Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആനവണ്ടി ആരാധികയുടെ സങ്കടത്തിൽ മനസ്സലിഞ്ഞ് 'ചങ്ക് 'ബസിനെ തിരിച്ചുകൊടുത്ത തച്ചങ്കരിയുടെ ആക്ഷൻ വീണ്ടും; ടെക്‌നോപാർക്കിലേക്ക് 'ഇപ്പോ എങ്ങും ഇനി ബസ് ഇല്ല എന്ന് അറിഞ്ഞുടെയെന്ന് കളിയാക്കുന്ന ഓട്ടോച്ചേട്ടന്മാർക്ക് ഇനി നാവടക്കാം; തിരക്കുള്ള റൂട്ടിൽ ടെക്കികൾക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസില്ലെന്ന ടെക്‌നോപാർക്ക് ജീവനക്കാരി ആവണിയുടെ പരാതിയിൽ ഉടൻ ആക്ഷൻ; ടെക്കികൾക്കായി ഇനി ഇഷ്ടം പോലെ ബസുകൾ

ആനവണ്ടി ആരാധികയുടെ സങ്കടത്തിൽ മനസ്സലിഞ്ഞ് 'ചങ്ക് 'ബസിനെ തിരിച്ചുകൊടുത്ത തച്ചങ്കരിയുടെ ആക്ഷൻ വീണ്ടും; ടെക്‌നോപാർക്കിലേക്ക് 'ഇപ്പോ എങ്ങും ഇനി ബസ് ഇല്ല എന്ന് അറിഞ്ഞുടെയെന്ന് കളിയാക്കുന്ന ഓട്ടോച്ചേട്ടന്മാർക്ക് ഇനി നാവടക്കാം; തിരക്കുള്ള റൂട്ടിൽ ടെക്കികൾക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസില്ലെന്ന ടെക്‌നോപാർക്ക് ജീവനക്കാരി ആവണിയുടെ പരാതിയിൽ ഉടൻ ആക്ഷൻ; ടെക്കികൾക്കായി ഇനി ഇഷ്ടം പോലെ ബസുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യാത്രാ ക്ലേശം ചൂണ്ടികാട്ടി സമൂഹ മാധ്യമത്തിൽ ടെക്നോ പാർക്ക് ജീവനക്കാരി പോസ്റ്റിട്ട സംഭവം പരാതിയായി സ്വീകരിച്ച് കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ ജെ തച്ചങ്കരി. ഇത് സംബന്ധിച്ച് എത്രയും വേഗം നടപടി കൈക്കൊള്ളാൻ ഡി.ടി.ഒയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. കൂടാതെ ടെക്നോ പാർക്കിലെ ജീവനക്കാരുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിന്റെ ഭാഗമായി ആവശ്യമായ സർവ്വീസുകൾ പുനരാരംഭിക്കുമെന്നും വാർത്താ കുറുപ്പിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് യാത്രാ സംബന്ധമായ എന്ത് പരാതിയും അതാത് ഡിപ്പോകളിൽ അറിയിക്കാവുന്നതാണ്. പരാതി ബോധ്യപ്പെട്ടാൽ ഉചിതമായ നടപടി കൈക്കൊള്ളും. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്കൊപ്പമാണ് എന്നും അദ്ദേഹം വാർത്താകുറുപ്പിൽ അറിയിച്ചു.

കുറിപ്പ് ഇങ്ങനെ:

'ആവണി എംആർ നായർ എന്ന ടെക്നോപാർക്ക് ജീവനക്കാരിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപെടുകയുണ്ടായി. അവർ പറഞ്ഞിരിക്കുന്ന റൂട്ടിലെ യാത്രാ ക്ലേശത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കാൻ ഡി.ടി.ഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ ടെക്നോ പാർക്കിലെ ജീവനക്കാരുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിന്റെ ഭാഗമായി ആവശ്യമായ സർവ്വീസുകൾ പുനരാരംഭിക്കുന്നതുമാണ്. ഇത് സംബന്ധിച്ച കഴിഞ്ഞ ദിവസം കൂടിയ മീറ്റിങ്ങിൽ തീരുമാനം ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങൾക്ക് യാത്രാ സംബന്ധമായ എന്ത് പരാതിയും അതാത് ഡിപ്പോകളിൽ അറിക്കാവുന്നതാണ്. പരാതി ബോധ്യപ്പെട്ടാൽ ഉചിതമായ നടപടി കൈക്കൊള്ളുന്നതാണ്. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്കൊപ്പമാണ്.

കഴിഞ്ഞ 19 നാണ് ടെക്നോ പാർക്കിലെ ജീവനക്കാരിയും കാട്ടാക്കട പോങ്ങുമൂട് സ്വദേശിനിയുമായ ആവണി എംആർ നായർ ഫെയ്സ് ബുക്കിൽ കെ.എസ്.ആർ.ടി.സി .എം.ഡിക്ക് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടിൽ താനുൾപ്പെടെയുള്ളവർ അനുഭവിക്കുന്ന യാത്രാക്ലേശത്തെ പറ്റി പോസ്റ്റിട്ടത്. പോസ്റ്റ് ഇങ്ങനെ

'സാർ, ഞാൻ ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു. ഞാനടക്കമുള്ള കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരുടെ യാത്രാദുരിതം അങ്ങയെ ബോധ്യപ്പെടുത്താനാണ് ഈ കത്ത്. രാവിലെ ആറു മണിക്ക് വീട്ടിൽ നിന്നിറങ്ങിയാലേ കാട്ടാക്കട പോങ്ങുംമൂട് നിന്നും ടെക്നോപാർക്കിലെ എന്റെ ഓഫീസിൽ എത്താനാകൂ. എന്നും ഇതിനായി കെ.എസ്. ആർ.ടി.സി ബസിനെയാണ് ആശ്രയിക്കുന്നത്. പോങ്ങും മൂട് നിന്നും ഊരൂട്ടമ്പലം വഴി കരമന എത്തുകയും അവിടെ നിന്നും ഓഫീസ് വാഹനത്തിലുമാണ് ടെക്നോപാർക്കിലെത്തിച്ചേരുന്നത്. തിരിച്ചും ഇതേ മാർഗ്ഗത്തിലാണ് വീട്ടിലേക്ക് വരുന്നതും. എന്നാൽ അടുത്തിടെയായി ബസുകളുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ഉള്ള ബസുകൾ സമയക്രമം പാലിക്കാത്തതിനാലും ഞാനടക്കമുള്ള ജോലിക്കാരും വിദ്യാർത്ഥികളുമായ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്.

രാവിലെയുള്ള യാത്ര അൽപ്പം താമസിച്ചാലും എങ്ങനെയെങ്കിലും കൃത്യ സ്ഥലത്തെത്താൻ കഴിയും. ഏറെ ദുരിതം വൈകുന്നേരമാണ്. ജോലി കഴിഞ്ഞ് കരമന എത്തുമ്പോൾ 6.30 യൊക്കെ ആകാറുണ്ട്. ഈ സമയം നിരവധി യാത്രക്കാർ ഇവിടെ ബസു കാത്തു നിൽക്കാറുണ്ട്. മുൻപ് 15 മിനിട്ട് ഇടവിട്ട് ബസുണ്ടായിരുന്ന റൂട്ടിൽ ഇപ്പോൾ മണിക്കൂറുകൾ ഇടവിട്ടായി സർവ്വീസ്. ഇതു മൂലം രണ്ട് ബസുകൾക്കുള്ള ആളുകൾ ഒരു ബസിൽ കയറേണ്ടുന്ന അവസ്ഥയാണ്. പലർക്കും ബസിൽ കയറാൻ പറ്റാത്ത സാഹചര്യമാണ് പലപ്പോഴും. ഇതു മൂലം ഞാനടക്കമുള്ള സ്ത്രീകൾ വീടുകളിൽ എത്തുന്നത് ഏറെ വൈകിയാണ് (ഈ ഇടക്ക് 8.30 ഒക്കെ ആകാറുണ്ട്) . നേരം ഇരുട്ടി തുടങ്ങിയാൽ സ്ത്രീകളേ മറ്റൊരു കണ്ണിൽ കാണുന്ന ഒരു വിഭാഗത്തിന്റെ കമന്റടിയും തുറിച്ച നോട്ടവും നേരിടേണ്ടി വരുന്ന അവസ്ഥ. ബസിനുള്ളിൽ തിരക്കുകൾക്കിടയിലെ കൈ ക്രിയകൾ വേറെയും.

ഈ കഴിഞ്ഞ 17 / 01/2019 ൽ വൈകിട്ട് 6.15 മുതൽ ബസു കാത്തു നിന്നത് 7.20 വരെയാണ്. ഇത്രയും തിരക്കുള്ള റൂട്ടിൽ അവശ്യത്തിനുള്ള ബസുകൾ ഇറക്കി എന്നെ പോലെയുള്ള നിരവധി യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിച്ചു തരണം. കെ.എസ്.ആർ.ടി.സി ബസുകൾ സമയത്ത് ഇല്ലാത്തതു കാരണം ഓട്ടോറിക്ഷകളാണ് ബസ് ചാർജിന്റെ നിരക്കിൽ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത്(ഓട്ടോ ചേട്ടന്മാർ പറയുന്നതെ, എന്തിനാ പെങ്ങളെ ഇങ്ങനെ ബസിനു നോക്കി നില്കുന്നെ ഇപ്പോ എങ്ങും ഇനി ബസ് ഇല്ല എന്ന് അറിഞ്ഞുടെ.. . ഇങ്ങോട്ട് വേണേൽ കേറിക്കോ(ആ കേറിക്കോ എന്ന് പറയുമ്പോൾ ആ ഭാവം കൂടെനമ്മൾ ഒന്ന് ശ്രേദ്ധിച്ചേക്കണം ). എന്നാൽ വൈകുന്നേരങ്ങളിൽ മദ്യപിച്ച് എത്തുന്ന പുരുഷന്മാരോടൊപ്പം തിങ്ങി നിറഞ്ഞ് യാത്ര ചെയ്യാൻ കഴിയില്ല. അതിനാൽ ഞങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കി തരണം എന്ന് അഭ്യർത്ഥിക്കുന്നു.

മേൽ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ട് എന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കണ്ട... അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു 

എന്ന്

ആവണി എം.ആർ നായർ'

ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതി സി.എംഡിയുടെ ശ്രദ്ധയിൽപെട്ടതോടെയാണ് പരാതിയായി കണ്ട് നടപടി എടുക്കുവാൻ തീരുമാനിച്ചത്. ഇത് ലംബന്ധിച്ച് ഇന്നലെ കൂടിയ പ്രത്യേക യോഗത്തിലാണ് ഡി.ടി.ഒ ചന്ദ്രബാബുവിന് യാത്രാ ദുരിതം അവസാനിപ്പിക്കാനുള്ള നടപടി കൈക്കൊള്ളാൻ നിർദ്ദേശം നൽകിയത്. കരമനയിൽ നിന്നും പ്രാവച്ചമ്പലം ഊരൂട്ടമ്പലം പോങ്ങുംമൂട് വഴി കാട്ടാക്കടക്ക് പോകുന്ന റൂട്ടിലാണ് യാത്രാ ദുരിതം. നിരവധി യാത്രക്കാരുള്ള ഈ റൂട്ടിലൂടെ മുൻപ് 15 മിനിട്ട് ഇടവിട്ട് ബസുകൾ ഉണ്ടായിരുന്നു. എന്നാൽ എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടതോടെ സർവ്വീസുകൾ പലതും നിർത്തി വെക്കേണ്ടി വന്നതാണ് ഇപ്പോഴത്തെ യാത്രാ ക്ലശത്തിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP