Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വായനശാലയിലേക്ക് പോകുമ്പോൾ തെരുവുനായ ആക്രമിച്ചു; ആൾക്കൂട്ടത്തിന് മുമ്പിലിട്ട് കടിച്ചുകീറിയതോടെ ജീവിതം പെരുവഴിയിലായി; നഷ്ടപരിഹാരം കൊടുക്കാതെ പഞ്ചായത്തും പീഡിപ്പിച്ചു; അനീതിക്കെതിരെ വീറോടെ പൊരുതുന്ന ഓലവെട്ടിക്കൽ തങ്കപ്പന്റെ കഥ ഇങ്ങനെ

വായനശാലയിലേക്ക് പോകുമ്പോൾ തെരുവുനായ ആക്രമിച്ചു; ആൾക്കൂട്ടത്തിന് മുമ്പിലിട്ട് കടിച്ചുകീറിയതോടെ ജീവിതം പെരുവഴിയിലായി; നഷ്ടപരിഹാരം കൊടുക്കാതെ പഞ്ചായത്തും പീഡിപ്പിച്ചു; അനീതിക്കെതിരെ വീറോടെ പൊരുതുന്ന ഓലവെട്ടിക്കൽ തങ്കപ്പന്റെ കഥ ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: തെരുവു നായ്ക്കളെ കൊല്ലാനും സംരക്ഷിക്കാനുമുള്ള വാദവും പ്രതിവാദവും സംസ്ഥാനത്തൊട്ടാകെ കൊടുമ്പിരിക്കൊള്ളുമ്പോൾ കണ്ണൂരിലെ കുടിയേറ്റ ഗ്രാമത്തിൽ നിന്നിതാ വേറിട്ട പോരാട്ട കഥ.

ജില്ലയിലെ മലയോര പഞ്ചായത്തായ ഏരുവേശ്ശിയിലെ ഒ.കെ. തങ്കപ്പനെന്ന ഒലിവെട്ടിക്കൽ തങ്കപ്പനാണ് ഒമ്പതു വർഷമായി നടക്കുന്ന പോരാട്ട കഥയിലെ ഹീറോ. 2007 സെപ്റ്റംബർ മാസം 7 ാം തീയ്യതി വൈകീട്ട് പതിവു പോലെ പൂപ്പറമ്പിലെ വായനശാലയിലേക്ക് പോകവേയാണ് ആളുകൾ നോക്കി നിൽക്കേ തങ്കപ്പന്റെ നേരെ തെരുവുനായ ചാടിയെത്തിയത്. കുതറിമാറാൻ ശ്രമിച്ചെങ്കിലും നായ തുരുതുരാ തങ്കപ്പനെ കടിച്ചു കീറി. രക്തമൊലിച്ച് അവശനായ തങ്കപ്പനെ നാട്ടുകാർ തളിപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. ദിവസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞ തങ്കപ്പന് ഒന്നര മാസക്കാലം ജോലിക്കു പോകാനുമായില്ല. ചികിത്സയിലിരിക്കെത്തന്നെ, പഞ്ചായത്തിൽ തെരുവു നായ്ക്കളെ നിർമ്മാർജ്ജനം ചെയ്യാൻ എന്തൊക്കെ നടപടിയെടുത്തുവെന്ന് വിവരാവകാശ നിയമപ്രകാരം തങ്കൻ അന്വേഷി്ച്ചു. എന്നാൽ വളരെ ലാഘവത്തോടുകൂടി പഞ്ചായത്തിൽ നിന്നും ലഭിച്ച മറുപടി ഒരു നടപടിയും സ്വീകരിച്ചില്ല എന്നായിരുന്നു.

പ്രാദേശിക സാമൂഹിക പ്രവർത്തകൻ കൂടിയായ തങ്കപ്പന്റെ പൗരബോധം ഉണർന്നു. പഞ്ചായത്തിന്റെ നിസ്സംഗനിലപാടിനെതിരെ പ്രതികരിക്കാൻ തന്നെ തീരുമാനിച്ചു. പട്ടികടിയേറ്റ് ടാപ്പിങ് ജോലിയും തേനീച്ച വളർത്തലും മുടങ്ങിയതോടെ ഭാര്യയടക്കമുള്ള കുടുംബത്തിന്റെ വരുമാനവും നിലച്ചു. തന്നെ നായ കടിക്കാനിടയായ സാഹചര്യം വിശദീകരിച്ചും ചികിത്സാച്ചെലവിനു വേണ്ടിയും ഏരുവേശി പഞ്ചായത്ത് സെക്രട്ടറിക്ക് തങ്കപ്പൻ നോട്ടീസയച്ചു. എന്നാൽ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ: താങ്കളുടെ പരാതി സംബന്ധിച്ച് എനിക്കൊന്നും മനസ്സിലാകുന്നില്ല. മനസ്സിലാക്കിക്കൊടുക്കാമെന്ന് തങ്കപ്പനും ഉറച്ചു. തളിപ്പറമ്പിലെ അഡ്വ. സജി സക്കറിയാസ് മുഖേന പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസയച്ചു. അതിനു മറുപടി പോലും ഇല്ല. അതോടെ തങ്കപ്പൻ പഞ്ചായത്തിന്റെ നിലപാടിനെതിരെ കൂടുതൽ സജീവമാവുകയായിരുന്നു.

കേസ് തളിപ്പറമ്പ് മുൻസിഫ് കോടതിയിലെത്തി. അഞ്ചു വർഷത്തിനു ശേഷം 2012 ൽ കോടതി 14,750 രൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചായത്തിനോട് ഉത്തരവിട്ടു. എന്നാൽ പഞ്ചായത്ത് അധികാരി ഉത്തരവ് നടപ്പാക്കാൻ തയ്യാറായില്ല. അവർ മേൽക്കോടതിയിൽ അപ്പീലുമായി പോയി. വരുന്ന 23- ാം തീയ്യതി വെള്ളിയാഴ്ച അവസാന ഹിയറിംഗിന് കോടതി വിളിച്ചിരിക്കയാണ്. തങ്കപ്പൻ പലിശയടക്കം 30,000 രൂപ ആവശ്യപ്പെട്ട് വിധി നടത്തൽ ഹരജിയും അപ്പീൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇക്കാലയളവിൽ തങ്കപ്പന് നൽകേണ്ട നഷ്ടപരിഹാര തുകയേക്കാൾ കൂടുതൽ കോടതിച്ചെലവിനായി പഞ്ചായത്ത് മുടക്കിയെന്നാണ് വിവരം.

പണമോ ബുദ്ധിമുട്ടോ തങ്കപ്പൻ പ്രശ്നമാക്കുന്നില്ല. സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ പതിനായിരക്കണക്കിനാളുകളാണ് നിലവിലുള്ളത്. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട പ്രാദേശിക സർക്കാർ എന്ന് അവകാശപ്പെടുന്ന പഞ്ചായത്തുകൾക്ക് ബാധ്യതയുണ്ട്. ഇത് എന്റെ ഒരാളുടെ മാത്രം പ്രശ്നമല്ല. സമൂഹം ഒന്നടങ്കം നേരിടുന്ന പ്രശ്നമാണ്. അതിനാൽ എല്ലാവരും എന്റെ പാത പിൻതുടരണം; തങ്കപ്പൻ പറയുന്നു. തെരുവുനായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഉൾപ്പെടെ 18 അംഗങ്ങൾക്കും തെരുവുനായ ഉന്മൂലനസംഘം ചെയർമാൻ ജോസ് മാവേലിക്കുമെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ 9 വർഷമായി തുടരുന്ന തങ്കപ്പന്റെ പോരാട്ടം ശ്രദ്ധേയമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP