Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴു ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പം; ആശുപത്രിയും ഓഡിറ്റോറിയവും പൊതു അടുക്കളയും 180 ടോയ് ലറ്റുകളും വാഷ്റൂമുകളും; പുറത്ത് ഒരു പ്രൈമറി സ്‌കൂളും; ചുവന്ന ചായം പൂശിയ കൂറ്റൻ മതിൽ ഉയർത്തി ആളുകളെ പാർപ്പിക്കും; പുറത്ത് 20 അടി ഉയരത്തിലും അകത്ത് ആറ് അടി ഉയരത്തിലും മതിലുകൾ; സദാ നിരീക്ഷിക്കാൻ വാച്ച്ടവറുകൾ; അസമിലെ ഗോൽപാറയിൽ പൗരത്വമില്ലാത്തവരെ പുനരധിവസിപ്പിക്കാൻ തടങ്കൽ പാളയം; പ്രതിപക്ഷത്തിന്റെ വലിയ നുണയെന്ന് മോദി; ഗൂഗിളിൽ തിരഞ്ഞാൽ അറിയാമെന്ന് കോൺഗ്രസും

ഏഴു ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പം; ആശുപത്രിയും ഓഡിറ്റോറിയവും പൊതു അടുക്കളയും 180 ടോയ് ലറ്റുകളും വാഷ്റൂമുകളും; പുറത്ത് ഒരു പ്രൈമറി സ്‌കൂളും; ചുവന്ന ചായം പൂശിയ കൂറ്റൻ മതിൽ ഉയർത്തി ആളുകളെ പാർപ്പിക്കും; പുറത്ത് 20 അടി ഉയരത്തിലും അകത്ത് ആറ് അടി ഉയരത്തിലും മതിലുകൾ; സദാ നിരീക്ഷിക്കാൻ വാച്ച്ടവറുകൾ; അസമിലെ ഗോൽപാറയിൽ പൗരത്വമില്ലാത്തവരെ പുനരധിവസിപ്പിക്കാൻ തടങ്കൽ പാളയം; പ്രതിപക്ഷത്തിന്റെ വലിയ നുണയെന്ന് മോദി; ഗൂഗിളിൽ തിരഞ്ഞാൽ അറിയാമെന്ന് കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും തടങ്കൽ പാളയങ്ങൾ വലിയ നുണയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ ലാക്കാക്കി അമ്പുകൾ എയ്തപ്പോൾ ചുട്ടമറുപടിയുമായി കോൺഗ്രസ്. 'പ്രധാനമന്ത്രി പറയുന്നത് സത്യമോയെന്ന് പരിശോധിക്കാൻ ലളിതമായ ഒരു ഗൂഗിൾ സർച്ച് നടത്താൻ ഇന്ത്യാക്കാർക്ക് കഴിയില്ലെന്നാണോ മോദി കരുതുന്നത്. തടങ്കൽ പാളയങ്ങൾ യാഥാർഥ്യമാണ്. ഈ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ അത് വളരുകയും ചെയ്യും', കോൺഗ്രസ് ട്വീറ്റ്് ചെയ്തു.

അതേസമയം, വിദേശികൾക്കായുള്ള താൽക്കാലിക തടങ്കൽ പാളയങ്ങൾക്കായി 35 ഇടങ്ങൾ എല്ലാ ജില്ലകളിലും കണ്ടുവച്ചിട്ടുണ്ടെന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചത് ശനിയാഴ്ചയാണ്. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിന് വേണ്ടിയാണിത്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നൽകാൻ സമയം നൽകിയിരിക്കുകയാണ് കോടതി. വിസാ കാലാവധി കഴിഞ്ഞു തങ്ങിയതിന് 866 വിദേശികൾക്കെതിരെ 612 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇവരെ വിവിധ ജില്ലകളിലെ തടങ്കൽ പാളയങ്ങളിലേക്ക് മാറ്റുമെന്നും കർണാടക സർക്കാർ അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അനധികൃത കുടിയേറ്റക്കാർക്കോ, വിദേശികൾക്കോ വേണ്ടി ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു തടങ്കൽ പാളയമെങ്കിലും സ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി ജൂലൈയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. അസമിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന തടങ്കൽ പാളയത്തെ കുറിച്ചുള്ള വാർത്തകളും നേരത്തെ പ്രത്യക്ഷപ്പെട്ടു. ക്യാംപിന്റെ പണി നടക്കുന്ന ചിത്രങ്ങളും വിഡിയോയും ഫേസ്‌ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പൗരത്വമില്ലാത്തവരെ പുനരധിവസിപ്പിക്കാനായി രാജ്യത്തെ തന്നെ ആദ്യ കൂറ്റൻ തടങ്കൽ പാളയമാണ് അസം സർക്കാരിന്റെ കീഴിൽ ഒരുങ്ങുന്നതെന്നാണ് സൂചന. 2.5 ഹെക്ടറിൽ 3000 പേർക്ക് താമസിക്കാവുന്ന തടങ്കൽ പാളയമാണ് ഇപ്പോൾ ഒരുങ്ങുന്നതെന്ന് റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കൂടുതൽ ക്യാംപുകൾ ഉടൻ തന്നെ നിർമ്മിക്കുമെന്നാണ് അറിയുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സമാനമായി ക്യാംപുകളുടെ പണി നടക്കുന്നുണ്ട്. അസമിൽ എൻആർസി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷത്തിലധികം പേർക്കാണ് പൗരത്വം നഷ്ടപ്പെട്ടത്. ഇവരിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പൗരത്വം നേടുന്നവരൊഴിച്ച് ബാക്കിയുള്ളവരെല്ലാം തടങ്കൽ പാളയങ്ങളിൽ കഴിയേണ്ടി വരും.

ഏഴു ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള തടങ്കൽ പാളയം

ഏഴു ഫുട്‌ബോൾ മൈതാനത്തിന്റെ വലിപ്പമുള്ള തടങ്കൽ പാളയമാണ് അസമിന്റെ വടക്കുകിഴക്കൻ മേഖലയിൽ ഒരു നദിയോട് ചേർന്നുള്ള വനം വെട്ടിത്തെളിച്ച് ഒരുക്കുന്നതെന്ന് റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. 3000 ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് ഗോൽപാറയിലെ ഈ തടങ്കൽ പാളയം. സ്‌കൂൾ, ആശുപത്രി, സുരക്ഷാ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് തുടങ്ങിയവയും ഈ ക്യാംപിനോട് അനുബന്ധിച്ചുണ്ടാകും. കൂറ്റൻ ചുറ്റുമതിലും നിരീക്ഷണ ടവറുകളും നിർമ്മിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു തടങ്കൽ പാളയം നിർമ്മിക്കപ്പെടുന്നത്. ആശുപത്രി, ഓഡിറ്റോറിയം, ഒരു പൊതു അടുക്കള, 180 ടോയ്ലറ്റുകൾ, വാഷ്റൂമുകൾ എന്നിവയും ഇവിടെ ഉണ്ടാകും.

തടങ്കൽ പാളയത്തിന് പുറത്ത് ഒരു പ്രൈമറി സ്‌കൂളും ഉണ്ടാകും. ചുവന്ന ചായം പൂശിയ കൂറ്റൻ മതിൽ ഉയർത്തിയാണ് ആളുകളെ പാർപ്പിക്കുക. പുറത്ത് 20 അടി ഉയരത്തിലും അകത്ത് ആറ് അടി ഉയരത്തിലും മതിലുകളുണ്ടാകും. തടങ്കൽ പാളയത്തിൽ കഴിയുന്നവരെ നിരീക്ഷക്കാൻ വാച്ച് ടവറുകളും നിർമ്മിക്കുന്നുണ്ട്. ഗോൽപാറ തടങ്കലിൽ ഒരു സാധാരണ ജയിൽ പോലെ കർക്കശമാകില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ജയിലിന് സമാനമായിരിക്കും അവസ്ഥ. നാലോ അഞ്ചോ തടവുകാരെ പാർപ്പിക്കാൻ ഇടുങ്ങിയ റൂമുകളായിരിക്കും ഉണ്ടാകുക. മുറികൾക്ക് വാതിലുകൾ, ശരിയായ വിളക്കുകൾ, വായുസഞ്ചാരം എന്നിവ ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുലയൂട്ടുന്ന അമ്മമാർക്കും സ്ത്രീകൾക്കും തടങ്കലിൽ പ്രത്യേക പരിഗണന ലഭിക്കുമെന്നും ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 46 കോടി രൂപ ചിലവഴിച്ചാണ് കൂറ്റൻ തടങ്കൽ പാളയം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ വർഷം ആരംഭിച്ചു

പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കിയവർ തന്നെയാണ് ക്യാമ്പ് നിർമ്മിക്കുന്നത്. മറ്റു ജോലികൾ ലഭിക്കാതെ ഇവിടേക്കെത്താൻ അവർ നിർബന്ധിതരാവുകയാണ്. മറ്റു വഴികളില്ലാത്തതു കൊണ്ടാണ് ഈ ജോലിക്കു വന്നതെന്ന് പലരും റോയിട്ടേഴ്‌സിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. ദിവസക്കൂലിയായി ലഭിക്കുന്ന 300 രൂപ പ്രതീക്ഷിച്ചാണ് തങ്ങൾ ഇവിടെ ജോലിയെടുക്കുന്നതാണ് ഇവർ വെളിപ്പെടുത്തിയത്.

അസമിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന 10 തടവറകളിൽ ആദ്യത്തേതാണ് ഗോൽപാറയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. അസം ജയിലുകളിൽ കഴിയുന്ന 900 അനധികൃത കുടിയേറ്റക്കാരെയായിരിക്കും ആദ്യം ഇവിടെ താമസിപ്പിക്കുകയെന്ന് പേര് വെളിപ്പെടുത്താതെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP