Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂടുതൽ മാർക്കുള്ളവർക്ക് എ ഗ്രൂപ്പ്; പിന്നെ ബിയും സിയും; പരീക്ഷയുടെ മാർക്കു കുറഞ്ഞപ്പോൾ കൂട്ടം മാറ്റിയത് വിഷമമായി; സുഹൃത്തുക്കളുടെ കൂടി ഇരുന്ന് പഠിക്കണമെന്ന് പറഞ്ഞപ്പോൾ അംഗീകരിക്കാതെ അദ്ധ്യാപകർ; കരുനാഗപ്പള്ളിയെ വീണ്ടും കരയിച്ച് തഴവ സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വിദ്യാർത്ഥി പ്രതിഷേധം ശക്തം

കൂടുതൽ മാർക്കുള്ളവർക്ക് എ ഗ്രൂപ്പ്; പിന്നെ ബിയും സിയും; പരീക്ഷയുടെ മാർക്കു കുറഞ്ഞപ്പോൾ കൂട്ടം മാറ്റിയത് വിഷമമായി; സുഹൃത്തുക്കളുടെ കൂടി ഇരുന്ന് പഠിക്കണമെന്ന് പറഞ്ഞപ്പോൾ അംഗീകരിക്കാതെ അദ്ധ്യാപകർ; കരുനാഗപ്പള്ളിയെ വീണ്ടും കരയിച്ച് തഴവ സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വിദ്യാർത്ഥി പ്രതിഷേധം ശക്തം

ആർ പീയൂഷ്

കൊല്ലം: പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത ഞെട്ടൽ വിട്ടുമാറും മുൻപ് കരുനാഗപ്പള്ളി തഴവയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. തഴവ ഗവ:ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ക്ലാസ് വിദ്യാർത്ഥിനി തൊടിയൂർ, പുലിയൂർവഞ്ചി വടക്ക് അപ്പിച്ചിയത്ത് ക്ഷേത്രത്തിന് സമീപം കൃഷ്ണഭവനത്തിൽ രാജേന്ദ്രൻ - ജലജ ദമ്പതികളുടെ ഏകമകൾ ജ്യോതി (16) യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

ഓണം-ക്രിസ്തുമസ് പരീക്ഷയുടെ മാർക്കനുസരിച്ച് കുട്ടികളെ ഗ്രൂപ്പ് മാറ്റി ഇരുത്തിയിരുന്നു. പരീക്ഷയ്ക്കു കൂടുതൽ മാർക്ക് ഉള്ളവരെ എ ഗ്രൂപ്പിലും മീഡിയം മാർക്കുള്ള വരെ ബി ഗ്രൂപ്പിലും തീരെ മാർക്ക് കുറഞ്ഞ വരെ സി ഗ്രൂപ്പിലും വരുന്ന രീതിയിൽ കുട്ടികളെ ക്രമീകരിക്കാൻ കഴിഞ്ഞ പി.ടി.എ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. സി ഗ്രൂപ്പിൽ ഉള്ള കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകിയാണ് അദ്ധ്യാപകർ ക്ലാസ്സുകൾ എടുക്കുന്നത്. ജ്യോതിക്ക് മാർക്ക് കുറവായതിനാൽ സി ഗ്രുപ്പിലേക്ക് അദ്ധ്യാപിക മാറ്റിയിരുത്തി.

എന്നാൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബി ഗ്രൂപ്പിലായതിനാൽ ജ്യോതി ഏറെ വിഷമത്തിലായി. സുഹൃത്തുക്കൾ ഒപ്പമില്ലാത്തതിനാൽ രാവിലെ ഗ്രൂപ്പ് മാറ്റി ഇരുത്തിയപ്പോൾ മുതൽ കരച്ചിലായിരുന്നു. ഇതിനിടെ അദ്ധ്യാപികയോട് ഗ്രൂപ്പ് മാറണം എന്നറിയിച്ചപ്പോൾ പറ്റില്ലെന്നും മാതാപിതാക്കൾ വന്ന് പറഞ്ഞാൽ മാറ്റിയിരുത്താമെന്നും പറഞ്ഞു. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ ജ്യോതി വീട്ടിലേക്ക് പോയി. വീട്ടിലെത്തിയതിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. മാതാപിതാക്കൾ ജോലിക്കായി പോയിരുന്നതിനാൽ വീട്ടിൽ ഈ സമയം മറ്റാരുമുണ്ടായിരുന്നില്ല.

വൈകുന്നേരം ആറു മണിയോടെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ഏറെ നേരം ജ്യോതിയെ വിളിച്ചിട്ടും വാതിൽ തുറക്കാഞ്ഞതിനാൽ ഓടിക്കൂടിയ നാട്ടുകാർ വാതിൽ കുത്തി തുറന്നു. വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ജ്യോതിയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് സമീപത്ത് നിന്നും നാലു പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

ഗ്രൂപ്പ് മാറ്റിയതിലുള്ള വിഷമവും അദ്ധ്യാപിക വഴക്കു പറഞ്ഞതും മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കത്തിൽ പറയുന്നുണ്ട്. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതേ സമയം വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയും എ.വി .ബി .പി യും സ്‌കൂളിലേക്ക് മാർച്ച് നടത്തി. എ.വി .ബി.പി യുടെ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് രണ്ട് എ.വി .ബി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി താലൂക്കിൽ നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

രണ്ട് ദിവസം മുൻപാണ് തൊട്ടടുത്ത സ്‌ക്കൂളായ തൊടിയൂർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി മണപ്പള്ളി തിരുവോണം വീട്ടിൽ ദേവരാജൻ - രജനി ദമ്പതികളുടെ മകൾ അഖിലാ ദേവ് (17) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കാമുകനുമായി പിണങ്ങിയതിനാലാണ് ആത്മഹത്യയെന്ന് മൃതദേഹത്തിനടുത്തു നിന്നും പൊലീസ് കണ്ടെടുത്ത കത്തിൽ പറയുന്നു. അഖിലയും അയൽവീട്ടിലെ പ്രമുഖ സ്വാമിയുടെ മകനുമായി പ്രണയത്തിലായിരുന്നു. ഇരുവരും തൊടിയൂർ സ്‌കൂളിലായിരുന്നു പ്ലസ് വണ്ണിന് പഠിച്ചിരുന്നത്. ഇവരുടെ ബന്ധം വീട്ടിൽ അറിഞ്ഞതോടെ ആൺകുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയിരുന്നു. എന്നാൽ വീണ്ടും അവർ ബന്ധം തുടർന്നിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. വയറു വേദനയായതിനാൽ അഖില സ്‌ക്കൂളിൽ നിന്നും അവധിയെടുത്ത് വീട്ടിലെത്തി. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെത്തിയ അഖിലയെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അയൽ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അകത്ത് നിന്നും പൂട്ടിയ വാതിൽ നാട്ടുകാർ ചവിട്ടിപൊളിച്ചാണ് അകത്ത് കയറിയത്. അപ്പോഴേക്കും ജീവൻ നഷ്ട്ടമായിരുന്നു.

പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ദുരുഹതയുള്ളതിനാൽ പൊലീസ് മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇനിയൊരിക്കലും ശല്യം ചെയ്യാൻ വരില്ലെന്നും ഞാൻ കാരണം ആരും ബുദ്ധിമുട്ടണ്ട എന്നും കാമുകനായ അയൽവാസിയുമായുള്ള പിണക്കമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നും കത്തിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP