Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാസാവസാനത്തെ രണ്ടുദിവസം ബാങ്ക് അവധിയായിട്ടും ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം കൊടുത്ത് തച്ചങ്കരി; ഓൺലൈൻ വഴി കൊടുക്കുന്നവർക്ക് ഇന്നേ ശമ്പളം കൊടുത്തു; ശമ്പളം മുടങ്ങിയാൽ ജീവനക്കാരെ ഒപ്പം നിർത്താമെന്ന് കരുതി പാരയുമായി ഇറങ്ങിയ യൂണിയൻ നേതാക്കൾക്ക് തിരിച്ചടി; സിഎംഡിക്ക് അഭിവാദ്യമർപ്പിച്ച് സന്ദേശങ്ങളും നേതാക്കളെ കളിയാക്കി ട്രോളുമിറക്കി കെഎസ്ആർടിസി ജീവനക്കാർ

മാസാവസാനത്തെ രണ്ടുദിവസം ബാങ്ക് അവധിയായിട്ടും ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം കൊടുത്ത് തച്ചങ്കരി; ഓൺലൈൻ വഴി കൊടുക്കുന്നവർക്ക് ഇന്നേ ശമ്പളം കൊടുത്തു; ശമ്പളം മുടങ്ങിയാൽ ജീവനക്കാരെ ഒപ്പം നിർത്താമെന്ന് കരുതി പാരയുമായി ഇറങ്ങിയ യൂണിയൻ നേതാക്കൾക്ക് തിരിച്ചടി; സിഎംഡിക്ക് അഭിവാദ്യമർപ്പിച്ച് സന്ദേശങ്ങളും നേതാക്കളെ കളിയാക്കി ട്രോളുമിറക്കി കെഎസ്ആർടിസി ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അടിമുടി ഭരണപരിഷ്‌കാരങ്ങൾ കൊണ്ടുവന്ന് വെള്ളാനയായ കോർപ്പറേഷനെ കരകയറ്റാനുള്ള പെടാപ്പാടിലാണ് സിഎംഡി ടോമിൻ തച്ചങ്കരി.വടക്കൻ കേരളത്തിൽ ജീവനക്കാരില്ലാത്ത ദുരവസ്ഥ പരിഹരിക്കാൻ പൊതുസ്ഥലംമാറ്റം നടപ്പാക്കിയതടക്കം പല പരിഷ്‌കാരങ്ങളും ഭാവിയെ മുന്നിൽ കണ്ടുള്ളതായിരുന്നു. എന്നാൽ, ചട്ടങ്ങൾ തെറ്റിച്ച് പ്രവൃത്തി സമയത്ത് സമരത്തിന് മുതിർന്ന യൂണിയൻ നേതാക്കൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുകയും ചെയ്തു. തച്ചങ്കരിയെ പുറത്തുചാടിക്കാനുള്ള നീക്കങ്ങൾ ചില യൂണിയൻ നേതാക്കൾ സജീവമാക്കിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ ബുധനും വ്യാഴവും ബാങ്ക് പണിമുടക്ക് കാരണം ഇടപാടുകൾ നടന്നില്ലെങ്കിലും ശമ്പളം മുടങ്ങാതിരിക്കാൻ നടപടിയെടുത്ത് ജീവനക്കാരെ കൈയിലെടുത്തിരിക്കുകയാണ് തച്ചങ്കരി.ധനമന്ത്രിയെ നേരിട്ട് കണ്ട് ശമ്പളത്തിന് ആവശ്യമായ പണം മാറ്റിയെടുത്താണ് എംഡി വാ്ക്ക് പാലിച്ചത്.

ഓൺലൈൻ വഴി അക്കൗണ്ടിൽ പണമിടാൻ നടപടി സ്വീകരിച്ചതോടെ ഒന്നാം തീയതി തന്നെ ജീവനക്കാരെ തേടി ശമ്പളമെത്തും.മാസങ്ങളായി ശമ്പളം കിട്ടാതെ വലഞ്ഞിരുന്ന ജീവനക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് എംഡിയുടെ തീരുമാനം. ജൂൺ സ്‌കൂൾ തുറപ്പ് മാസമാണ്.കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജീവനക്കാർക്ക് അധികപണം ആവശ്യമായി വരുന്ന സമയം.ജീവനക്കാരോടുള്ള സിഎംഡിയുടെ കരുതൽ അവരുടെ ഉള്ളുകുളിർപ്പിച്ചുവെന്ന് വേണം കരുതാൻ. കാരണം തച്ചങ്കരിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള നിരവധി പ്രതികരണങ്ങളാണ് ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും വരുന്നത്.

എംഡിയുടെ പുതിയ നടപടിയോടെ വെട്ടിലായത് യൂണിയൻ നേതാക്കളാണ്.ശമ്പളം മുടങ്ങിയാൽ അതിന്റെ പേരിൽ തച്ചങ്കരിയെ വെട്ടിലാക്കി ജീവനക്കാരെ ഒപ്പം നിർത്താനുള്ള പദ്ധതി പൊളിഞ്ഞിരിക്കുകയാണ്.നേതാക്കന്മാരെ കളിയാക്കുന്ന ട്രോളുകളും ഇറങ്ങുന്നുണ്ട്.
എല്ലാ ട്രേഡ് യൂണിയനുകളും കൂടി പ്രതിവർഷം ഏകദേശം ഏഴു കോടി രൂപയോളം പല ഇനങ്ങളിലായി ജീവനക്കാരിൽ നിന്നും പിരിച്ചെടുക്കുന്നുണ്ട്. ഇത് എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്ന് ആർക്കും അറിയില്ല.ഇതിനെ കുറിച്ച് എൻഫോഴ്‌സമെന്റിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഒരുവിഭാഗം ജീവനക്കാർ ആവശ്യപ്പെടുന്നത്.ഇപ്പോൾ ഒരു രഹസ്യവോട്ടെടുപ്പ് നടത്തിയാൽ 80 ശതമാനം ജീവനക്കാരും സിഎംഡിക്കൊപ്പമായിരിക്കുമെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്.

തച്ചങ്കരി യൂണിയനുകൾക്ക് അനഭിമതനായത് എങ്ങനെയെന്നും ജീവനക്കാർ അക്കമിട്ട് നിരത്തുന്നു

1) അദർ ഡ്യൂട്ടി നിർത്തലാക്കി
2) കട്ടപ്പുറത്ത് ഇരിക്കുന്ന വണ്ടികൾ ഇറക്കാൻ തീരുമാനിച്ചു.
3) സമാന്തര സർവ്വീസുകളെ പിടിക്കാൻ തീരുമാനിച്ചു
4) ജനറൽ ട്രാൻസ്ഫർ ഇറക്കി
5) യൂണിയനുകളുടെ ചൊൽപടിക്കു നിന്നില്ല
6) ചീഫ് ഓഫീസ് ശുദ്ധീകരിച്ചു
7) ജീവനക്കാരുടെ പരാതികളും ആവശ്യങ്ങളും
മദ്ധ്യസ്ഥരില്ലാതെ കേൾക്കാൻ തുടങ്ങി
8) കെഎസ്ആർടിസി യുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള യൂണിയൻ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരുത്തി
9) അനധികൃതമായി ജോലിക്ക് ഹാജരാകത്തവർക്ക് നോട്ടീസ് നൽകി
10) വരുമാനം വർദ്ധിപ്പിക്കുവാൻ പരിശ്രമിച്ചു.
11) കൃത്യ സമയത്ത് കഴിഞ്ഞ മാസം ( എം പാനൽ ഉൾപ്പെടെ ) ശമ്പളം നൽകി

ഒരോ സമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനെ പോലെ വേട്ടയാടുകയും ചെയ്യുന്ന ശൈലിയാണ് യൂണിയൻ നേതാക്കൾ പിന്തുടരുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. സിഎംഡിയെ മാറ്റണമെന്ന് പലവട്ടം നേതാക്കൾ മുഖ്യമന്ത്രിയെ പോയി കണ്ടുപറഞ്ഞു.എന്നാൽ, യൂണിയനുകൾ പിന്തുടരുന്നത് ശരിയായ നിലപാടല്ലെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.ഇപ്പോൾ തുടക്കമിട്ട ശുദ്ധീകരണം പൂർത്തിയാവുമ്പോൾ മാത്രമേ ശമ്പളയിനത്തിൽ കെഎസ്ആർടിസിയുടെ നഷ്ടം കുറയ്ക്കാൻ കഴിയുകയുള്ളുവെന്നും എല്ലാവർക്കും ശമ്പള പരിഷ്‌കരണവും അലവൻസുകളും മറ്റും കിട്ടുകയുള്ളുവെന്നും ജീവനക്കാർ കരുതുന്നു.

സമരം ചെയ്തതിന് അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ മുതിർന്ന നേതാക്കൾ എത്തുമെന്ന അഹങ്കാരമാണ് പ്രശ്‌നങ്ങൾ വഷളാക്കുന്നത്. കെഎസ്ആർടിസി ജീവനക്കാർ മാസം മുപ്പത് ലക്ഷം രൂപയാണ് വരിസംഖ്യയിലൂടെ യൂണിയനുകൾക്ക് സമാഹരിച്ച് നൽകുന്നത്.ഇതിനൊപ്പം മറ്റുപിരിവുകളുമുണ്ട്. ഈ തുകയിൽ നിന്ന് ഡിപ്പോ സെക്രട്ടറി മുതൽ മുകളിലുള്ള എല്ലാ യൂണിയൻ നേതാക്കൾക്കും കമ്മീഷൻ കിട്ടുന്നുണ്ട്്.. ഇത്തരത്തിൽ തൊഴിലാളിയുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി, അവരെ നിത്യ ദുരിതത്തിലാക്കുന്ന ഈ യൂണിയൻ വ്യവസായം ഇനിയെങ്കിലും നിറുത്തേണ്ടത് വളരെ ആവശ്യമാണെന്നും ജീവനക്കാർ പറയുന്നു.

2016- ജൂണിലും, 2017 ജൂണിലും വിദ്യാലയം തുറന്നപ്പോൾ കുട്ടികൾക്ക് പുത്തൻ ഉടുപ്പും യൂണിഫോമും വാങ്ങാൻ പലരുടെയും മുന്നിൽ നീറുന്ന മനസോടെ കൈ നീട്ടിയത് ജീവനക്കാർ മറന്നിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ കൃത്യസമയത്ത് ഫീസടക്കാത്തതുകൊണ്ട് മക്കളെ ക്ലാസിൽ നിന്നും പല പ്രാവശ്യം ഇറക്കി വിട്ടതും മറന്നിട്ടില്ല. പലചരക്കു കടക്കാരൻ കാണാതെ ഒളിച്ച് നടന്നതും മറന്നിട്ടില്ല.ഈ വർഷം അതൊന്നും വേണ്ടിവരില്ലെന്ന ആശ്വാസത്തിലാണ് ജീവനക്കാർ.ഇതെല്ലാം സാധ്യമാക്കിയ ടോമിൻ തച്ചങ്കരിയെ സിഎംഡിയായി അംഗീകരിക്കാൻ കഴിയില്ലെങ്കിൽ, യൂണിയൻ നേതാക്കളോട് കടക്കുപുറത്ത് എന്ന് പറയേണ്ടി വരുമെന്നും ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP