Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗതികെട്ടെത്തുന്നവരെ കഴുത്തിന് കുത്തിപ്പിടിച്ചു ടാക്സിക്കാർ; വലിയ കാറുകൾ കിട്ടാൻ പ്രയാസമായതോടെ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് 12000 രൂപ വാടക! മിതമായി ഈടാക്കുന്നത് 4000; ദുരനുഭവം നേരിടേണ്ടി വന്നത് വിനോദ് മാണിയും കുടുംബവും; പുര കത്തുമ്പോൾ വാഴ വെട്ടുന്നവരെ തടയാൻ നോർക്കയുമില്ല ലോക് കേരള സഭയുമില്ല; പ്രവാസിക്കെന്നും കോരന്റെ ജന്മം

ഗതികെട്ടെത്തുന്നവരെ കഴുത്തിന് കുത്തിപ്പിടിച്ചു ടാക്സിക്കാർ; വലിയ കാറുകൾ കിട്ടാൻ പ്രയാസമായതോടെ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് 12000 രൂപ വാടക! മിതമായി ഈടാക്കുന്നത് 4000; ദുരനുഭവം നേരിടേണ്ടി വന്നത് വിനോദ് മാണിയും കുടുംബവും; പുര കത്തുമ്പോൾ വാഴ വെട്ടുന്നവരെ തടയാൻ നോർക്കയുമില്ല ലോക് കേരള സഭയുമില്ല; പ്രവാസിക്കെന്നും കോരന്റെ ജന്മം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഗതികെട്ടെത്തുന്നവനെ കഴുത്തിന് കുത്തിപ്പിടിക്കാൻ പാരമ്പര്യം മറക്കാതെ തിരുവനന്തപുരത്തെ ടാക്സിക്കാർ രംഗത്ത്. കേരളത്തിലെ ഏറ്റവും മോശം രീതിയിൽ പെരുമാറുന്ന ഡ്രൈവർമാർ എന്ന് കുപ്രസിദ്ധിയുള്ള തിരുവനന്തപുരത്തെ ടാക്സിക്കാരുടെ പേരുദോഷം ഉറപ്പിക്കാൻ കേരളം കാണുന്ന രണ്ടാം പ്രളയവും കരണമാകുകയാണ്. കൊച്ചിയിൽ ഇറങ്ങേണ്ട അന്തരാഷ്ട്ര വിമാനങ്ങൾ തിരുവനന്തപുരത്തു എത്തിയതോടെ ചാകരക്കോളിന്റെ സന്തോഷമാണ് ടാക്സിക്കാർക്ക്. നാട്ടിലെ വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന ആധിയുമായി എത്തുന്ന പ്രവാസികളോട് നാട് കൊള്ളയടിക്കാൻ എത്തുന്നവരോട് എന്ന പോലെയാണ് ടാക്സിക്കാരുടെ പെരുമാറ്റം. വിദേശത്തു നിന്ന് പുറപ്പെടുമ്പോൾ പോലും ഏതു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും എന്ന് പോലും ഉറപ്പില്ലാതെ നെഞ്ചിൽ തീയും കനലുമായി എത്തുന്ന പ്രവാസികളെ കണ്ണിൽ ചോരയില്ലാത്ത വിധം പിഴിഞ്ഞെടുക്കുന്നു എന്ന പരാതികളാണ് ഇപ്പോൾ തിരുവനന്തപുരം എയർപോർട്ട് നിന്നും ലഭിക്കുന്നത്.

കൊച്ചിയിൽ എയർപോർട്ട് വെള്ളം കയറി അടച്ചതും കോഴിക്കോട് പ്രതികൂല കാലാവസ്ഥയും മൂലം കേരളത്തിലേക്കുള്ള വിദേശ വിമാന സർവീസുകൾ പൂർണമായും ഇപ്പോൾ എത്തുന്നത് തിരുവനന്തപുരത്തേക്കാണ്. ബക്രീദ് പെരുന്നാൾ പ്രമാണിച്ചു പതിവില്ലാത്ത വിധം ഗൾഫിൽ നിന്നുള്ള യാത്രക്കാർ കൂടുതലായും ഇക്കുറി എത്തുന്നുണ്ട്. സാധാരണ ഈ യാത്രക്കാർ പ്രധാനമായും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് എത്തേണ്ടത്. എന്നാൽ ഇവരൊക്കെ തിരുവനന്തപുരത്തു എത്തിയതോടെ ബമ്പർ ലോട്ടറി അടിച്ച സന്തോഷമാണ് എയർപോർട്ട് ടാസ്‌ക്‌സികർക്ക്. കാരണം സാധാരണ ദിവസങ്ങളിൽ ഓട്ടം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒതുങ്ങിയിരുന്നത് ഇപ്പോൾ പലജില്ലകൾ കടന്നു ഉത്തര മലബാർ വരെ എത്തിയിരിക്കുകയാണ്. ഒറ്റ ദിവസത്തെ ഓട്ടം കൊണ്ട് ആയിരങ്ങൾ കൈയിൽ എത്തുന്ന സൗഭാഗ്യമായി വെള്ളപ്പൊക്ക ദിനങ്ങൾ മാറുന്നതിന്റെ സന്തോഷമാണ് ഇപ്പോൾ ടാക്സിക്കാരുടെ മുഖങ്ങളിൽ.

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിരക്കിൽ സാധാരണ പ്രവാസിയെ കൊള്ളയടിക്കുന്ന ഇത്തരം പരാതികൾ ഒന്നും തിരുവനന്തപുരം എയർപോർട്ടിന്റെ മൂക്കിൻ തുമ്പിൽ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസോ പ്രവാസികാര്യ വകുപ്പോ നോർക്കയോ സകലതിനും പരിഹാരം എന്ന് പറഞ്ഞുണ്ടാക്കിയ ലോക് കേരള സഭയോ ഒന്നും അറിഞ്ഞു കൊള്ളണം എന്നില്ല. കാരണം ഇതൊന്നും അവർക്കൊരു പ്രശ്‌നമേയല്ല. പല രാജ്യങ്ങളിൽ നിന്നും കയ്യിൽ ഇന്ത്യൻ പണം പോലും ഇല്ലാതെ എത്തുന്നവർ വിമാനം ഇറങ്ങി വീണ്ടും റോഡ് മാർഗം പത്തും പന്ത്രണ്ടും മണിക്കൂർ സഞ്ചരിക്കേണ്ടി വരുമ്പോൾ അവർക്കായി എയർപോർട്ടിൽ ഒരു ഹെൽപ് ഡെസ്‌ക് എങ്കിലും തുടങ്ങാൻ ഉള്ള മര്യാദയും സർക്കാർ കാണിച്ചിട്ടില്ല എന്നാണ് പ്രവാസികൾ പരാതിപ്പെടുന്നത്. ഇതുകൊണ്ടു കൂടിയാണ് ടാക്സിക്കാർ എന്ന മട്ടിൽ വേഷമിട്ടെത്തി ആളെ വിളിച്ചു കേറ്റുന്ന വണ്ടിക്കാർ കൊള്ളലാഭം എടുത്തു തുടങ്ങിയത്.

ഇന്നലെ കൊച്ചിയിൽ ഇറങ്ങേണ്ട യുകെ മലയാളികളായ ബ്രിട്ടനിലെ ഗ്ലോസ്റ്റർ നിവാസി വിനോദ് മാണിയും കുടുംബവും തിരുവനന്തപുരത്തും നിന്നും കോട്ടയത്തേക്ക് ഒരു എസ്യുവിയിൽ യാത്ര ചെയ്തപ്പോൾ 12000 രൂപയാണ് ടാക്‌സിക്കാരന് എന്ന ഓമനപ്പേരിൽ എത്തിയ കള്ളവണ്ടി ഓട്ടക്കാരൻ പിഴിഞ്ഞെടുത്തത്. സാധാരണ ഗതിയിൽ 8000 രൂപ പോലും ഈ ഓട്ടത്തിന് കൂടുതലാണ്. കിലോമീറ്ററിന് 14 രൂപ എന്ന നിരക്കിൽ ചാർജ് ചെയ്യേണ്ടിടത്താണ് ഈ അമിതനിരക്കു ഈടാക്കൽ. കൂട്ടത്തിൽ ന്യായീകരണം എന്നോണം റിസ്‌ക് എടുത്താണ് വന്നതെന്ന വിശദീകരണം. വാസ്തവത്തിൽ ഇന്നലെ തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള റോഡിൽ ഒരിടത്തും കാര്യമായ വെള്ളക്കെട്ട് ഇല്ലായിരുന്നു എന്നതാണ് വാസ്തവം.

ടാക്സി ടെർമിനലിൽ അന്വേഷിച്ചപ്പോൾ ആകെ ഇന്നലെ ഓട്ടത്തിന് ഉണ്ടായിരുന്ന 50 ഇന്നോവ കാറുകളും ടെർമിനൽ വിട്ടു പോയി എന്നാണ് വിനോദിന് ലഭിച്ച മറുപടി. മാത്രമല്ല കൊച്ചിക്കും തൃശൂർക്കും കണ്ണൂരിനും ഒക്കെ ഓട്ടം പോയവർ മടങ്ങി എത്താൻ ഉള്ള സാധ്യതയും വിരളം ആണെന്നായിരുന്നു ടെർമിനൽ ജീവനക്കാർ നൽകിയ മറുപടി. ഇതോടെ കൊച്ചു കുട്ടികൾ അടക്കം കുടുംബവുമായി യാത്ര ചെയേണ്ടി വന്ന വിനോദ് മറ്റൊന്നും ആലോചിക്കാതെ മുന്നിൽ വന്ന വണ്ടിയിൽ ചാടി കയറുക ആയിരുന്നു. കുടുംബം അടക്കം എത്തുന്നതിനാൽ എല്ലാവരുടെയും ബാഗേജുമായി കെഎസ്ആർടിസി ബസ് പിടിക്കാൻ കാത്തു നിൽക്കുന്നവർ തന്നെ ചീത്ത വിളി തുടങ്ങിയതോടെ ഇനി ആ വഴി നോക്കി സമയം കളഞ്ഞിട്ടു കാര്യം ഇല്ലെന്നുറപ്പിച്ചാണ് ടാക്സിയിൽ വീട്ടിലേക്കു തിരിച്ചത്.

യാത്രയിൽ കുട്ടികൾക്ക് പോലും ഒരിറക്ക് ദാഹജലം വാങ്ങി നൽകാൻ പണവും ഉണ്ടായിരുന്നില്ല. സാധാരണ കൊച്ചിയിൽ എത്തി വീട്ടുകാർ കൂട്ടികൊണ്ടു പോകുന്ന പതിവായതിനാൽ ഇത്തരം പ്രശ്നനങ്ങൾ പ്രതീക്ഷിച്ചതും ഇല്ലെന്നും വിനോദ് പറയുന്നു. വിമാനം എവിടെ ലാൻഡ് ചെയ്യും എന്നുറപ്പില്ലാത്തതിനാൽ വീട്ടുകാരോട് സ്വീകരിക്കാൻ വരേണ്ടെന്നും പറഞ്ഞിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ എത്തുന്നവരും ഇത്തരം പിടിച്ചു പറിക്കു വിധേയരാക്കാൻ സാധ്യത ഉള്ളതിനാൽ ഒന്നുകിൽ വീട്ടിൽ നിന്നും വാഹനം എത്തിക്കുകയോ അല്ലെങ്കിൽ യാത്ര പുറപ്പെടും മുൻപേ ഓൺ ലൈനിൽ ടാക്സി ബുക്ക് ചെയ്യുകയോ വേണമെന്ന് വിനോദ് ഓർമ്മിപ്പിക്കുന്നു. ഇത്തരം പ്രയാസങ്ങൾ നേരിടുന്ന പ്രവാസിക്ക് ഒരു വാക്ക് കൊണ്ട് പോലും സഹായം ഏർപ്പാടാക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകാത്തതിനാൽ ഇപ്പോഴും കോരന്മാരായ പ്രവാസികൾക്ക് കുമ്പിൾ കഞ്ഞി കുടിക്കാനാണ് നിയോഗം എന്നും വിനോദിന്റെ അനുഭവം മുഴുവൻ പ്രവാസികളെയും ഓർമ്മിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP