Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസിയെ ഒരിക്കലും നന്നാക്കിയെടുക്കാനാവില്ലെന്ന് കരുതിയെങ്കിൽ തെറ്റി; കോർപറേഷൻ മെയ്യിൽ റെക്കോഡ് കളക്ഷൻ നേടിയതിന് പിന്നാലെ യൂണിയൻകാരെ നിലയ്ക്ക് നിർത്താൻ തച്ചങ്കരിയുടെ ഭരണപരിഷ്‌കാരങ്ങൾ വീണ്ടും; ചീഫ് ഓഫീസിലെത്തി നേരിട്ട് സ്വാധീനിച്ച് അനർഹ ആനുകൂല്യങ്ങൾ നേടുന്ന പരിപാടി ഇനി നടപ്പില്ല; പരാതികളും നിവേദനങ്ങളും യൂണിറ്റ് ഓഫീസർമാർ വഴി എത്തിച്ചാൽ മതിയെന്ന് സർക്കുലർ; തുല്യനീതിയാണ് തന്റെ ലക്ഷ്യമെന്ന് സിഎംഡി

കെഎസ്ആർടിസിയെ ഒരിക്കലും നന്നാക്കിയെടുക്കാനാവില്ലെന്ന് കരുതിയെങ്കിൽ തെറ്റി; കോർപറേഷൻ മെയ്യിൽ റെക്കോഡ് കളക്ഷൻ നേടിയതിന് പിന്നാലെ യൂണിയൻകാരെ നിലയ്ക്ക് നിർത്താൻ തച്ചങ്കരിയുടെ ഭരണപരിഷ്‌കാരങ്ങൾ വീണ്ടും; ചീഫ് ഓഫീസിലെത്തി നേരിട്ട് സ്വാധീനിച്ച് അനർഹ ആനുകൂല്യങ്ങൾ നേടുന്ന പരിപാടി ഇനി നടപ്പില്ല; പരാതികളും നിവേദനങ്ങളും യൂണിറ്റ് ഓഫീസർമാർ വഴി എത്തിച്ചാൽ മതിയെന്ന് സർക്കുലർ; തുല്യനീതിയാണ് തന്റെ ലക്ഷ്യമെന്ന് സിഎംഡി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, അവധി ക്രമീകരണം,പെൻഷൻ-പെൻഷനാനുകൂല്യങ്ങൾ, ശമ്പള കുടുശ്ശിക, ശിക്ഷണ നടപടികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പരാതികളും,നിവേദനങ്ങളും ഇനി മുതൽ ചീഫ് ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതില്ലെന്ന് സിഎംഡി ടോമിൻ തച്ചങ്കരിയുടെ ഉത്തരവ്.

ചില ജീവനക്കാർ ചീഫ് ഓഫീസിലെ വിവിധ സെക്ഷനുകളിൽ നേരിട്ട് എത്തി അനർഹമായ ആനുകൂല്യങ്ങൾ മുൻഗണനാക്രമങ്ങൾ തെറ്റിച്ച് വാങ്ങിയെടുക്കുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.ഇത്തരത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് കാര്യങ്ങൾ വേഗത്തിൽ നടത്തിയെടുക്കുകയോ മറ്റുള്ളവരെ ഏർപെടുത്തുകയോ ചെയ്യുന്ന പ്രവണത നിലനിന്നിരുന്നു.ഇതിനെ കുറിച്ച് പരാതി ലഭിച്ചതോടെയാണ് പുതിയ നടപടി.

ഇനി മുതൽ പരാതികളും നിവേദനങ്ങളും നേരിട്ട് യൂണിറ്റ് ഓഫീസർമാർക്ക് നൽകണം.ഇത്തരം നിവേദനങ്ങൾ തൊട്ടിടുത്ത ദിവസം തപാൽ വഴി യൂണിറ്റ് ഓഫീസർമാർ ചീഫി ഓഫീസിലെ ബന്ധപ്പെട്ട തലവന്മാർക്ക് ആമുഖത്തോട് കൂടി അയയ്‌ക്കേണ്ടതാണ്.ഇതിൽ വീഴ്ച വരുത്തുന്ന യൂണിറ്റ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കും. തപാൽ വഴിയല്ലാതെ കിട്ടുന്ന ഒരു അപേക്ഷയും പരാതിയും പരിശോധിച്ച് നടപടി എടുക്കേണ്ടതില്ലെന്നും തച്ചങ്കരിയുടെ സർക്കുലറിൽ പറയുന്നുണ്ട്.ചീഫ് ഓഫീസിൽ ജീവനക്കാരുടെ നിവേദനങ്ങൾ ഏഴ് ദിവസത്തികം തീർപ്പാക്കണം.അതേസമയം വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ ജീവനക്കാർക്ക് പരാതികളും നിവേദനങ്ങളും ചെയർമാൻ ആൻഡ് മാനേജിങ്് ഡയറക്ടറെ അനുവദിച്ച സമയത്ത് നേരിട്ട് സമർപ്പിക്കാവുന്നതാണ്.

ഒരുവശത്ത് ഭൂരിഭാഗം ജീവനക്കാരുടെയും കയ്യടി നേടിയും മറുവശത്ത് യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ ചങ്കൂറ്റത്തോടെ നേരിട്ടും കെഎസ്ആർടിസിയെ രക്ഷിക്കാൻ രണ്ടുംകൽപിച്ച് രംഗത്തിറങ്ങിയ തച്ചങ്കരി കൂടുതൽ പരിഷ്‌കരണങ്ങളിലേക്ക് നീങ്ങുകയാണ്. മെയ് മാസത്തിൽ റെക്കോഡ് വരവ് കൂടി നേടി കെഎസ്ആർടിസി കുതിച്ചതോടെ തച്ചങ്കരിയെ കോർപ്പറേഷൻ സിഎംഡി ആക്കി നിയോഗിച്ച സർക്കാരിനും അത് കയ്യടിയായി മാറുന്നു. ഈ സാഹചര്യത്തിൽ യൂണിയനുകളുടെ എതിർപ്പുകൾ വെറും ജലരേഖയായി മാറുന്ന സാഹചര്യമാണുള്ളത്.

ഇതോടെ കോർപ്പറേഷനെ കൂടുതൽ മെച്ചത്തിലേക്ക് നയിക്കാൻ ഉറച്ച നടപടികളുമായി നീങ്ങുകയാണ് സിഎംഡി. ഇതിന്റെ ഭാഗമായി ജൂൺ 18 മുതൽ ഇലക്ട്രിക് ബസ് തലസ്ഥാനത്ത് കോർപ്പറേഷൻ ഓടിച്ചു തുടങ്ങും. സംഗതി വിജയകരമായാൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഒരേസമയം പരിസ്ഥിതിക്ക് കോട്ടം തട്ടാതെയും മറുവശത്ത് കോർപ്പറേഷന് മെച്ചമാകുകയും ചെയ്യുന്ന സർവീസ് ആകും ഇതെന്നാണ് പ്രതീക്ഷ.

കെഎസ്ആർടിസിയിൽ അനുദിനം പരിഷ്‌കാരങ്ങൾ വരുത്തിയും യൂണിയനുകളുടേയും ഉന്നത തസ്തികകളിൽ കാലങ്ങളായി കുതന്ത്രങ്ങൾ മെനഞ്ഞ് വിലസുന്നവരുടേയും കള്ളക്കളികൾ ഒന്നൊന്നായി ഇല്ലാതാക്കിയും കയ്യടികൾ നേടി മുന്നേറുകയാണ് കെഎസ്ആർടിസിയിൽ സിഎംഡിയായി ചുമതലയേറ്റ ടോമിൻ ജെ തച്ചങ്കരി. ഒരോ ദിവസവും ഓരോ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തച്ചങ്കരി ശക്തമായ നിലപാടെടുക്കുകയും ജീവനക്കാർക്ക് ശമ്പളം കൃത്യമായി മാസാവസാനം തന്നെ നൽകാൻ നടപടിയെടുക്കുകയും ചെയ്തതോടെ ഭൂരിഭാഗം ജീവനക്കാരുടേയും കയ്യടി നേടുകയാണ് തച്ചങ്കരി.

വർഷങ്ങളായി സർക്കാരിന്റെ ഫണ്ടിൽ ജീവിക്കുന്ന വെള്ളാനയെന്ന ചീത്തപ്പേരു മാറുന്ന സാഹചര്യവും ഉണ്ടാവുന്നു. ഇതോടൊപ്പം കഴിഞ്ഞമാസത്തെ കളക്ഷനും റെക്കോഡിലേക്ക് നീങ്ങിയതോടെ കോർപ്പറേഷനെ നന്നാക്കാൻ അവസാന ദൗത്യം തച്ചങ്കരിയെ ഏൽപിച്ച മുഖ്യമന്ത്രി പിണറായിയും വലിയ പ്രതീക്ഷയിലാണ്. യൂണിയനുകൾ ഒരുവശത്ത് കുതന്ത്രങ്ങളുമായി നീങ്ങുമ്പോഴും തച്ചങ്കരി അതൊന്നും വകവയ്ക്കാതെ അവരുമായി കൊമ്പുകോർത്തുതന്നെ മുന്നേറുന്നു. കോർപ്പറേഷനെ കാർന്നുതിന്നുന്നത് മേലാവിൽ ഒരേ കസേരകളിൽ കാലങ്ങളായി ഇരിപ്പുറപ്പിച്ച ഒരുസംഘം യൂണിയൻ നേതാക്കളാണെന്ന വസ്തുത പുറത്തുവന്നതോടെ ഭൂരിഭാഗം ജീവനക്കാരും യൂണിയനുകളുടെ തട്ടിപ്പുകൾക്കെതിരെ നിലപാടെടുക്കുകയും അതോടൊപ്പം തച്ചങ്കരിയുടെ പരിഷ്‌കരണങ്ങളെ നല്ല മനസ്സോടെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

ഇലക്ട്രിക് ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ

ഈ മാസം 18 മുതലാണ് തിരുവനന്തപുരം സിറ്റിയിൽ പൂർണമായും വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ബസ് നിരത്തിലിറങ്ങുക. പതിനഞ്ചു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ആകും സർവീസ്. നിരവധി മേന്മകളുണ്ട് ഈ സർവീസിന്. ഡീസൽ, സിഎൻജി ബസ്സുകളേക്കാൾ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും പ്രത്യേകതയാണ്. ശബ്ദരഹിതവും എസിയുമായിരിക്കും ബസ്സുകൾ. 40 പുഷ്ബാക്ക് സീറ്റുകൾ, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റർടെയ്‌ന്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്.

കേന്ദ്രസർക്കാർ ഏജൻസിയായ എഎസ്ആർടിയുവിന്റെ റേറ്റ് കരാർ ഉള്ള ഗോൾഡ് സ്റ്റോൺ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും ട്രയൽ റൺ നടത്തുന്നത്. കർണാടകം, ആന്ധ്ര, ഹിമാചൽ, മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളിൽ ഇലക്ട്രിക് ബസ് ഓപ്പറേറ്റ് ചെയ്യുന്നതും ഇവരാണ്. പരീക്ഷണ ട്രിപ്പുകൾ വിജയിച്ചാൽ മുന്നൂറോളം വൈദ്യുത ബസ്സുകൾ ഇവിടെയും നടപ്പാക്കാനാകും. ഡീസൽ ബസ്സുകൾ ക്രമേണ കുറയുകയും ചെയ്യുമെന്നും സിഎംഡി അറിയിച്ചു.

തുടർച്ചയായ രണ്ടാം മാസവും കൃത്യമായി ശമ്പളം വിതരണം ചെയ്യാനായതോടെ യൂണിയനുകളുടെ കുതന്ത്രങ്ങൾ ഫലിക്കാതായി. കെഎസ്ആർടിസി മെച്ചത്തിലേക്കെന്ന് ഉറപ്പിച്ച് തച്ചങ്കരിക്ക് പിന്തുണയുമായി നിലകൊള്ളുകയാണ് ഭൂരിഭാഗം ജീവനക്കാരും. തച്ചങ്കരിക്കെതിരെ നീങ്ങാൻ നടത്തിയ ആഹ്വാനങ്ങൾ തള്ളി സിഎംഡിക്ക് പിന്തുണയുമായി അവർ പോസ്റ്ററുകളും ലഘുലേഖകളും വരെ ഇറക്കുകയും ചെയ്തു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 40 കോടിരൂപ അധിക വരുമാനം ലഭിച്ചതാണ് മറ്റൊരു നേട്ടം. എന്നാൽ ഡീസൽ വിലവർധനവിനെ തുടർന്ന് 10.08 കോടിയുടെ അധികചെലവ് കെഎസ്ആർടി സിയിൽ മെയ് മാസത്തിൽ ഉണ്ടായി.

207.35 കോടി രൂപയാണു മേയിലെ കലക്ഷൻ. കഴിഞ്ഞവർഷം മേയിൽ ഇത് 185.61 കോടിയായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ 195.21 കോടി രൂപയും ഈ വർഷം ജനുവരിയിൽ 195.24 കോടിയുമാണ് ഇതിനുമുമ്പത്തെ റെക്കോഡ്. അക്കാലങ്ങളിൽ ശബരിമല സ്‌പെഷൽ സർവീസ് വരുമാന വർധനവിനു കാരണമായിരുന്നു. കൂടുതൽ ഓഫ് റോഡ് ബസുകൾ സമയബന്ധിതമായി സർവീസിനു യോഗ്യമാക്കുകയും ഇൻസ്‌പെക്ടർമാരെ പോയിന്റ് ഡ്യൂട്ടിക്കു നിയോഗിച്ചു ബസ് റൂട്ടുകൾ ശാസ്ത്രീയമായി ക്രമീകരിക്കുകയും ചെയ്തതാണ് കോർപ്പറേഷന് നേട്ടമായത്. കട്ടപ്പുറത്തിരുന്ന നിരവധി ബസ്സുകൾ കൂടുതലായി നിരത്തിലിറക്കാൻ കഴിഞ്ഞതും ടയർ ക്ഷാമം പരിഹരിക്കാൻ നടപടിയെടുത്തതും ജീവനക്കാരുടെ കൃത്യമായ പുനർവിന്യാസവും എല്ലാം തച്ചങ്കരി പരിഷ്‌കരണങ്ങളായി നടപ്പാക്കിയിരുന്നു. ഇതെല്ലാം പടിപടിയായി ഗുണംചെയ്യുന്നു എന്ന് വ്യക്തമാക്കുന്നതായി കളക്ഷനിലെ വർധന.

ഇതോടൊപ്പം സർക്കാരിന്റെ ഇച്ഛാശക്തിയും ഉണ്ട്. ദീർഘകാല വായ്പയിലെക്ക് മാറിയതിനൊപ്പം വരുമാനം വർധിപ്പിച്ചും ചെലവ് ചുരുക്കിയുമാണ് നഷ്ട കണക്കുകൾ മാത്രം പറഞ്ഞിരുന്ന കെഎസ്ആർടിസി പ്രതിസന്ധിയിൽ നിന്നും മെല്ലെ കരകയറുന്നത്. ഇത്തരം നടപടികൾക്കെല്ലാം സർക്കാരും പിന്തുണ നൽകുന്നു. ഏപ്രിൽ മാസത്തെ പോലെ മെയ് മാസത്തിലും കൃത്യമായി ജീവനക്കാരുടെ ശമ്പളം നൽകുക എന്ന നിർദ്ദേശത്തിനും സർക്കാർ കൂടെ നിന്നു. കെഎസ്ആർടിസിയിൽ 96 കോടി രൂപയാണ് പ്രതിമാസം ശമ്പള വിതരണത്തിനായി ആവശ്യമുള്ളത്.

കഴിഞ്ഞ മാസത്തിൽ 50 കോടി രൂപ സർക്കാരിനോട് സഹായം ആവശ്യപ്പെട്ടപ്പോൾ, 20 കോടി ലഭിച്ചു. എന്നാൽ മെയ് മാസത്തിൽ കെഎസ്ആർടിസിക്ക് ലഭിച്ച അധിക വരുമാനമായ 40 കോടി വലിയ ആശ്വാസവുമായി. ഇതോടെ തുടർച്ചയായ രണ്ടാം മാസവും കൃത്യമായി ശമ്പളം കിട്ടുകയായിരുന്നു ജീവനക്കാർക്ക്. ഇതോടെ നവോന്മേഷത്തിന്റെ പാതയിലാണ് കോർപ്പറേഷൻ. പ്രത്യേകിച്ചും ജൂൺ മാസത്തിൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള ചെലവുകൾക്ക് ശമ്പളം നേരത്തേ കിട്ടിയതോടെ വലിയ സഹായവുമായി ജീവനക്കാർക്കെന്നാണ് അവർതന്നെ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP