Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടികൾ വന്ന് മറിയുന്ന ക്രിക്കറ്റ് ലോകത്ത് വീണ്ടും അട്ടിമറി; ഒരു പതിറ്റാണ്ടായി കേരളാ ക്രിക്കറ്റിനെ കൈപ്പിടിയിൽ ഒതുക്കിയിരുന്ന ടിസി മാത്യു ഒടുവിൽ ക്ലീൻ ബൗൾഡായി; മകനെ കെസിഎ ആസ്ഥാനത്തെ മുറിയിൽ നിന്ന് ഒഴിപ്പിച്ചു; ബിസിസിഐ പ്രസിഡന്റാകുമെന്ന് വരെ കരുതിയ തൊടുപുഴക്കാരനെ അട്ടിമറിക്കാൻ എതിർപക്ഷം പ്രയോഗിച്ചത് അധികാരത്തിൽ എത്താൻ ടിസി എടുത്ത അതേ കുറക്കുവഴികൾ

കോടികൾ വന്ന് മറിയുന്ന ക്രിക്കറ്റ് ലോകത്ത് വീണ്ടും അട്ടിമറി; ഒരു പതിറ്റാണ്ടായി കേരളാ ക്രിക്കറ്റിനെ കൈപ്പിടിയിൽ ഒതുക്കിയിരുന്ന ടിസി മാത്യു ഒടുവിൽ ക്ലീൻ ബൗൾഡായി; മകനെ കെസിഎ ആസ്ഥാനത്തെ മുറിയിൽ നിന്ന് ഒഴിപ്പിച്ചു; ബിസിസിഐ പ്രസിഡന്റാകുമെന്ന് വരെ കരുതിയ തൊടുപുഴക്കാരനെ അട്ടിമറിക്കാൻ എതിർപക്ഷം പ്രയോഗിച്ചത് അധികാരത്തിൽ എത്താൻ ടിസി എടുത്ത അതേ കുറക്കുവഴികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭരണ നേതൃത്വത്തിലേക്ക് കേണൽ ഗോദവർമ്മ രാജയ്ക്കും എസ് കെ നായർക്കും ശേഷം എത്തിയ മലയാളിയാണ് ടിസി മാത്യു. ബിസിസിഐയുടെ പ്രസിഡന്റായി മാറുമെന്ന് പോലും കരുതുന്ന സമയത്താണ് ടിസിയുടെ പടിയിറക്കം. ബിസിസിഐയുടെ വൈസ് പ്രസിഡന്റ് കൂടിയായ ടിസിയെ സമർത്ഥമായ കരുനീക്കത്തിലൂടെയാണ് കേരളാ ക്രിക്കറ്റിലെ മറുവിഭാഗം ക്ലീൻ ബൗൾഡാകുന്നത്. ഇനി ക്രിക്കറ്റിലേക്ക് ടിസിക്ക് മടക്കമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എസ് കെ നായരുടെ പിന്തുണയോടെ കേരളാ ക്രിക്കറ്റിൽ സജീവമായ വ്യക്തിയാണ് ടിസി മാത്യു. എന്നാൽ പിന്നീട് തന്ത്രങ്ങളിലൂടെ എസ് കെയെ വെട്ടി. കേരളാ ക്രിക്കറ്റിലെ എല്ലാമെല്ലാമായി ടിസി മാറി. ഇങ്ങനെ അധികാരം പിടിച്ചെടുത്ത ടിസിയെ അതേ രീതിയിൽ പുറത്തേക്ക് ഒതുക്കുകയാണ് മറുവിഭാഗം ചെയ്യുന്നത്. ഇവിടെ സാമ്പത്തികവും ധാർമികവുമായി വിഷയങ്ങൾ ചർച്ചയാവുകയാണ്.

അതിനിടെ ടി.സി. മാത്യുവിന്റെ മകനെ കെസിഎ ആസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചു. തിരുവനന്തപുരത്തുള്ള കെ.സി.എയുടെ മുഖ്യ ഓഫീസിലെ മുറികളിൽ കളിക്കാർക്കും ഒഫീഷ്യൽസിനുമാണു താമസിക്കാൻ അനുവാദമുള്ളൂ. എന്നാൽ, ടി.സി. മാത്യൂവിന്റെ മകനും ജ്യേഷ്ഠന്റെ മകനുമാണ് ഒന്നര വർഷമായി ഇവിടെ താമസിക്കുന്നത്. ഇതുൾപ്പെടെയുള്ള പരാതികളാണ് ടിസി മാത്യുവിനെതിരെ തൃശൂർ ജില്ലാ കെ.സി.എ. നോമിനി അഡ്വ. കെ. പ്രമോദ് ഉയർത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കെസിഎ ഭാരവാഹികളും വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കേരളാ ക്രിക്കറ്റിലെ എല്ലാമെല്ലാമായി അറിയപ്പെട്ടിരുന്ന ടിസിയുടെ മകനെ കെസിഎ ആസ്ഥാനത്ത് നിന്ന് കുടിയൊഴുപ്പിച്ചത്. പ്രധാന ശിഷ്യന്മാരായി നിന്ന് കെസിഎയിൽ അധികാര തലപ്പത്ത് എത്തിയവർ ടിസി കൈവിട്ടുവെന്ന് തന്നെയാണ് പൊതുവേയുള്ള വിലയിരുത്തൽ.

അഞ്ചുകോടി രൂപയുടെ സാമ്പത്തിക അഴിമതിയാരോപണമാണ് പ്രമോദ് ടിസി മാത്യുവിനെതിരെ ഉയർത്തിയത്. കെ.സി.എയ്ക്കുണ്ടായ നഷ്ടം മനഃപൂർവം വരുത്തിയതാണെന്നും അതുകൊണ്ട് ക്രിമിനൽ കുറ്റമാണിതെന്നും ആരോപിക്കുന്നു. ഇത് പരിഗണിച്ചാണ് ടിസി മാത്യുവിനെ ബലിയാടാക്കി പ്രശ്നം ഒതുക്കാൻ നീക്കം നടക്കുന്നത്. ലോധാ കമ്മീഷൻ റിപ്പോർട്ട് കൂടി പരിഗണിക്കുമ്പോൾ ടിസി മാത്യുവിന് ക്രിക്കറ്റിന്റെ ഭരണതലത്തിൽ തുടരുക അസാധ്യമാണ്. 9 കൊല്ലം ക്രിക്കറ്റ് ഭരണം നടത്തിയവർ മാറി നിൽക്കണമെന്നതാണ് ലോധാ കമ്മറ്റിയുടെ പ്രധാന ശുപാർശ.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് മറുവിഭാഗം കരുക്കൾ നീക്കിയത്. നിലവിൽ പ്രസിഡന്റായ വിനോദും സെക്രട്ടറി ജയേഷ് ജോർജും ടിസി മാത്യുവിന്റെ അനുയായികളായിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ ഇവരും ടിസിയെ കൈവിട്ടു. പ്രമോദ് പരാതിയിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്. ടിസി മാത്യുവിനെതിരെ കെ.സി.എ. പ്രസിഡന്റ്, സെക്രട്ടറി, ബി.സി.സിഐ സെക്രട്ടറി, മുൻ സി.എ.ജി. വിനോദ് റായ് എന്നിവർക്കാണ് പരാതി അയച്ചിട്ടുള്ളത്. നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയിൽ പോകാനാണു തീരുമാനം. ടി.സി.മാത്യു നടത്തിയ എല്ലാ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ജനുവരി രണ്ടിനാണു ടി.സി. മാത്യൂ കെ.സി.എ. പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. അതിനുശേഷം ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി തുടരുകയായിരുന്നു. ഈ പദവിയാണ് അദ്ദേഹം ഞായറാഴ്ച ഒഴിഞ്ഞത്.

കെസിഎയിലെ സ്ഥാനമൊഴിഞ്ഞതിനുശേഷം കെ.സി.എയുടെ മുഴുവൻ ആനുകൂല്യവും പറ്റി. എറണാകുളം മെറെൻ ഡ്രൈവിൽ ടാജ് ഹോട്ടലിനു സമീപത്തെ ഫ്‌ളാറ്റിന്റെ പ്രതിമാസ വാടക 35,000 രൂപ സ്ഥാനമൊഴിഞ്ഞ ശേഷവും കൈപ്പറ്റി. എട്ടുമാസമായി ഈ തുക കെ.സി.എ. ടി.സി. മാത്യൂവിനു നൽകുന്നു. കെ.സി.എയുടെ പ്രസിഡന്റ് എന്ന നിലയിലും വാടക പറ്റി. എന്നാൽ, പ്രസിഡന്റിന്റെ വീട്ടുവാടക നൽകാൻ കെ.സി.എയിൽ ചട്ടമില്ലെന്നും 2 കെ.സി.എയുടെ കാറും ഡ്രൈവറേയും ടി.സി. മാത്യൂ ഉപയോഗിക്കുന്നുവെന്നും പ്രമോദ് പരാതിപ്പെടുന്നു. താടുപുഴയിൽ പണി പൂർത്തിയായി വരുന്ന ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിൽ വൻ അഴിമതിയുണ്ടെന്നാണ് ആക്ഷേപം. സ്റ്റേഡിയം നിർമ്മിക്കാൻ വേണ്ടി മണ്ണും കല്ലും മാറ്റിയത് രേഖകളിൽ ഇല്ല.

ടി.സി. മാത്യു പ്രസിഡന്റായിരുന്ന വേളയിൽ തൃശൂരിൽ 19 കടലാസ് ക്രിക്കറ്റ് ക്ലബുകൾ സ്ഥാപിച്ചു. ഇവിടെ കളിക്കാരില്ല. ജില്ലകൾ പിടിച്ചെടുക്കന്നതിന്റെ ഭാഗമായിട്ടാണ് കടലാസ് ക്ലബുകൾ സ്ഥാപിച്ചത്. ലോധ കമ്മിറ്റിക്കെതിരേ കെ.സി.എയുടെ ഫണ്ട് ഉപയോഗിച്ച് അഭിഭാഷകനെ വച്ച് സുപ്രീംകോടതിയിൽ കേസ് നടത്തി. ക്രിക്കറ്റിനു മാത്രമേ പണം ചെലവഴിക്കാവൂ എന്ന നിയമം കാറ്റിൽ പറത്തി. ഇടക്കൊച്ചിയിൽ 26 കോടി രൂപ മുടക്കി ക്രിക്കറ്റ് സ്റ്റേഡിയത്തിനു സ്ഥലം വാങ്ങിയെങ്കിലും ഇവിടെ ഒന്നും പണിഞ്ഞിട്ടില്ല-ഇങ്ങനെ നീളുന്ന ആരോപണങ്ങൾ. ഇതിൽ പലതും മുമ്പും ടിസിക്കെതിരെ ഉയർന്ന ആരോപണമാണ്. എന്നാൽ ഇതെല്ലാം അവഗണിക്കുകയാണ് ടിസി ചെയ്തത്. 

കേരളത്തിൽ നിന്ന് രണ്ട് അന്താരാഷ്ട്ര താരങ്ങളെ ഉണ്ടായിട്ടുള്ളൂ. വല്ലപ്പോഴും മാത്രമാണ് അന്താരഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്. എന്നാൽ കോടികളാണ് ബിസിസിഐയിൽ നിന്ന് കെസിഎയിലേക്ക് ഒഴുകിയെത്തുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ അതി സമ്പന്നമായ കായിക സംഘടനയാണ് കെഎസിഎ. സർക്കാരിനെ പോലും വെല്ലുവിളിച്ച് സ്വന്തം കാലിൽ നിൽക്കാൻ കെസിഎയ്ക്ക് പലപ്പോഴും കഴിഞ്ഞിട്ടുമുണ്ട്. ഈ സമ്പത്ത് തന്നെയാണ് ഭരണ തലത്തിലെ അട്ടിമറിക്കും പുതിയ തലവും മാനവും നൽകുന്നത്. കേരളത്തിൽ ഉടനീളം സ്റ്റേഡിയങ്ങളും മറ്റും നിർമ്മിക്കുന്നത് അഴിമതിക്ക് വേണ്ടിയാണെന്ന ആരോപണം സജീവമാണ്. അതിനിടെയാണ് ടിസിയെ വെട്ടി പുതിയ വിഭാഗം അധികാരം പിടിച്ചെടുക്കാൻ കരുനീക്കം നടത്തിയത്.

ഡാൽമിയ പ്രസിഡന്റായിരുന്നപ്പോൾ മലയാളിയായ എസ് കെ നായരായിരുന്നു വിശ്വസ്തൻ. ബിസിസിഐ സെക്രട്ടറി സ്ഥാനം പോലും എസ് കെ നായർക്ക് ഡാൽമിയ നൽകി. പിന്നീട് ശ്രീനിവാസന്റെ നേതൃത്വത്തിൽ പുതിയൊരു വിഭാഗം രൂപപ്പെടുകയും ശരത് പവാറിന്റെ സാഹയത്തോടെ ബിസിസിഐ പിടിച്ചെടുക്കുകയും ചെയ്തു. ഈ സമയത്ത് ശ്രീനിവാസൻ പക്ഷത്തെ പ്രധാനിയായി മാത്യു മാറി. അങ്ങനെയാണ് കേരളാ ക്രിക്കറ്റിനെ തന്റെ ചൊൽപ്പടിയിലേക്ക് ടിസി മാത്യു എത്തിച്ചത്.

എട്ട് വർഷത്തോളം വീതം കെ.സി.എ സെക്രട്ടറിയും ട്രഷററായും രണ്ട് വർഷം പ്രസിഡന്റായും ടി.സി. മാത്യു പ്രവർത്തിച്ചു. സുപ്രീംകോടതി നിർദ്ദേശ പ്രകാരം ലോധ കമ്മിറ്റി ശിപാർശകൾ നടപ്പാകുന്നതോടെ ടി.സി. മാത്യുവിന് സംസ്ഥാന, ജില്ല അസോസിയേഷനുകളിൽ ഭാരവാഹിയാകാൻ കഴിയില്ല. നിർദ്ദേശങ്ങൾ നടപ്പാക്കാൻ വൈകിയതിനെത്തുടർന്ന് ബി.സി.സി.ഐയിൽ നിന്നും ഫണ്ട് ലഭിക്കുന്നതിന് കെ.സി.എക്ക് തടസം നേരിട്ടിരുന്നു.

ഈ സാഹചര്യത്തിൽ ടി.സി. മാത്യൂവിെന്റ രാജിക്ക് കെ.സി.എ.യുടെ സമ്മർദ്ദവുമേറിയിരുന്നു.  കഴിഞ്ഞ 21ന് ചേർന്ന സംസ്ഥാന ജനറൽ ബോഡിയിൽ ലോധ കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കുമെന്ന് കെ.എസി.എ പ്രമേയം പാസാക്കി. ഇതിനു ശേഷമാണ് ഫണ്ട് അനുവദിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചത്. കെ.സി.എയിൽ മാത്യുവിനുള്ള സ്വാധീനം തീരുന്നതായുള്ള സൂചനയാണ് കെ.സി.എ നീക്കങ്ങളിൽ വ്യക്തമാകുന്നത്. എസ് കെ നായർക്കൊപ്പം നിലയറുപ്പിച്ചിരുന്നവരെല്ലാം ഇതിനായി കരുതലോടെ നീക്കം നടത്തി.

എസ് കെ നായരുടെ വിശ്വസ്തരാണ് ടിസിയെ പുറത്താക്കാനുള്ള ഗൂഢാലോചനയ്ക്ക് ചുക്കാൻ പിടിച്ചതെങ്കിലും അവരാരും ഇനി എസ്‌കെ തിരികെ കൊണ്ടു വരാൻ മുൻകൈയെടുക്കില്ല. ലോധാ കമ്മറ്റി റിപ്പോർട്ട് പ്രകാരം 70 വയസ്സ് കഴിഞ്ഞവർക്ക് അധികാരത്തിലെത്താൻ തടസ്സങ്ങൾ ഏറെയുണ്ട്. ഈ സാഹചര്യത്തിൽ എസ് കെയേയും ടിസിയേയും മാറ്റി നിർത്തി ക്രിക്കറ്റ് ഭരണം പിടിച്ചെടുക്കാനാണ് നീക്കം. കെസിഎ സെക്രട്ടറിയായ ജയേഷ് ജോർജാണ് നിലവിൽ കേരളാ ക്രിക്കറ്റിലെ ശക്തൻ. ജയേഷും ടിസിയുമായും തെറ്റിയതായി സൂചനയുണ്ട്. തൊടുപുഴയിലെ വീട്ടിലെത്തി ടിസിയെ രാജിക്ക് നിർബന്ധിച്ചത് ജയേഷായിരുന്നു. ഇടുക്കിക്കാരനായ പ്രസിഡന്റ് വിനോദും ഒപ്പമുണ്ടായിരുന്നു. എസ് കെ ക്യാമ്പുമായി ജയേഷ് അടുക്കുന്നതായും സൂചനയുണ്ട്. ഇത് ടിസിയും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ടിസി ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്നത്.

വിശ്രമജീവിതം നയിക്കുന്ന എസ് കെ നായർക്കും ക്രിക്കറ്റിൽ വീണ്ടും സജീവമാകാൻ താൽപ്പര്യമില്ല. ക്രിക്കറ്റിലെ പ്രധാനികളെല്ലാം ലോധ കമ്മറ്റി റിപ്പോർട്ട് കാരണം അധികാരത്തിൽ എത്താൻ തടസ്സമുള്ള വ്യക്തികളുമാണ്. ജയേഷ് ജോർജിന് പോലും സെക്രട്ടറി സ്ഥാനം നഷ്ടമാകുമെന്ന് സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP