Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ മാല പൊട്ടിച്ചേയെന്ന് വയസായ അമ്മയുടെ നിലവിളി; പെട്ടെന്ന് ബാഗും മൊബൈലും കണ്ടക്ടറെ ഏൽപിച്ച് തമിഴ് നാടോടി സ്ത്രീയുടെ പിന്നാലെ ഓടി കാൽ തട്ടി വീഴ്‌ത്തി നിലത്തിട്ട് ഷാൾ കൊണ്ട് കെട്ടി; വൃദ്ധയുടെ മാല പൊട്ടിച്ച കള്ളിയെ ഓടിച്ചിട്ട് പിടിച്ച റിനി റോബിൻ ഓർക്കാപ്പുറത്ത് താരമായി; മുമ്പ് ഒരുഞരമ്പ് രോഗിയെ കനാലിൽ തള്ളിയ കഥകൂടി മറുനാടനോട് പങ്കുവച്ച് സിവിൽ സർവീസ് വിദ്യാർത്ഥിനി

എന്റെ മാല പൊട്ടിച്ചേയെന്ന് വയസായ അമ്മയുടെ നിലവിളി; പെട്ടെന്ന് ബാഗും മൊബൈലും കണ്ടക്ടറെ ഏൽപിച്ച് തമിഴ് നാടോടി സ്ത്രീയുടെ പിന്നാലെ ഓടി കാൽ തട്ടി വീഴ്‌ത്തി നിലത്തിട്ട് ഷാൾ കൊണ്ട് കെട്ടി; വൃദ്ധയുടെ മാല പൊട്ടിച്ച കള്ളിയെ ഓടിച്ചിട്ട് പിടിച്ച റിനി റോബിൻ ഓർക്കാപ്പുറത്ത് താരമായി; മുമ്പ് ഒരുഞരമ്പ് രോഗിയെ കനാലിൽ തള്ളിയ കഥകൂടി മറുനാടനോട് പങ്കുവച്ച് സിവിൽ സർവീസ് വിദ്യാർത്ഥിനി

എം മനോജ് കുമാർ

 കോലഞ്ചേരി: എഴുപത് വയസ് കഴിഞ്ഞ വൃദ്ധയുടെ മാല പൊട്ടിച്ച് കെഎസ്ആർടിസിബസിൽ നിന്നും ഇറങ്ങിയോടിയ തമിഴ് മാല മോഷ്ടാക്കളായ സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ച വിദ്യാർത്ഥിനിയുടെ ധൈര്യത്തെയും പ്രതികരണ ശേഷിയെയും വാഴ്‌ത്തി സോഷ്യൽ മീഡിയ. ഇന്നലെ രാവിലെ കോലഞ്ചേരി മെഡിക്കൽ കോളേജിന് മുന്നിൽ നിർത്തിയ കെഎസ്ആർടിസി ബസിൽ നടന്ന നാടകീയ സംഭവങ്ങളാണ് സിവിൽ സർവീസിന് പഠനം തുടരുന്ന റിനി റോബിനെ സോഷ്യൽ മീഡിയകളിലെ താരമാക്കിയത്. എറണാകുളത്ത് നിന്ന് മൂവാറ്റുപുഴയ്ക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണ് മാലപൊട്ടിക്കൽ അരങ്ങേറിയത്. വൃദ്ധയുടെ മാല പൊട്ടിച്ച് ഓടിയ തമിഴ് സ്ത്രീകളിൽ ഒരാളെയാണ് റിനി റോബിൻ ബസിൽ നിന്നും ഇറങ്ങിയോടി പിടികൂടിയത്. 150 മീറ്ററോളം ഓടി തമിഴ് സ്ത്രീയെ വീഴ്‌ത്തിയിട്ടു നിലത്തിട്ടു ഷാൾ കൊണ്ട് കെട്ടുമ്പോൾ തന്നെ മാല ഈ സ്ത്രീയുടെ കയ്യിൽ നിന്നും റിനിക്ക് ലഭിക്കുകയും ചെയ്തു. റിനിയുടെ മനോധൈര്യവും നിശ്ചയദാർഢ്യവും കാരണം രണ്ടര പവനിലും അധികമുള്ള മാലയാണ് അമ്മയ്ക്ക് തിരികെ ലഭിച്ചത്.

കോലഞ്ചേരി മെഡിക്കൽ കോളേജിന് മുന്നിൽ നിർത്തിയ കെഎസ്ആർടിസി ബസിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ വൃദ്ധയായ സ്ത്രീയുടെ വിലാപം കേട്ടാണ് കെഎസ്ആർടിസി ബസിലുള്ളവരും മാലമോഷ്ടാക്കളെ പിടികൂടിയ റിനി റോബിനും രംഗം ശ്രദ്ധിക്കുന്നത്. മൂന്നു തമിഴ് സ്ത്രീകൾ വൃദ്ധയെ വളഞ്ഞു നിന്ന് താലിമാല പൊട്ടിച്ചെടുക്കുകയായിരുന്നു. എന്താണ് സംഭവം എന്ന് മനസിലാക്കുന്നതിന് മുൻപ് തന്നെ വൃദ്ധയുടെ വിലാപം ഉയർന്നു. എന്റെ മാല പോയി. അവരെ എന്റെ മാല പൊട്ടിച്ചു. പക്ഷെ കെഎസ്ആർടിസി ബസിലെ ആളുകൾ മുഴുവൻ നിസ്സംഗമായി നിൽക്കുകയായിരുന്നു. ഈ സമയത്ത് തമിഴ് സ്ത്രീകൾ ഇറങ്ങി നാലുഭാഗത്തായി ഓടി. അമ്മയുടെ വിലാപം കേട്ട് മടിച്ച് നിൽക്കാതെ റിനി ഉടൻ തന്നെ ബാഗും മൊബൈൽ ഫോണും ബസ് കണ്ടക്ടറുടെ കയ്യിൽ ഏൽപ്പിച്ച് ഇറങ്ങിയോടുകയായിരുന്നു. മാല പൊട്ടിച്ചു എന്ന് റിനി കരുതിയ ഒരു സ്ത്രീയുടെ പിന്നാലെയാണ് റിനി ഓടിയത്. കോലഞ്ചേരി മെഡിക്കൽ കോളേജിന് സമീപമുള്ള ഫെഡറൽ ബാങ്കിന് മുന്നിലിട്ട് റിനി സ്ത്രീയെ പിടികൂടി. തമിഴ് നാടോടി സ്ത്രീയെ പിടിക്കാൻ റിനി അലറി വിളിച്ച് സഹായം അഭ്യർത്ഥിച്ചിട്ടും ഒരാൾ പോലും ഈ ഘട്ടത്തിൽ റിനിയെ സഹായിക്കാൻ എത്തിയതുമില്ല. കെഎസ്ആർടിസി ബസിലെ സമാന അനുഭവം തന്നെയാണ് റിനിക്ക് മാലമോഷ്ടാവിനെ പിടിക്കുമ്പോഴും അനുഭവപ്പെട്ടത്. സ്ത്രീയെ തട്ടി വീഴ്‌ത്തി നിലത്തിട്ടു ഷാൾ കൊണ്ട് കെട്ടിയപ്പോൾ ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനും ആളുകൾ തിരക്ക്കൂട്ടി എത്തുകയും ചെയ്തു.

മാല കെഎസ്ആർടിസി കണ്ടക്ടറെ ഏൽപ്പിക്കുകയും പൊട്ടിയ മാല കണ്ടക്ടർ വൃദ്ധയ്ക്ക് നൽകുകയും ചെയ്തു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മകന് ഭക്ഷണവുമായാണ് വൃദ്ധ കെഎസ്ആർടിസി ബസിൽ കയറിയത്. മാല കിട്ടിയ സന്തോഷത്തിൽ വൃദ്ധ ആശുപത്രിയിലേക്ക് പോയ സമയത്താണ് പുത്തൻകുരിശ് പൊലീസ് എത്തുന്നത്. അതുകൊണ്ട് തന്നെ പൊലീസിന് വൃദ്ധയെ കണ്ടുപിടിക്കാൻ കഴിഞ്ഞതുമില്ല. റിനി ഒരു നാടോടി സ്ത്രീയെ പിടികൂടിയപ്പോൾ പൊലീസ് ഇവർ വഴി രണ്ടാമത്തെ സ്ത്രീയെയും പിടികൂടി. പക്ഷെ മൂന്നാമത് സ്ത്രീയെ പിടികൂടാൻ കഴിഞ്ഞില്ല. പക്ഷെ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതിക്കാരി ഇല്ലാത്തതിനാൽ പൊലീസിന് കേസ് ചാർജ് ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ ഇവർ അപകടകാരികൾ ആണ് മാല മോഷ്ടിക്കാൻ സാധ്യതയുണ്ട് എന്നെല്ലാം എഴുതി ചേർത്താണ് രാത്രി ഒമ്പതര മണിയോടെ യുവതികളെ കോലഞ്ചേരി കോടതിയിൽ പൊലീസ് ഹാജരാക്കിയത്. ഇത്തരം ക്രിമിനലുകളെ സഹായിക്കുന്ന അഭിഭാഷകൻ കോടതിയിൽ എത്തുകയും നാടോടി സ്ത്രീകളെ ജാമ്യത്തിൽ ഇറക്കുകയും ചെയ്തു.

റിനി റോബിൻ മറുനാടനോട് കഥ പറയുന്നു

എന്റെ സ്വദേശം ചൂണ്ടിയാണ്. ചൂണ്ടിയിൽ നിന്നും മൂവാറ്റുപുഴയ്ക്കാണ് ഞാൻ കെഎസ്ആർടിസി ബസിൽ കയറിയത്. ചൂണ്ടിയിൽ നിന്നും ആറേഴു സ്റ്റോപ്പുകൾ അപ്പുറത്താണ് കോലഞ്ചേരി മെഡിക്കൽ കോളേജ് സ്റ്റോപ്പ് വരുന്നത്. രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവങ്ങൾ. ഒരുപാട് ആളുകൾ കോലഞ്ചേരി സ്റ്റോപ്പിൽ ഇറങ്ങാനുണ്ടാകും. നല്ല തിരക്കുള്ള ബസുമായിരുന്നു. മൂന്നു തമിഴ് യുവതികൾ 75 വയലുള്ള വല്യമ്മയുടെ ചുറ്റും കൂടുന്നത് ഞാൻ കണ്ടു. അവർ ആശുപത്രിയിൽ കിടക്കുന്ന മകന് ഭക്ഷണവുമായി പോവുകയായിരുന്നു. ബസ് നിർത്തി ആളുകൾ ഇറങ്ങുന്ന ഘട്ടത്തിൽ ഈ മൂന്നു നാടോടി സ്ത്രീകൾ ആ വല്യമ്മയുടെ മാല പൊട്ടിച്ചു. മാല പൊട്ടിച്ചപ്പോൾ തന്നെ അയ്യോ എന്റെ മാല എന്ന് അവർ പറഞ്ഞു. ആ പോണ സ്ത്രീയാണ് മാല പൊട്ടിച്ചത് എന്ന് അവർ പറഞ്ഞു. പക്ഷെ ആരും സഹായവുമായി എത്തിയില്ല. സ്ത്രീകൾ ആണെങ്കിൽ മൂന്നു വഴിക്ക് ഓടുകയും ചെയ്തു.

ബസിലെ ആളുകൾ പുറത്തേക്ക് വിരൽ ചൂണ്ടി യുവതികളെ പിടികൂടാൻ പുറത്തുള്ള ആളുകളോട് ആവശ്യപ്പെട്ടു. പക്ഷെ കേട്ടവർ ആരും അനങ്ങിയില്ല. കെഎസ്ആർടിസി ബസിലെ സകലമാന ആളുകളും റോഡിൽ നിന്നു. പക്ഷെ ആരും യുവതികളെ പിടിക്കാൻ കൂടിയില്ല. പക്ഷെ ഞാൻ ബാഗ് കണ്ടക്ടർക്ക് നൽകി അവരുടെ പിന്നാലെ ഓടി. ഒരു സ്ത്രീയെ ലക്ഷ്യം വച്ചാണ് ഞാൻ ഓടിയത്. മുന്നിലെ ആളുകളോട് അവരെ പിടിക്കാൻ ഞാൻ അലറി വിളിച്ച് പറഞ്ഞു. ആരും അത് കേട്ടില്ല. രണ്ടോ മൂന്നോ ബസുകൾ ആ സമയം കോലഞ്ചേരി ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്നു. ആ ആളുകൾ മുഴുവൻ ഒച്ചയും ബഹളവും കേട്ട് റോഡിൽ ഇറങ്ങി നിന്നു. എന്നിട്ടു പോലും ഒരാൾ പോലും എനിക്കോ ആ വല്യമ്മയ്ക്കോ സഹായവുമായി എത്തിയില്ല.

അവർ കള്ളികൾ ആണെന്ന് എനിക്ക് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു. ഇവർ ഇനി മാല പൊട്ടിക്കരുത്. അതിന് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. പക്ഷെ ആ നിമിഷത്തിൽ ദൈവം എനിക്ക് ഒരു ബലം തന്നത് പോലെ തോന്നി. എന്റെ മനസ്സിൽ ആ അമ്മയുടെ നിലവിളിയായിരുന്നു. സ്പീഡിൽ ഓടാനും അവരെ പിടികൂടാനുള്ള കരുത്തും എന്നിൽ നിറയുന്നതായി തോന്നി. അതുകൊണ്ട് തന്നെ ഞാൻ തിരിഞ്ഞു നോക്കിയില്ല. 150 മീറ്ററോളം ഓടി ഫെഡറൽ ബാങ്കിനു മുന്നിൽ വച്ച് ഞാൻ ഒരു സ്ത്രീയെ പിടികൂടി. തിരികെ അവരെ ബസിലേക്ക് ഞാൻ കൊണ്ടുവന്നു. അപ്പോഴും എന്നെ സഹായിക്കാൻ അവിടെ കൂടിയേ ഒരാൾ പോലും വന്നില്ല. ഒരാളും ആ നാടോടി സ്ത്രീയെ സ്പർശിച്ചതേയില്ല. ബസിനു സമീപം ആ സ്ത്രീയെ ഞാൻ തള്ളിയിട്ടു. അവരുടെ ഷാൾ കൊണ്ട് തന്നെ കൈകൾ വലിച്ചു കെട്ടി. ഫോട്ടോ എടുപ്പിനും സെൽഫി എടുക്കാനും ആ സമയത്ത് ആളുകൾ തിക്കിക്കൂടി നിൽക്കുന്നത് കണ്ടു. ഇത്തരം ഒരു സംഭവം നടന്നിട്ടും ഒരാൾ പോലും എന്നെ സഹായിക്കാൻ എത്തിയതുമില്ല. ഞാൻ ആ സമയത്ത് ഓടിയില്ലായിരുന്നെങ്കിൽ ആ അമ്മയ്ക്ക് ഒരിക്കലും രണ്ടര പവനിലേറെ വരുന്ന മാല ഒരിക്കലൂം ലഭിക്കില്ലായിരുന്നു-റിനി പറയുന്നു. ഭർത്താവിനും വീട്ടുകാർക്കും സന്തോഷമായി എന്നാണ് റിനി പറഞ്ഞത്. ഇതിനു മുൻപ് ഉള്ള ഒരു സംഭവത്തിലും റിനിയുടെ സാഹസികത വീട്ടുകാർക്ക് ബോധ്യമായതാണ്.

ചങ്ങാതിയെ ആക്രമിച്ച ഞരമ്പ് രോഗിയെ കനാലിൽ തള്ളേണ്ടി വന്നു

രാവിലെ വീടിനു സമീപത്തു കൂടി റിനിയും പെൺസുഹൃത്തും രാവിലെയുള്ളമോർണിങ് വാക്കിനു ഇറങ്ങിയതായിരുന്നു. ഒരാൾ ബൈക്ക് ഓടിച്ച് ഇവരുടെ പിന്നിലെത്തി. റിമിയുടെ സുഹൃത്തിന്റെ കയ്യിൽ ബൈക്കിൽ പോയിക്കൊണ്ടിരിക്കെ തന്നെ ആഞ്ഞടിച്ചു. കൈ നീരുവന്ന് വീർത്തു. അയാൾ ബൈക്കിൽ തിരിഞ്ഞു തിരിഞ്ഞു തിരിഞ്ഞു നോക്കിയാണ് പോയിക്കൊണ്ടിരുന്നത്. ഞാൻ ഓടി അയാളുടെ അരികിലേക്ക് പാഞ്ഞു. അയാൾ കുറച്ച് സംഭ്രമിച്ചതായി തോന്നി. അത് ഒരു കനാലിനു അരികത്തായിരുന്നു. ഞാൻ തള്ളിയപ്പോൾ പൂഴി മണലിൽ കുഴഞ്ഞു അയാൾ നിലം പതിച്ചു. എന്റെ മനസ്സിൽ സുഹൃത്തിന്റെ നീര് വന്നു വീർത്ത കയ്യായിരുന്നു. അയാളെ ബൈക്ക് അടക്കം ഞാൻ കനാലിലേക്ക് തള്ളി. ഞാനും സുഹൃത്തും കൂടി അലറി വിളിച്ചു. ആളുകൾ പാഞ്ഞെത്തി. അയാളെ കനാലിൽ നിന്നും പിടികൂടി.

ഞരമ്പ് രോഗിയായ ഒരു ലോറി ഡ്രൈവർ ആയിരുന്നു അയാൾ. പക്ഷെ നാട്ടുകാർ വെറുതെ അപവാദം പറഞ്ഞു പരത്തി. അയാൾ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പീഡന ശ്രമത്തിലാണ് അയാൾ കനാലിൽ പതിച്ചതെന്നും അവർ വെറുതെ പറഞ്ഞു പരത്തി. ഇതാണ് നമ്മുടെ നാട്ടുകാർ. ഇതേ നാട്ടുകാരുടെ വേറെ പതിപ്പാണ് കോലഞ്ചേരിയിൽ ഞാൻ കണ്ടത്. ആളുകൾ അപകടത്തിൽപെടുമ്പോൾ സഹായിക്കാൻ മറന്നു പോവുന്ന ഒരു തലമുറയാണ് എന്റെ മുന്നിലുള്ളത്. എന്റെ അനുഭവങ്ങൾ അത്തരത്തിൽ ഉള്ളതാണ്. നമ്മുടെ സമൂഹം ഇങ്ങിനെ ആയാൽ മതിയോ? വലിയ സാമൂഹിക പ്രശ്‌നങ്ങളാണ് നിലവിലെ പൊതുസമൂഹം സൃഷ്ടിച്ചെടുക്കുന്നത്. നമ്മൾ വീണ്ടും വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു-റിനി പറയുന്നു.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കൊളെജിൽ നിന്ന് ബിഎസ്സി ഫിസിക്‌സ് കഴിഞ്ഞശേഷം സിവിൽ സർവീസ് പഠനം തുടരുകയാണ് റിനി റോബിൻ. പാലായിലെ സെന്റ് തോമസ് കോളേജിലാണ് പഠനം തുടരുന്നത്. പെരുമ്പാവൂർ കീഴില്ലത്തെ എം.എ.റോയി-ലിസി റോയി ദമ്പതികളുടെ മകളാണ് റിനി. ഖത്തർ എയർവേയ്‌സിലെ റോബിനാണ് റിനിയുടെ ഭർത്താവ്. നാല് വയസുള്ള ഇവാനാണ് മകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP