Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വല്ലാത്ത ശബ്ദത്തോടെ കൊടുംവളവ് തിരിഞ്ഞുവന്ന ബസിന്റെ ചക്രങ്ങൾ റോഡിൽ നിന്ന് തെറിച്ച് പുറത്തേക്ക് പോയപ്പോൾ കൂട്ടനിലവിളി ഉയർന്നു; വലതുഭാഗത്തെ കൊക്കയിലേക്ക് അതിവേഗം ചെരിയുന്ന ബസ്; എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം വിറങ്ങലിച്ചുനിന്നെങ്കിലും പെട്ടെന്നുള്ള ബുദ്ധിയിൽ ജെസിബി പ്രവർത്തിപ്പിച്ച് ബസിനെ യന്ത്രക്കൈകളിൽ താങ്ങി നിർത്തി; രാജാക്കാട്ട് 80 പേരുടെ ജീവൻ കാത്തത് ദൈവത്തിന്റെ കരങ്ങൾ തന്നെയെന്ന് യന്ത്രക്കൈയുടെ അമരത്തിരുന്ന കപിൽദേവ് മറുനാടനോട്

വല്ലാത്ത ശബ്ദത്തോടെ കൊടുംവളവ് തിരിഞ്ഞുവന്ന ബസിന്റെ ചക്രങ്ങൾ റോഡിൽ നിന്ന് തെറിച്ച് പുറത്തേക്ക് പോയപ്പോൾ കൂട്ടനിലവിളി ഉയർന്നു; വലതുഭാഗത്തെ കൊക്കയിലേക്ക് അതിവേഗം ചെരിയുന്ന ബസ്; എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം വിറങ്ങലിച്ചുനിന്നെങ്കിലും പെട്ടെന്നുള്ള ബുദ്ധിയിൽ ജെസിബി പ്രവർത്തിപ്പിച്ച് ബസിനെ യന്ത്രക്കൈകളിൽ താങ്ങി നിർത്തി; രാജാക്കാട്ട് 80 പേരുടെ ജീവൻ കാത്തത് ദൈവത്തിന്റെ കരങ്ങൾ തന്നെയെന്ന്  യന്ത്രക്കൈയുടെ അമരത്തിരുന്ന കപിൽദേവ് മറുനാടനോട്

ആർ പീയൂഷ്

ഇടുക്കി: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കന്റെ അറസ്റ്റിന് പിന്നാലെ പാഞ്ഞ മാധ്യമങ്ങൾ ഇടുക്കി രാജക്കാട്ടേക്കും പായേണ്ടി വന്നേനെ ഈ യുവാവിന്റെ അവസരോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ. കൊക്കയിലേക്ക് മറിയാൻ തുടങ്ങിയ 80 പേരുമായി വന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് മണ്ണുമാന്തി യന്ത്രകൈ ഉപയോഗിച്ച് ഒരു മണിക്കൂറോളം പിടിച്ചു നിർത്തി എന്നത് ആർക്കും ഇത് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അവസരോചിതമായി രക്ഷാ പ്രവർത്തനം നടത്തിയത് പത്തനംതിട്ട വടശ്ശേരിക്കര മനന്താനം വീട്ടിൽ കപിൽദേവ് എന്ന യുവാവാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വന്ന മാധ്യമ വാർത്തകളിലൊക്കെ രതീഷ് എന്ന പേരാണ് അച്ചടിച്ചു വന്നത്. എങ്ങനെയാണ് താൻ ദൈവത്തിന്റെ രക്ഷാ കരങ്ങളായി മാറിയത് എന്ന് മറുനാടൻ മലയാളിയോട് പറയുന്നു.

കഴിഞ്ഞ ഏഴ് വർഷമായി ജെസിബി ഓപ്പറേറ്ററാണ് കപിൽ ദേവ്. തേനി - മൂന്നാർ പാതയിലെ റോഡ് നിർമ്മാണത്തിന്റെ കരാർ ജോലി ചെയ്തു വരികയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി. അപകടം നടന്ന ദിവസമായ ബുധനാഴ്ച രാജാക്കാടിന് സമീപം പൂപ്പാറയിൽ റോഡ് നിർമ്മാണത്തിനായി പൊട്ടിച്ചിടുന്ന പാറ ജെ.സി.ബി ഉപയോഗിച്ച് മാറ്റുന്ന ജോലിയിലായിരുന്നു കപിൽദേവ്. ഈ സമയം കപിൽ ദേവ് പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന മണ്ണു മാന്തി യന്ത്രത്തിന്റെ ചെയിൻ പൊട്ടി തകരാറിലായി. ചെയിൻ പൊട്ടിയതോടെ റോഡിന്റെ വശത്ത് നിർത്തി. അപ്പോൾ സമയം 4 മണിയോടെ അടുത്തിരുന്നു.

യന്ത്രത്തിൽനിന്നും വേർപെട്ട ടൺ കണക്കിന് ഭാരമുള്ള ചെയിൻ തിരികെപിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കപിലും തൊഴിലാളികളും. വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ് കാണുന്നതിന് മുൻപേ അതിൽ നിന്നുള്ള നിലവിളി ഇവരുടെ കാതുകളിൽ എത്തി. തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂർണ്ണമായും തെറ്റായ വശംചേർന്ന് വന്ന ബസ് വലിയ ശബ്ദത്തോടെ നിന്നു. വലതു വശത്തെ ചക്രങ്ങൾ റോഡിൽ നിന്നും പുറത്തു പോയതിനാൽ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങൾ റോഡിൽ ഉരഞ്ഞതിനാലാണ് വൻ ശബ്ദത്തോടെ വണ്ടിനിന്നത്. അപ്പോഴേക്കും വണ്ടിക്കുള്ളിൽനിന്നും കൂട്ടനിലവിളിയുയർന്നു.

വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തിൽ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപിൽ ആത്മധൈര്യം വീണ്ടെടുത്തു തന്റെ ജെസിബിയിലേക്ക് ചാടികയറി, വേഗത്തിൽ സ്റ്റാർട്ട് ആക്കി. ചെയിൻ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതിൽ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീൻ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിൻ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെയോ മെഷീന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂർണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയിൽ കോരി എടുത്തു. ഏറക്കുറെ പൂർണ്ണമായും നിവർത്തി ബസിൽ നിന്നും ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികളും ഞൊടിയിടയിൽ യാത്രക്കാരെ പുറത്തിറക്കി. ബസിന്റെ ജനലുകൾ വഴിയും മറ്റുമായി എല്ലാവരെയും പുറത്തിറക്കി. മറ്റൊരു ജെസിബി എത്തുന്നതു വരെ ഏകദേശം ഒരു മണിക്കൂറോളം ബസിനെ കപിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് താങ്ങി നിർത്തി. പീന്നീട് ബസ് വലിച്ചു കയറ്റി.

ഇപ്പോഴും കപിലിന് തനിക്ക്‌ എങ്ങനെ നിമിഷങ്ങൾക്കകം ഇങ്ങനെ പ്രവർത്തിക്കാനായി എന്ന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അപകടം നടക്കുന്നതിന് മിനിട്ടുകൾക്കു മുൻപാണ് ജെസിബിയുടെ ചെയിൻ പൊട്ടി തകരാറിലാവുന്നത്. ദൈവം അപകടം മുന്നിൽ കണ്ട് പ്രവർത്തിച്ചതാകാം എന്നാണ് കപിലിന് പറയാനുള്ളത്. കപിലിനെ പൊലീസും നാട്ടുകാരും ജന പ്രതിനിധികളും അഭിനന്ദിച്ചു. വടശ്ശേരിക്കര സ്വദേശിയാണ് കപിൽ. ജനാർദ്ധനൻ - പൊന്നമ്മ ദമ്പതികളുടെ മകനാണ്. മഞ്ജു ഭാര്യയും അലൻ ദേവ് മകനുമാണ്. വലിയൊരപകടം ഒഴിവാക്കാൻ ഇടയായതിന്റെ ചാരിതാർത്ഥ്യത്തിലാണ് കപിൽ ദേവ്.

കഴിഞ്ഞ ബുധനാഴ്‌ച്ച വൈകിട്ട് നാലരയോടെ പൂപ്പാറയിലായിരുന്നു സംഭവം. അറ്റകുറ്റപ്പണി നടക്കുന്ന ദേശീയപാതയിലൂടെ കടന്നുവരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്കു ചരിയുകയായിരുന്നു. ദേശീയ പാതയുടെ പണികളിൽ ഏർപ്പെട്ടിരുന്ന മലയാലപ്പുഴ പൊന്നൂസ് എർത്ത് മൂവേഴ്‌സിന്റെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ കപിൽ ദേവ് ഇത് കണ്ടു. അതിവേഗം യന്ത്രക്കൈകൊണ്ട് ബസിന്റെ മുകൾഭാഗത്ത് പിടിച്ച് മറിയാതെ തടഞ്ഞു നിർത്തി.

തുടർന്നാണ് യാത്രക്കാർ പുറത്തിറങ്ങിയത്. ബോഡിനായ്ക്കന്നൂർ-രാജാക്കാട് റൂട്ടിൽ ഓടുന്ന ബസ് തുടക്കം മുതൽ റോഡിൽ തെറ്റായ ദിശകളിലൂടെയാണ് ഓടിച്ചിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു. ഭീതിയിലായ യാത്രക്കാർ ഒച്ചയുണ്ടാക്കിയെങ്കിലും ഡ്രൈവർ കാര്യമാക്കിയില്ല. പൂപ്പാറ എത്തുന്നതിനു മുൻപായി തൊഴിലാളികളുമായി പോകുകയായിരുന്ന രണ്ട് ജീപ്പുകളിൽ ബസ് ഇടിച്ചതായി യാത്രക്കാർ പറയുന്നു. ശാന്തൻ പാറ എസ്‌ഐ: ബി.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മദ്യലഹരിയിൽ ബസ്സോടിച്ച ഡ്രൈവർ കാർത്തികേയനെയും ബസും കസ്റ്റഡിയിലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP