Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയയിലെ അനാവശ്യകഥകൾ ഒഴിവാക്കാൻ പുരുഷ നേതാക്കളെ മാറ്റി നിർത്തിയതിന്റെ ചുവട് പിടിച്ച് സംഘർഷം വ്യാപിപ്പിച്ചത് സി.പി.എം പ്രവർത്തകർ തന്നെ; ആംആദ്മിക്കാരും പെമ്പിളൈ ഒരുമയും തമ്മിലാണ് സംഘർഷമെന്ന് വരുത്തി തീർക്കാൻ സിപിഎമ്മിന്റെ ശ്രമം; മൂന്നാറിലെ സമരപന്തലിൽ സംഘർഷം തുടരുന്നു

സോഷ്യൽ മീഡിയയിലെ അനാവശ്യകഥകൾ ഒഴിവാക്കാൻ പുരുഷ നേതാക്കളെ മാറ്റി നിർത്തിയതിന്റെ ചുവട് പിടിച്ച് സംഘർഷം വ്യാപിപ്പിച്ചത് സി.പി.എം പ്രവർത്തകർ തന്നെ; ആംആദ്മിക്കാരും പെമ്പിളൈ ഒരുമയും തമ്മിലാണ് സംഘർഷമെന്ന് വരുത്തി തീർക്കാൻ സിപിഎമ്മിന്റെ ശ്രമം; മൂന്നാറിലെ സമരപന്തലിൽ സംഘർഷം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: എങ്ങനേയും മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരം പൊളിക്കാനുറച്ച് സി.പി.എം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകൾക്ക് പിന്നിലും ഇത്തരക്കാരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ കണ്ട കാഴ്ചകൾ. പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ സമര വിരുദ്ധ പരാമർശങ്ങളാണ് എംഎം മണി നടത്തിയത്. മുമ്പ് സമരം നടക്കുമ്പോൾ കാട്ടിലെന്ത് നടന്നുവെന്ന് മണി പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇത്തരത്തിലുള്ള വിമർശനങ്ങൾ ഇത്തവണയും സമരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പെമ്പിളൈ ഒരുമൈ സമരത്തിന് ആംആദമി നൽകിയ പിന്തുണയായിരുന്നു ഇതിന് കാരണം. ആംആദ്മിയുടെ പുരുഷ പ്രവർത്തകർ സമരത്തിൽ സജീവമാകുന്നതിനെ പലരും വിമർശിച്ചു. ഈ ക്ഥയുടെ മറവിലാണ് മൂന്നാറിൽ സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമം നടന്നത്.

കള്ളകഥകൾ പ്രചരിച്ചതോടെ സമരപന്തലിൽ നിന്ന് ആംആദ്മിക്കാരെ മാറ്റാൻ പെമ്പിളൈ ഒരുമൈ തീരുമാനിച്ചു. ഇത് പ്രഖ്യാപനവുമായി നടത്തി. ഇതു സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കിടെ സി.പി.എം നേതാക്കൾ സമരപന്തൽ പൊളിക്കാൻ ശ്രമിച്ചു. ആംആദ്മിയും പെമ്പിളൈ ഒരുമൈക്കാരും തമ്മിലെ പ്രശ്‌നമായി ഇത് വ്യാഖ്യാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ഇതോടെ എം.എം. മണിക്കെതിരെ പെമ്പിളൈ ഒരുമ സമരം നടത്തുന്ന മൂന്നാറിലെ സമരപ്പന്തലിൽ സംഘർഷമായി. ഒരു സംഘം ആളുകൾ സമരപ്പന്തലിലേക്ക് തള്ളിക്കയറി പന്തൽ പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേതുടർന്ന് സമരക്കാരും പുറത്തുനിന്ന് വന്നവരും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു. പൊലീസ് എത്തി പുറത്തുനിന്ന് എത്തിയവരെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. അര മണിക്കൂറോളം സംഘർഷാവസ്ഥ തുടർന്നു.

രാത്രിയായതിനാൽ സമരസ്ഥലത്ത് പൊലീസുകാരുടെ എണ്ണം കുറവായിരുന്നതിനാൽ സംഘർഷമുണ്ടാക്കിയവരെ ആദ്യഘട്ടത്തിൽ ഫലപ്രദമായി തടയാൻ സാധിച്ചിരുന്നില്ല. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം നിയന്ത്രണ വിധേയമായത്. സംഘർഷമുണ്ടാക്കിയ ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ പ്രശ്‌നത്തിന് ഇനിയും പരിഹാരം ഉണ്ടായിട്ടില്ല. ആം ആദ്മി പ്രവർത്തകർ സമരം അവസാനിപ്പിച്ച് പോകണമെന്ന് ആവശ്യപ്പെട്ടാണ് ഒരു സംഘമാളുകൾ സമരപ്പന്തലിലേക്ക് തള്ളിക്കയറിയത്. മൂന്നാറിലെ സ്ത്രീകളെ സംരക്ഷിക്കാൻ മൂന്നാറുകാർക്കറിയാമെന്നും പുറത്തുനിന്ന് എത്തിയ ആം ആദ്മി പ്രവർത്തകർ സമരം അവസാനിപ്പിച്ച് പോകണമെന്നുമായിരുന്നു ഇവർ ഉയർത്തിയ ആവശ്യം.

ഗോമതിയാണ് ആം ആദ്മിയത്ക്ക് എതിരെ രംഗത്തെത്തിയതെന്നും ആം ആദ്മിക്കാർ ബലം പ്രയോഗിച്ച് സമരപ്പന്തലിൽ തുടരുകയാണെന്നും സംഘർഷം ഉണ്ടാക്കിയവർ പറഞ്ഞു. ആം ആദ്മി പാർട്ടി നിരാഹാരം നടത്തേണ്ടെന്നും പിന്തുണ മാത്രം മതിയെന്നും വ്യക്തമാക്കി രംഗത്തെത്തിയതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇവിടെ നിരാഹാരം നടത്തിയിരുന്ന ആം ആദ്മി നേതാവ് സി.ആർ. നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമായിരുന്നു ഗോമതിയുടെ പ്രസ്താവന. ഗോമതി ഉൾപ്പെടെയുള്ള പെമ്പിളൈ ഒരുമ പ്രവർത്തകരും സി.ആർ. നീലകണ്ഠനും ഒരേ പന്തലിൽ നിരാഹാരം നടത്തുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലും മറ്റും മോശമായ പ്രചാരണം നടത്തിയിരുന്നു. ഇതായിരുന്നു ആംആദ്മിക്കെതിരെ പെമ്പിളൈ ഒരുമൈ നിലപാടെടുക്കാൻ കാരണം.

ഈ സാഹചര്യം മുതലെടുത്ത് സി.പി.എം പ്രവർത്തകരാണ് സംഘർഷമുണ്ടാക്കുന്നതെന്ന് ഗോമതി പറഞ്ഞു. ആം ആദ്മി പ്രവർത്തകർ പിന്തുണയുമായി തങ്ങൾക്കൊപ്പമുണ്ടാകുമെന്നും നിരാഹാരം വേണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും അവർ വ്യക്തമാക്കി. മണി രാജിവെക്കും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ഗോമതി പറഞ്ഞു. സംഘർഷത്തിൽ ആംആദ്മി പാർട്ടി സംസ്ഥാന വനിതാ കൺവീനർ റാണി ആന്റോ ഉൾപ്പെടെ രണ്ട് വനിതാ പ്രവർത്തകർക്ക് മർദ്ദനമേറ്റതായി ആംആദ്മി പ്രവർത്തകർ ആരോപിച്ചു. അക്രമം നടത്തിയവർ കസേരകൊണ്ട് മർദ്ദിക്കുകയായിരുന്നെന്നും ആം ആദ്മി പ്രവർത്തകർ പറഞ്ഞു.

പന്തലിന്റെ പിന്നിൽ വച്ചിരുന്ന ഫ്‌ലെക്‌സ് ബോർഡ് തകർക്കുകയും പന്തലിന്റെ കാലുകൾ വലിച്ചൂരുകയും ചെയ്തു. ഇരുപതോളം സി.പി.എം പ്രവർത്തകരെ രാത്രി തന്നെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്. സ്ഥലത്ത് വനിതാ പൊലീസ് ഉൾപ്പെടെ കനത്ത പൊലീസ് കാവൽ തുടരുകയാണ്. പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി അഗസ്റ്റിൻ, രാജേശ്വരി, കൗസല്യ എന്നിവർ നിരാഹാര സമരം തുടരുന്നു. ആം ആദ്മി പ്രവർത്തകരും ഒപ്പമുണ്ട്. സമരപ്പന്തലിലേയ്ക്ക് അക്രമം നടത്തിയത് സി.പി.എം പ്രവർത്തകരാണെന്ന് സമരനേതാവ് ഗോമതി വ്യക്തമാക്കി. തങ്ങളെ കൊല്ലാൻ പോലും സി.പി.എം പ്രവർത്തകർ മടിക്കില്ലെന്നും അവർ ആരോപിച്ചു.

സമരപ്പന്തലിൽ അക്രമം നടത്തിയതുമായി ആംആദ്മിക്ക് ബന്ധമില്ല. അക്രമം നടത്തിയത് സിപിഎമ്മുകാരാണ്. സമരത്തെ പൊളിക്കുന്നതിനാണ് സി.പി.എം കാരുടെ ശ്രമം. സമരപ്പന്തൽ അക്രമിച്ചത് തങ്ങൾക്ക് നന്നായി അറിയുന്ന ആൾക്കാരാണ്. മാരിയപ്പൻ, സോജൻ, അബ്ബാസ് തുടങ്ങിയവരാണ് അക്രമം നടത്തിയത്. താൻ സി.പി.എം വിട്ടതിനു ശേഷമാണ് അവർക്ക് പ്രശ്നം. തങ്ങളെ കൊല്ലാൻ പോലും അവർ മടിക്കില്ല. അവർ അത് ചെയ്തിട്ടുണ്ട്. അക്രമം സംബന്ധിച്ച് പൊലീസിൽ പരാതി കൊടുക്കുമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.

ആം ആദ്മി പാർട്ടിയുമായി ഒരു പ്രശ്നവുമില്ല. നിരാഹാരം കിടക്കുന്നത് സംബന്ധിച്ച് മാത്രമായിരുന്നു ആശയക്കുഴപ്പമുണ്ടായിരുന്നത്. അത് സംസാരത്തിലൂടെ പരിഹരിക്കും. നാലു പേരുമാത്രമാണ് സമരം നടത്തുന്നതെന്നാണ് സി.പി.എം പറയുന്നത്. പിന്നെന്തിനാണ് അവർ തങ്ങളുടെ സമരത്തെ ഭയക്കുന്നതെന്നും ഗോമതി ചോദിച്ചു. ഭൂമിയില്ലാത്തവർക്ക് ഒരു ഏക്കർ ഭൂമിക്കുവേണ്ടി ആവശ്യമുന്നയിച്ച് സമരം നടത്താനാൻ തങ്ങൾ നേരത്തെ തീരുമാനിച്ചതായിരുന്നു. ഇതു സംബന്ധിച്ച് പൊതുയോഗം നടത്താൻ തീരുമാനിച്ചിരുന്നതാണ്. അതിനായുള്ള സമരത്തിന് അനുമതി ലഭിച്ചില്ല. തങ്ങളെ ഭയപ്പെടുത്തി പിൻതിരിപ്പിക്കാനുള്ള ശ്രമമുണ്ടായി.

ഭൂമി ആവശ്യപ്പെട്ടുള്ള സമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മന്ത്രി എം.എം മണി തങ്ങൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതെന്നും അതിനെത്തുടർന്നാണ് ഇപ്പോൾ പെട്ടെന്ന് മണി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് നിരാഹാര സമരം ആരംഭിച്ചതെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP