Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിന്റെ തേക്ക്പ്ലാന്റേഷൻ കയ്യേറുമെന്ന് ആദിവാസി ഊരുകൂട്ടം; നേരിടാൻ വനം വകുപ്പ്; കുട്ടംപുഴ ആദിവാസി മേഖലയിൽ സംഘർഷസാധ്യത

സർക്കാരിന്റെ തേക്ക്പ്ലാന്റേഷൻ കയ്യേറുമെന്ന് ആദിവാസി ഊരുകൂട്ടം; നേരിടാൻ വനം വകുപ്പ്; കുട്ടംപുഴ ആദിവാസി മേഖലയിൽ സംഘർഷസാധ്യത

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം: സർക്കാർ വഞ്ചനയ്‌ക്കെതിരെ സർക്കാർ തേക്ക്പ്ലാന്റേഷൻ കയ്യേറുമെന്ന് ആദിവാസി ഊരുക്കൂട്ടം. നിയമം ലംഘിച്ചാൽ ശക്തമായി നേരിടുമെന്ന് വനംവകുപ്പ്. പുതുവർഷപ്പുലരിയിൽ കുട്ടംപുഴയിലെ ആദിവാസി മേഖലകളിൽ സംഘർഷത്തിന് സാധ്യത.

അധികൃതരുടെ നീതിനിഷേധത്തിനും അവഗണനയ്ക്കുമെതിരെ പന്തപ്രയിൽ കുടിൽ കെട്ടി താമസിച്ചുവരുന്ന ആദിവാസികളാണ് ജനുവരി ഒന്നുമുതൽ ഭൂമികയ്യേറ്റമുൾപ്പെടെയുള്ള സമരപരിപാടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. തങ്ങൾക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ ലഭ്യമാക്കുന്നതിൽ അധികൃതർ മനപ്പൂർവ്വം വീഴ്ചവരുത്തുകയാണെന്നും വർഷങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് സമരപരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതെന്നും ആദിവാസി ഊരു മൂപ്പൻ കുട്ടൻ ഗോപാലനും കാണിക്കാരൻ തങ്കപ്പൻ കാമാക്ഷിയും പറഞ്ഞു.

ഊരുക്കൂട്ടം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ രമ്യമായി പരിഹരിക്കുന്നതിനുള്ള നീക്കങ്ങൾ നടന്നുവരികയാണെന്നും വനഭൂമി കയ്യേറുന്നതിനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശക്തമായി നേരിടുമെന്നുമാണ് ഇക്കാര്യത്തിൽ വനംവകുപ്പധികൃതരുടെ നിലപാട്. തങ്ങളുടെ ആവശ്യത്തിൽ നിന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന നിലപാടിൽ ആദിവാസി ഊരുക്കൂട്ടവും നടപടികൾക്ക് മൂർച്ചകൂട്ടി വനംവകുപ്പും ശക്തമായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ പന്തപ്രയിലും സമീപത്തുമുള്ള ആദിവാസി മേഖലകളിലെ സംഘർഷസാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊലീസ് രഹസ്യാന്വഷണ വിഭാഗത്തിന്റെ വലയിരുത്തൽ.ഇതുസംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ഉന്നതാധികൃതർക്ക് റിപ്പോർട്ട് നൽകിയതായും സൂനചനയുണ്ട്.

വന്യമൃഗങ്ങളുടെ നിരന്തരശല്യത്തെത്തുടർന്ന് ജനിച്ചുവളർന്ന മണ്ണും ഏക്കറുകണക്കിന് സ്ഥലത്തേ കൃഷികളും ഉപേക്ഷിച്ച് ആത്മരക്ഷാർത്ഥം ഒൻപത് വർഷം മുൻപ് വാരിയത്ത് നിന്നു കൂടിയിറങ്ങിയവരാണ് അവകാശങ്ങൾ നേടിയെടുക്കാൻ ഇപ്പോൾ സമരരംഗത്തിറങ്ങിയിട്ടുള്ളത്. കൃഷിയും ജീവനോപാധികളും താമസിച്ചിരുന്ന കുടിലുകളും കാട്ടാനക്കൂട്ടങ്ങളും കാട്ട്‌പോത്തുകളും ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇവർ കാടിറങ്ങിയത്.110 കുടുംബങ്ങളിൽ നിന്നള്ള 400 ലേറെ പേരാണ് എല്ലാം ഉപേക്ഷിച്ച് മലയിറങ്ങിയത്. ഇവർ പിന്നീട് പൂയംകൂട്ടി പുഴയോരത്തെ കണ്ടംപാറയിൽ കുടിൽ കെട്ടി താമസം ആരംഭിച്ചു. വാരിയത്ത് കൈവശമിരുന്ന അഞ്ച് ഏക്കർ മുതൽ 20 ഏക്കർ വരെയുള്ള കൃഷി ഭൂമിക്ക് പകരമായി വന്യമൃഗശല്യം കുറഞ്ഞ പ്രദേശത്ത് ഭൂമി അനുവദിച്ച് നൽകണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി മണികണ്ഠൻ ചാലിനടുത്ത ചുള്ളി പൂവനിൽ 100 ഏക്കർ സ്ഥലം ഗവൺമെന്റ് സർവ്വേ നടത്തി തിരിച്ചിടുകയും ചെയ്തു .

എന്നാൽ ഈ ഭൂമി പൂർണമായും വനമാണെന്നും അതിനാൽ കൊടുക്കാൻ കഴിയില്ലെന്നും പകരം ഉരുളൻതണ്ണി തേക്ക്പ്ലാന്റേഷനിൽ ഒരു കുടുംബത്തിന് രണ്ട് ഏക്കർ വീതം ഭൂമി നൽകാമെന്നും മറ്റുമുള്ള നിർദ്ദേശവുമായി മലയാറ്റൂർ ഡി.എഫ്.ഒ രംഗത്ത് എത്തിതോടെ ഈ വഴിക്കുള്ള നടപടികൾ സർക്കാർ ഭാഗത്തു നിന്നും മരവിപ്പിച്ചു. ഇതോടെ കാടിറങ്ങിയ 43 കുടുംബങ്ങൾ വാരിയത്തേയ്ക്ക് തിരിച്ചു പോയി. 67 കുടുംബങ്ങൾ കണ്ടംപാറയിൽ താമസം തുടരുകയും വിവിധ സമരമാർഗ്ഗങ്ങളിലൂടെ ഭൂമിനേടിയെടുക്കാൻ ശ്രമം തുടരുകയുമായിരുന്നു.

ഇതിനിടയിൽ കണ്ടംപാറ സന്ദർശിച്ച പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി ഒരു മാസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും നടപ്പിലായില്ല.ഇതോടെ വിവിധ മനുഷ്യാവകാശ സംഘടനകൾ ഇടപെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയും 2014 ജൂൺ 20ന് ഇവർക്ക് രണ്ട് മാസത്തിനകം ഭൂമി നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ വനം വകുപ്പ് ഇത് നടപ്പാക്കിയില്ല. കണ്ടൻപാറയിൽ താസച്ചിരുന്ന 67 കുടുംബങ്ങളെ അപകടസാധ്യത കണക്കിലെടുത്ത് ഉരുളൻ തണ്ണി പന്തപ്രയിലെ തേക്ക് പ്ലാന്റേഷനിലെ ആറ് ഏക്കർ സ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചത് മാത്രമാണ് ഇക്കാര്യത്തിലുണ്ടായ ഏക സർക്കാർ ഇടപെടൽ. കോടതി നടപടികളിൽ നിന്നും തലയൂരുന്നതിന് സർക്കാർ നടത്തി ഈ പറിച്ച് നടീൽ എന്ന് പിന്നീട് വ്യക്തമായി.

സമരങ്ങളെ തുടർന്ന് 2015 മാർച്ച് രണ്ടിന് മുഖ്യമന്ത്രി കോളനി സന്ദർശിച്ചു. മൂന്ന് മാസത്തിനകം ഒരോ കുടുംബത്തിനും രണ്ടേക്കർ സ്ഥലം വീതംഅളന്ന് തിരിച്ചു നൽകുമെന്നും വീട് നിർമ്മാണത്തിന് സാമ്പത്തിക സഹായത്തോടൊപ്പം രണ്ട് തേക്ക് മരങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഒന്നും നടപ്പിലായില്ല. താസക്കാരായ 22 കുടംബങ്ങൾ ക്ക് കൈവശ വനാവകാശ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിലും ആധികൃതർ വീഴ്ചവരുത്തിയതായുള്ള ആരോപണവും ശക്തമാണ്.

ട്രൈബൽ വകുപ്പ് ഇതുസംബന്ധിച്ച രേഖകൾ തയ്യാറാക്കി നൽകിയാൽ മാത്രമേ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കു എന്നാണ് വനംവകുപ്പധികൃതരുടെ നിലപാട്.. ഇത് കാരണം ഭൂമി ലഭ്യമാകുന്ന നടപടി നീണ്ടുപോവൂകയാണ്. ഇതിൽ പ്രതിഷേധിച്ച് കോളനിവാസികൾ ഒന്നടങ്കം തദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP