Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇവിടെ എന്തുനടക്കുന്നുവോ അത് പുറംലോകമറിയേണ്ടതില്ല! പാപനഗരത്തിൽ പണം ഒഴുകിക്കൊണ്ടേയിരിക്കും; രാവെളുക്കോളം ചൂതാട്ടവും ആട്ടവും പാട്ടും തീനും കുടിയും; പകൽ ഉറങ്ങും രാത്രി വർണവിളക്കുകൾ വിതറി ഉണരും; ദുരന്ത രാത്രിക്ക് മുമ്പുള്ള ലാസ് വെയ്ഗസിന്റെ അത്ഭുതക്കാഴ്ചകൾ

ഇവിടെ എന്തുനടക്കുന്നുവോ അത് പുറംലോകമറിയേണ്ടതില്ല! പാപനഗരത്തിൽ പണം ഒഴുകിക്കൊണ്ടേയിരിക്കും; രാവെളുക്കോളം ചൂതാട്ടവും ആട്ടവും പാട്ടും തീനും കുടിയും; പകൽ ഉറങ്ങും രാത്രി വർണവിളക്കുകൾ വിതറി ഉണരും; ദുരന്ത രാത്രിക്ക് മുമ്പുള്ള ലാസ് വെയ്ഗസിന്റെ അത്ഭുതക്കാഴ്ചകൾ

മറുനാടൻ മലയാളി ഡസ്‌ക്‌

പുറംലോക സഞ്ചാരം അധികമില്ലാത്ത മലയാളികൾ ഒരുപക്ഷേ കാസിനോകൾ ആദ്യം പരിചയപ്പെടുന്നത് ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെയാണ്. തന്റെ ലോക സഞ്ചാരത്തിന്റെ ഭാഗമായി ബോണ്ട് ലണ്ടനിലും മക്കാവുവിലുമുള്ള പല കാസിനോകളിലും കയറിയിറങ്ങാറുണ്ട്. ലാസ് വെയ്ഗസിലും ഒരുതവണയെത്തി.

ഡയമണ്ടസ് ഫോർ എവർ എന്ന ചിത്രത്തിൽ സീൻ കോണറി അവതരിപ്പിക്കുന്ന ബോണ്ട് കഥാപാത്രം ലാസ് വെയ്ഗസിലെ വൈറ്റ ഹൗസ് എന്ന സാങ്കല്പിക കാസിനോയിലാണ് ചൂതാടുന്നത്. 65,000 ഡോളർ ചൂതാടി നേടിയാണ് ബോണ്ടിന്റെ വിജയകരമായ മടക്കം. ഒരു പക്ഷേ ബോണ്ട് ചിത്രങ്ങളിൽ കാസിനോയിൽ വിളയാടി ബോണ്ട് കാര്യമായി എന്തെങ്കിലും നേടുന്നതും ലാസ് വെയ്ഗസിലാണ്.

ലാസ് വെയ്ഗസ്, ഓമനപ്പേര് വെയ്ഗസ്, വിനോദ സഞ്ചാരികളുടെയും, സുഖാന്വേഷികളുടെയും പറുദീസ.യുഎസിൽ, നേവാദ സംസ്ഥാനത്തെ ഈ നഗരം ലോകത്തെ വിനോദ തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. ചൂതാട്ടവും വേശ്യാവൃത്തിയും നിയമപരമായി അനുവദിക്കുകയും അതിനു കരം ഈടാക്കുകയും ചെയ്യുന്ന അപൂർവ്വനഗരങ്ങളിലൊന്ന്..

ലഹരി നുരയുന്ന രാത്രി ജീവിതം, പകലും രാത്രിയും ചൂതാട്ടം, ഷോപ്പിങ് മാമാങ്കങ്ങൾ, രുചിക്കൂട്ടുകളിൽ വിപ്ലവം തീർക്കുന്ന വിരുന്നുമുറികൾ ...ഭൗതിക ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഏതൊരു മനുഷ്യനെയും വീഴ്‌ത്താൻ പാകമായ കെണികളുടെ കൂട്ട്. ഈ കെണികളിൽ തെന്നിയും, മറിഞ്ഞും ആസ്വദിച്ച് സുഖാന്വേഷികളുടെ പട. നിയന്ത്രണമില്ലാത്തെ അഡൾട്ട് വീഡിയോ പ്രദർശനങ്ങളും,സ്ടിപ് ഷോകളും, തുറന്ന ലൈംഗിക ജീവിതവും സമ്മാനിച്ചത്് പാപത്തിന്റെ നഗരം എന്ന വിളിപ്പേരാണ്.സാഹിത്യം, സിനിമ, ടെലിവിഷൻ പരിപാടികൾ, മ്യൂസിക വീഡിയോ ഇതിനെല്ലാം പശ്ചാത്തലമൊരുക്കുന്നതും വെയ്ഗസ് തന്നെ.

ലാസ് വെയ്ഗസ് എന്ന സ്പാനിഷ് വാക്കിന്റെ അർഥം പുൽത്തകിടി എന്നാണ്. മരുഭൂമിയെ ഫലഭൂയിഷ്ടമാക്കിയ പുൽനാമ്പുകളിൽ നിന്നാണ് ചരിത്രം തുടങ്ങുന്നത്.നെവാദയിൽ മരുഭൂമിക്ക് നടുവിലെ ചെറുപട്ടണം എങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നത്തെ ലാസ് വെയ്ഗസായി എന്നത് തികഞ്ഞ നഗരാസൂത്രണത്തിന്റെ കൂടി കഥയാണ്.19 ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പുല്ലു പോല്ലും വളരാത്ത ആ മരുഭൂമിയെ ഒരു വിനോദ വ്യവസായ നഗരമാക്കി. കന്നുകാലി വളർത്തുകാരും, റെയിൽ ജീവനക്കാരും ചേർന്ന് കണ്ടെത്തി വളർത്തിയ നഗരം വൈകാതെ സ്വന്തം ഭാഗധേയം തിരിച്ചറിഞ്ഞു: കാസിനോകൾ. മയക്കുമരുന്നുമാഫിയയും, അധോലോക രാജാക്കന്മാരും ചേർന്ന് നഗരത്തിലേക്ക് പണമൊഴുക്കി. ചുരുങ്ങിയ ചെലവിൽ ആഡംബരവും, ഇഷ്ടവിനോദങ്ങളിൽ ആറാടാനുള്ള സൗകര്യങ്ങളും സന്ദർശകരെ ഇങ്ങോട്ട് മാടിവിളിച്ചു.

1941 ൽ എൽറാഞ്ചോ വേഗസ് റിസോർട്ടാണ് കാസിനോ വിപ്ലവത്തിന് തിരികൊളുത്തിയത്. അഞ്ച വർഷത്തിന് ശേഷം അധോലോക നായകൻ ബഗ്‌സി സീഗൽ ഹോളിവുഡ് സ്‌റ്റൈലിൽ ഫ്ളാമിംഗോ റിസോർട്ട് പടുത്തുയർത്തിയതോടെ പകലുറങ്ങുകയും രാത്രി ഉണർന്നിരിക്കുകയും ചെയ്യുന്ന നഗരത്തിന് തീപിടിച്ച പോലെയായി.സംഘടിത കുറ്റവാളികൾ മാത്രമല്ല വെയ്ഗസിൽ പണമൊഴുക്കിയത്. വാൾസ്ട്രീറ്റ്് ബാങ്കുകളും, യൂണിയൻ പെൻഷൻ ഫണ്ടുകളുമെല്ലാം നഗരത്തെ പച്ചപിടിപ്പിച്ചു.1950 കളായപ്പോഴേക്കും 80 ലക്ഷത്തോളം വിനോദസഞ്ചാരികളായിരുന്നു ഇവിടുത്തെ സന്ദർശകർ.ഫ്രാങ്ക് സിനാത്ര, ഡീൻ മാർട്ടിൻ, എൽവിസ് പ്രസ്ലി എന്നിവരുടെ തകർപ്പൻ പ്രകടനങ്ങളും സന്ദർശകരെ ഇങ്ങോട്ട് വലിച്ചടുപ്പിച്ചുവെന്ന് പറയാതെ വയ്യ. അടുത്തിടെ ബോക്‌സിങ് റിങ്ങിലേക്കുള്ള തന്റെ മടങ്ങി വരവ് മാനി പക്വിയാവോ ഗംഭീരമാക്കിയത് ലാസ് വെയ്ഗസിൽ.

ചൂതാട്ടം,സ്ട്രിപ് ക്ലബുകൾ , ഡാൻസ് ബാറുകൾ,നിയമക്കുരുക്കില്ലാതെ നടക്കുന്ന വിവാഹം, വിവാഹമോചനം, പലപ്പോഴും നിയമവിരുദ്ധമായി നടക്കുന്ന ലൈംഗിക തൊഴിൽ ഇതിന്റെയൊക്കെ ആസ്ഥാനമാണ് ഈ വിനോദ നഗരം. മൈക്ക് ടൈസൻ ബോക്‌സിങ് റിംഗിൽ പ്രതിയോഗിയുടെ ചെവി കടിച്ചു മുറിച്ചതും ഇതേ വേഗസിൽ തന്നെ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ഡിബേറ്റും ഈ നഗരത്തിലാണ് നടന്നത്. എന്തും ചെയ്യാവുന്ന ഈ നഗരത്തിൽ ലൈസൻസില്ലാതെ എന്തും പറയുകയുമാകാം.
What happens in lasvegas stays in vegas' എന്നതാണ് ലാസ് വേഗസ്സ് എന്ന നഗരത്തെ കുറിച്ചുള്ള ഏറ്റവും പ്രസിദ്ധമായ പഴമൊഴി. വേഗസിൽ എന്തു നടക്കുന്നുവോ അത് പുറം ലോകം അറിയേണ്ടതില്ല എന്നർഥം

ദുരന്തമുണ്ടായ മണ്ടാലെ ബേ റിസോർട്ട് എന്നാൽ...

സുഖകാംക്ഷികളുടെ സ്വർഗമാണ് മണ്ടേലേ ബേ റിസോർട്ട്. 11 ഏക്കറിൽ പരന്നുകിടക്കുന്നു.43 നില ആഡംബര റിസോർട്ട്, കാസിനോ, 3309 മുറികൾ. എംജിഎം റിസോർട്ട്‌സ് ഇന്റർനാഷണൽ റിസോർട്ടും, കാസിനോയും തുടങ്ങിയിട്ട് 18 വർഷം. ലാസ് വെയഗസ്സിന്റെ തെക്കനറ്റത്ത്, മക്കാരൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ട് മൈൽ അകലെ മാത്രം.

റിസോർട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത് എന്തെല്ലാം? 2700 ടൺ മണ്ണ് പാകിയ ജലകേളിസ്ഥലം, 16 ലക്ഷം ഗ്യാലന്റെ വേവ് പൂൾ.കാസിനോ.ആനന്ദലഹരിയിലാഴ്‌ത്താൻ റോക്ക് സംഗീതമേളകൾ, ബാസ്‌കറ്റ്‌ബോൾ, ബോക്‌സിങ്, റെസിലിങ്, മാർഷ്യൽ ആർട്‌സ്.ഈ വർഷം മെയ് 14 ന് ഇവിടെയാണ് മിസ് യുഎസ്എ മൽസരം നടന്നത്. വിരുന്നുണ്ണാൻ 24 റെസ്‌റ്റോറണ്ടുകളുമുണ്ട്.പ്രധാന റിസോർട്ടിന്റെ അഞ്ച് നിലകളിൽ പ്രശസ്തമായ ഫോർ സീസൺസ് ഹോട്ടൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നു.രണ്ടാമത്തെ ടവറിൽ ഡീലാനോ ലാസ്വേഗസ്സ് പ്രവർത്തിക്കുന്നു.

കാസിനോകളും, വിനോദപരിപാടികളും തന്നെയാണ് ഇപ്പോഴും ലാസ് വെയ്ഗസിന്റെ മുഖ്യവരുമാനം.റിസോർട്ടുകളുടെയും, വിനോദസഞ്ചാരികളുടെയും എണ്ണത്തിന് അനുസരിച്ച് നഗരം വളർന്ന് കൊണ്ടേയിരിക്കുന്നു.2008 ലെ ആഗോള മാന്ദ്യകാലത്ത് ജോലിയും കൂലിയുമില്ലാതെ നാട്ടുകാർ്‌വലഞ്ഞപ്പോഴും ഇവിടെ 40 ലക്ഷത്തോളം സന്ദർശകരുണ്ടായിരുന്നു. അതാണ് ലാസ് വെയ്ഗസ്.പാപനഗരത്തിൽ പണം വർണവിളക്കുകളുടെ തിളക്കത്തിൽ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP