Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരവിച്ചു പോയ കുഞ്ഞു വിരലുകൾ കൂട്ടിപിടിച്ച് നെഞ്ചിലിടിച്ച് നിലവിളിച്ച് നാട്ടുകാർ; ചുറ്റിനും പഴിപറയുന്നവർക്ക് ചെവി കൊടുക്കാതെ അടച്ച മുറിയിൽ നിശബ്ദയായി തേങ്ങി മരവിച്ചു പോയ മാതൃഹൃദയം; ഓമന മുഖമാകെ ക്രൂരതയുടെ ചുവപ്പു പാടുകൾ; സുന്ദര മേനിയാകെ ചവിട്ടേറ്റ് നീലിച്ച മുറിപ്പാടുകൾ; വാവിട്ട കരച്ചിൽ പാതിവഴിയിൽ നിന്ന പോലെ പാതി തുറന്ന മിഴികളും ചുണ്ടുകളും; സമാനതകൾ ഇല്ലാത്ത ക്രൂരത ഏറ്റുവാങ്ങിയ പിഞ്ചു പൈതലിനെ സ്വർഗ്ഗത്തിലേക്ക് യാത്രയാക്കാൻ മഴ മറന്നും ഒരു നാട് മുഴുവൻ ഒഴുകിയെത്തിയത് ഇങ്ങനെ

മരവിച്ചു പോയ കുഞ്ഞു വിരലുകൾ കൂട്ടിപിടിച്ച് നെഞ്ചിലിടിച്ച് നിലവിളിച്ച് നാട്ടുകാർ; ചുറ്റിനും പഴിപറയുന്നവർക്ക് ചെവി കൊടുക്കാതെ അടച്ച മുറിയിൽ നിശബ്ദയായി തേങ്ങി മരവിച്ചു പോയ മാതൃഹൃദയം; ഓമന മുഖമാകെ ക്രൂരതയുടെ ചുവപ്പു പാടുകൾ; സുന്ദര മേനിയാകെ ചവിട്ടേറ്റ് നീലിച്ച മുറിപ്പാടുകൾ; വാവിട്ട കരച്ചിൽ പാതിവഴിയിൽ നിന്ന പോലെ പാതി തുറന്ന മിഴികളും ചുണ്ടുകളും; സമാനതകൾ ഇല്ലാത്ത ക്രൂരത ഏറ്റുവാങ്ങിയ പിഞ്ചു പൈതലിനെ സ്വർഗ്ഗത്തിലേക്ക് യാത്രയാക്കാൻ മഴ മറന്നും ഒരു നാട് മുഴുവൻ ഒഴുകിയെത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഉടുമ്പന്നൂർ മഞ്ചിക്കല്ലിലെ വീട്ടുമുറ്റത്ത് സൈക്കിളോടിച്ചും പാവക്കുട്ടിയെ കൊഞ്ചിച്ചും കളിക്കുകയായിരുന്നു ഇളയകുട്ടി. പെട്ടന്നായിരുന്നു വീട്ടിൽ ആൾക്കൂട്ടവും ബഹളവുമെത്തിയത്. പിറകെ കുഞ്ഞു പെട്ടിക്കുള്ളിൽ ഏഴുവയസ്സുള്ള ചേട്ടനേയും കൊണ്ടു വന്നു. പിന്നെ അവനും ദുഃഖത്തിലേക്ക് വീണു. ''പപ്പി പിന്നെ കണ്ണു തുറന്നില്ലല്ലോ'' എന്നു പറഞ്ഞ് പൊട്ടിക്കരച്ചിലുകൾക്കൊപ്പം അവനും വിതുമ്പി. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ട് എട്ടിനാണ് ഏഴുവയസ്സുള്ള കുട്ടിയുടെ മൃതദേഹം ഉടുമ്പന്നൂരിലെ മാതാവിന്റെ വസതിയിലെത്തിച്ചത്. കുട്ടിയുടെ അച്ഛന്റെ വീട്ടുകാരും മൃതദേഹത്തിനായി അവകാശം ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ സംസ്‌കാരം എവിടെയാകുമെന്ന് ആർക്കും അറിയില്ലായിരുന്നു. മൃതദേഹം ഉടുമ്പന്നൂരിൽ തന്നെ സംസ്‌കരിക്കാൻ തീരുമാനിച്ചതോടെ ഈ വീട്ടിലേക്കു ജനപ്രവാഹമായി.

മരവിച്ചു പോയ കുഞ്ഞു വിരലുകൾ കൂട്ടിപിടിച്ച് നെഞ്ചിലിടിച്ച് നിലവിളിച്ച് നാട്ടുകാരും ചുറ്റിനും പഴിപറയുന്നവർക്ക് ചെവി കൊടുക്കാതെ അടച്ച മുറിയിൽ നിശബ്ദയായി തേങ്ങി മരവിച്ചു പോയ മാതൃഹൃദയവും ഉടമ്പന്നൂരിലെ വീട്ടിലെ കാഴ്ചയായി. കുട്ടിയുടെ ഓമന മുഖമാകെ ക്രൂരതയുടെ ചുവപ്പു പാടുകളായിരുന്നു. സുന്ദര മേനിയാകെ ചവിട്ടേറ്റ് നീലിച്ച മറിപ്പാടുകൾ. ഇതിൽ ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരതയുടെ ചിത്രമുണ്ട്. വാവിട്ട കരച്ചിൽ പാതിവഴിയിൽ നിന്ന പോലെ പാതി തുറന്ന മിഴികളും ചുണ്ടുകളും ചുറ്റും കൂടിയവരുടെ വേദന കൂട്ടി. സമാനതകൾ ഇല്ലാത്ത ക്രൂരത ഏറ്റുവാങ്ങിയ പിഞ്ചു പൈതലിനെ സ്വർഗ്ഗത്തിലേക്ക് യാത്രയാക്കാൻ മഴ മറന്നും ഒരു നാട് മുഴുവൻ ഒഴുകിയെത്തുകയായിരുന്നു.

ബന്ധുക്കളിലൊരാളാണു വീടു തുറന്നത്. മുത്തശി മരിച്ച കുട്ടിയുടെ ഇളയ അനിയനെയും കൂട്ടി നേരത്തേ വീട്ടിലെത്തി. ഒന്നും അറിയാതെ അവൻ കളിച്ചു. എട്ടരയോടെ വെള്ളത്തുണിയിൽ പൊതിഞ്ഞ് ഏവരേയും കരയിച്ചു കുട്ടിയുടെ മൃതദേഹമെത്തി. ആദ്യം വീട്ടിനുള്ളിൽ കൊണ്ടുപോയി കുട്ടിയുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും അന്ത്യാഞ്ജലിയർപ്പിക്കാൻ അവസരമൊരുക്കി. കാർ പോർച്ചിൽ ഒരുക്കിയ മേശയിൽ പൊതുദർശനത്തിനായി കിടത്തി. ഒൻപതരയോടെ വീടിനോടു ചേർന്നുള്ള പറമ്പിലായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. എല്ലാത്തിനും സാക്ഷിയാകാൻ പ്രദേശത്തെ അമ്മമാരെല്ലാം ഒഴുകിയെത്തി. അമ്മയുടെ പങ്കാളിയുടെ അതിക്രൂരമർദനത്തിനിരയായ തൊടുപുഴയിലെ ആ 7 വയസ്സുകാരനെ മരണമെടുത്തതിന് കാരണം.

കഴിഞ്ഞ മാസം 28നു രാവിലെ 6നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു തലയിലെ ഗുരുതര പരുക്കുമായി ബാലനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുമ്പോൾ കൃഷ്ണമണിയുടെ ചെറിയ അനക്കം ഡോക്ടർമാരിൽ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യ നിലയിൽ അൽപം പുരോഗതിയുണ്ടായെങ്കിലും 48 മണിക്കൂറിനു ശേഷമെടുത്ത സ്‌കാനിങ്ങിൽ തലച്ചോറിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നതായി കണ്ടെത്തി.

ജീവൻരക്ഷാ ഔഷധങ്ങളുടെയും വെന്റിലേറ്ററിന്റെയും സഹായത്തോടെ തുടർന്നുള്ള 10 ദിവസം. ഒടുവിൽ മരണത്തിന് കീഴടങ്ങി. പത്തു സെന്റീമീറ്ററിൽ അധികം പൊട്ടിയ തലയോടു തുറന്നു രക്തസ്രാവം നിയന്ത്രിച്ചെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവർത്തനം നിലച്ചിരുന്നു. ഇതാണ് മരണകാരണമായത്. ദ്രവരൂപത്തിൽ ആഹാരം ട്യൂബ് വഴി നൽകിയിരുന്നെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ ഇത് നിർത്തേണ്ടിയും വന്നു. പിന്നീട് രക്തസമ്മർദം തീരെ കുറഞ്ഞു. പരമാവധി അളവിൽ മരുന്നു നൽകിയെങ്കിലും പ്രതികരിക്കാതായതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണം ഡോക്ടർമാർ സ്ഥിരീകരിക്കുമ്പോൾ കുഞ്ഞിന്റെ അമ്മ ആശുപത്രിയിലെ അടച്ചിട്ട മുറിയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം തൊടുപുഴ ഉടുമ്പന്നൂരിലെ അമ്മയുടെ വീട്ടിൽ സംസ്‌കരിക്കുകയായിരുന്നു. ഈ സമയത്തും അമ്മ അടച്ചിട്ട മുറിയിൽ ഒറ്റയ്ക്കായിരുന്നു. ചുറ്റുമുള്ള നിലവിളയും തേങ്ങലും ഈ മാതൃഹൃദയത്തേയും മരവിപ്പിച്ചു. ചുറ്റിലും ഉയർന്നത് അമ്മയ്‌ക്കെതിരായ വികാരമായിരുന്നു. കാമുകന് സ്വന്തം കുട്ടിയ എറിഞ്ഞു കൊടുത്തതിന്റെ പ്രതികാരം. മഴയും അവഗണിച്ചും കുട്ടിയെ അവസാനമായി കാണാനെത്തിയ എല്ലാവരും കുറ്റം പറഞ്ഞതും അമ്മയെ ആയിരുന്നു.

കുട്ടി മരിച്ചതു തലയ്‌ക്കേറ്റ ആഴത്തിലുള്ള അടി മൂലമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഒട്ടേറെ ക്ഷതങ്ങളുണ്ട്. വാരിയെല്ലടക്കം മർദനത്തിൽ തകർന്നതായും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഈ ക്ഷതങ്ങളെല്ലാം കുട്ടിയുടെ ശരീരത്തിലും മുഖത്തും ചുവന്ന പാടുകളായുണ്ട്. ഇതിലേക്ക് നോക്കുമ്പോൾ തന്നെ എത്തിയവർക്ക് സംഭവിച്ച ക്രൂരത തരിച്ചറിയാമായിരുന്നു. ക്രൂര പീഡനത്തിന് ശേഷം തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്നതിനെ പ്രതി അരുൺ ആനന്ദ് എതിർത്തതിനാൽ കുഞ്ഞിനു വിദഗ്ധ ചികിൽസ കിട്ടാൻ വൈകിയെന്ന റിപ്പോർട്ടിനു പിന്നാലെയാണു പോസ്റ്റ്‌മോർട്ടം വിവരങ്ങൾ പുറത്തുവന്നത്. പിഞ്ഞു കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് മരണത്തിന് എറിഞ്ഞു കൊടുക്കുകയായിരുന്നു.

ചികിൽസയും വൈകിപ്പിച്ച് അമ്മയും കാമുകനും

കുട്ടിയുടെ തലയ്ക്കു മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയിൽ പൊട്ടലുണ്ട്. ശരീരത്തിൽ ബലമായി ഇടിച്ചതിന്റെ പാടുകളും കാണാമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണു കുരുന്നിന്റെ മരണം സ്ഥിരീകരിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത അരുൺ ആനന്ദ് റിമാൻഡിലാണ്. ക്രൂരമായി മർദിച്ചശേഷം അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ചികിൽസ മനഃപൂർവം വൈകിപ്പിക്കാൻ അരുൺ ആനന്ദ് ശ്രമിച്ചതിന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണു തെളിവായത്. മദ്യലഹരിയിൽ ആശുപത്രിയിലെത്തിയ പ്രതി ഡോക്ടർമാരുമായി വഴക്കിടുകയും പിന്നീടു കുട്ടിക്കൊപ്പം ആംബുലൻസിൽ കയറാതിരിക്കുകയും ചെയ്തു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു.

അരുൺ ആനന്ദ് ഡ്രൈവ് ചെയ്താണു കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയത്. ഷർട്ട് അഴിച്ചിട്ടിരുന്ന അരുണിന്റെ കാലുകൾ നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സ്‌ട്രെച്ചറിൽ യുവതി കുട്ടിയുമായി ആശുപത്രിക്കുള്ളിലേക്കു കയരി. അരമണിക്കൂറിനുള്ളിൽ ഡോക്ടർമാർ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുൺ ആനന്ദ് ഡോക്ടർമാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു. അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഫോൺ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടക്കുകയായിരുന്നു യുവതിയെന്ന് അധികൃതർ പറയുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർമാർ ഉടൻ ഓപ്പറേഷൻ വേണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ അരുൺ ഇതിനോട് യോജിച്ചില്ല. സമ്മതപത്രം ഒപ്പിട്ടുനൽകാനും തയാറായില്ല. ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിടാൻ യുവതിയും തയാറായില്ല. പിന്നീട് ഡോക്ടർമാർ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോൺനമ്പർ ചോദിച്ചു.

ഫോണിലൂടെ എങ്കിലും സമ്മതം കിട്ടിയാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ ഇതിന് വഴങ്ങാതെ അധികൃതരോട് തർക്കിക്കുകയാണ് ഇരുവരും ചെയ്തത്. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ കുട്ടിയെ ആംബുലൻസിൽ കയറ്റിയെങ്കിലും കൂടെകയറാൻ യുവതിയും അരുണും തയാറായില്ല. അങ്ങനെ കുട്ടിക്ക് അമ്മയും കാമുകനും ചേർന്ന് ചികിൽസയും നിഷേധിച്ചു.

അച്ഛന്റെ മരണത്തോടെ കഷ്ടകാലം

കഴിഞ്ഞ വർഷം മേയിൽ അച്ഛൻ ബിജുവിന്റെ മരണത്തോടെയാണ് കുട്ടികളുടെ കഷ്ടകാലം ആരംഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ ബിജു വിവാഹശേഷം ഭാര്യയുടെ തൊടുപുഴ ഉടുമ്പന്നൂരിലെ വീട്ടിലാണു താമസിച്ചിരുന്നത്. ഇവിടെത്തന്നെയാണ് ഇരുകുട്ടികളും വളർന്നത്. മരിച്ച മൂത്ത കുട്ടിയെ പപ്പി എന്നാണു വിളിച്ചിരുന്നത്; പപ്പി നാലര വയസ്സുള്ള അനിയനെ വിളിച്ചിരുന്നത് കുഞ്ഞാവ എന്നും. മെക്കാനിക്കൽ എൻജിനീയറായിരുന്ന ബിജു ഐടി ജോലി ഉപേക്ഷിച്ച് തൊടുപുഴയിൽ കാർ വർക്ഷോപ് നടത്തുകയായിരുന്നു.

ബിജുവിന്റേതിനു നേരെ വിപരീതമായിരുന്നു അരുണിന്റെ സ്വഭാവമെന്നു ബന്ധുക്കൾ പറയുന്നു. ബിജു മദ്യപിക്കുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ കണ്ടിട്ടില്ല. അരുൺ സ്ഥിരമായി മദ്യപിച്ചിരുന്നു. അക്രമത്തിനു തലേന്ന് യുവതിക്കും കുട്ടികൾക്കുമൊപ്പമാണ് അരുൺ തൊടുപുഴയിലെ ബാറിലെത്തിയത്. ബിജു ഇടയ്ക്കിടെ കുടുംബവുമായി യാത്രകൾ നടത്തിയിരുന്നു. കുട്ടികൾക്കും യാത്രകൾ പ്രിയമായിരുന്നു. അതേസമയം, യുവതിയെ മാത്രം പുറത്തു പോകുമായിരുന്ന മിക്കവാറും അരുൺ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു.കുട്ടികളെ എന്തെങ്കിലും കാരണം കണ്ടെത്തി മർദിക്കുന്നതായിരുന്നു അരുണിന്റെ വിനോദം. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാൻ അതു വേണമെന്നാണു യുവതിയോടു പറഞ്ഞിരുന്നത്.

ഏഴുവയസ്സുകാരൻ ക്രൂരമർദനത്തിനിരയായ രാത്രി യുവതിയുടെയും അരുണിന്റെയും കാർ തൊടുപുഴയ്ക്കു സമീപം പൊലീസ് പട്രോൾ സംഘം കണ്ടിരുന്നു. മദ്യപിച്ചു ലക്കുകെട്ടുള്ള അരുണിന്റെ രാത്രി യാത്രകളിൽ മിക്കവാറും കാർ ഡ്രൈവ് ചെയ്തിരുന്നത് യുവതിയാണ്. അന്നു വൈകിട്ട് ഏഴു മുതൽ തൊടുപുഴയിലെ ഹോട്ടലിൽ അരുൺ രണ്ടു സുഹൃത്തുക്കളുമൊത്തു മദ്യപാനത്തിലായിരുന്നു. യുവതിയും കുട്ടികളുമായി ബാർ ഹോട്ടലിലെത്തിയിരുന്നു. പത്തുമണിയോടെ അരുൺ യുവതിയോടു മടങ്ങാൻ പറഞ്ഞു. ഇത് ഓർമയില്ലാതെ അൽപസമയം കഴിഞ്ഞു തിരിച്ചുവന്ന് കൗണ്ടറിൽ അന്വേഷിച്ചു. പുറത്തിറങ്ങിയപ്പോൾ യുവതി കാറിലുണ്ടായിരുന്നു. ഗ്ലാസ് താഴ്‌ത്തി അവിടെവച്ചുതന്നെ യുവതിയുടെ മുഖത്തടിച്ചു. തുടർന്നു വീട്ടിലെത്തി. കുട്ടികളെ പൂട്ടിയിട്ട ശേഷം രാത്രി ഒന്നരയോടെ തിരികെ വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു മൂന്നുമണിയോടെ മടങ്ങിവന്നു. അതിനുശേഷമായിരുന്നു കുട്ടിയെ വകവരുത്തിയത്.

ഇളയ കുട്ടിയെ മൂത്രമൊഴിപ്പിച്ചില്ല എന്ന പേരിലാണ് ഏഴുവയസ്സുകാരനെ ഉറക്കത്തിൽനിന്നുണർത്തി മർദനം തുടങ്ങിയത്. എന്നാൽ, പിന്നീട് സ്‌കൂൾ ടീച്ചറുടെ അടുത്ത് തന്നെക്കുറിച്ച് എന്തോ മോശമായി പറഞ്ഞു എന്നതിന്റെ പേരിലായി ചോദ്യം ചെയ്യൽ. ഇതു ചോദിച്ചപ്പോൾ കുട്ടി പരുങ്ങി. സ്‌കൂളിലെ കാര്യങ്ങളെല്ലാം അറിഞ്ഞെന്നു പറഞ്ഞായി മർദനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP