Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈദയാക്കാനുള്ള ഗോതമ്പും ബ്രാണ്ടിയും റമ്മും ഇംഗ്ലണ്ടിൽ നിന്നെത്തി; ഓർഡർ നൽകിയ ബ്രൗൺ സായിപ്പും പരിവാരങ്ങളും ഡിസംബർ 23 ന് കുതിര വണ്ടിയിൽ അപ്പക്കൂട്ടിലെത്തി; വലിയ തളികയിൽ കേക്ക് ഇരു കൈകളും ചേർത്ത് സായിപ്പിന് നൽകി; അവിടെ വെച്ചു മുറിച്ച് രുചിച്ച് 'എക്സലന്റ് എന്ന് പറഞ്ഞ് മടക്കം; ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് ഉണ്ടാക്കിയത് ആര്? തലശ്ശേരിയിലെ കേക്ക് പെരുമയുടെ കഥ ഇവിടെ തുടങ്ങുന്നു

മൈദയാക്കാനുള്ള ഗോതമ്പും ബ്രാണ്ടിയും റമ്മും ഇംഗ്ലണ്ടിൽ നിന്നെത്തി; ഓർഡർ നൽകിയ ബ്രൗൺ സായിപ്പും പരിവാരങ്ങളും ഡിസംബർ 23 ന് കുതിര വണ്ടിയിൽ അപ്പക്കൂട്ടിലെത്തി; വലിയ തളികയിൽ കേക്ക് ഇരു കൈകളും ചേർത്ത് സായിപ്പിന് നൽകി; അവിടെ വെച്ചു മുറിച്ച് രുചിച്ച് 'എക്സലന്റ് എന്ന് പറഞ്ഞ് മടക്കം; ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് ഉണ്ടാക്കിയത് ആര്? തലശ്ശേരിയിലെ കേക്ക് പെരുമയുടെ കഥ ഇവിടെ തുടങ്ങുന്നു

രഞ്ജിത് ബാബു

കണ്ണൂർ: ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് ഉണ്ടാക്കാൻ ബ്രാണ്ടിയും റമ്മും വന്നത് ഇംഗ്ലണ്ടിൽ നിന്ന്. 1883 ഡിസംബർ 23 ന് വിദേശ മദ്യം ഉപയോഗിച്ച് തലശ്ശേരിയിലെ മമ്പള്ളി ബാപ്പുവാണ് ആദ്യ ക്രിസ്മസ് കേക്കിന് രുപം നൽകിയത്. 134 ാം ജന്മദിനത്തിൽ എത്തി നിൽക്കുന്ന തലശ്ശേരിയിലെ ക്രിസ്മസ്സ് കേക്കിന്റെ കഥ ഇങ്ങിനെ. അഞ്ചരക്കണ്ടിയിലെ തോട്ടം ഉടമയായ എഫ്.സി. ബ്രൗണിന്റെ ആജ്ഞ അനുസരിച്ച് തലശ്ശേരിയിലെ മമ്പള്ളി ബാപ്പുവിന്റെ അപ്പക്കൂട്ടിൽ നിന്നാണ് ആദ്യ കേക്ക് പിറവിയെടുത്തത്. അഞ്ചരക്കണ്ടി വാഴുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ കറപ്പ തോട്ടമുടമ എഫ്.സി. ബ്രൗൺ കുതിര വണ്ടിയിൽ മമ്പള്ളി അപ്പക്കൂട്ടിലെത്തിയത് ബാപ്പുവിന് കൗതുകമായിരുന്നു. ബാപ്പു നിർമ്മിക്കുന്ന പലയപ്പവും റൊട്ടിയും വാങ്ങാനല്ല സായിപ്പ് എത്തിയത്.

ക്രിസ്മസ്സ് ആഘോഷിക്കാൻ ഇംഗ്ലീഷുകാർക്കു വേണ്ടി കേക്ക് നിർമ്മിക്കാനായിരുന്നു ബാപ്പുവിന്റെ കട തേടി ബ്രൗൺ സായിപ്പ് എത്തിയത്. വണ്ടിയിൽ നിന്നും ഭരണ കടലാസിൽ പൊതിഞ്ഞ ഒരു കേക്കെടുത്ത് സായിപ്പ് ബാപ്പുവിന്റെ കയ്യിൽ വെച്ചു കൊടുത്തു. മിസ്റ്റർ ബാപ്പു. ഇതുപോലെ ഒരെണ്ണം ഉണ്ടാക്കാൻ സാധിക്കുമോ? രണ്ടും കല്പിപ്പിച്ച് ബാപ്പു തല കുലുക്കി സമ്മതിച്ചു. ഉണ്ടാക്കാം. കേക്കിന്റെ ചേരുവകളെക്കുറിച്ച് വിശദമായി സായിപ്പിനൊപ്പം എത്തിയവരോട് സംസാരിച്ചു. എല്ലാം മനസ്സിൽ കണക്കു കൂട്ടി. കേക്ക് ഉണ്ടാക്കാൻ പാകത്തിലുള്ള അച്ച് ഉണ്ടാക്കി എടുക്കണം. അതിനായി ധർമ്മടത്തെ കൊല്ലപ്പണിക്കാരനെ കൊണ്ട് ആദ്യ കേക്കിന്റെ അച്ച് ബാപ്പുവിന്റെ നിർദ്ദേശത്തോടെ രൂപ കല്പന ചെയ്തു.

അക്കാലത്ത് അപൂർവ്വമായി മാത്രം കാണുന്ന ഗോതമ്പ് സംഘടിപ്പിക്കലായിരുന്നു അടുത്ത ശ്രമം. ഇംഗ്ലണ്ടിൽ നിന്നും ഗോതമ്പ് സായിപ്പ് തന്നെ എത്തിച്ചു. ഗോതമ്പ് പൊടിച്ച് അരിച്ച് മൈദയാക്കി കേക്ക് നിർമ്മാണത്തിലേക്ക് കടന്നു. അപ്പോഴാണ് ഇംഗ്ലണ്ടിൽ നിന്നും കൊണ്ടു വന്ന ബ്രാണ്ടിയും റമ്മും അവർ തന്നെ എത്തിച്ചത്. മാവ് വിദേശ മദ്യത്തിൽ കുഴച്ച് മധുരം ചേർത്ത് അച്ചിൽ ഒഴിച്ചു. ബാപ്പു കളരി പരമ്പര ദൈവങ്ങളെ പ്രാർത്ഥിച്ച് കാത്തു നിന്നു. മണിക്കൂറുകൾ കൊണ്ട് ബാപ്പുവിന്റെ അപ്പക്കൂട്ടിൽ നിന്നും കേക്കിന്റെ സുഗന്ധം പരന്നു. ബാപ്പുവും സഹായികളും ആഹ്ലാദിച്ചു. ആദ്യമായായിരുന്നു കേക്കിന്റെ ഗന്ധമറിഞ്ഞത്.

സായിപ്പ് നിർദ്ദേശിച്ച പ്രകാരമുള്ള യഥാർത്ഥ കേക്ക് ആയോ എന്ന് ബാപ്പുവിന് സംശയമുണ്ടായിരുന്നു. മാത്രമല്ല ബ്രൗൺ സായിപ്പിന് അഞ്ചരക്കണ്ടി കേന്ദ്രീകരിച്ച് നീതിന്യായ നിർവ്വഹണത്തിന്റെ ചുമതലയും ഈസ്റ്റ് ഇന്ത്യാ കമ്പനി നൽകിയിരുന്നു. കേക്ക് എങ്ങാൻ പിഴച്ചു പോയാൽ ശിക്ഷ എന്താകുമെന്ന് പറയാനും വയ്യ. മുൻകൂട്ടി പറഞ്ഞതു പോലെ തന്നെ ഡിസംബർ 23 ന് വൈകീട്ട് ബ്രൗൺ സായിപ്പും പരിവാരങ്ങളും കുതിര വണ്ടിയിൽ അപ്പക്കൂട്ടിലെത്തി. കേക്ക് റെഡിയായില്ലേ? ചോദ്യം പൂർത്തീകരിക്കും മുമ്പ് ബാപ്പു അകത്തേക്കോടി. വലിയ തളികയിൽ കേക്കുമായി ഇരു കൈകളും ചേർത്ത് സായിപ്പിന് നൽകി. കടയിൽ വെച്ചു തന്നെ സായിപ്പ് കേക്ക് മുറിച്ച് രുചിച്ചു നോക്കി. സായിപ്പിന്റെ മുഖത്ത് ആശ്ചര്യം. 'എക്സലന്റ് '. എന്നു പറഞ്ഞ് ബാപ്പുവിനെ അഭിനന്ദിച്ചു.

തലശ്ശേരിയിൽ നിർമ്മിച്ച ആദ്യ കേക്ക് ഇംഗ്ലീഷ് കേക്കിനെ രുചിയിൽ മറികടന്നു. ബാപ്പുവിന്റെ അപ്പക്കൂട് ബേക്കറിയായി. ഒപ്പം തന്നെ തലശ്ശേരിയിലെ ക്രൗൺ ബേക്കറിയും കേക്ക് ഉണ്ടാക്കി തുടങ്ങി. കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും ഇംഗ്ലീഷുകാർ കേക്കിനു വേണ്ടി തലശ്ശേരിയിലെത്തി. അതോടെ ഇംഗ്ലണ്ടിൽ നിന്നും കേക്ക് ഇറക്കുമതി നിലച്ചു. തലശ്ശേരി കേക്കിന്റെ രുചിയിൽ മതി മറന്ന സായിപ്പന്മാർ വിശേഷാവസരങ്ങളിലും മറ്റും കേക്കിനെ ആശ്രയിച്ചത് തലശ്ശേരിയിൽ മാത്രമായി. അതോടെ ഇംഗ്ലീഷുകാരുടെ ഇഷ്ട വിഭവങ്ങളും ബേക്കറിയിൽ രൂപപ്പെട്ടു.

ഒന്നാം ലോക മഹായുദ്ധ കാലത്ത് പട്ടാളക്കാർക്കുവേണ്ടി തലശ്ശേരിയിൽ നിന്നും ബിസ്‌ക്കറ്റുകൾ കപ്പൽ കയറി. ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരായ ടി.എസ്. ബാബർ, വെല്ലസ്ലി പ്രഭു എന്നിവരുടെ വീടുകളിലും തലശ്ശേരിയിലെ ബേക്കറിക്കാർക്ക് സ്ഥാനം ലഭിച്ചു. അതോടെ തലശ്ശേരി കേക്കിന്റേയും ബേക്കറിയുടേയും കേന്ദ്രമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP