Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വശത്ത് അഗാധമായ കൊക്ക; മറുവശത്ത് കരിമ്പാറകളും കോട മൂടിയ മലനിരകളും; വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ് ജില്ലാ ഭരണകൂടം നിരോധിച്ചത് മുൻകൂട്ടി തന്നെ; നിരോധിത യാത്രായാണ് എന്നറിയാതെ അപകടത്തിന്നിരയായത് ചെന്നൈയിൽ നിന്നെത്തിയ വിനോദയാത്രാ സംഘം; വെന്റിലേറ്ററിൽ ജീവനും മരണത്തിനു ഇടയിൽ കോട്ടയം കാരിത്താസിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത് പത്തു വയസുകാരൻ; സഹായം എത്തിക്കാതെ പുറംതിരിഞ്ഞു സർക്കാരും; മരണക്കെണിയൊരുക്കി വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ്

ഒരു വശത്ത് അഗാധമായ കൊക്ക; മറുവശത്ത് കരിമ്പാറകളും കോട മൂടിയ മലനിരകളും; വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ് ജില്ലാ ഭരണകൂടം നിരോധിച്ചത് മുൻകൂട്ടി തന്നെ; നിരോധിത യാത്രായാണ് എന്നറിയാതെ അപകടത്തിന്നിരയായത് ചെന്നൈയിൽ നിന്നെത്തിയ വിനോദയാത്രാ സംഘം; വെന്റിലേറ്ററിൽ ജീവനും മരണത്തിനു ഇടയിൽ കോട്ടയം കാരിത്താസിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത് പത്തു വയസുകാരൻ; സഹായം എത്തിക്കാതെ പുറംതിരിഞ്ഞു സർക്കാരും; മരണക്കെണിയൊരുക്കി വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ്

എം മനോജ് കുമാർ

ഇടുക്കി: വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ് സഞ്ചാരികളുടെ ജീവന് ഭീഷണിയാകുന്നു. മരണക്കെണിയൊരുക്കുന്ന ഈ ഓഫ് റോഡ് ട്രക്കിങ് വനംവകുപ്പ് നിരോധിച്ചതാണെങ്കിലും ഇതറിയാതെ യാത്രയ്ക്ക് എത്തുന്നവരാണ് മരണക്കെണിയിൽ കുടുങ്ങുന്നത്. എല്ലാ സുരക്ഷാ സന്നാഹങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഈ അനധികൃത ജീപ്പ് സഫാരി നടക്കുന്നത്. ചെങ്കുത്തായ മലനിരകളിൽ കൂടി തൂങ്ങിയാടി പോകുന്ന ജീപ്പ് യാത്ര അപകടകരമാണെന്ന് മനസിലാക്കിയാണ് ജില്ലാ ഭരണകൂടം ഈ ഓഫ് റോഡ് ട്രക്കിങ് നിരോധിച്ചത്. വന്യമായ ആകർഷകത്വമാണ് വാഗമൺ മലനിരകൾക്കുള്ളത്. ഈ സൗന്ദര്യത്തിൽ ആകൃഷ്ടരായാണ് സഞ്ചാരികൾ യാത്രയ്ക്ക് ഒരുങ്ങുന്നത്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറകളും കോട മൂടിയ മലനിരകളും കാണാനാണ് ഓഫ് റോഡ് ട്രക്കിംഗിന് അരങ്ങൊരുക്കുന്നത്. ഓഫ് റോഡ് യാത്രകൾക്ക് ഏറെ അനുയോജ്യമാണിവിടം. ഇതാണ് ജീപ്പ് സഫാരിക്കാർ ചൂഷണം ചെയ്യുന്നത്. വനസംരക്ഷണത്തിനായി വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ ഈ സ്ഥലങ്ങളിലൂടെയുള്ള സാഹസിക യാത്രയാണ് ചെന്നൈയിലെ കുടുംബത്തിനു അപകടക്കെണിയൊരുക്കിയത്. നിരോധിത യാത്രയാണ് എന്നറിയാതെ യാത്രയ്ക്ക് മുതിർന്ന മുപ്പത്തിയെട്ടു പേരടങ്ങിയ സംഘത്തിലെ ഒരു ജീപ്പാണ് ഒടുവിൽ അപകടത്തിൽപ്പെട്ടത്

ദിവസങ്ങൾക്കു മുമ്പ് ഇതേ രീതിയിൽ ട്രക്കിങ് നടത്തിയ സ്വകാര്യ വാഹനം മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. ആ അപകടമരണത്തിന്റെ ഞെട്ടൽ മാറുംമുമ്പ് തന്നെയാണ് ജീപ്പ് സഫാരിക്കാരുടെ കുടുക്കിൽ കുടുങ്ങി ചെന്നെ സ്വദേശികളും അപകടത്തിൽപ്പെടുന്നത്. അധികഭാരവും അമിത വേഗതയും തന്നെയാണ് ഈ അപകടത്തിനു കാരണമെന്നാണ് സൂചനകൾ. പൈൻ വാലിക്കു സമീപം തോട്ടിലേയ്ക്ക് വാഹനം മറിഞ്ഞ് സംഘത്തിലെ ഏഴ് പേർക്കാണ് പരുക്കേറ്റത്. ഇതിൽ ഹനീഷിന്റെയും ശാലിനിയുടെയും നിലയാണ് ഗുരുതരമായി തുടരുന്നത്. പാലൊഴുകുംപാറ വെള്ളച്ചാട്ടം സന്ദർശിക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പാലത്തിൽ നിന്നും തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.

തമിഴ്‌നാട്ടിൽ നിന്നും എത്തിയവരാണ് അപകടത്തിന്നിരയാക്കിയത്. ഈ സംഘത്തിലുണ്ടായിരുന്നവർ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞപ്പോൾ ഗുരുതരമായി പരുക്കേറ്റ ചെന്നൈ സ്വദേശി മോഹന്റെ പത്തുവയസുകാരനായ മകൻ ഹനീഷ് ഇപ്പോൾ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ജീവന് വേണ്ടി മല്ലടിക്കുകയാണ്. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ജീപ്പ് മറിഞ്ഞു തല പാറക്കല്ലിൽ ഇടിച്ചതിനെ തുടർന്ന് തലച്ചോറിൽ ബ്ലഡ് കട്ടപിടിച്ചതാണ് ഹനീഷിന്റെ ജീവൻ അപകടാവസ്ഥയിൽ ആക്കിയത്. മൂക്കിൽ നിന്നും വായിൽ നിന്നും തലയിൽ നിന്നും രക്തം ഒഴുകുന്ന നിലയിലായിരുന്നു ഹനീഷ്. വെന്റിലേറ്റർ സപ്പോർട്ടിൽ ആണ് ജീവൻ നിലനിൽക്കുന്നത്. ദിവസേന ഇരുപതിനായിരം രൂപയാണ് ഇവർക്ക് ആവശ്യം വരുന്നത്. നിലവിൽ 5 ലക്ഷം രൂപയോളം കുട്ടിയുടെ ചികിത്സാ ചെലവിനു മാത്രമായിട്ടുണ്ട്. നിരോധിച്ച യാത്രയായതിനാൽ കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടില്ല. ഹനീഷിന്റെ സഹോദരി ശാലിനിയും ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വാഗമൺ കാണാൻ എത്തി അപകടാവസ്ഥയിലായ കുട്ടിയുടെ കുടുംബം ഇപ്പോൾ സുമനസുകളുടെ സഹായം തേടുകയുമാണ്.

ഇടുക്കിയിൽ നടക്കുന്നത് അനധികൃത ഓഫ് റോഡ് ജീപ്പ് സഫാരികൾ

വാഗമണ്ണിൽ മാത്രമല്ല ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടക്കുന്ന ഓഫ് റോഡ് ജീപ്പ് സഫാരി എല്ലാം അനധികൃതമാണ്. ഇതറിയാതെ യാത്ര നടത്തുന്ന ടൂറിസ്റ്റുകൾ വലുതും ചെറുതുമായ അപകടങ്ങളിൽ പെടുന്നുമുണ്ട്. പക്ഷെ ഒമ്പതിന് നടന്ന അപകടം അനധികൃത ജീപ്പ് സവാരിക്കിറങ്ങുന്ന ജീപ്പുകാരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിക്കുകയും ചെയ്തു. വാഗമണ്ണിൽ റോഡ് സൈഡിൽ നിന്നും ഓഫ് റോഡ് ട്രക്കിങ് സവാരിക്ക് വിളിച്ച ജീപ്പുകളുടെ ക്ഷണം ഇവർ സ്വീകരിച്ചതാണ് അപകടത്തിൽ കലാശിച്ചത്. നാല് ജീപ്പുകളാണ് ഇവർ വിളിച്ചത്. ഒരു ജീപ്പിൽ അളവിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എന്നാണ്‌ലഭിച്ച സൂചന. പൈൻവാലിയിൽ ഡിടിപിസിയുടെ ടൂറിസ്റ്റ് കൗണ്ടറുണ്ട്. ഇവിടെ നിന്നുള്ള ജീപ്പുകൾ പൈൻവാലി, മൊട്ടക്കുന്ന്, സൂയിസൈഡ് പോയിന്റ്, അടക്കമുള്ള പോയിന്റുകൾ തിരഞ്ഞെടുത്താണ് നീങ്ങിയത്. എല്ലാം ഒരു പാക്കേജ് ആണ്. ഓഫ് റോഡ് സവാരിയും ഒപ്പമുണ്ട്. ഇതിലാണ് അപകടം നടന്നത്. വണ്ടി കലുങ്കിൽ കയറി തോട്ടിലേക്ക് പാറക്കൂട്ടങ്ങൾക്കിടയിൽ പതിക്കുകയായിരുന്നു. വണ്ടിയിൽ ഡ്രൈവർ ഉൾപ്പെടെ എല്ലാവര്ക്കും പരുക്കുണ്ട്. ഹനീഷും സഹോദരിയും അടക്കമുള്ള കുട്ടികളുടെ പരുക്ക് ഗുരുതരമായതിനാൽ ഇവരെ കാരിത്താസിൽ എത്തിക്കുകയായിരുന്നു. മറ്റുള്ളവർ ചെന്നൈയിലെ വിവിധ ആശുപത്രികളിൽ തുടരുകയാണ്. ഹനീഷിന് തലയിൽ മൂന്നു സർജറി നടത്തിക്കഴിഞ്ഞു.

ചെങ്കുത്തായ മേഖലകളിൽകൂടി ജീപ്പ് യാത്ര നടന്നപ്പോൾ ജീപ്പ് വഴുതി പാറക്കെട്ടുകൾക്ക് മേലേയ്ക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഹനീഷിന്റെ തല പാറക്കെട്ടുകൾക്ക് മേലെ ശക്തമായി ഇടിച്ചു. തലയ്ക്കുള്ളിൽ പൊട്ടലുകളും രക്തസ്രാവവും വന്നു. ഇതിനെ തുടർന്ന് തലച്ചോറിൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ശാസ്ത്രക്രിയയ്ക്ക് ശേഷം ഹനീഷ് വെന്റിലെറ്ററിൽ തുടരുകയാണ്. ചികിത്സ ഇനിയും തുടരേണ്ടതുമുണ്ട്. ഒരു കണ്ണിനു കാഴ്ച ശക്തി നഷ്ടമാകാൻ സാധ്യതകൾ ഏറെയാണ് എന്നാണു നിലവിലെ ഹനീഷിന്റെ അവസ്ഥ വിലയിരുത്തി ഡോക്ടർമാർ പറയുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളതാണ് മോഹന്റെ കുടുംബം. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് മോഹൻ ജോലി ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ചികിത്സാ ചെലവിനു തത്ക്കാലം ഇവരുടെ കയ്യിൽ പണമില്ല. സുമനസുകൾ നൽകുന്ന സഹായം കൊണ്ടാണ് ഇപ്പോൾ ചികിത്സാ ചെലവുകൾ നടന്നുപോകുന്നത്. നിരോധിത യാത്രയായതിനാൽ സർക്കാർ ഇതുവരെ കണ്ണും തുറന്നിട്ടില്ല. എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം ഇപ്പോൾ.

സഞ്ചാരികളുടെ സ്വർഗം; ഒപ്പം അപകട മുനമ്പും

മഞ്ഞുപുതച്ചു നിൽക്കുന്ന മനോഹരയിടമാണ് വാഗമൺ. പേര് പോലെ തന്നെ സഞ്ചാരികളുടെ സ്വർഗമാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്നും 1200 ലേറെ അടിയിൽ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്. ഇടുക്കി ജില്ലക്ക് ലഭിച്ച വരദാനമായി തുടരുകയാണ് വാഗമൺ. മൊട്ടക്കുന്നുകളും, ചെറിയ തടാകവും, പൈൻ മരക്കാടുകളുമൊക്കെ ഹൃദയാകർഷകമാകുന്ന ഇടംകൂടിയാണ് ഇവിടം. ലോകത്തിൽ സഞ്ചരിക്കേണ്ട പത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി വാഗമണ്ണിനെ നാഷണൽ ജോഗ്രഫിക്ൾ ട്രാവലർ തന്നെ തിരഞ്ഞെടുക്കുമ്പോൾ വാഗമണ്ണിന്റെ പ്രാധാന്യം ഉയർന്നു തന്നെ നിൽക്കുന്നു. മലമുകളിലേക്ക് അടുക്കുന്തോറും അടിമുടി മാറുന്ന കാലാവസ്ഥയാണ് വാഗമണ്ണിലേത്. തണുത്ത കാറ്റ് മുഖത്തിനെ താഴുകിയെത്തും. വശ്യത കൂടുതൽ പ്രകടമാക്കി പ്രകൃതി യാത്രികരെ തന്നിലേക്ക് അടുപ്പിക്കും. കോട്ടയം ഇടുക്കി ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് ഇത്. പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. പക്ഷെ ഈ പ്രകൃതി മനോഹാരിതയ്ക്ക് പിന്നിൽ അപകടങ്ങൾ പതിയിരിക്കുന്നു എന്നത് പലരും വിസ്മരിക്കുന്നു. ഈ വിസ്മരിക്കൽ തന്നെയാണ് ഓഫ് റോഡ് ട്രക്കിങ് എന്ന പേരിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. അപകടങ്ങളുടെ ഗുരുതരസ്വഭാവം സഞ്ചാരികളിൽ നിന്നും മൂടിവയ്ക്കപ്പെടുന്നത് കാരണമാണ് ഓഫ് റോഡ് ട്രക്കിംഗിൽ സഞ്ചാരികൾക്ക് അപകടക്കെണിയൊരുക്കുന്നത്. അകന്നും അടുത്തും പോകുന്ന കോട മഞ്ഞാണ് വാഗമണ്ണിന്റെ പ്രധാന ആകർഷണം. ഇടയ്ക്ക് വിരുന്നെത്തുന്ന വെയിലും മഞ്ഞും ചാറ്റൽ മഴയുമായി സഞ്ചാരികളുടെ മനം കുളിർക്കുന്ന ഇടമാണ് വാഗമൺ. നല്ല തണുപ്പും കാടും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കൂടി സമ്മേളിക്കുന്ന വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് നടക്കാറുള്ളത്.

സഞ്ചാരികളുടെ മനസ് ചൂഷണം ചെയ്ത് ജീപ്പ് സവാരിക്കാർ

വാഗമണ്ണിലെ ഓഫ് റോഡ് ട്രക്കിങ് അപകടങ്ങൾ പതിയിരിക്കുന്ന യാത്രയാണ്. ചെങ്കുത്തായ വന റോഡുകളിൽക്കൂടിയുള്ള യാത്ര ഏത് നിമിഷവും അപകടത്തിലേക്കുള്ള മുതലക്കൂപ്പ് കുത്തലാണ്. ഇതറിയാവുന്നവർ യാത്രയ്ക്ക് ഒരുങ്ങാറുമില്ല. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ കുരുക്കിൽ കുരുങ്ങുന്നു. ആരും കാണാത്ത സ്ഥലങ്ങൾ കാണാനുള്ള സഞ്ചാരികളുടെ മനസാണ് ജീപ്പ് സഫാരിക്കാർ ചൂഷണം ചെയ്യുന്നത്. റിസോർട്ടുകൾ കേന്ദ്രീകരിച്ചും സൊസൈറ്റി കവലയിൽ റോഡിൽ നിന്നും സഞ്ചാരികളെ വിളിച്ചു കയറ്റിയുമാണ് ട്രക്കിങ് പോകുന്നത്. കൊടുംവളവുകളും കയറ്റങ്ങളും പാറക്കൂട്ടങ്ങളും ഒക്കെ അപകടങ്ങളുടെ തോത് കൂട്ടാൻ ഒരുങ്ങി നിൽക്കുകയുമാണ്. ഇത് മനസിലാക്കിയാണ് വനം വകുപ്പ് ഓഫ് റോഡ് ട്രക്കിങ് നിരോധിച്ചത്. പ്രകൃതി മനോഹരമായ ദൃശ്യങ്ങൾ കാണിച്ചും വർണ്ണനകൾ വാരി വിതറിയുമാണ് വാഗമണ്ണിലെത്തുന്ന സന്ദർശകരെ ജീപ്പ് സഫാരിക്കായി കൊണ്ടു പോകുന്നത്. ഒരു ട്രിപ്പിന് 2500 രൂപയാണ് ഇവർ ഈടാക്കുന്നത്. വാഹനത്തിൽ നിറയെ ആളുകളുമായി അപകടകരമായ വിധത്തിലുള്ളതാണ് ഓഫ് റോഡ് ട്രക്കിങ്. പതിയിരിക്കുന്ന അപകടത്തിന്റെ ഒരു സൂചനകളും ജീപ്പ് സഫാരിക്കാർ യാത്രക്കാർക്ക് നൽകില്ല. എന്നാൽ കാണാൻ പോകുന്ന പ്രകൃതി രമണീയത വചാലാമാംവിധം വർണ്ണിക്കുകയും ചെയ്യും. ഈ കുരുക്കിലാണ് ചെന്നെ സ്വദേശികളും കുടുങ്ങിയത്.

വിനോദസഞ്ചാരത്തിന് വാഗമണ്ണിൽ വന്ന ഈ കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും ഇതേപോലെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് വാഗമണ്ണിനെ അറിയുന്നവർ ഇപ്പോൾ ആവശ്യം മുഴക്കുന്നത്. അനീഷിന്റെയും സഹോദരിയുടെയും ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടു വാഗമണ്ണിലെ പൊതുപ്രവർത്തകനായ ബെന്നറ്റ് രാജ് സർക്കാരിനു കത്ത് നൽകിയിട്ടുണ്ട്. ഇത്തരം സഹായങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ലെങ്കിൽ അത് ടൂറിസം മേഖലയ്ക്ക് തന്നെ ഭീഷണിയാണ്. ടൂറിസത്തിന്നിടയിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് സർക്കാരിനു കൂടി ഉത്തരവാദിത്തമുണ്ട്-ബെന്നറ്റ് രാജ് മറുനാടൻ മലയാളിയോട് പറഞ്ഞു. കാരിത്താസിൽ ചികിത്സയിൽ കഴിയുന്ന അനീഷിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് കാരിത്താസ് ആശുപത്രി വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു. വെന്റിലെറ്ററിന്റെ സഹായത്തോടെയാണ് അനീഷിന്റെ ജീവൻ നിലനിർത്തുന്നത്. ഇപ്പോൾ തത്ക്കാലം ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ഡോക്ടർമാരുടെ സംഘം അനീഷിനെ നിരീക്ഷിക്കുന്നുണ്ട്-കാരിത്താസ് ആശുപത്രി വൃത്തങ്ങൾ പറയുന്നു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ അനീഷും സഹോദരിയും അപക്ടനിലയിൽ തുടരുന്നതിനാൽ ഇവർക്ക് ഇപ്പോൾ നാട്ടുകാരുടെ സഹായമാണ് കൈത്താങ്ങ്. ഹനീഷിന്റെയും സഹോദരിയുടെയും ചികിത്സാർത്ഥം ഇപ്പോൾ ഒരു ചികിത്സാ സഹായസമിതി രൂപവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. സഹായിക്കാൻ സന്മസുള്ളർക്ക് വേണ്ടി ഇവർ ആക്‌സിസ് ബാങ്കിന്റെ ടി നഗർ ശാഖയിൽ ഒരു അക്കൗണ്ടും തുറന്നിട്ടുണ്ട്.

എസ്ബി എസി നമ്പർ: 80808110102875. ഐഎഫ്എസ് കോഡ് UTIB0000014.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP