Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസിയെ കുത്തുപാളയെടുപ്പിച്ച ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തലാക്കാൻ നടപടികളുമായി തച്ചങ്കരി; നിലവിൽ ഓർഡിനറി സർവീസുകളിൽ 5000 ഷെഡ്യൂളുകളിൽ ഡബിൾ ഡ്യൂട്ടിയെന്ന ദുശ്ശീലം ഇനി വേണ്ടെന്ന് സർക്കാരും; തൊഴിലാളികൾക്കും ജനങ്ങൾക്കും ഉപകാരപ്പെടുന്ന നിലയിൽ ഡ്യൂട്ടി പരിഷ്‌കരണ നിർദ്ദേശം സമർപ്പിച്ച് സിഎംഡി; അഭിപ്രായങ്ങൾ അറിയിക്കാൻ എല്ലാവർക്കും അവസരം; കാര്യങ്ങൾ നേരെയായാൽ ഒക്ടോബർ മുതൽ കെഎസ്ആർടിസി ഡബിൾ ഓകെ

കെഎസ്ആർടിസിയെ കുത്തുപാളയെടുപ്പിച്ച ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തലാക്കാൻ നടപടികളുമായി തച്ചങ്കരി; നിലവിൽ ഓർഡിനറി സർവീസുകളിൽ 5000 ഷെഡ്യൂളുകളിൽ ഡബിൾ ഡ്യൂട്ടിയെന്ന ദുശ്ശീലം ഇനി വേണ്ടെന്ന് സർക്കാരും; തൊഴിലാളികൾക്കും ജനങ്ങൾക്കും ഉപകാരപ്പെടുന്ന നിലയിൽ ഡ്യൂട്ടി പരിഷ്‌കരണ നിർദ്ദേശം സമർപ്പിച്ച് സിഎംഡി; അഭിപ്രായങ്ങൾ അറിയിക്കാൻ എല്ലാവർക്കും അവസരം; കാര്യങ്ങൾ നേരെയായാൽ ഒക്ടോബർ മുതൽ കെഎസ്ആർടിസി ഡബിൾ ഓകെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാര്യങ്ങളെല്ലാം പഠിച്ചതിന് പിന്നാലെ കെഎസ്ആർടിസിയിലെ ഡ്യൂട്ടിയിൽ സമഗ്ര പരിഷ്‌കരണം വരുത്താൻ ഉറച്ച് സിഎംഡി ടോമിൻ ജെ തച്ചങ്കരി. ഇതിനായി കെഎസ്ആർടിസി ഡ്യൂട്ടി പാറ്റേൺ ഏകീകരിക്കാനും ഷെഡ്യൂളുകൾ അതിന് അനുസരിച്ച് പുനഃക്രമീകരിക്കാനും തീരുമാനിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് സിഎംഡി.

ഇക്കാര്യത്തിൽ തൊഴിലാളി യൂണിയനുകളിൽ നിന്നും യാത്രക്കാരിൽ നിന്നും കെഎസ്ആർടിസി തൊഴിലാളികളിൽ നിന്നും യൂണിറ്റ് തലത്തിൽ നിർദ്ദേശങ്ങൾ ക്ഷണിച്ചു. നിർദ്ദേശങ്ങൾ ഒട്ടിച്ച കവറിൽ സിഎംഡി, കെഎസ്ആർടിസി എന്ന രേഖപ്പെടുത്തി ഈമാസം 25ന് മുമ്പ് സമർപ്പിക്കാനാണ് നിർദ്ദേശം. നിർദ്ദേശങ്ങൾ ഈ മാസം 31ന് മുമ്പ് പരിശോധിക്കും. അതിന് ശേഷം പുതുക്കിയ ഡ്യൂട്ടി പാറ്റേൺ ഓഗസ്റ്റ് ഒന്നിന് തന്നെ എല്ലാ യൂണിറ്റുകളിലും പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളുണ്ടെങ്കിൽ അവ പരിഹരിച്ച ശേഷം ഒക്ടോബർ പത്തിന് പുതിയ പാറ്റേൺ നടപ്പാക്കുമെന്നും എംഡി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

നിലവിലെ സ്റ്റാഫിന്റെ വിവരവും ആകെ സർവീസുകളും വിവരിച്ചാണ് ഉത്തരവ്. ഇതു പ്രകാരം കെഎസ്ആർടിസിയിൽ വോൾവോ മുതൽ ഓർഡിനറി, സിറ്റി സർവീസുകൾ ഉൾപ്പെടെ 5667 സർവീസുകളാണ് ഉള്ളത്. ജന്റം ബസ്സുകളുടെ സർവീസുകളുടെ എണ്ണം 719 ആണ്.

ഡബിൾ ഡ്യൂട്ടിയെല്ലാം സിംഗിൾ ഡ്യൂട്ടിയാക്കും

സുശീൽഖന്ന റിപ്പോർട്ടിൽ പറയുന്നതു പ്രകാരം അന്നത്തെ 5498 ഡ്യൂട്ടികളിൽ 52 എണ്ണം മാത്രമാണ് സിംഗിൾ ഡ്യൂട്ടി. 5000 ഷെഡ്യൂളുകൾ ഡബിളും 358 എണ്ണം മൂന്ന് ഡ്യൂട്ടിയും 64 എണ്ണം നാലു ഡ്യൂട്ടിയും 23 എണ്ണം അഞ്ചു ഡ്യൂട്ടിയും ഒരു സർവീസ് ആറു ഡ്യൂട്ടിയും ആണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കണ്ടക്ടർമാരുടെ ഡ്യൂട്ടിയും ഏകദേശം സമാനമാണ്. ഇതുപ്രകാരം ഓർഡിനറി സർവീസുകൾ മിക്കതും ഡബിൾ ്ഡ്യൂട്ടിയിലാണ് പ്രവർത്തിക്കുന്നതെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ സർക്കാർ ഇത്തരത്തിൽ ഡബിൾ ഡ്യൂട്ടി പാടില്ലെന്നും അടിയന്തിരമായി സിംഗിൾ ഡ്യൂട്ടി ആക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ഡ്യൂട്ടി പുനഃക്രമീകരണം.

ഇക്കാര്യത്തിൽ അടിയന്തിര തീരുമാനമെടുക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്നതിനാൽ അതിന് തൊഴിലാളികളുടെ അഭിപ്രായം കൂടെ തേടുകയാണ് തച്ചങ്കരി.

തച്ചങ്കരി നൽകുന്ന നിർദ്ദേശം ഇങ്ങനെ

തൊഴിലാളി സൗഹൃദ സർക്കാരാണ് സംസ്ഥാനത്തെന്നും അതിനാൽ തൊഴിലാളികളുടെ അഭിപ്രായംകൂടി ആരാഞ്ഞ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൊക്കൊള്ളുമെന്നും വ്്യക്തമാക്കിയാണ് തച്ചങ്കരി നിർദ്ദേശം സമർപ്പിക്കുന്നത്.
വിവിധ യൂണിറ്റുകൾ തമ്മിലുള്ള ശരാശരി ദൂരം 30 കിലോമീറ്ററിൽ താഴെയാണ്. ഈ സാഹചര്യത്തിൽ ഓർഡിനറി സർവീസുകൾ രണ്ട് സ്‌പെല്ലിലായി ഓരോ സിംഗിൾ ഡ്യൂട്ടികളായി ഓടിയാൽ നിലവിലുള്ള കിലോമീറ്ററോ വരുമാനമോ കുറയില്ല. പ്രധാന റോഡുകളിൽ ഇത്തരത്തിൽ ബസ്സുകൾ രണ്ട് സിംഗിൾ ഡ്യൂട്ടികളിലായി ഓടിച്ചാൽ അതിരാവിലെയും രാത്രികാലത്തും ഈ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് ഉണ്ടാകും. നിലവിലെ കിലോമീറ്റർ കുറയില്ലെന്നും വരുമാനം കൂടുമെന്നും സിഎംഡി ചൂണ്ടിക്കാട്ടുന്നു.

ഒരു ദിവസം 12 മണിക്കൂർ സമയത്തിനുള്ളിൽ ആദ്യത്തെ ഏഴുമണിക്കൂർ വണ്ടി ഓടിക്കുകയെന്നാണ് രണ്ടാമത്തെ നിർദ്ദേശം. പിന്നെ രണ്ടു മണിക്കൂർ സമയത്ത് ഇരട്ടി വേതനത്തോടെ സർവീസ് നടത്തിയാൽ 12 മണിക്കൂറിൽ ഏഴുമണിക്കൂർ ഒരു ഡ്യൂട്ടിയാകും. രണ്ടു മണിക്കൂറിന് ഇരട്ടി വേതനമാകുമെന്നതും ഓർഡിനറി സർവീസുകൾ പുനക്രമീകരിക്കാൻ കഴിയുമെന്നതുമാണ് നേട്ടം.

ദീർഘദൂര സർവീസുകളിൽ ചെയിൻ ഫാസ്റ്റ് സർവീസുകൾ രണ്ട് സിംഗിൾ ഡ്യൂട്ടിയായി ഓടിക്കുകയും മറ്റ് സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുകയെന്നതാണ് മറ്റൊരു നിർദ്ദേശം. ഇത്തരത്തിൽ പരിഷ്‌കാരങ്ങൾ നിർദ്ദേശിച്ച് കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ അഭിപ്രായങ്ങൾ നൽകാനാണ് സിഎംഡി ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളത്.

ഉത്തരവിന്റെ പകർപ്പ് ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP