Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്ഷിക്കണേ സാറേ... എന്നു പറഞ്ഞ് ബബിത കൈകൂപ്പി; മനസു നീറിയെടുത്ത ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങൾക്കും നൽകിയത് അമ്മയ്ക്കും മകൾക്കും ആശ്വാസമെത്താൻ; കാഞ്ഞിരപ്പള്ളിയിലെ ദുരിതകഥ കേരളത്തോടു വിളിച്ചുപറഞ്ഞത് രതീഷ് എന്ന എസിവി കാമറാമാൻ; സഹായ പ്രവാഹമെത്തിയപ്പോൾ ക്രെഡിറ്റ് ഏറ്റെടുത്ത് മുഖ്യധാരാ മാധ്യമങ്ങളും

രക്ഷിക്കണേ സാറേ... എന്നു പറഞ്ഞ് ബബിത കൈകൂപ്പി; മനസു നീറിയെടുത്ത ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങൾക്കും നൽകിയത് അമ്മയ്ക്കും മകൾക്കും ആശ്വാസമെത്താൻ; കാഞ്ഞിരപ്പള്ളിയിലെ ദുരിതകഥ കേരളത്തോടു വിളിച്ചുപറഞ്ഞത് രതീഷ് എന്ന എസിവി കാമറാമാൻ; സഹായ പ്രവാഹമെത്തിയപ്പോൾ ക്രെഡിറ്റ് ഏറ്റെടുത്ത് മുഖ്യധാരാ മാധ്യമങ്ങളും

അരുൺ ജയകുമാർ

കോട്ടയം: രോഗക്കിടക്കയിൽ ആലംബഹീനയായിക്കിടന്ന യുവതിയെയും മകളെയും ഇത്തിരിപ്പോന്ന കിടപ്പാടത്തിൽനിന്നു കുടിയൊഴിപ്പിക്കുന്നതു കണ്ടു കേരളം ഹൃദയംപൊട്ടി കരയുകതന്നെ ചെയ്തു. കാഞ്ഞിരപ്പള്ളിക്കാരായ ഇവരുടെ ദുരിതകഥ മാധ്യമങ്ങൾ തുറന്നുകാട്ടിയപ്പോൾ വലിയതോതിൽ സഹായമെത്തുകയും ഇരുവർക്കും പുതുജീവിതത്തിലേക്കുള്ള വഴി തുറക്കുകയുമായിരുന്നു പിന്നീടു കണ്ടത്. കോടതി പറഞ്ഞത് അനുസരിക്കാൻ നിർബന്ധിതരായ പൊലീസ് പോലും കണ്ണീരോടെ ഉത്തരവു നടപ്പാക്കിയത് പുറം ലോകത്തെ അറിയിച്ചതിന്റെ അവകാശവാദവുമായി നിരവധി മാധ്യമങ്ങളെത്തിയ കാഴ്ചയായിരുന്നു പിന്നീടുണ്ടായത്. എന്നാൽ, അറിയുക... കാഞ്ഞിരപ്പള്ളിക്കാരനായ പ്രാദേശികമാധ്യമപ്രവർത്തകന്റെ കാമറ ഒപ്പിയെടുത്ത കാഴ്ചകളാണ് മലയാളിയുടെ മനസിൽ പെരുകുന്ന വേദനയായത്. എസിവിയിൽ കാമറാമാനായ രതീഷ് മറ്റത്തിലാണ് ആ ദൃശ്യങ്ങൾ ഒപ്പിയെടുത്തു മാധ്യമങ്ങൾക്കു കൊടുത്തത്.

ബബിതയ്ക്കും സൈബയ്ക്കും വീടു വിട്ട് ഇറങ്ങേണ്ടി വന്ന വാർത്ത കേരളത്തിലെ എല്ലാ മാധ്യമങ്ങളും റിപ്പോർട് ചെയ്തിരുന്നു. മറുനാടൻ മലയാളിയടക്കമുള്ള എല്ലാ മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. വാർത്ത പുറത്തു വന്നതിനു പിന്നാലെ നിരാലംബരായ കുടുംബത്തിനു വലിയ സഹായങ്ങൾ ലഭിക്കുകയും ചെയ്തു. സ്ഥലം എസ്ഐയും മകളുടെ സ്‌കൂളിലെ അദ്ധ്യാപകനും മുതൽ ചലച്ചിത്ര താരങ്ങൾ വരെ അമ്മയ്ക്കും മകൾക്കും സഹായവുമായി എത്തി. ബബിതയേയും മകളേയും സഹായിക്കാൻ ടേക്ക് ഓഫ് സിനിമയുടെ അണിയറ പ്രവർത്തകരുമെത്തി. കുഞ്ചാക്കോ ബോബനും പാർവ്വതിയും അടക്കമുള്ളവർ. ഇവരെ ബബിതയുടെ അടുത്തെത്തിച്ചത് തങ്ങളാണെന്ന് മനോരമ അടക്കമുള്ള മാധ്യമങ്ങൾ അവകാശപ്പെടുന്നു.

മലയാളിയുടെ മനസാക്ഷി ബബിതയ്ക്കും സൈബയ്ക്കും തുണയായതിന്റെ ക്രെഡിറ്റിന് വേണ്ടി മത്സരിക്കുന്ന മാധ്യമങ്ങൾ സത്യം പറയുന്നില്ല. തങ്ങളുടെ വാർത്തയാണ് കുടുംബത്തിന് തുണയായതെന്ന് പറയാൻ ചാനലുകളും പത്രങ്ങളും മത്സരിക്കുമ്പോൾ യഥാർഥത്തിൽ ആ കുടുംബത്തിന് തുണയായത് രതീഷ് മറ്റത്തിൽ എന്ന പ്രാദേശിക മാധ്യമ പ്രവർത്തകന്റെ സമയോചിതമായ ഇടപെടലാണ്. എസിവിയിലെ മാധ്യമ പ്രവർത്തകനാണ് രതീഷ്. ഏവരും ശ്രദ്ധിക്കപ്പെടുന്ന ഒരു വാർത്ത ലഭിച്ചപ്പോൾ അത് , സ്വന്തം എക്സ്‌ക്ലൂസിവായി ക്രെഡിറ്റ് വർദ്ധിപ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും മനുഷ്യത്വപരമായി പെരുമാറുകയായിരുന്നു ഈ മാധ്യമ പ്രവർത്തകൻ. കുടുംബത്തിന് സഹായം പ്രവഹിക്കാൻ ഈ വിഡിയോ എല്ലാ ചാനലുകൾക്കും നൽകി. ഇതോടെ എല്ലാ ചാനലുകളിലും ദൃശ്യമെത്തി. തൊട്ടുപിറകെ പത്രങ്ങളും സോഷ്യൽ മീഡിയയും.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രതീഷിനെ ഒരു സുഹൃത്ത് വിളിച്ച് കുടുംബത്തെ വീട്ടിൽ നിന്നിറക്കിവിടാൻ പോകുന്നുവെന്ന വാർത്ത അറിയിക്കുകയായിരുന്നു. ദ്യശ്യങ്ങൾ പകർത്തുവാൻ പോയ വേളയിൽ ആ വീട്ടമ്മയുടെ നിലവിളി രതീഷിന് വലിയ മനോവേദനയാണ് ഉണ്ടാക്കിയത്. അതിനാൽ ഇത് മറ്റ് മാധ്യമങ്ങളിലും ചർച്ചയായാൽ എന്തെങ്കിലും സഹായം ഈ കുടുംബത്തിന് ലഭിക്കുമെന്നായിരുന്നു രതീഷിന്റെ ചിന്ത. രതീഷും മറ്റൊരു പ്രാദേശിക ലേഖകനും ചേർന്നാണ് സംഭവസ്ഥലത്തേക്ക് പോയത്. രതീഷ് എത്തിയപ്പോൾ അമ്മയേയും മകളേയും ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽ നിന്നെത്തിയവരുടെ നീക്കം.

ഞങ്ങളെ രക്ഷിക്കണേ സാറേ... എന്നു പറഞ്ഞ് ബബിത കൈകൂപ്പി

ഒരു മുസ്ലിം വനിതയായതിനാൽ തന്നെ ക്യാമറയ്ക്ക് മുന്നിൽ പ്രതികരിക്കുമോ എന്ന ആശങ്കയോടെയാണ് രതീഷ് ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയത്. രതീഷിനെ കണ്ടയുടനെ ബബിത കൈകൾ കൂപ്പി ഓടിയെത്തുകയും ക്യാമറയിലേക്ക് നോക്കി ഞങ്ങളെ രക്ഷിക്കണെ സാറെ എന്നും പറഞ്ഞ് കരയുകയായിരുന്നു. ഒരു മാധ്യമപ്രവർത്തകനെ സംബന്ധിച്ചിടത്തോളം ഇത്രയും ദുരവസ്ഥയനുഭിക്കുന്ന കുടുംബത്തിന്റെ സാഹചര്യം പുറത്തുകൊണ്ട് വരികയെന്നാൽ വലിയ ക്രെഡിറ്റ് കിട്ടുന്ന കാര്യമാണ്. അവാർഡുകൾക്ക് പോലും പരിഗണിക്കപ്പെട്ടേക്കാം. എന്നാൽ ആ സമയത്ത് കുടുംബത്തിന്റെ മനോ വിഷമവും നിന്നു തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയുമെല്ലാം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ തന്നെ എങ്ങനെയും കുടുംബത്തിന് സഹായമാകണമെന്നാണ് രതീഷ് ചിന്തിച്ചത്. രതീഷല്ലാതെ മറ്റാരും ക്യാമറയിൽ ദൃശ്യങ്ങൾ പകതർത്തിയിരുന്നില്ല.

ബബിതയേയും സൈബയേയും പുറത്താക്കാൻ കോടതി ഉദ്യോഗസ്ഥർക്ക് എന്തെന്നില്ലാത്ത ധൃതിയുണ്ടായിരുന്നു. ഒരു മണിക്ക് മുൻപ് ഇവരെ പുറത്താക്കാനായിരുന്നു നീക്കം. ഹൈക്കോടതിയിൽ ഇതിനെതിരെ ഇവർ നൽകിയ പരാതിയിൽ ഒരു മണിയോടെ അനുകൂലവിധി വരുമെന്ന് മനസ്സിലാക്കിയാണ് പുറത്താക്കൽ വേഗത്തിലാക്കാൻ നീക്കം നടന്നത്. ഉടൻ തന്നെ ഇവരുടെ അഡ്വക്കേറ്റ് പ്രദീപുമായി സംസാരിക്കുകയും ചെയ്തു. എനിക്ക് ഒരു രണ്ട് മണിക്കൂർ സാവകാശം വാങ്ങിതരുമോ എന്ന ബബിതയുടെ ചോദ്യം വലിയ മനോവിഷമമാണ് രതീഷിനുണ്ടായത്. കുടുംബത്തിന് വേണ്ടി വിളിക്കാവുന്നവരെയെല്ലാം രതീഷ് വിളിക്കുകയും ചെയ്തു.

മനസു നീറിയെടുത്ത ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങൾക്കും നൽകി

ഉടൻ തന്നെ രതീഷ് ദൃശ്യങ്ങൾ എല്ലാ ചാനലുകൾക്കും നൽകുകയും വാർത്ത പരമാവധി വേഗത്തിൽ എല്ലാവർക്കും നൽകുക എന്നതായിരുന്നു ലക്ഷ്യം. അത് വിജയിക്കുകയും ചെയ്തു. കുടുംബത്തിന് വലിയ സഹായങ്ങളെത്തുകയും ചെയ്തു. എന്നാൽ വാർത്ത നൽകിയതിന്റെ ക്രെഡിറ്റ് മുഴവൻ അപ്പോഴേക്കും മുഖ്യധാരാമാധ്യമങ്ങൾ കൊണ്ട് പോയി കഴിഞ്ഞിരുന്നു. ദൃശ്യങ്ങൾ പകർത്തിയതും വാർത്ത പുറംലോകത്തെ അറിയിച്ചതിന്റെ ക്രെഡിറ്റുമൊന്നും ലഭിക്കാത്തതിൽ രതീഷിന് വലിയ സങ്കടമൊന്നുമില്ല. ഒരു കുടുംബത്തിന്റെ ദുരവസ്ഥ പുറത്തുകൊണ്ടുവന്നു എന്നതിലുപരി വാർത്തകൊണ്ട് ആ കുടുംബത്തിന് ഗുണം ലഭിച്ചതിന്റെ സന്തോഷമാണ് രതീഷിന്.

രതീഷിന്റെ സുഹൃത്തും ന്യൂസ് 18 കേരളത്തിലെ കാമറാമാനുമായ സനോജ് സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സത്യമെന്താണെന്ന് മറ്റുള്ളവർ അറിയുന്നത്. ചില വാർത്തകളെ വാർത്തകളായി മാത്രം സമീപിക്കാൻ കഴിയില്ലല്ലോയെന്നും നമ്മളൊക്കെ മനുഷ്യത്വമുള്ളവരല്ലേയെന്നുമാണു രതീഷിന്റെ ചോദ്യം. അന്ന് കുടുംബത്തിനെ സഹായിച്ചതിന് തന്റെ പേര് പൊതു വേദിയിൽ പറയണമെന്ന് രതീഷിനോട് പറയുകയും ചെയ്തു. എന്നാൽ സ്നേഹപൂർവ്വം ആ ആവശ്യം രതീഷ് നിഷേധിക്കുകയായിരുന്നു. 15 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് പ്രവർത്തിക്കുകയാണ് രതീഷ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP