മക്കളെ സമയാസമയം സ്കൂളിൽ വിടാനും ട്യൂഷന് കൊണ്ടുപോകാനും സൗകര്യം നോക്കി എത്തുന്നവർക്ക് ഇനി ഇടമില്ല; മടിയന്മാരെ ക്രൈംബ്രാഞ്ചിന്റെ പടി കടത്തി തച്ചങ്കരി; അഞ്ച് വർഷത്തിലധികം ഇരുന്നവരെ മാതൃയൂണിറ്റുകളിലേക്ക് മടക്കി അയച്ചു; മത്സരപരീക്ഷയിലും അഭിമുഖത്തിലും മികവ് കാട്ടിയ 96 പേർക്ക് പുതിയ നിയമനം; ക്രൈംബ്രാഞ്ച് ഇനി പ്രൊഫഷണൽ ബ്രാഞ്ച്
November 15, 2019 | 07:42 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ക്രൈംബ്രാഞ്ചിൽ അഞ്ച് വർഷത്തിലധികം ഇരുന്നവരെ മടക്കി അയച്ച് പകരം മത്സര പരീക്ഷയിൽ ജയിച്ച 96 പേർക്ക് നിയമനം നൽകി. ക്രൈം ബ്രാഞ്ചിലേക്ക് നിയമനം ലഭിക്കുവാൻ നേരത്തെ യാതൊരു മാനദണ്ഡങ്ങളും ഇല്ലായിരുന്നു. എന്നാൽ ഈ മാസം മുതൽ ഈ യൂണിറ്റിലേക്ക് സ്ഥലം മാറ്റം ലഭിക്കുവാൻ യോഗ്യത പരീക്ഷയും അഭിമുഖവും നിർബന്ധമാക്കി.
കഴിഞ്ഞ മാസം നടത്തിയ ആദ്യഘട്ട പരീക്ഷയിൽ യോഗ്യരായ 96 പേരെ വിവിധ ജില്ലകളിൽ ഈ മാസം ആദ്യം നിയമിച്ചു. ഇന്നു നടന്ന രണ്ടാംഘട്ട പരീക്ഷയിൽ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ 101 പേരും തൃശൂർ പൊലീസ് അക്കാദമിയിൽ 228 പേരും എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലുമായി പങ്കെടുത്തു. കൂടാതെ 19 CI മാരും 36 SI മാരും ക്രൈം ബ്രാഞ്ചിലേക്ക് പ്രവേശനം ലഭിക്കാനുള്ള അഭിമുഖത്തിൽ പങ്കെടുത്തു. 5 വർഷത്തിൽ കൂടുതൽ യൂണിറ്റിൽ ജോലി ചെയ്ത 80 ഓളം ഉദ്യോഗസ്ഥരെയും 34 ഡ്രൈവർമാരെയും അവരവരുടെ മാതൃ യൂണിറ്റിലേക്ക് തിരിച്ചയച്ചു. 850 എക്സിക്യൂട്ടീവ് അംഗങ്ങൾ മാത്രമുള്ള ഒരു അന്വേഷണ ഏജൻസിയാണ് ക്രൈം ബ്രാഞ്ച്.
വിശ്രമിക്കാൻ ഒരിടം എന്നതിൽ നിന്നുമാറി കുറ്റാന്വേഷണത്തിൽ പ്രാവീണ്യമുള്ളവരെ മാത്രം ഉൾക്കൊള്ളുന്ന ഉന്നത അന്വേഷണ യൂണിറ്റ് ആയി ക്രൈം ബ്രാഞ്ചിനെ മാറ്റി എടുക്കുക എന്നുള്ളതാണ് മേധാവി ടോമിൻ തച്ചങ്കരിയുടെ ലക്ഷ്യം. കുറ്റാന്വേഷണത്തിൽ താൽപര്യമില്ലെങ്കിലും ലളിതമായ ജോലി തേടി ക്രൈംബ്രാഞ്ചിലേക്ക് നിയമനം തേടുന്നത് പൊലീസ് സേനയിൽ പതിവായിരുന്നു. ഇത് അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ പരിഷ്കാരം നടപ്പാക്കിയത്. കുറ്റാന്വേഷണത്തിൽ താൽപ്പര്യമുള്ളവരെ മാത്രം ക്രൈംബ്രാഞ്ചിൽ നിയമിക്കാനാണ് മത്സര പരീക്ഷയിലൂടെ ഉദ്ദേശിച്ചത്. ക്രൈംബ്രാഞ്ചിൽ നേരത്തെ ജോലി ചെയ്തവർക്ക് നിയമനത്തിൽ മുൻഗണനയുണ്ട്.
എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും മികച്ച പ്രകടനം നടത്തുന്നവർക്കാണ് നിയമനം. മഹസർ, കേസ് ഡയറി തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങളും പരീക്ഷയിലുണ്ട്. എഴുത്ത് പരീക്ഷയ്ക്ക് 40 മാർക്കും അഭിമുഖത്തിന് പത്ത് മാർക്കുമായി 50 മാർക്കിലാണ് പരീക്ഷ. ഓരോ മാസാവസാനവും ക്രൈം ബ്രാഞ്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കണമെന്നും യൂണിറ്റിലേക്ക് വരുന്നവർ ഒരു വർഷമെങ്കിലും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കുറ്റാന്വേഷണവിഭാഗത്തിൽ പ്രൊഫഷണലിസം ചോരാതിരിക്കാനാണു മത്സരപ്പരീക്ഷയെന്ന് ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരി പറയുന്നു. അന്വേഷണപാടവവും താത്പര്യവുമുള്ള ഉദ്യോഗസ്ഥരെയേ ഇനി ക്രൈംബ്രാഞ്ചിൽ ഉൾപ്പെടുത്തൂ. എല്ലാമാസവും ക്രൈംബ്രാഞ്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കും. ഈ വിഭാഗത്തിൽ മുമ്പ് ജോലി ചെയ്തവർക്ക് മുൻഗണനയുണ്ടാകും.
പരിശോധനയ്ക്കുശേഷം എല്ലാമാസവും 15-ന് പൊലീസ് ട്രെയിനിങ് കോളജിലും പൊലീസ് അക്കാദമിയിലും പരീക്ഷ നടത്തും. ഹെഡ്ക്വാർട്ടേഴ്സ് എസ്പിക്കാണ് ഇതിന്റെ ചുമതല. നിയമപരിജ്ഞാനം, അന്വേഷണവൈദഗ്ധ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇതരഭാഷാ വൈദഗ്ധ്യം, അർപ്പണമനോഭാവം എന്നിവയും വിലയിരുത്തപ്പെടും - തച്ചങ്കരി പറയുന്നു. ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും ക്രൈംബ്രാഞ്ചിൽ പണിയെടുക്കാൻ സന്നദ്ധരായവരെ മാത്രമാകും പരിഗണിക്കുക.
ലോ ആൻഡ് ഓർഡറിൽ ജോലിനോക്കി ക്ഷീണിക്കുന്നവരിൽ പലരും സുഖലാവണമെന്ന നിലയ്ക്ക് ക്രൈം ബ്രാഞ്ചിൽ കുടിയേറുന്നത് പതിവായിരുന്നു. മക്കളെ സമയാസമയം സ്കൂളിൽ വിടാനും ട്യൂഷന് കൊണ്ടുപോകാനുമൊക്കെയുള്ള സൗകര്യാർത്ഥം പലരും ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷ്യൽ യൂണിറ്റുകളിൽ സ്ഥലംമാറ്റം ചോദിച്ചുവാങ്ങി പോകാറുണ്ട്. ചിലർ രാഷ്ട്രീയതാത്പര്യങ്ങൾക്കനുസൃതമായും ഇവിടെ നിയമനം നേടാറുണ്ട്. ഇവർക്കൊന്നും പ്രമാദമായ കേസുകളിൽ ഒന്നുംചെയ്യാനാകാത്തത് പലപ്പോഴും തിരിച്ചടികൾക്കിടയാക്കിയിട്ടുണ്ട്. ഈ അവസ്ഥ മാറ്റാനും ക്രൈം ബ്രാഞ്ചിന് പ്രൊഫഷണൽമുഖം കൊണ്ടുവരാനുമാണ് തച്ചങ്കരിയുടെ ശ്രമം.
