Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജോലിക്ക് കയറുമ്പോൾ പിഴിഞ്ഞെടുക്കാൻ ക്യൂ നിന്ന് കമ്പനികൾ; സ്വപ്‌ന ശമ്പളമെങ്കിലും സീനിയോരിറ്റി വർദ്ധിക്കുമ്പോൾ അവസരങ്ങൾ കുറയും; 'ക്രെഡിറ്റ് കാർഡ്' ലൈഫിലേക്ക് നീങ്ങുമ്പോൾ അപ്രതീക്ഷിത പിരിച്ചുവിടലിൽ എല്ലാം തകരും; ദിവസവും മാറുന്ന ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും ജോലി തെറിക്കും; സർവൈവ് ദി ഫിറ്റസ്റ്റ് തിയറി മാനദണ്ഡമാക്കി മിക്ക ഐടി കമ്പനികളും; ജോലിത്തിരക്കിൽ താളം തെറ്റി കുടുംബ ജീവിതവും; പിരിമുറുക്കങ്ങൾ താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം തേടുന്ന ടെക്കികളുടെ എണ്ണം കൂടുന്നു

ജോലിക്ക് കയറുമ്പോൾ പിഴിഞ്ഞെടുക്കാൻ ക്യൂ നിന്ന് കമ്പനികൾ; സ്വപ്‌ന ശമ്പളമെങ്കിലും സീനിയോരിറ്റി വർദ്ധിക്കുമ്പോൾ അവസരങ്ങൾ കുറയും; 'ക്രെഡിറ്റ് കാർഡ്' ലൈഫിലേക്ക് നീങ്ങുമ്പോൾ അപ്രതീക്ഷിത പിരിച്ചുവിടലിൽ എല്ലാം തകരും; ദിവസവും മാറുന്ന ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും ജോലി തെറിക്കും; സർവൈവ് ദി ഫിറ്റസ്റ്റ് തിയറി മാനദണ്ഡമാക്കി മിക്ക ഐടി കമ്പനികളും; ജോലിത്തിരക്കിൽ താളം തെറ്റി കുടുംബ ജീവിതവും; പിരിമുറുക്കങ്ങൾ താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം തേടുന്ന ടെക്കികളുടെ എണ്ണം കൂടുന്നു

മറുനാടൻ ഡെസ്‌ക്‌

ബംഗളുരു: സംശയമില്ല, ഇന്ത്യയിലെ ഏറ്റവും എലൈറ്റ് ജോബുകളിൽ ഒന്ന് ഇപ്പോഴും ഐടി തന്നെ. ഈ മേഖലയിലേക്ക് ചുവടുവയ്ക്കാൻ കൊതിക്കുന്നത് ലക്ഷക്കണക്കിന് പേരാണ്.
പുറമേ നിന്നു നോക്കിയാൽ എടുത്താൽ പൊങ്ങാത്ത ശമ്പളം വാങ്ങി ജീവിതം അടിച്ചുപൊളിക്കുന്ന യുവാക്കൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന തൊഴിൽ മേഖല. എന്നാൽ പുറംകാഴ്ചകൾക്കപ്പുറം യാഥാർഥ്യങ്ങൾ മറ്റുചിലതാണ്. കടുത്ത മാനസിക സമ്മർദ്ദങ്ങളിൽ കഴിയുന്ന ഒരു പറ്റം യുവതീയുവാക്കൾ ജോലി ചെയ്യുന്ന തൊഴിലിടമാണ് ഐടി മേഖല. മാനസിക സമ്മർദ്ദം തെല്ലും താങ്ങാൻ കഴിയാതെ ആത്മഹത്യയിൽ അഭയം പ്രാപിച്ച ടെക്കികളുടെ എണ്ണം കൂടി കൂടി വരുന്നു. ആഗോള സാമ്പത്തിക രംഗത്തെ കിടമത്സരങ്ങളുടെ ഭാഗമായി ഇന്ത്യൻ ഐ ടി കമ്പനികളിൽ കൂട്ടപ്പിരിച്ചു വിടൽ നടക്കുമ്പോൾ ഓരോ ടെക്കിയുടെ തലയ്ക്ക് മുകളിലും ഡെമോക്ലിസിന്റെ വാൾ പോലെ തൊഴിൽ നഷ്ട ഭീഷണി തൂങ്ങിക്കിടക്കുന്നു.

ഒരാഴ്‌ച്ച മുമ്പ് ബാംഗ്ലൂർ ഇൻഫോസിസിലെ ജീവനക്കാരിയായ കമ്പ്യൂട്ടർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവം പുറത്തുവന്നിരുന്നു. തൊഴിലിടത്തിലെ സമ്മർദ്ദമായിരുന്നു 24കാരിയായ വനിതാ ടെക്കി രക്ഷിതയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഘടകം. തൊഴിൽ സമ്മർദ്ദത്തിന് ഉപരിയായി സ്വന്തം താൽപ്പര്യങ്ങളെ അവഗണിച്ച് ഈ ജോലിക്കെത്തിയവർക്കും പലപ്പോഴും ആത്മഹത്യയിൽ അഭയം തേടേണ്ടി വന്നിട്ടുണ്ട്. ഉയർന്ന ശമ്പളം പ്രതീക്ഷിച്ച് സ്വന്തം താൽപ്പര്യത്തെ അവഗണിച്ചു ഈ മേഖല തിരഞ്ഞെടുത്തവർക്കാണ് പലപ്പോഴും വേണ്ട വിധത്തിൽ ശോഭിക്കാൻ കഴിയാതെ പോകുന്നത്.

ഐടി കമ്പനികളിലെ ആത്മഹത്യാ നിരക്ക് സർക്കാർ കണക്കിൽ രണ്ട് മാസത്തിൽ അഞ്ച് എന്ന നിലയിലാണ്. എന്നാൽ യാഥാർത്ഥ്യം ഇതല്ല. ഇതിന്റെ പത്തും ഇരുപതും മടങ്ങാണ് ആത്മഹത്യാ നിരക്കെന്നാണ് ഐടി രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ പറയുന്നത്. പലപ്പോഴും ഇത്തരം മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നത് കോർപ്പറേറ്റ് താൽപ്പര്യം മുൻനിർത്തിയാണെന്ന് ഈ മേഖലയിലെ ജീവനക്കാരുടെ സംഘടനകളും വെളിപ്പെടുത്തുന്നു. ജോലിയിൽ ഉള്ള സ്‌ട്രെസ്, അരക്ഷിതാവസ്ഥ, ഇൻസെക്യൂരിറ്റി, ശമ്പളത്തിലുള്ള പ്രശ്നങ്ങൾ, പെട്ടെന്നുള്ള തൊഴിൽ പ്രശ്നങ്ങൽ, കുടുംബ ജീവിതത്തിലെ താളപ്പിഴകൾ ഇവയൊക്കായാകാം ആത്മഹത്യയിലേക്ക് നയിക്കുന്ന ഘടകങ്ങൾ.

ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏതു നിമിഷവും തൊഴിൽ നഷ്ടമാകും എന്ന ഭീതിയാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. ജോലിയുടെ മികവിന്റെ പേരിലും പ്രൊജക്റ്റ് നഷ്ടമാകുമെന്ന ഭീതിയിലും, ലാഭം പരമാവധി ആക്കാനുള്ള കമ്പനികളുടെ വ്യഗ്രതയിലും തൊഴിലാളികൾ പടിക്കു പുറത്താകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. ജോലിക്ക് കയറി കുറച്ചു കാലത്തിനുള്ളിൽ മികച്ച ശമ്പളം നേടുന്ന അവസ്ഥയിലേക്ക് ടെക്കികൾ മാറാറുണ്ട്. ഇതിന് അനുസരിച്ച് ജീവിത നിലവാരത്തിലും മാറ്റും വരും. പച്ചപിടിക്കുന്നതിന് അനുസരിച്ച് ലോണെടുത്ത് വീടു വെക്കുന്നവർ നിരവധിയാണ്. കാറും ഷോപ്പിംഗും അടക്കമുള്ള കാര്യങ്ങൾ ശരിയായി തന്നെ നടക്കും. എന്നാൽ, പെട്ടെന്നൊരു ദിവസം തൊഴിൽ നഷ്ടമുണ്ടാകുമ്പോൾ എല്ലാ പ്രതീക്ഷകളും തകിടം മറിയും. സീനിയർ ആകുന്നതിനനുസരിച്ചു മറ്റു കമ്പനികളിൽ ജോലി ഒഴിവുകൾ കുറയുന്നതും ജോലി ചെയ്ത സ്ഥാപനം അധികപ്പറ്റായി കാണുകയും ചെയ്യുന്ന അവസ്ഥയും കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണമാകുന്നു.

വിഷാദച്ചുഴിയിൽ വീണ അംലൻ ബർമൻ

ഫെബ്രുവരി 14, 31 കാരനായ സോഫ്റ്റ് വെയർ എഞ്ചിനീയർ അംലൻ ബർമന്റെ മാതാപിതാക്കൾക്ക് മറക്കാൻ കഴിയാത്ത ദിവസമാണ്. അന്നാണ് ബെംഗളൂരുവിൽ ബാഗ്മേൻ എംടിബി ടെക് പാർക് ഓഫീസ് കഫിറ്റീരിയയുടെ 13 ാംനിലയിൽ നിന്ന് യുവാവ് ചാടി മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളായിരുന്നും അംലൻ ബർമനെ അലട്ടിയത്. ഉച്ചഭക്ഷണസമയത്താണ് അയാൾ ആ കടുംകൈ ചെയ്തത്. ഇയാൾ അപസ്മാരത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അസുഖം വരുമ്പോൾ താങ്ങാകാൻ ആരുമില്ലെന്ന തോന്നലാണ് ആ അസംസ്വദേശിയായ ചെറുപ്പക്കാരന്റെ ജീവനെടുത്തത്.

സമാന സംഭവങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. 2017 നവംബർ 22 ന് ഗീതാഞ്ജലി എന്ന സോഫ്റ്റ് വെയർ എഞ്ചിനീയർ, 30 കാരനായ ടെക്കി ചൈതന്യ എന്നിവരും ഉയരത്തിൽ നിന്നും ചാടി ജീവനൊടുക്കുകായായിരുന്നു. മോശം പ്രകടനത്തിന്റെ പേരിൽ പലപ്പോഴും മെമോ കിട്ടിയിരുന്നു ചൈതന്യക്ക്. അതിന്റെ സമ്മർദ്ദം താങ്ങാൻ വയ്യാതെയാണ് അയാൾ ജീവിതം മതിയാക്കിയത്.

പങ്കാളിയുടെ സമ്മർദ്ദത്തിന് അടിമപ്പെടുന്നവർ

മെയ് 7. പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന 33 കാരിയായ സെയിൽസ് ഡിവിഷൻ ജീവനക്കാരി ബെംഗളൂരുവിൽ ജെപി നഗറിലെ തന്റെ വസതിയിൽ സീലിങ്ങിൽ തൂങ്ങി മരിച്ചു. നാലുവർഷത്തെ ദാമ്പത്യ ജീവിതം തികച്ചും പരാജയമായിരുന്നു. ഒന്നര വയസുള്ള മകനെ പോലും മറന്നാണ് സുപ്രിയ ജീവനൊടുക്കിയത്. ഭർത്താവിന്റെ കടുത്ത മാനസിക പീഡനമാണ് സുപ്രിയയെ വിഷാദരോഗത്തിലേക്ക് നയിച്ചത്.

2017, നവംബർ 22

ബെംഗളൂരുവിൽ സെസ്‌ന ബിസിനസ് പാർക്കിലെ ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്ന് 27 കാരിയായ ഐടി പ്രൊഫഷണൽ ചാടി മരിച്ചു. അഡ്വ് ഒപ്ടിറ്റക്കൽ നെറ്റ വർക്കിങ്ങിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറായ ഗീതാഞ്ജലി രാവിലെ 11.30 ഓടെയാണ് ആത്മഹത്യ ചെയ്തത്. എന്താണ് ഗീതാഞ്ജലിയെ മരണത്തിലേക്ക് അടുപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല.

തൊഴിൽ സുരക്ഷിതത്വമില്ല, 'ക്രെഡിറ്റ് കാർഡ്' ചതിയിൽ വീഴുന്നവരും നിരവധി

മികച്ച ശമ്പളം ലഭിക്കുന്ന ടെക്കികളും സാമ്പത്തിക ബുദ്ധിമുട്ടിൽ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ബെംഗളൂരുവിൽ ഉണ്ടായിട്ടുണ്ട്. പുത്തൻ തലമുറ ബാങ്കുകളുടെ 'ക്രെഡിറ്റ് കാർഡ്' ചതിയിൽ നിന്ന് തലയൂരാനാവാത്തതും ടെക്കികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട്. പബ്ബിലും ക്ലബ്ബിലും ഷോപ്പിങ്ങ ്മാളിലുമായി പണം വാരിയെറിയുമ്പോൾ ബാങ്കിലെ തിരിച്ചടവിനെ കുറിച്ച് പലരും ചിന്തിക്കാറില്ല. വരവിനേക്കാൾ ഉയർന്ന നിലവാരത്തിൽ ജീവിക്കാൻ ടെക്കികൾ ശ്രമിക്കുമ്പോൾ സാമ്പത്തിക ഞെരുക്കം മൂലമുള്ള ആത്മഹത്യകൾ വർധിക്കുകയാണെന്ന് ക്രൈം റിക്കോർഡസ്് ബ്യൂറോയുടെ റിപ്പോർട്ടുകളും വ്യക്തമാക്കുന്നുണ്ട്.

ഐ.ടി. മേഖലയിൽ പണ്ടത്തെപ്പോലെ തൊഴിൽ സുരക്ഷിതത്വം ഇന്നില്ല. ഫോർഡ് മോട്ടോർ, ഡെൽ കമ്പ്യൂട്ടേഴ്‌സ്, ഐ.ബി.എം. തുടങ്ങിയ വമ്പന്മാർ പോലും ജോലിക്കാരെ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിക്കഴിഞ്ഞു. കോഗ്‌നിസന്റ് പോലുള്ള കമ്പനികളാകട്ടെ കൂട്ടത്തോടെ ജീവനക്കാരെ പുറക്കാക്കുകയും ചെയ്തു. അമേരിക്കയിൽ ട്രംപ് അധികാരമേറ്റതിന് ശേഷം ഇന്ത്യൻ ഐടി കമ്പനികൾക്ക് അത്ര നല്ല കാലം ആയിരുന്നില്ല. പലകാര്യങ്ങളിലും നിയന്ത്രണം കൊണ്ടുവന്നതോടെ ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയായി. ഇതിന്റെ അനന്തരഫലമായി ഉണ്ടായത് പിരിച്ചുവിടലായിരുന്നു.

ഐടി തൊഴിലാളി മേഖല ഇപ്പോഴും അസംഘടിതമാണ്. ഇവിടെ ആർക്കും ആരെയും എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാവുന്ന അവസ്ഥയുണ്ട്. ലാഭക്കൊതി മൂലം ജീവനക്കാർക്ക് വേണ്ടവിധത്തിൽ ശമ്പളം കൊടുക്കാത്ത കമ്പനികളും ഈ രംഗത്തുണ്ട്. വർഷങ്ങളോളമായി ശമ്പള വർധന വരുത്താത്ത ഒരുപാട് കമ്പനികൾ ഉണ്ട്. അഥവാ വർധന വരുത്തുന്നതാവട്ടെ ഏറ്റവും നന്നായി റേറ്റിങ് കിട്ടിയ കുറച്ചു ജീവനക്കാർക്ക് മാത്രമാകുന്ന അവസ്ഥയുമുണ്ട്. ഔട്ട് ഡേറ്റഡ് ആവുന്ന ടെക്നോളോജികളാണ് ടെക്കികൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. സാങ്കേതിക വിദ്യ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാലത്ത് എല്ലാക്കാലത്തും പുതിയ കാര്യങ്ങൾ പഠിക്കാൻ ജോലിക്കാർ നിർബന്ധിതരാകുന്നു. ഇതോടെ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുന്ന അവസ്ഥ വരുന്നു.

ചില കോഴ്‌സുകൾ കമ്പനികൾ തന്നെ ട്രെയിനിങ് കൊടുത്ത് പഠിപ്പിക്കുമെങ്കിലും വിശദമായി പഠിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്ന സാഹചര്യങ്ങളുമുണ്ട്. ഭാര്യ ഭർത്താക്കന്മാർ ഇരുവരും ഒരേ മേഖലയിൽ ഉള്ളവരാണെങ്കിൽ സമ്മർദ്ദം കുടുംബ ജീവിതത്തെയും ഒരുപാട് ബാധിക്കുന്ന അവസ്ഥയുണ്ട്. ഓഫീസിൽ വച്ച് തീരാത്ത ജോലി വീട്ടിൽ വച്ച് ചെയ്യണ്ട ഘട്ടം വരുമ്പോൾ ഈ സ്ട്രെസ് ഇരട്ടിയാകുന്നു.

ചേതന്റെ മരണം

വളരെ കഠിനാദ്ധ്വാനിയായ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു അമരാവതിയിൽ നിന്നുള്ള ചേതൻ വസന്തറാവു ജയാലെ. ജോലി സ്ഥലത്തെ ബോസുമാരുടെ കടുത്ത തൊഴിൽ പീഡനം സഹിക്കവയ്യാതെയാണ് 26 കാരനായ കോഗ്നിസന്റ് ജീവനക്കാരൻ ബാലേവാഡിയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ചത്. തന്റെ രണ്ടുസീനിയേഴ്‌സാണ് തന്റെ മരണത്തിന് കാരണമെന്ന് ചേതൻ ആത്മഹത്യാക്കുറിപ്പിൽ കുറിച്ചിരുന്നു.

ഗർഭിണിയാകാൻ ഭയക്കുന്ന വനിതാ ടെക്കികൾ

പലപ്പോഴും കമ്പനിയുടെ പ്രൊജക്ടിനെ അടിസ്ഥാനമാക്കി ദാമ്പത്യം ഷെഡ്യൂൾ ചെയ്യേണ്ട അവസ്ഥ ഈ രംഗത്തെ വനിതാ ടെക്കികൾക്കുണ്ട്. ഗർഭിണിയായാൽ കമ്പനിയുടെ സ്വഭാവം മാറിയതും പിന്നീട് ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി പിരിച്ചു വിടപ്പെട്ട അവസ്ഥ പോലും തിരുവനന്തപുരത്തെ ഒരു വനിതാ ടെക്കി തുറന്നു പറഞ്ഞിരുന്നു. മാനസിക സമ്മർദ്ദം കാരണം ഗർഭം അലസിയ സംഭവങ്ങൾ പോലും തിരുവനന്തപുരത്തെ ടെക്കി വനിതകൾക്ക് അനുഭവമുണ്ട്. ഐടി രംഗത്ത് സ്റ്റാർട്ടപ്പുകൾ ധാരാളം ഉണ്ടെങ്കിലും കൂടുതൽ പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന കമ്പനികൾ കുറവാണ്. ഒഴിവുകൾ കുറയുന്നത് ഈ രംഗത്തേക്ക് പുതുതായി ചുവടു വെച്ചവരെയും പ്രതിരോധത്തിലാക്കുന്നു. ഏറെക്കുറെ എല്ലാ കമ്പനികളും ഔട്സോഴ്സിങ് നടത്തിക്കഴിഞ്ഞതും തൊഴിൽ കുറയാൻ ഇടയാക്കുന്നു.

ഒരു കമ്പനിയിൽ നിന്നു പെർഫോമൻസ് മോശമെന്ന കാരണത്താൽ തൊഴിൽ നഷ്ടമാകുമ്പോൾ ടെക്കികളെ സംബന്ധിച്ച് അവരുടെ കരിയർ തന്നെ ബ്രേക്കാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. പെട്ടെന്നൊരു ദിവസം ജോലിയിൽ നിന്നും പറഞ്ഞുവിട്ടാൽ തൊഴിൽ രഹിതന് ജോലി നഷ്ടപ്പെടുമ്പോൾ കൗൺസിലിങ് കൊടുക്കേണ്ട സംവിധാനം അടക്കം തുടങ്ങേണ്ടത് അത്യാവശ്യമാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഒട്ടു മിക്ക ആത്മഹത്യകളും ശരിയായ കൗൺസിലിങ് ഇല്ലാത്തതിനാലാണ് ഉണ്ടാവുന്നത്. വർഷങ്ങൾ നല്ല പെർഫോമൻസ് കാഴ്ചവെച്ച ആളുകളെ പെട്ടെന്ന് നിലവാരം കുറച്ചു ഉടനടി പറഞ്ഞു വിടുന്ന കമ്പനികൾക്കെതിരെ നിയമ നടപടി ആവശ്യമാണെന്ന നിർദ്ദേശവും ഉയരുന്നുണ്ട്. പലപ്പോഴു നഷ്ടപരിഹാരം കൊടുക്കാതിരിക്കാനായി കമ്പനികൾ വ്യാപകമായി ഇത് ചെയ്യുന്നുണ്ടെന്നാണ് ആക്ഷേപം.

കൂട്ടപ്പിരിച്ചു വിടലിന്റെ കാലത്ത് മനസ്സുഖത്തിനായി കൃഷിയിൽ അഭയം തേടിയവരുടെ വിജയമാതൃകയും

ആഗോള ഐടി രംഗത്തു തന്നെ കൂട്ടപ്പിരിച്ചുവിടലിന്റെ കാലമാണ് ഇനി വരാനിരിക്കുന്നത്. ഐടി രംഗത്തെ ഭീമന്മാരായ ഐബിഎം തങ്ങളുടെ പ്രവർത്തനമികവില്ലാത്ത 2000 ജീവനക്കാരെ പിരിച്ചുവിടുന്ന തീരുമാനം പുറത്തുവിട്ടത് ഒരു മാസം മുമ്പാണ്. പ്രകടനത്തിൽ പിന്നിൽ നിൽക്കുന്നവരെയും കുത്തകമൽസരത്തിന് ശേഷിയില്ലാത്തവരെയുമാണ് പുറത്താക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം.

കഴിഞ്ഞ വർഷം അവസാനം 3,50,600 ജീവനക്കാരാണ് കമ്പനിയിൽ ഉണ്ടായിരുന്നത്. കമ്പനിയുടെ ഘടനയിൽ ചെറിയ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ഐബിഎമ്മിനെ ഉദ്ധരിച്ച് റോയിട്ടേർസ് റിപ്പോർട്ട് ചെയ്തു. അതേസമയം, ഒഴിവുവരുന്ന മേഖലകളിൽ ഉദ്യോഗാർഥികളെ ഉടൻ നിയമിക്കുമെന്നും ഐബിഎം വ്യക്തമാക്കി. ടെക്ക്‌നോളജി രംഗത്ത് അതികായന്മാരായി തുടരുന്ന ഐബിഎമ്മിന് കഴിഞ്ഞവർഷം മുതൽ സാമ്പത്തികനഷ്ടം ഏറ്റിട്ടുണ്ട്. ഇതിന്റെ പ്രതിഫലമാണ് പിരിച്ചുവിടലിൽ കലാശിച്ചത്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ബെംഗളുരുവിലെ ഐടി കമ്പനികളും കൂട്ടപ്പിരിച്ചുവിടൽ തുടങ്ങിയിരുന്നു. മുപ്പത് ശതമാനം മലയാളി ജീവനക്കാരുള്ള ബംഗളൂരുവിലെ ഐ ടി രംഗത്ത് മാത്രം അരലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തലും പുറത്തുവരികയുണ്ടായി. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കമ്പനികൾ പുതിയ നിയമനങ്ങൾ നടത്താത്തതും പ്രതിസന്ധി രൂക്ഷമാക്കി. രണ്ട് വർഷത്തിനിടെ രാജ്യത്ത് ഐ ടി മേഖലയിലെ തൊഴിൽ അവസരങ്ങൾ പകുതിയായി കുറഞ്ഞെന്ന കണക്കുകൾക്കിടെയാണ് കൂട്ടപ്പിരിച്ചുവിടലിന്റെ ആശങ്കയും ഉയരുന്നത്. വൻകിട കമ്പനികളടക്കം ജീവനക്കാരോട് രാജിവെച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടുകഴിഞ്ഞു.

എട്ട് വർഷത്തിൽ കൂടുതൽ സർവീസുള്ളവർ വരെ ഭീഷണിയിലാണ്. പതിനഞ്ച് ലക്ഷം പേർ പണിയെടുക്കുന്ന ബംഗളൂരുവിലെ ഐടി രംഗത്ത് മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് പേർക്ക് ജോലി നഷ്ടപ്പെട്ടു. മുൻ വർഷങ്ങളേക്കാൾ പുതിയ അവസരങ്ങൾ കുറവായത് തന്നെ ഇത്തവണ ആശങ്കയേറുന്നതിന് പ്രധാന കാരണം. നഷ്ടക്കണക്കാണ് പിരിച്ചുവിടലിന് കാരണമായി കമ്പനികൾ നിരത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എച്ച് വൺ ബി വിസ നിയന്ത്രണവും ഓട്ടോമേഷനും പ്രശ്നം സങ്കീർണമാക്കിയിട്ടുണ്ട്. അമേരിയക്കടക്കമുള്ള രാജ്യങ്ങൾ തദ്ദേശീയവത്കരണത്തിന് ഊന്നൽ നൽകുന്നതും തിരിച്ചടിയാകും.

അതേസമയം തൊഴിൽ നഷ്ടമായാൽ ആത്മഹത്യയെന്ന പ്രവണത വിട്ട് ആശ്വാസം പകരുന്ന വിജയകഥകളും പുറത്തുവരുന്നുണ്ട്. മൾട്ടി നാഷണൽ കമ്പനിയിലെ ജോലിയും സമ്പന്നമായ ജീവിതവും ഉപേക്ഷിച്ച് ഗ്രാമത്തിലെത്തി കൃഷി ചെയ്ത് ജവിക്കുന്ന വെങ്കിട് അയ്യരുടെ കഥ ഇടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവരസാങ്കേതികമേഖലയിൽ പതിനഞ്ചു വർഷം ജോലി ചെയ്തതിനു ശേഷം, 2003-ൽ ഐ. ബി. എം.എന്ന കോർപ്പറേറ്റ് കമ്പനിയിലെ പ്രോജക്റ്റ് മാനേജർ തസ്തികയിൽനിന്നും രാജിവെക്കുകയാണ് വെങ്കിട്ട് ചെയ്തത്. ജോലി മാറ്റത്തിന് അപ്പുറത്തേക്ക് ജീവിത ശൈലിയിലേക്കുള്ള മാറ്റമായിരുുന്നു. വെങ്കിട്ടിനെ പോലെ ഐടിയിൽ നിന്നും കൃഷിയിലേക്ക് ഇറങ്ങി വിജയം കൊയ്തവരെയാണ് വഴിമുട്ടുന്ന ടെക്കികൾ മാതൃകയാക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP