതഗതിയിൽ വ്യാപിപ്പിക്കുക എന്നതായിരുന്നു സർക്കാർ അജണ്ട. പക്ഷേ, തുടർനടപടികളും പ്രോത്സാഹനവുമുണ്ടായില്ലെന്നു മാത്രം.

സർക്കാർ ഏജൻസികളുടെ കാര്യമായ പിന്തുണയില്ലാതെയാണ് ഏറെക്കാലമായി കേരളത്തിൽ കപ്പ കൃഷി നിലനിൽക്കുന്നത്. 8-12 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന കപ്പയുടെ ഡിമാൻഡ് വർധിച്ചതും വില കൂടിയതും 2014 -ലാണ്. ലഭ്യതക്കുറവിനെ തുടർന്ന് വില 30-ലേക്കുയർന്നു. ഇതോടെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും കപ്പ കൃഷി വേരുപിടിച്ചു. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ വൻവിളവുണ്ടായതിനാൽ കഴിഞ്ഞ വർഷം ഡിമാൻഡിൽ ഇടിവുണ്ടായി. കപ്പ ഉണക്കി സൂക്ഷിക്കാൻ കാലാവസ്ഥയും ധനസ്ഥിതിയും തടസമായി. സ്വന്തം ഭൂമിയിലും ഭൂമി പാട്ടത്തിനെടുത്തും മറ്റുമായി വൻതോതിൽ കപ്പ വിളയിച്ചത് കർഷകർക്കുതന്നെ വിനയായി. വില 12-15 ലേക്ക് ഇടിഞ്ഞു. ഇതോടെ, തമിഴ്‌നാട്ടിലെ കർഷകരിലേറെയും കപ്പ കൃഷിയെ ഉപേക്ഷിച്ചു. മലയാളികളും വഴിമാറി ചിന്തിച്ചു. പച്ചക്കറിയിൽ സ്വയം പര്യാപ്തതയെന്ന സങ്കൽപവും ഇതിനായി സർക്കാർ ധനസഹായം നൽകിയതും കപ്പ ഉൽപാദനത്തിന് തിരിച്ചടിയായി. പച്ചക്കറികൾ പലയിടത്തും തഴച്ചു വളർന്നപ്പോൾ കപ്പയുടെ വേരറ്റു. ഉൽപാദനം കുറഞ്ഞതോടെ ഈ വർഷം വീണ്ടും വില കയറി 32 വരെയെത്തി നിൽക്കുമ്പോൾ പക്ഷേ, കർഷകർക്ക് വിൽക്കാൻ ഉൽപന്നമില്ല. കഴിഞ്ഞ വർഷം വിലയിടിഞ്ഞപ്പോൾ 7 രൂപയ്ക്കുവരെ കർഷകർക്ക് പച്ചക്കപ്പ വിൽക്കേണ്ടി വന്നു. അതാണ് മാറിചിന്തിക്കാൻ കർഷകർക്ക് പ്രേരണയായത്.

കഴിഞ്ഞ വർഷം ഉണക്കക്കപ്പ വൻതോതിൽ മൊത്തവ്യാപാരികൾ ശേഖരിച്ചിരുന്നു. കിലോയ്ക്ക് പരമാവധി 30 രൂപയ്ക്കാണ് അവർ സംഭരിച്ചത്. ഇപ്പോൾ വില ഉയർന്നതോടെ വിൽപന വിലയും കൂടി. 45-50 ൽനിന്ന് 70-75 ലേക്കാണ് വില വർധിച്ചത്. വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ മൊത്തവ്യാപാരികൾ കരുതലിലാണ്. പൂഴ്‌ത്തിവയ്പും വ്യാപകമാണ്. കപ്പപ്രിയരാകട്ടെ, വർധിച്ച വിലയിൽ വിഷമത്തോടെയാണ് കഴിയുന്നത്. സാധാരണ കുടുംബത്തിന് 3 കിലോ പച്ചക്കപ്പയോ, 1 കിലോ വാട്ടുകപ്പയോ പ്രാതലിന് വേണം. ഇത്രയും കൂടിയ വിലയ്ക്ക് കപ്പ വാങ്ങാൻ സാധാരണക്കാരനും ഇടത്തരക്കാരനും പ്രയാസമാണെന്ന സ്ഥിതിയുണ്ട്. അതിനാൽ കപ്പ ഒരു വി. ഐ. പി ഭക്ഷണമായി മാറുകയാണിപ്പോൾ. ഹോട്ടലുകളിലും മറ്റും കപ്പ വിഭവങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. വില ഉയരുമ്പോൾ മറ്റ് കൃഷികൾ വിട്ട് വിലയേറിയ ഉൽപന്നങ്ങൾ കൃഷിയിറിക്കുകയും, അവയുടെ വില ഇടിയുമ്പോൾ അതെല്ലാം വെട്ടിമാറ്റി വീണ്ടും വില കൂടിയ കൃഷിയിറക്കുകയും ചെയ്യുന്ന മലയാളി കർഷകരുടെ പതിവുശൈലിക്ക് ആഘാതം കൂടിയാണ് ഇപ്പോഴത്തെ കപ്പവില വർധന. കുരുമുളകും ഏലവും കാപ്പിയുമൊക്കെ വെട്ടിമാറ്റി വാനിലയും സഫേദ് മുസ്ലിയുമൊക്കെ നട്ട് വട്ടം കറങ്ങിയ കർഷകരെ ഇവിടെ ഓർമിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP