Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടെക്സ്‌റ്റൈൽ മേഖലയുടെ അസ്ഥിവാരവും തോണ്ടി...;കെടുകാര്യസ്ഥതയെ തുടർന്ന് ടെക്സ്‌റ്റൈൽ കോർപ്പറേഷന്റെ മുഴുവൻ സ്പിന്നിങ് മില്ലുകളും പൂട്ടി; അരി വാങ്ങാൻ പോലും പണമില്ലാതെ ജീവനക്കാർ; സർക്കാർവിരുദ്ധ സമരത്തിന് ചുക്കാൻ പിടിക്കാൻ ഇടത് തൊഴിലാളി സംഘടനകൾ

ടെക്സ്‌റ്റൈൽ മേഖലയുടെ അസ്ഥിവാരവും തോണ്ടി...;കെടുകാര്യസ്ഥതയെ തുടർന്ന് ടെക്സ്‌റ്റൈൽ കോർപ്പറേഷന്റെ മുഴുവൻ സ്പിന്നിങ് മില്ലുകളും പൂട്ടി; അരി വാങ്ങാൻ പോലും പണമില്ലാതെ ജീവനക്കാർ; സർക്കാർവിരുദ്ധ സമരത്തിന് ചുക്കാൻ പിടിക്കാൻ ഇടത് തൊഴിലാളി സംഘടനകൾ

അർജുൻ സി വനജ്

കൊച്ചി: കോമളപുരം സ്പിന്നിങ് മില്ലിന്റെ ഫ്യൂസു കൂടി വൈദ്യുതി ബോർഡ് ഊരിയതോടെ ടെക്സറ്റൈൽ കോർപ്പറേഷന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവൻ സ്പിന്നിങ് മില്ലും നിശ്ചലാവസ്ഥയിലായി. കോർപ്പറേഷനു കീഴിൽ ആകെയുള്ള അഞ്ചു സ്പിന്നിങ് മില്ലിൽ നാലും കഴിഞ്ഞ മൂന്നു മാസത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു.

തൊഴിലാളികൾക്ക് കഴിഞ്ഞ 3 മാസത്തെ ശമ്പളവും പൂട്ടിയതിനു ശേഷമുള്ള ദിവസത്തെ ലേ ഓഫ് ആനുകൂല്യവും ഇതുവരെ നൽകിയിട്ടില്ല. ഇതോടെ ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ആയിരങ്ങൾ പട്ടിണിയിലായിരിക്കുകയാണ്. കോട്ടൺ കിട്ടാനുള്ള ബുദ്ധിമുട്ടാണ് ഈ മേഖലയെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് കോർപ്പറേഷൻ നൽകുന്ന വിശദീകരണം. അതേസമയം, പരുത്തി സീസണിൽ വടക്കേ ഇന്ത്യയിൽനിന്ന് ആവശ്യത്തിനുള്ള പഞ്ഞി കോർപ്പറേഷൻ ശേഖരിച്ചു വയ്ക്കാത്തതാണ് പൊടുന്നനെയുള്ള ഈ ദുരിതത്തിനു കാരണമെന്നാണ് ടെക്സ്‌റ്റൈൽ മേഖലയിലെ വിദഗ്ദ്ധർ കുറ്റപ്പെടുത്തുന്നത്.

മലബാർ സ്പിന്നിങ് മിൽ, എടരിക്കോട് സ്പിന്നിങ് മിൽ, കോട്ടയം സ്പിന്നിങ് മിൽ, ചെങ്ങന്നൂർ പ്രഭുറാം സ്പിന്നിങ് മിൽ, ആലപ്പുഴ കോമളപുരം സ്പിന്നിങ് മിൽ എന്നിങ്ങനെ അഞ്ചു സ്പിന്നിങ് മില്ലുകളും യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിക്കാൻ നിശ്ചയിച്ച പിണറായി ഹൈടെക്ക് സ്പിന്നിങ് മിൽ, ഉദുമ സ്പിന്നിങ് മിൽ എന്നിവയുമാണ് കേരള സ്റ്റേറ്റ് ടെക്സ്‌റ്റൈൽ കോർപ്പറേഷന് കീഴിലുള്ള സ്ഥാപനങ്ങൾ. രണ്ടായിരത്തോളം തൊഴിലാളികൾ നേരിട്ടും ആയിരത്തിലധികം തൊഴിലാളികൾ അല്ലാതെയും ജോലി ചെയ്തുവന്ന മേഖലയായിരുന്നു ഇത്. പുതുതായി ആരംഭിക്കാൻ ഇരുന്ന പദ്ധതികളിൽ 1000 ത്തോളം തൊഴിലവസരങ്ങളാണ് ഇതിന് പുറമേ സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ ഈ മേഖലയുടെ അസ്ഥിവാരവും തോണ്ടിയ അവസ്ഥയാണിപ്പോൾ. അഞ്ച് സ്പിന്നിങ് മില്ലുകളിലുമായി 4 കോടിയിലധികം രൂപയാണ് വൈദ്യുതി ബിൽ അടയ്ക്കാനുള്ളത്. ഈ പണം അടയ്ക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിത്തുടങ്ങിയത് സെപ്റ്റബർ അവസാനവും. കോമളപുരം സ്പിന്നിങ് മില്ലിന് 7 ലക്ഷം രൂപയുടെ മാത്രമാണ് വൈദ്യുതി കുടിശ്ശിക. വിൽപ്പനയ്ക്ക് തയ്യാറായ ഒന്നരക്കോടി രൂപയുടെ നൂലാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ഇതിനു കൃത്യമായ വിപണി കണ്ടെത്താൻ കഴിയാത്ത ഉദ്യോഗസ്ഥരുടെ ഭാഗത്തെ പരാജയം മറച്ചുവെയ്ക്കാൻ ഫ്യൂസ് ഊരിച്ചതാണെന്നുള്ള ആക്ഷേപവുമുണ്ട്. അതേസമയം, സഹകരണ-സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മില്ലുകളുടെ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ട്.

2007 മുതൽ കോർപ്പറേഷന്റെ എംഡിയായി തുടരുന്നത് തമിഴ്‌നാട് സ്വദേശി എം ഗണേശാണ്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധു കൂടിയായ വ്യക്തിയാണ് കോർപ്പറേഷന്റെ മില്ലുകളിലേക്ക് പഞ്ഞി എത്തിക്കുകയും നൂൽ വാങ്ങിക്കുകയും ചെയ്തിരുന്നത്. അവർ തന്നെ നിശ്ചയിക്കുന്ന വിലയ്ക്കാണ് തമിഴ്‌നാട് സ്വദേശിയായ ഏജന്റ് നൂല് വാങ്ങുന്നതും പഞ്ഞി വിൽക്കുന്നതുമെന്ന ആരോപണവും ശക്തമാണ്.

എംഡി ഗണേശിനെതിരെ കഴിഞ്ഞ യൂഡിഎഫ് സർക്കാരിന്റെ കാലത്ത 2014 ൽ വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇദ്ദേഹത്തിന് വലിയ തോതിൽ വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് 2015 മെയ് ഏഴിന് ഇദ്ദേഹത്തിനെതിരെ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി വിജിലൻസ് ഡയറക്ടറോട് അന്വേഷണം ശുപാർശ ചെയ്തതാണ്. ആ അന്വേഷണം അട്ടിമറിക്കപ്പെട്ടു. ഗണേശിന്റെ ഭാര്യയുടെ പേരിൽ തമിഴ്‌നാട്ടിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉണ്ടെന്നും അന്ന് വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്ക് മാത്രമായി ശരാശരി ഒരു മാസം 50 ലക്ഷം രൂപയാണ് ചെലവ്. കോർപ്പറേഷൻ കീഴിലുള്ള മില്ലുകൾ പൂർണ്ണമായും പൂട്ടിയ നിലയ്ക്ക് കോർപ്പറേഷന്റെ ആവശ്യമെന്താണെന്നാണ് എ.ഐ.ടി.യു.സിവിനു കീഴിലുള്ള ടെക്സ്റ്റൈൽ ഫെഡറേഷൻ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ മോഹൻദാസ് ഉന്നയിക്കുന്ന ചോദ്യം. നേരാംവണ്ണം നടത്താൻ കഴിയില്ലെങ്കിൽ കോർപ്പറേഷൻ പിരിച്ചുവിടണമെന്നും സിപിഐയുടെ തൊഴിലാളി സംഘടന ആവശ്യപ്പെടുന്നു. ഇടതുപക്ഷ അനുഭാവികളായ തൊഴിലാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും.

ടെക്സ്‌റ്റൈൽ മേഖലയിലെ പ്രശ്നങ്ങളെ മുൻ നിർത്തി ഇടതുതൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മുഴുവൻ തൊഴിലാളി സംഘടനകളേയും ഏകോപിപ്പിച്ച് ജനുവരി 11 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിന്റെ ഭാഗമായി അടുത്തമാസം നാലിന് അവകാശ സംരക്ഷണ ദിനമായി ആചരിക്കാനും തൃശ്ശൂർ സിഐടിയു ഓഫീസിൽ ചേർന്ന സമര ആലോചന യോഗത്തിൽ തീരുമാനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP