Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യ റീട്രേഡിങ് സ്ഥാപനങ്ങളിൽ ഒരാൾ ദിവസം നാൽപത് ടയറുകൾ ശരിയാക്കുമ്പോൾ കെ എസ് ആർ ടി സിയിലെ സ്ഥിരം ജീവനക്കാർ നാലും താൽകാലിക ജീവനക്കാർ 12 ടയറുകളും മാത്രം ഉണ്ടാക്കും; ഒരാളുടെ ഉൽപാദനം പത്തായി ഉയർത്തിൽ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ച് ജീവനക്കാർ; നോക്കി നിൽക്കാതെ സമരക്കാരെ പിരിച്ചുവിട്ട് എംഡി; ഇസ്രയേൽ സന്ദർശനത്തിനിടയിലും കെ എസ് ആർ ടി സിയെ നിയന്ത്രിച്ച് തച്ചങ്കരി

സ്വകാര്യ റീട്രേഡിങ് സ്ഥാപനങ്ങളിൽ ഒരാൾ ദിവസം നാൽപത് ടയറുകൾ ശരിയാക്കുമ്പോൾ കെ എസ് ആർ ടി സിയിലെ സ്ഥിരം ജീവനക്കാർ നാലും താൽകാലിക ജീവനക്കാർ 12 ടയറുകളും മാത്രം ഉണ്ടാക്കും; ഒരാളുടെ ഉൽപാദനം പത്തായി ഉയർത്തിൽ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ച് ജീവനക്കാർ; നോക്കി നിൽക്കാതെ സമരക്കാരെ പിരിച്ചുവിട്ട് എംഡി; ഇസ്രയേൽ സന്ദർശനത്തിനിടയിലും കെ എസ് ആർ ടി സിയെ നിയന്ത്രിച്ച് തച്ചങ്കരി

ആവണി ഗോപാൽ

തിരുവനന്തപുരം: കെഎസ്ആർടിയിലെ ടയർക്ഷാമം പരിഹരിക്കാൻ ടയർ റീട്രേഡിങ് കേന്ദ്രങ്ങളിലെ ഉൽപാദനക്ഷമത വർധിപ്പിക്കണമെന്നു എംഡി ടോമിൻ തച്ചങ്കരിയുടെ ഉത്തരവിന് പുല്ലുവിലയാണ് ജീവനക്കാർ നൽകിയത്. ഒരു ജീവനക്കാരൻ ദിവസം 12.5 ടയറുകൾ എന്ന കണക്കിൽ റീട്രേഡ് ചെയ്യണമെന്നായിരുന്നു ഉത്തരവ്. 2012ൽ ദിവസം 12 ടയറുകൾ നിർമ്മിച്ചിരുന്നിടത്ത് ഇപ്പോൾ എട്ടാണ്. ടയർ ഇല്ലാത്തതിനാൽ ദിവസം 500 ബസുകളാണു മുടങ്ങിയത്. ഇത് പരിഹരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഉത്തരവിനെ അട്ടിമറിക്കാനായിരുന്നു ജീവനക്കാരുടെ നീക്കം. സമരവും പ്രഖ്യാപിച്ചു. ടോമിൻ തച്ചങ്കരി ഇസ്രയേൽ പര്യടനത്തിലാണ്. അതുകൊണ്ട് സമരം ചെയ്ത് പ്രതിസന്ധി കൂട്ടാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വിദേശത്തിരിക്കുമ്പോൾ കെ എസ് ആർ ടി സിയിൽ പ്രഥമ പരിഗണന കൊടുത്ത തച്ചങ്കരി നീക്കങ്ങൾ തൽസമയം അറിഞ്ഞു. സമരം പ്രഖ്യാപിച്ചവരെ പിരിച്ചുവിടുകയും ചെയ്തു. ആനവണ്ടിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ അതിശക്തമായ നടപടി തുടരുമെന്ന സൂചനയാണ് തച്ചങ്കരി നൽകുന്നത്.

ടയർ ഇല്ലാത്തതിനാൽ ദിവസം 500 ബസുകളാണ് മുടങ്ങിയത്. ഇതു പരിഹരിക്കാനാണ് തച്ചങ്കരി അടിയന്തര നടപടി സ്വീകരിച്ചത്. ഒരു മാസം 1900 പുതിയ ടയറുകളാണ് കെ.എസ്.ആർ.ടി.സിക്ക് വേണ്ടിവരുന്നത്. നേരത്തേ ചൈനീസ് കമ്പനിയിൽനിന്നാണ് ടയർ ഇറക്കുമതി ചെയ്തിരുന്നത്. കേന്ദ്രസർക്കാർ നിർദ്ദേശം മൂലം ഇത്തരം ഇറക്കുമതിക്ക് നിയന്ത്രണം വന്നു. ഇതോടെയാണ് മറ്റ് കമ്പനിളെ ആശ്രയിച്ചത്. എന്നാൽ, കമ്പനികൾക്ക് അഞ്ചു കോടിയിലധികം രൂപ കുടിശ്ശിക വന്നതോടെ ടയർ വിതരണം നിലച്ചു. ടയർ ക്ഷാമം രൂക്ഷമാവുകയും സർവിസ് മുടങ്ങൽ വ്യാപകമാവുകയും ചെയ്തു. ഈ പ്രതിസന്ധി മറികടക്കാനാണ് റീട്രെഡിങ് വർധിപ്പിക്കാൻ തീരുമാനിച്ചത്.

സ്വകാര്യ റീട്രേഡിങ് സ്ഥാപനത്തിൽ ഒരു ജീവനക്കാരൻ നാലപത് ടയറാണ് ശരിയാക്കി ഇറക്കുന്നത്. എന്നാൽ കെ എസ് ആർ ടിസിയിൽ സ്ഥിരം ജീവനക്കാർ നാലും താൽകാലിക ജീവനക്കാർ 12 ടയറുണ്ടാക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ ടയറുകൾ ഒരാൾ ഉണ്ടാക്കണമെന്ന കർശന നിർദ്ദേശം കൊടുത്തത്. പാപ്പനംകോട് സെൻട്രൽവർക്‌സ്, എടപ്പാൾ, ആലുവ എന്നിവിടങ്ങളിലെ ടയർ റീട്രെഡിങ് യൂണിറ്റുകളിലെ ഉത്പാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. പക്ഷേ, മാനേജ്‌മെന്റ് കൈക്കൊണ്ട തീരുമാനം ജീവനക്കാരെല്ലാം അതേ സ്പിരിറ്റോടെ ഉൾക്കൊണ്ടില്ല. ആലുവ യൂണിറ്റിലാണ് കൂടുതൽ നിഷേധമുണ്ടായത്. സമരത്തിനും അണിയറ നീക്കം തുടങ്ങി. ഇതോടെ തച്ചങ്കരി കർശന നടപടികളിലേക്ക് കടന്നു. അവിടെ എട്ടു താത്കാലിക ജീവനക്കാരെ, നിബന്ധനകൾ പാലിച്ചില്ലെന്ന കാരണം കാണിച്ച് പിരിച്ചുവിട്ടു. അഞ്ച് സ്ഥിരം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. ഇവരുടെ ശമ്പളത്തിൽനിന്നു പിഴ ഈടാക്കാനും തീരുമാനിച്ചു. ഇതിനെതിരെയും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. എന്നാൽ മതിയായ ടയറുകൾ ശരിയാക്കി ഇറക്കിയില്ലെങ്കിൽ പണി പോകുമെന്ന സന്ദേശമാണ് തച്ചങ്കരി ഇസ്രയേലിലിരുന്ന് നൽകുന്നതും.

മനുഷ്യവിഭവശേഷി പൂർണമായും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിർേദശങ്ങൾ തച്ചങ്കരി നൽകുന്നത്. റിസർവേഷൻ കൗണ്ടറുകളിലടക്കം മറ്റ് ഡ്യൂട്ടികൾ നിർവഹിച്ചിരുന്ന കണ്ടക്ടർമാരെ (അദർ ഡ്യൂട്ടി) ലൈനിലേക്ക് മടക്കിയെത്തിച്ചതടക്കം നിരവധി നടപടികളാണ് ഇതിനോടകം സ്വീകരിച്ചത്. ഇൻസ്‌പെക്ടർമാരെ പോയന്റ് ഡ്യൂട്ടിക്കായി നിയോഗിച്ചതാണ് മറ്റൊരു തീരുമാനം. ബസുകൾ ഒന്നിന് പിറകെ ഒന്നായി പോകുന്ന പ്രവണത അവസാനിപ്പിക്കുകയും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ബസുകളിൽ കയറാനും ഇറങ്ങാനും ക്രമീകരണമേർപ്പെടുത്തുകയുമാണ് വിവിധ സ്റ്റോപ്പുകളിലായുള്ള പോയന്റ് ഡ്യൂട്ടിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇതൊന്നും മടിയന്മാരായ ജീവനക്കാർക്ക് സുഖിച്ചിട്ടില്ല. സർക്കാരിന്റെ നിലപാട് തച്ചങ്കരിക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഇടത് യൂണിയന് പരസ്യമായി സമരത്തിന് ഇറങ്ങാനും മടിയാണ്.

ഇസ്രയേലിലെ പൊതുഗതാഗതത്തെ പറ്റി പഠിക്കാനുള്ള യാത്രയിലാണ് തച്ചങ്കരി. അവിടെത്തെ പൊതു ഗാതാഗത സംവിധാനങ്ങളെ അടുത്തറിയലാണ് ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ സംഘത്തിൽ കേരളത്തിൽ നിന്ന് തച്ചങ്കരി മാത്രമാണുള്ളത്. ഇന്ത്യൻ എംബസിയിൽ അടക്കം തച്ചങ്കരി പ്രസംഗിക്കുന്നുണ്ട്. പൊതു ഗതാഗത്തെ ശക്തിപ്പെടുത്താനുള്ള ബദൽ സാധ്യതകളാണ് തച്ചങ്കരി ഇസ്രയേലിൽ അടുത്തറിയുന്നത്. സൈബർ സംവിധാനങ്ങളുടെ സഹായത്തോടെ കെ എസ് ആർ ടി സിയെ അടുത്തറിയാനുള്ള ശ്രമമാണ് ഇസ്രയേൽ യാത്ര. ജെറുസലേമിലും വാർസയിലും പല പ്രധാന പ്രോജക്ടുകളും തച്ചങ്കി നേരിൽ കാണുന്നുണ്ട്. സോളാർ-ഇലക്ട്രിക്കൽ ബസ് സംവിദാനവും അതിന്റെ പരിപാലനവുമെല്ലാം നേരിട്ട് മനസ്സിലാക്കും. ശനിയാഴ്ച വരെ നീളുന്ന തിരക്കേറിയ പരിപാടികൾ. ഇതിനിടെയാണ് ടയർ വിഭാഗത്തിലെ സമരത്തെ കുറിച്ച് എംഡിയുടെ ശ്രദ്ധിയിൽ പെടുന്നത്.

ടയർ ക്ഷാമം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി കൊണ്ടുവന്ന പരിഷ്‌കാരങ്ങളോട് ജീവനക്കാർ മുഖംതിരിച്ചതോടെ 200 ബസുകൾ കട്ടപ്പുറത്തായിരുന്നു. ഇത്രത്തോളം സർവീസുകളും നിലച്ചു. ടയർ റീട്രെഡിങ് കൂട്ടി ടയർക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യം. കുറച്ചു നാളായി വരുമാനത്തിൽ വർദ്ധന നേടുന്ന കോർപറേഷന് ടയർക്ഷാമം തിരിച്ചടിയായ സാഹചര്യത്തിലാണ് പരിഷ്‌കാരം കൊണ്ടുവന്നത്. റൂട്ടുകൾ പരമാവധി താളം തെറ്റാതിരിക്കാനുള്ള നീക്കം. ഈ സാഹചര്യത്തിലാണ് അട്ടിമറിക്കാർക്കെതിരെ കർശന നടപടികളെടുക്കുന്നത്. ടോമിൻ തച്ചങ്കരി എം.ഡിയായതിനെ തുടർന്ന് കൊണ്ടുവന്ന പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ്. സ്ഥിര ജീവനക്കാരൻ ദിവസം നാലു ടയറും താത്കാലിക ജീവനക്കാരൻ 12 ടയറുമാണ് റീട്രെഡിങ് ചെയ്തിരുന്നത്. അത് യഥാക്രമം ആറും എട്ടുമായി പുനഃക്രമീകരിച്ചിരുന്നു. എന്നാൽ സ്വകാര്യമേഖലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതും കുറവാണ്.

അടുത്തിടെ സ്ഥാപിച്ച ആധുനിക യന്ത്രങ്ങൾക്ക് അനുസൃതമായ ഉത്പാദനക്ഷമത ഇല്ലെന്നും പരിശോധനയിൽ ബോദ്ധ്യമായി. തുടർന്നാണ് ഒരാൾ ഒരു ദിവസം 10 ടയർ റീട്രെഡ് ചെയ്യുന്ന വിധത്തിൽ ജോലി പുനഃക്രമീകരിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധം. ക.എസ്.ആർ.ടി.സിയുടെ അതേ യന്ത്രസംവിധാനങ്ങളുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു ജീവനക്കാരൻ ദിവസം 40 ടയർ വരെ റീട്രെഡിഗ് ചെയ്യുന്നുണ്ടെന്നാണ് തച്ചങ്കരി പറയുന്നത്. മൂന്ന് യൂണിറ്റുകളിലായി 50 ജീവനക്കാരാണുള്ളത്. കുറഞ്ഞത് 450 ടയർ രൂപപ്പെടുത്താനുള്ള ശേഷി യൂണിറ്റുകൾക്കുണ്ട്. എന്നാൽ ലാഭകരമായി ഇത് നടത്താൻ കഴിഞ്ഞിട്ടില്ല. ടയർ റീട്രെഡിങ് വിഭാഗത്തിൽ നേരിട്ട് നിയമനം നടത്താറില്ല. താത്കാലിക ജീവനക്കാരെ ക്രമേണ സ്ഥിരപ്പെടുത്തുകയാണ് പതിവ്.

അതിനിടെ കെ.എസ്.ആർ.ടി.സി.യിൽ യൂണിയൻ ഇടപെടാത്ത കൂട്ടസ്ഥലംമാറ്റ പട്ടികയും പുറത്തിറങ്ങി. എംഡി വിദേശത്തായാലും കാര്യങ്ങൾ മുറപോലെ നടക്കുമെന്നതിന് തെളിവാണ് ഇത്. ഡ്രൈവർമാരും കണ്ടക്ടർമാരും മിനിസ്റ്റീരിയൽ ജീവനക്കാരും മെക്കാനിക്കുകളും ഉൾപ്പെടെ 2505 പേരെ സ്ഥലംമാറ്റും. ഭരണകക്ഷി യൂണിയൻ നൽകുന്ന പട്ടികയും വിവിധതരത്തിലുള്ള ശുപാർശകളും പരിഗണിക്കുന്നതിന് പകരം മാനദണ്ഡങ്ങൾ മാത്രമാണ് കണക്കിലെടുത്തത്. എം.ഡി. ടോമിൻ തച്ചങ്കരിയുടെ കർശന നിർദ്ദേശപ്രകാരമാണ് സ്ഥലംമാറ്റത്തിന് നടപടി സ്വീകരിച്ചത്. സമീപകാലത്തെങ്ങും ഇത്തരത്തിൽ കരട് പട്ടിക പ്രസിദ്ധീകരിച്ചുകൊണ്ട് പൊതുസ്ഥലംമാറ്റപ്പട്ടിക ഇറങ്ങിയിട്ടില്ല. യൂണിറ്റുകളിൽ നിശ്ചിത കാലാവധി പൂർത്തിയാക്കിയവരെ അവർ അഭ്യർത്ഥിച്ചിട്ടുള്ള യൂണിറ്റുകളിലേക്ക് തിരിച്ചു മാറ്റും.

738 ഡ്രൈവർമാരാണ് ആദ്യപട്ടികയിലുള്ളത്. ഇതേ തുടർന്നുള്ള ഒഴിവുകളിലേക്ക് ഷെഡ്യൂളുകൾക്ക് അനുസൃതമായി വേണ്ട 738 ഡ്രൈവർമാരെ രണ്ടാംപട്ടികയിൽ നിന്നും സ്ഥലമാറ്റം നൽകും. 585 കണ്ടക്ടർമാരെയും 335 മെക്കാനിക്കുകളെയും, 57 മിനിസ്റ്റീരിയൽ ജീവനക്കാരെയും 52 സ്റ്റോർ ജീവനക്കാരെയുമാണ് സ്ഥലംമാറ്റുന്നത്. അംഗീകൃത യൂണിയനുകളുമായി ഉണ്ടാക്കിയ ശമ്പള പരിഷ്‌കരണ കരാറിൽ പൊതുസ്ഥലംമാറ്റ വ്യവസ്ഥകളും ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറെക്കാലത്തിനു ശേഷമാണ് പൊതുസ്ഥലംമാറ്റം നടക്കുന്നത്. ഇതിലെ വ്യവസ്ഥകൾപ്രകാരം ഓരോ ജീവനക്കാരനും ഹോം യൂണിറ്റുണ്ട്. ഇതിൽ നിന്നും 100 മുതൽ 200 കിലോമീറ്റർ അകലേക്ക് മാറ്റപ്പെടുന്നവർ മൂന്നുവർഷം പൂർത്തിയാക്കിയാൽ തിരികെയെത്താൻ അർഹതയുണ്ടാകും.

200 മുതൽ 300 കിലോമീറ്റർ അകലെവരെ മാറ്റപ്പെടുന്നവർക്ക് രണ്ടുവർഷം പൂർത്തിയാക്കിയാലും 300 കിലോമീറ്ററിന് മുകളിൽ മാറ്റപ്പെടുന്നവർക്ക് ഒരുവർഷം പൂർത്തിയാക്കിയാലും മടങ്ങിയെത്താൻ മുൻഗണന ലഭിക്കും. കരട് പട്ടികയിലെ പരാതികൾ 18 വരെ പരിഗണിക്കും. 22- ന് അന്തിമപട്ടിക ഇറങ്ങും. 31 -ന് ജോലിയിൽ പ്രവേശിക്കണം. ഇല്ലെങ്കിൽ വകുപ്പുതല നടപടിയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP