Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലസ്ഥാനനഗരത്തിന്റെ ആവശ്യത്തിന് ഇനി അവശേഷിക്കുന്നത് 24 ദിവസത്തെ കുടിവെള്ളം മാത്രം; ബദൽ സംവിധാനങ്ങൾതേടി നഗരസഭയും സർക്കാറും; മുട്ടത്തറ സ്വീവേജ് പ്ലാന്റിലെ ജലം ഉപയോഗപ്പെടുത്താൻ തീരുമാനം; സൗജന്യമായി നൽകാമെന്നുപറഞ്ഞിട്ടും മലിനജലമെന്ന ധാരണയിൽ ആരും എത്തുന്നില്ലെന്ന് സ്വീവേജ് പ്ലാന്റ് അധികൃതർ

തലസ്ഥാനനഗരത്തിന്റെ ആവശ്യത്തിന് ഇനി അവശേഷിക്കുന്നത് 24 ദിവസത്തെ കുടിവെള്ളം മാത്രം; ബദൽ സംവിധാനങ്ങൾതേടി നഗരസഭയും സർക്കാറും; മുട്ടത്തറ സ്വീവേജ് പ്ലാന്റിലെ ജലം ഉപയോഗപ്പെടുത്താൻ തീരുമാനം; സൗജന്യമായി നൽകാമെന്നുപറഞ്ഞിട്ടും മലിനജലമെന്ന ധാരണയിൽ ആരും എത്തുന്നില്ലെന്ന് സ്വീവേജ് പ്ലാന്റ് അധികൃതർ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ കുടിവെള്ളസംഭരണികൾ എല്ലാം വറ്റിവരണ്ടുതുടങ്ങിയതോടെ ബദൽ മാർഗങ്ങൾ കണ്ടെത്താൻ സർക്കാരും, നഗരസഭയും നെട്ടോട്ടമോടുന്നു. നഗരത്തിന് കുടിവെള്ളമേകുന്ന അരുവിക്കര ഡാം, പേപ്പാറ ഡാം എന്നിവയിലെ ജലം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

പേപ്പാറ ഡാമിൽനിന്ന് അരുവിക്കര സംഭരണിയിലേക്ക് ജലമെത്തിച്ച് ശുദ്ധീകരിച്ചാണ് നഗരത്തിന് കുടിവെള്ളം നൽകുന്നത്. എന്നാൽ പേപ്പാറ ഡാമിൽ ഇനി അവശേഷിക്കുന്നതാകട്ടെ കേവലം 20-24 ദിവസത്തേയ്ക്കുള്ള വെള്ളം മാത്രം. ഈ സാഹചര്യം തരണം ചെയ്യാനുള്ള നടപടിയായി സർക്കാരും നഗരസഭയും തെരഞ്ഞെടുത്തിരിക്കുന്ന നടപടി വ്യത്യസ്തമാണ്.

നഗരത്തിലെ കക്കൂസ് മാലിന്യത്തിൽനിന്നും മലിനജലത്തിൽനിന്നും വളവും ശുദ്ധജലവും വേർതിരിക്കുന്ന മുട്ടത്തറ സ്വീവേജ് പ്ലാന്റിൽനിന്ന് പ്രതിദിനം നാലുകോടി ലിറ്റർ ശുദ്ധജലം പാർവതി പുത്തനാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ഈ ജലം ഗാർഹികേതര ആവശ്യങ്ങൾക്ക് എത്തിക്കാനാണ് ഇന്നലെ ജലമന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം. നിർമ്മാണ പ്രവർത്തനങ്ങൾക്കും കൃഷിക്കും വാഹനം കഴുകുന്നതിനുമുൾപ്പെടെ വാട്ടർ അഥോറിറ്റി നൽകുന്ന കുടിവെള്ളമാണ് നഗരവാസികൾ ഉപയോഗിക്കുന്നതെന്ന് പരിശോധനയിൽകണ്ടെത്തി. ഇത്തരം ആവശ്യങ്ങൾക്ക് പ്ലാന്റിൽ ശുദ്ധീകരിക്കുന്ന ജലം സൗജന്യമായി നൽകാനാണ് നീക്കം.

എന്നാൽ വെള്ളം സൗജന്യമായി ലഭിക്കുന്ന വിവരം അറിയാത്തതുകൊണ്ടും മലിനജലമാണെന്ന തെറ്റിദ്ധാരണകൊണ്ടും വെള്ളം വാങ്ങാൻ പ്ലാന്റിലേക്ക് ആരും എത്താറില്ലെന്ന് അധികൃതർ പറയുന്നു. ബഹുനില കെട്ടിട നിർമ്മാണം, കൃഷി, പുന്തോട്ട പരിപാലനം, റോഡ് ടാറിങ് തുടങ്ങി ഗാർഹികേതരമായ ഏതാവശ്യങ്ങൾക്കും ഇനി പ്ലാന്റിലെ ജലം ഉപയോഗപ്പെടുത്താനാണ് തീരുമാനം.

തിരുവനന്തപുരം കോർപറേഷൻ സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി 80 കോടി രൂപ ചെലവിട്ടാണ് മുട്ടത്തറയിൽ മലിനജല ശുദ്ധീകരണശാല നിർമ്മിച്ചത്. വാട്ടർ അഥോറിറ്റിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. പ്ലാന്റ് നിർമ്മിച്ച യുഇഎം ഇന്ത്യ എന്ന കമ്പനിക്കാണ് അഞ്ചുവർഷത്തേക്ക് മലിനജലം ശുദ്ധീകരിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിൽ മുപ്പതോളം ജീവനക്കാരുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറ് വരെ എപ്പോഴും വാഹനവുമായി വന്നാൽ സൗജന്യമായി ശുദ്ധീകരിച്ച ജലം ഇവിടെ നിന്ന് ലഭിക്കും. ടാങ്കറുകൾക്ക് നിശ്ചിത നിരക്കിൽ ജലം നൽകും.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇത്തരം പ്ലാന്റുകളിൽനിന്ന് നൽകുന്ന ജലം ഉപയോഗിച്ചാണ് ഗാർഹികേതര ആവശ്യങ്ങൾ നടപ്പാക്കുന്നത്. അതേ മാതൃക തലസ്ഥാനത്തും നടപ്പാക്കി വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 107 ദശലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഇപ്പോൾ 40-45 ദശലക്ഷം ലിറ്റർ മലിനജലമാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. 40-42 ദശലക്ഷം ലിറ്റർ ശുദ്ധീകരിച്ച ജലമാണ് ഇവിടെനിന്ന് പാർവതീപുത്തനാറിലേക്ക് ഒഴുക്കി കളയുന്നത്.

നഗരത്തിലെ 40 ശതമാനം സ്ഥലത്തെ മലിനജലമാണ് ഇവിടെയെത്തിച്ച് ശുദ്ധീകരിക്കുന്നത്. രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ മലിനജലത്തിലേക്ക് ഓക്‌സിജൻ കടത്തിവിട്ട് ബാക്ടീരിയകളെ ഉത്പാദിപ്പിച്ചാണ് ജല ശുദ്ധീകരണം. പൈപ്പിലൂടെ എത്തുന്ന ഖരമാലിന്യം വേർതിരിച്ച് എയ്‌റേഷൻ, ക്ലാരിഫിക്കേഷൻ, ക്ലോറിനേഷൻ എന്നിവയ്ക്ക് വിധേയമാക്കിയാണ് മലിനജലം ശുദ്ധീകരിക്കുന്നത്. പ്ലാന്റിനോട് ചേർന്ന് ലാബും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ദിവസവും ശുദ്ധീകരണത്തിനുശേഷം പുറന്തള്ളുന്ന ജലം ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കും. പ്ലാന്റിലേക്കെത്തുന്ന അഴുക്ക് നിറഞ്ഞ ജലം ശുദ്ധീകരിച്ചശേഷമുള്ള തെളിഞ്ഞ ജലമാണ് പുറത്തേക്ക് വിടുന്നത്.

മലിനജല സംസ്‌കരണത്തിനുശേഷമുണ്ടാവുന്ന അവശിഷ്ടം മികച്ച ജൈവവളമാണ്. മുട്ടത്തറയിലെ പ്ലാന്റിന്റെ പരിസരത്തെങ്ങും ഈ വളം കൂട്ടിയിട്ടിരിക്കുകയാണ്. കൃഷിക്കും പൂന്താട്ടത്തിനുമെല്ലാം വളമായി ഇത് ഉപയോഗിക്കാം. വളം ജനങ്ങൾക്ക് സൗജന്യമായി ഇവിടെനിന്ന് ലഭിക്കും. എന്നാൽ ഈ വളം വാങ്ങാനും ഇവിടെ ആരും എത്തുന്നില്ല. വളം വാങ്ങാൻ ആളെത്താത്തതിനാൽ വളം ഇടാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ് അധികൃതർ. കൃഷിക്കവശ്യമായ വളം സൗജന്യമായി നൽകാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലെ പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം നൽകി ആവശ്യക്കാരെയും കാത്തിരിക്കുകയാണ് വാട്ടർ അഥോറിറ്റി അധികൃതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP