Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്തിനടിയിൽ വാലിനടുത്തായി രൂപകൽപ്പന ചെയ്ത കൊളുത്ത്; വിമാനമിറങ്ങുമ്പോൾ വിമാനവാഹിനിക്കപ്പലുകളുടെ ഡെക്കിൽ ഇട്ടിട്ടുള്ള ബലമേറിയ ഉരുക്കു വടങ്ങളിൽ ഈ കൊളുത്തുടക്കും; മുന്നോട്ടോടുന്ന വിമാനം പിടിച്ചുകെട്ടിയപോലെ നിൽക്കും: കപ്പലുകളിലെ നീളം കുറഞ്ഞ റൺവേയിലിറങ്ങുന്ന വിമാനത്തെ പെട്ടെന്നു പിടിച്ചുനിർത്തുന്നതിനുള്ള സംവിധാനം വികസിപ്പിച്ചത് തീർത്തും തദ്ദേശിയമായി; അറസ്റ്റഡ് ലാൻഡിങ് എച്ച് എ എല്ലിന്റെ സാങ്കേതിക കരുത്തിന് തെളിവ്; തേജസ് യുദ്ധവിമാനം ഇന്ത്യയുടെ 'തേജസ്' കൂട്ടുമ്പോൾ

വിമാനത്തിനടിയിൽ വാലിനടുത്തായി രൂപകൽപ്പന ചെയ്ത കൊളുത്ത്; വിമാനമിറങ്ങുമ്പോൾ വിമാനവാഹിനിക്കപ്പലുകളുടെ ഡെക്കിൽ ഇട്ടിട്ടുള്ള ബലമേറിയ ഉരുക്കു വടങ്ങളിൽ ഈ കൊളുത്തുടക്കും; മുന്നോട്ടോടുന്ന വിമാനം പിടിച്ചുകെട്ടിയപോലെ നിൽക്കും: കപ്പലുകളിലെ നീളം കുറഞ്ഞ റൺവേയിലിറങ്ങുന്ന വിമാനത്തെ പെട്ടെന്നു പിടിച്ചുനിർത്തുന്നതിനുള്ള സംവിധാനം വികസിപ്പിച്ചത് തീർത്തും തദ്ദേശിയമായി; അറസ്റ്റഡ് ലാൻഡിങ് എച്ച് എ എല്ലിന്റെ സാങ്കേതിക കരുത്തിന് തെളിവ്; തേജസ് യുദ്ധവിമാനം ഇന്ത്യയുടെ 'തേജസ്' കൂട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പനാജി: നാവിക സേനയുടെ ഭാഗമാക്കുന്നതിന്റെ മുന്നോടിയായി സുപ്രധാന നാഴികകല്ലുകൂടി പൂർത്തിയാക്കി തേജസ് യുദ്ധവിമാനം. വിമാന വാഹിനി കപ്പലിലേത് പോലെ ചെറിയ റൺവേയിൽ നിന്ന് പറന്നുയരുകയും തുടർന്ന് ലാൻഡ് ചെയ്തുമാണ് തേജസ് ചരിത്രംരചിച്ചത്. ഇരട്ട സീറ്റുള്ള പ്രോട്ടോടൈപ്പ് വിമാനമാണ് പരീക്ഷിച്ചത്. സാധാരണ ഗതിയിൽ യുദ്ധവിമാനത്തിന് ലാൻഡ് ചെയ്യാനും പറന്നുയരാനും ഒരുകിലോമീറ്റർ നീളമുള്ള റൺവേയാണ് ആവശ്യമായുള്ളത്. എന്നാൽ നാവിക പതിപ്പിന് 200 മീറ്റർ നീളമുള്ള റൺവേ മതിയാകും. ലാൻഡ് ചെയ്യുന്നത് 100 മീറ്റർ നീളമുള്ള റൺവേയിലാണ്. ഇതാണ് തേജസ് കൈവരിക്കുന്നത്.

ഇതാദ്യമായാണ് തേജസിന്റെ നാവിക പതിപ്പിന്റെ പ്രോടോടൈപ്പ് വിമാനം കുതിച്ചുയരുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്നത്. വിമാനവാഹിനി കപ്പലുകളിൽ പ്രവർത്തിക്കണമെന്നുണ്ടെങ്കിൽ സങ്കീർണമായ ഈ രീതി സ്വായത്തമാക്കേണ്ടതുണ്ട്. ഇതിനുള്ള സാങ്കേതിക വിദ്യയും മറ്റ് സംവിധാനങ്ങളും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചവയാണ്. നേരത്തെ സെപ്റ്റംബർ 13 ന് അറസ്റ്റഡ് ലാൻഡിങ് നടത്തി തേജസ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. അമേരിക്ക, റഷ്യ തുടങ്ങിയ വൻ ശക്തി രാജ്യങ്ങൾക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യ സ്വന്തമായുണ്ടായിരുന്നത്. യുദ്ധക്കപ്പലിലേക്ക് പറന്നിറങ്ങുന്ന പോർവിമാനത്തെ ഉരുക്കുവടങ്ങൾ കൊണ്ട് പിടിച്ചുകെട്ടുന്ന രീതിയാണ് 'അറസ്റ്റഡ് ലാൻഡിങ്'

കപ്പലുകളിലെ നീളം കുറഞ്ഞ റൺവേയിലിറങ്ങുന്ന വിമാനത്തെ പെട്ടെന്നു പിടിച്ചുനിർത്തുന്നതിനുള്ള സംവിധാനമാണ് 'അറസ്റ്റഡ് ലാൻഡിങ്'. ഗോവയിലെ നാവികസേനാ പരിശീലനകേന്ദ്രത്തിൽവച്ചായിരുന്നു പരീക്ഷണം. റൺവേയിലിറങ്ങുന്ന വിമാനം അധികദൂരം ഓടുംമുമ്പ് പിടിച്ചുകെട്ടിനിർത്തുന്നതിനെയാണ് 'അറസ്റ്റഡ് ലാൻഡിങ്' എന്നു പറയുന്നത്. വിമാനത്തിനടിയിൽ വാലിനടുത്തായി ഇതിനായി രൂപകൽപ്പന ചെയ്ത കൊളുത്തുണ്ടാകും. വിമാനമിറങ്ങുമ്പോൾ വിമാനവാഹിനിക്കപ്പലുകളുടെ ഡെക്കിൽ ഇട്ടിട്ടുള്ള ബലമേറിയ ഉരുക്കു വടങ്ങളിൽ ഈ കൊളുത്തുടക്കും. മുന്നോട്ടോടുന്ന വിമാനം പിടിച്ചുകെട്ടിയപോലെ നിൽക്കും. നേരത്തെ കരയിൽ ഇത് പരീക്ഷിച്ചിരുന്നു. അതിന് ശേഷമാണ് വിമാന വാഹിനി കപ്പലിൽ തേജസിനെ ഇറക്കിയത്. ഈ സാങ്കേതിക വിദ്യ തദ്ദേശിയമായി വികസിപ്പിച്ചുവെന്നതാണ് ഇന്ത്യയുടെ നേട്ടം.

ഗോവയിലെ ഐഎൻസ് ഹൻസ പരീക്ഷണ കേന്ദ്രത്തിലാണ് തേജസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണ പ്രവർത്തനം നടന്നത്. 4.21 ന് ചെറിയ റൺവേയിൽ നിന്ന് കുതിച്ചുയർന്ന് 4.31 ന് അറസ്റ്റഡ് ലാൻഡിങ് മുഖേനെ ലാൻഡ് ചെയ്യുകയായിരുന്നു. തേജസിന്റെ നാവിക പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ വ്യോമസേയിൽ തേജസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 40 വിമാനങ്ങൾക്കാണ് വ്യോമസേന ഓർഡർ നൽകിയിരിക്കുന്നത്. 83 തേജസ് വിമാനങ്ങൾ കൂടി വ്യോമസേന വാങ്ങിയേക്കും. നാവിക സേനയും പരീക്ഷണങ്ങൾ പൂർത്തിയായാൽ തേജസിന് ഓർഡർ നൽകും.

നേരത്തെ തേജസ് യുദ്ധവിമാനത്തിൽ ആകാശയാത്ര നടത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വാർത്തകളിൽ ഇടം നേടിയിരുന്നു. ബംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നാണ് ഇരട്ടസീറ്റുള്ള തേജസിൽ വ്യോമസേന പൈലറ്റിനൊപ്പം രാജ്നാഥ് സിങ് പറന്നത്. രാജ്യം വികസിപ്പിച്ച ഏറ്റവും ഭാരം കുറഞ്ഞ യുദ്ധവിമാനമായ തേജസിൽ ആദ്യം യാത്ര ചെയ്യുന്ന പ്രതിരോധ മന്ത്രിയാണ് രാജ്നാഥ് സിങ്. ഇന്ത്യയുടെ ലഘു പോർവിമാന പദ്ധതിക്കുള്ള പിന്തുണയായാണ് രാജ്നാഥ് സിങ് തേജസിലേറിയത്. ഡി.ആർ.ഡി.ഒ വികസിപ്പിച്ച് എച്ച്.എ.എൽ നിർമ്മിച്ച പോർവിമാനമാണ് തേജസ്.

2016 ജൂലൈ ഒന്നിനാണ് വ്യോമസേനയുടെ ഫ്‌ളൈയിങ് ഡാഗേഴ്‌സ് സ്‌ക്വാൻഡ്രനിന്റെ ഭാഗമാകുന്നത്. നിലവിൽ 14 തേജസ് വിമാനമാണ് വ്യോമസേനയുടെ ഭാഗമായി ഉള്ളത് . നാലെണ്ണം കൂടി വ്യോമസേന ഏറ്റെടുത്തെങ്കിലും അത് എച്ച്.എ.എല്ലിന്റെ കൈവശം തന്നെയാണുള്ളത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് ഈ യുദ്ധവിമാനത്തിന് തേജസ് എന്ന് നാമകരണം ചെയ്തത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയും ചേർന്നാണ് തേജസ് നിർമ്മിച്ചത്. 2000 കിലോമീറ്ററിലധികമാണ് വേഗത. 5000 അടിയിലധികം ഉയരത്തിൽ പറക്കാൻ ഇതിന് കഴിയും.

1980കളിലാണ് ഭാരതം ലഘുയുദ്ധ വിമാനങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതി ആരംഭിക്കുന്നത്. മാരുത് യുദ്ധ വിമാനങ്ങൾക്ക് ശേഷം ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽസ് വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് തേജസ്. 2011ൽ വ്യോമസേനാ പൈലറ്റുമാർക്കായി തേജസ് പരിശീലനത്തിന് കൈമാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP